/indian-express-malayalam/media/media_files/uploads/2020/09/explained-fi-1.jpg)
തിരുവനന്തപുരം: ആധാരം സ്വയം എഴുതി റജിസ്റ്റര്‍ ചെയ്യാമെന്ന സര്‍ക്കാര്‍ പരിഷ്‌കാരത്തോട് പുറംതിരിഞ്ഞ് ജനം. ജനങ്ങളുടെ അജ്ഞത മുതലെടുത്ത് ആധാരമെഴുത്തുകാര്‍ ഭീമമായ തുക ഈടാക്കുന്നത് തടയിടാന്‍ ആരംഭിച്ച സംവിധാനം നാലു വര്‍ഷം കൊണ്ട് വിനിയോഗിച്ചത് 2267 പേര്‍ മാത്രം.
അജ്ഞത, കുപ്രചാരണം
ആധാരം സ്വയം തയാറാക്കമെന്ന ഉത്തരവ് 2016 മേയിലാണു സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ആധാരമെഴുത്തുകാര്‍ ഭീമമായ തുക ഈടാക്കുന്നതും റജിസ്‌ട്രേഷന്‍ വകുപ്പിലെ അഴിമതിയും തടയാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ നടപടി. എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരി ഒന്നു വരെ 2267 പേര്‍ മാത്രമാണ് ആധാരം സ്വയം തയാറാക്കി റജിസ്റ്റര്‍ ചെയ്തത്. ഫെബ്രുവരിക്കുശേഷം കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് റജിസ്‌ട്രേഷന്‍ നടപടികള്‍ കാര്യമായി നടന്നിട്ടില്ല.
തിരുവനന്തപുരം-329, കോഴിക്കോട് (270), കൊല്ലം (241), എറണാകുളം (211), തൃശൂര്‍ (206) ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ആധാരം സ്വയം തയാറാക്കിയത്. ഏറ്റവും കുറവ് കോട്ടയം (50), വയനാട് (35), കാസര്‍ഗോഡ് (23) ജില്ലകളിലാണ്.
പുതിയതിനെ സ്വീകരിക്കാനുള്ള വിമുഖതയ്‌ക്കൊപ്പം തെറ്റ് പറ്റുമോയെന്ന ആളുകളുടെ ഭയവുമാണ് ആധാരം സ്വയം എഴുതുന്ന സൗകര്യത്തിനു കാര്യമായ സ്വീകാര്യത ലഭിക്കാത്തതിനു പിന്നിലെന്നാണ് റജിസ്‌ട്രേഷന്‍ വകുപ്പ് വിലയിരുത്തുന്നത്. ആധാരം സ്വയം തയാറാക്കുന്ന സൗകര്യത്തെക്കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടി ഉണ്ടാകുന്നില്ല.
സ്വയം തയാറാക്കുന്ന ആധാരങ്ങളുടെ പുറത്ത് ബാങ്ക് വായ്പ കിട്ടില്ലെന്ന ചിലരുടെ കുപ്രചാരണവും ദോഷകരമായി ബാധിച്ചതായി റജിസ്‌ട്രേഷന്‍ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.
ആധാരം എങ്ങനെ സ്വയം എഴുതാം
ആധാരം സ്വയം എഴുതുകയെന്നത് ആര്‍ക്കും ചെയ്യാവുന്ന ലളിതമായ പ്രക്രിയയാണെന്നു റജിസ്‌ട്രേഷന്‍ വകുപ്പ് പറയുന്നു. പരമ്പരാഗത ആധാരമെഴുത്തുകാരെ പോലെ പരത്തിയെഴുതേണ്ട ആവശ്യമില്ല. വസ്തു വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നവരെ ഉദ്ദേശിച്ച് 19 തരം ആധാരങ്ങളുടെ മാതൃകയാണ് സംസ്ഥാന റജിസ്‌ട്രേഷന്‍ വകുപ്പ് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നത്.
വെബ്‌സൈറ്റിലെ 'ഡൗണ്‍ലോഡ് മോഡല്‍ ഡോക്യുമെന്റ്‌സ്'എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ആധാരങ്ങളുടെ മാതൃക കാണാം. ആവശ്യമായത് പിഡിഎഫ് ആയി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പ്രസക്തഭാഗങ്ങള്‍ മാത്രമേ പൂരിപ്പിക്കേണ്ടതുള്ളൂ. തുടര്‍ന്ന് റജിസ്റ്റര്‍ ഓഫീസിലെത്തി ആധാരം റജിസ്റ്റര്‍ ചെയ്യാം.
ആധാരത്തിന്റെ മാതൃക പൂരിപ്പിക്കാന്‍ അറിയില്ലെങ്കില്‍ അതിനും റജിസ്‌ട്രേഷന്‍ വകുപ്പ് പരിഹാരം നിര്‍ദേശിക്കുന്നു. ഇക്കാര്യം അറിയുന്ന നാട്ടിലെ ആരെയെങ്കിലും സമീപിക്കാം, ആധാരമെഴുത്തുകാര്‍ തന്നെ വേണമെന്നില്ല. ഇനി ആധാരമെഴുത്തുകാരെയാണ് സമീപിക്കുന്നതെങ്കില്‍ ഒരു ഫോം പൂരിപ്പിക്കാനുള്ള ചെറിയ തുക മാത്രമേ കൊടുക്കേണ്ടതുള്ളൂ. പഴയതുപോലെ ആധാരത്തില്‍ കാണിക്കുന്ന വിലയുടെ ശതമാനക്കണക്കില്‍ ഭീമമായ തുക കൊടുക്കേണ്ടതില്ല.
നടപടികള്‍ കൂടുതല്‍ ലളിതമാക്കുന്നു
ആധാരം സ്വയം തയാറാക്കുന്ന സൗകര്യം സംബന്ധിച്ച് ആദ്യഘട്ടത്തില്‍ അല്‍പ്പം ആക്ഷേപം ഉയര്‍ന്നിരുന്നു. ആധാരത്തിന്റെ മാതൃക എ3 കടലാസില്‍ പ്രിന്റ് എടുക്കണമെന്ന വ്യവസ്ഥയെക്കുറിച്ചായിരുന്നു പ്രധാന പരാതി. ഇതേത്തുടര്‍ന്ന് എ4 കടലാസില്‍ പ്രിന്റ് എടുക്കാനുള്ള സൗകര്യമൊരുക്കി.
ആധാരത്തിന്റെ മാതൃക പ്രിന്റ് എടുക്കേണ്ട ആവശ്യമില്ലാത്ത സംവിധാനത്തിലേക്കാണ് റജിസ്‌ട്രേഷന്‍ വകുപ്പ് നീങ്ങുന്നത്. ഇനി മുതല്‍ വകുപ്പിന്റെ വെബ്‌സൈറ്റിലെ നിര്‍ദിഷ്ട ടെംപ്ലേറ്റില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി റജിസ്‌ട്രേഷനായി അതതു സബ് റജിസ്ട്രാര്‍ ഓഫിസുകളെ സമീപിച്ചാല്‍ മതിയാകും. ഈ സൗകര്യം ഉടന്‍ നിലവില്‍ വരും.
വന്‍തുക വേണ്ട, ന്യായമായ കൂലി വാങ്ങൂ
പരമ്പരാഗതമായി നീട്ടിവളച്ചുള്ള ഭാഷയിലാണ് ആധാരങ്ങളൊക്കെ എഴുതിയിരുന്നത്. ഇങ്ങനെ സ്വയം എഴുതാന്‍ പറ്റില്ലെന്നതുകൊണ്ടാണ് ആളുകള്‍ ആധാരമെഴുത്തുകാരെ സമീപിക്കുന്നത്. വസ്തുവിലയുടെ നിശ്ചിത ശതമാനം തുക എഴുത്തുകൂലിയായി എഴുത്തുകാര്‍ ഈടാക്കുന്നതിനു തടയിടുന്നതിനൊപ്പം വസ്തു റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് നടക്കുന്ന കൈക്കൂലിയും ഇല്ലാതാക്കുകയെന്ന ലക്ഷ്യം കൂടി സര്‍ക്കാരിനുണ്ടായിരുന്നു.
എഴുത്ത് എന്ന അധ്വാനം മാത്രമേ ആധാരമെഴുത്തുകാര്‍ ചെയ്യുന്നുള്ളൂവെന്നും ഇതിന് അന്യായ തുക ഈടാക്കാന്‍ പാടില്ലെന്നുമാണ് റജിസ്‌ട്രേഷന്‍ വകുപ്പിന്റെ നിലപാട്. ആധാരം തയാറാക്കല്‍ ഇപ്പോള്‍ വളരെ ലളിതമായതിനാല്‍ അധ്വാനം വളരെ കുറഞ്ഞു. അതിനാല്‍ ന്യായമായ പ്രതിഫലം കൈപ്പറ്റി ആധാരത്തിന്റെ ഫോം പൂരിപ്പിച്ചു കൊടുക്കാന്‍ എഴുത്തുകാര്‍ തയാറാകണം. ഇതു മൂലം ആര്‍ക്കും തൊഴിലോ പ്രതിഫലമോ നഷ്ടമാകുന്നില്ല. എല്ലാ രംഗത്തും കമ്പ്യൂട്ടര്‍വല്‍ക്കരണം കാലത്തിന്റെ അനിവാര്യതയാണെന്നും റജിസ്‌ട്രേഷന്‍ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ണതോതിലേക്ക്
കോവിഡ് പശ്ചാത്തലത്തില്‍ നിശ്ചലവസ്ഥയിലായ റജിസ്‌ട്രേഷന്‍ നപടികള്‍ പഴയതോതില്‍ പുനസ്ഥാപിക്കുകയാണ്. സാമൂഹ്യ അകലം ലക്ഷ്യമിട്ട് ഓരോ സബ് റജിസ്ട്രാര്‍ ഓഫീസിലും ദിവസം 15 റജിസ്‌ട്രേഷന്‍ മാത്രമാണ് ഇപ്പോള്‍ അനുവദിക്കുന്നത്. എന്നാല്‍ മറ്റെല്ലാ മേഖലകളും തുറന്ന സാഹചര്യത്തില്‍ റജിസ്‌ട്രേഷന്‍ നടപടികള്‍ക്കു മാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതില്ലെന്നാണ് വകുപ്പ് കരുതുന്നത്. റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ണതോതില്‍ പുനസ്ഥാപിക്കുന്നത് വൈകുന്നത് ജീവനക്കാര്‍ക്ക് പിന്നീട് ജോലിഭാരം സൃഷ്ടിക്കുമെന്നും വകുപ്പ് വിലയിരുത്തുന്നു.
മറ്റു സര്‍ക്കാര്‍ ഓഫീസുകളെന്നപോലെ റജിസ്‌ട്രേഷന്‍ ഓഫീസുകളും ഉടന്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. അതതുസ്ഥലത്ത് കലക്ടര്‍മാര്‍ പുറപ്പെടുവിക്കുന്ന കോവിഡ് നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഓഫീസുകളുടെ പ്രവര്‍ത്തനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.