scorecardresearch

Latest News

ഒരേ സമയം രണ്ട് സർവകലാശാലാ ബിരുദം നേടാം; യുജിസിയുടെ പുതിയ പ്രഖ്യാപനം അർത്ഥമാക്കുന്നത്

ബിരുദ, ഡിപ്ലോമ, ബിരുദാനന്തര തലങ്ങളിൽ ഒരേസമയം രണ്ട് കോഴ്സുകൾ തിരഞ്ഞെടുക്കാൻ ഇത് വിദ്യാർത്ഥികളെ അനുവദിക്കും

2022-23 അക്കാദമിക് വർഷം മുതൽ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒരേസമയം രണ്ട് കോഴ്സുകൾ തിരഞ്ഞെടുക്കാണ സാധിക്കുമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

ഈ നയവുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ബുധനാഴ്ച പുറപ്പെടുവിക്കുമെന്ന് യുജിസി ചെയർപേഴ്സൺ എം ജഗദേഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈവിധ്യമാർന്ന വിഷയങ്ങളിൽ വൈദഗ്ധ്യം നേടുന്നതിന് വിദ്യാർത്ഥികളെ സഹായിക്കുന്നതിന് ഈ നടപടി ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ബിരുദ, ഡിപ്ലോമ, ബിരുദാനന്തര തലങ്ങളിൽ ഒരേസമയം രണ്ട് കോഴ്സുകൾ തിരഞ്ഞെടുക്കാൻ ഇത് വിദ്യാർത്ഥികളെ അനുവദിക്കും. രണ്ട് ഡിഗ്രികളും ഫിസിക്കൽ മോഡിലോ ഒന്ന് ഓഫ്‌ലൈനായോ മറ്റൊന്ന് ഓൺലൈനിലോ അല്ലെങ്കിൽ രണ്ടും ഓഫ്‌ലൈനിലോ ആകാം. എന്നാൽ സർവ്വകലാശാലകൾ ഈ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കുന്നത് ഐച്ഛികമായിരിക്കും.

ഏതൊക്കെ വിഷയ കോമ്പിനേഷനുകളാണ് ഒരു വിദ്യാർത്ഥിക്ക് എടുക്കാൻ അനുവദിക്കുക?

വിവിധ സ്ഥാപനങ്ങൾ പ്രവേശനത്തിന് വ്യത്യസ്ത മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനാൽ, അനുവദനീയമായ വിഷയങ്ങളുടെ കോമ്പിനേഷനുകൾ ഓരോ സ്ഥാപനത്തിലും വ്യത്യാസപ്പെടുമെന്ന് പ്രൊഫസർ എം ജഗദേഷ് കുമാർ പറഞ്ഞു. എന്നിരുന്നാലും, ഒരു വിദ്യാർത്ഥിക്ക് ഹ്യുമാനിറ്റീസിലും സയൻസിലും ഒരേസമയം ബിരുദം നേടാനോ അല്ലെങ്കിൽ ഒരേ സ്ട്രീമിൽ രണ്ട് ബിരുദങ്ങൾ നേടാനോ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഉദാഹരണത്തിന്, ഒരു വിദ്യാർത്ഥി ഇതിനകം ബിഎസ്‌സി മാത്തമാറ്റിക്‌സ് ബിരുദത്തിൽ എൻറോൾ ചെയ്യുകയും ചരിത്രത്തിൽ ബിരുദം നേടാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ആ വിദ്യാർത്ഥിക്ക് അങ്ങനെ ചെയ്യാൻ അനുമതി ലഭിക്കും. ഒരു യൂണിവേഴ്സിറ്റി ഈവനിംഗ് ഷിഫ്റ്റിൽ ഒരു ഓഫ്‌ലൈൻ ബികോം കോഴ്സും മോണിങ് ഷിഫ്റ്റിൽ ഒരു മുഴുവൻ സമയ ബിഎ കോഴ്സും നൽകുന്നുണ്ടെങ്കിയ, ഒരു വിദ്യാർത്ഥിക്ക് രണ്ട് കോഴ്സുകളിലും എൻറോൾ ചെയ്യാം.

എൻഇപി കാഴ്ചപ്പാടിന്റെ ഭാഗം

ഒരേസമയം രണ്ട് അക്കാദമിക് ബിരുദങ്ങൾ പഠിക്കാൻ വിദ്യാർത്ഥികളെ അനുവദിക്കാനുള്ള തീരുമാനത്തിന് പിന്നിലെ യുക്തി, വൈവിധ്യമാർന്ന കഴിവുകൾ നേടുന്നതിന് അവരെ സഹായിക്കുക എന്നതാണെന്ന് യുജിസി പറയുന്നു. ഇന്റർ ഡിസിപ്ലിനറി വേർതിരിവുകൾ തകർക്കുന്നതിനുള്ള എൻഇപിയുടെ കാഴ്ചപ്പാട് പ്രാവർത്തികമാക്കാനും ഇത് ലക്ഷ്യമിടുന്നു. ഈ നിർദ്ദേശം എങ്ങനെയാണ് അക്കാദമിക് സമൂഹവും വിദ്യാർത്ഥി സമൂഹവും സ്വീകരിക്കുന്നതെന്ന് അറിയേണ്ടതുണ്ട്.

പഠനരീതികളുടെ കാര്യത്തിൽ സാധ്യമായ കോമ്പിനേഷനുകൾ എന്തൊക്കെയാണ്?

ഈ നീക്കം ഒരു വിദ്യാർത്ഥിയെ രണ്ട് അക്കാദമിക് പ്രോഗ്രാമുകളിൽ ചേരാൻ അനുവദിക്കുന്നു. മുഴുവൻ സമയ ഫിസിക്കൽ മോഡിൽ ഈ രണ്ട് കോഴ്സുകളും ചെയ്യാൻ സാധിക്കും. അല്ലെങ്കിൽ മുഴുവനായും ഓപ്പൺ, വിദൂര പഠന രീതിയിലും ചെയ്യാം. അതുമല്ലെങ്കിൽ ഒരു കോഴ്സ് ഓൺലൈൻ മോഡിലും മറ്റൊന്ന് ഒരു യൂണിവേഴ്സിറ്റിയിലെ ഫിസിക്കൽ മോഡിലുമായം കോഴ്സ് ചെയ്യാൻ കഴിയും.

ഹാജർ സംബന്ധിച്ച ചോദ്യത്തിന്, പ്രത്യേകിച്ച് ഒരു വിദ്യാർത്ഥി പൂർണ്ണമായും ഓഫ്‌ലൈൻ മോഡ് തിരഞ്ഞെടുക്കുകയാണെങ്കിൽ, അത്തരം സന്ദർഭങ്ങളിൽ, ഒരു പ്രോഗ്രാമിന്റെ ക്ലാസ് സമയം മറ്റൊന്നുമായി ഓവർലാപ്പ് ചെയ്യുന്നില്ലെന്ന് വിദ്യാർത്ഥികളും കോളേജുകളും ഉറപ്പാക്കുമെന്ന് പ്രൊഫസർ ജഗദേഷ് കുമാർ പറഞ്ഞു. കൂടാതെ, എംഫിൽ, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമല്ല. യുജിസിയും കേന്ദ്ര സർക്കാരിന്റെ ബന്ധപ്പെട്ട സ്ഥാപനങ്ങളും അംഗീകരിച്ച സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ഡിസ്റ്റൻസ് മോഡിൽ/ഓൺലൈൻ മോഡിൽ ഒരു ബിരുദമോ ഡിപ്ലോമ കോഴ്സോ മാത്രമേ പഠിക്കാൻ കഴിയൂ.

പ്രവേശന യോഗ്യതാ മാനദണ്ഡങ്ങൾ

ഓരോ പ്രോഗ്രാമുകൾക്കുമുള്ള യോഗ്യതാ മാനദണ്ഡങ്ങൾ മാറ്റമില്ലാതെ തുടരും. നിലവിലുള്ള യുജിസി, യൂണിവേഴ്സിറ്റി മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി പ്രവേശനം നടത്തും. വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ എല്ലാ അക്കാദമിക് പ്രോഗ്രാമുകൾക്കും മിനിമം ഹാജർ ആവശ്യകതകൾ ഉള്ളതിനാൽ, ഈ കോഴ്സുകളുടെ ഹാജർ മാനദണ്ഡം സർവ്വകലാശാലകൾ ആവിഷ്കരിക്കുകയോ പരിഷ്കരിക്കുകയോ ചെയ്യേണ്ടതായി വന്നേക്കാം. “യുജിസി ഹാജർ ആവശ്യകതകളൊന്നും നിർബന്ധിക്കുന്നില്ല, ഇത് സർവകലാശാലകളുടെ നയങ്ങൾ ആശ്രയിച്ചാണ്,” ജഗദേഷ് കുമാർ പറഞ്ഞു.

ആശയം എത്രത്തോളം പ്രായോഗികമാണ്?

വിദ്യാർത്ഥികൾക്ക് മൾട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസം ലഭിക്കുന്നതിന് കഴിയുന്നത്ര വഴക്കം നൽകാൻ ശ്രമിക്കുന്ന എൻഇപി മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമാണ് മാർഗ്ഗനിർദ്ദേശങ്ങൾ എന്ന് പ്രൊഫ കുമാർ പറഞ്ഞു. നിർദ്ദിഷ്ട ഘടന പ്രായോഗികമാണോ എന്ന ചോദ്യത്തിന്, “തീർച്ചയായും ഇത് വിദ്യാർത്ഥിയുടെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു.

ഒരു വിദ്യാർത്ഥിക്ക് ഓഫ്‌ലൈൻ മോഡിൽ രണ്ട് ഡിഗ്രി പഠിക്കുന്നത് ബുദ്ധിമുട്ടാണ്, പക്ഷേ അസാധ്യമല്ല എന്ന് അദ്ദേഹം പറഞ്ഞു. “ഉദാഹരണത്തിന്, ഡൽഹി ഐഐടിയിൽ ബി ടെക് പഠിക്കുന്ന ഒരു വിദ്യാർത്ഥി വൈകുന്നേരം ജെഎൻയുവിൽ ബിഎ ഫ്രഞ്ച് പഠിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, റോഡിലൂടെ നടന്ന് അവർക്ക് അത് നന്നായി ചെയ്യാൻ കഴിയും,” അദ്ദേഹം പറഞ്ഞു. രണ്ട് ഡിഗ്രികളിൽ ഒന്ന് ഓൺലൈനിൽ പഠിച്ചാൽ പ്രായോഗിക ബുദ്ധിമുട്ടുകളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: How to pursue 2 university degrees at once