272 കിലോമീറ്ററുള്ള ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലൈനിന്റെ (യുഎസ്ബിആർഎൽ) പണി പൂർത്തിയായ ശേഷം “ഈ വർഷം ഡിസംബറിലോ അടുത്ത വർഷം ജനുവരി-ഫെബ്രുവരിയിലോ” ജമ്മു കശ്മീരിൽ വന്ദേ ഭാരത് ഓടിതുടങ്ങുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
പ്രോജക്ടിന്റെ ചരിത്രം
ഈ ട്രെയിൻ ശ്രീനഗറിനെയും ബാരാമുള്ളയെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കും. കൂടാതെ മണ്ണിടിച്ചിലിൽ കാരണം ഇടയ്ക്കിടെ അടച്ചുപൂട്ടുന്ന ജമ്മു-ശ്രീനഗർ ദേശീയ പാതയ്ക്ക് വിശ്വസനീയവും ചെലവു കുറഞ്ഞതുമായ ബദലുമാകും ഇത്.
ജമ്മു-കാശ്മീരിലെ ആദ്യത്തെ റെയിൽവേ ലൈൻ 1897-ൽ നിർമ്മിച്ചതാണ്. ജമ്മുവിനും സിയാൽകോട്ടിനും ഇടയിൽ 40-45 കിലോമീറ്റർ ദൂരത്തിലുള്ള ഈ പാത ബ്രിട്ടീഷുകാരാണ് നിർമ്മിച്ചത്.
1902 ലും 1905 ലും, ഝലത്തിലൂടെ റാവൽപിണ്ടിക്കും ശ്രീനഗറിനും ഇടയിൽ ഒരു റെയിൽവേ ലൈൻ നിർദ്ദേശിക്കപ്പെട്ടിരുന്നു. കശ്മീർ താഴ്‌വരയെ ഇന്ത്യയുടെ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയായിരുന്നുവത്. എന്നാൽ ജമ്മു കശ്മീരിലെ മഹാരാജ പ്രതാപ് സിങ്ങിന് റിയാസി വഴിയുള്ള ജമ്മു-ശ്രീനഗർ പാതയോടായിരുന്നു അനുകൂല നിലപാട്. എന്നാൽ രണ്ടു പദ്ധതിയും പുരോഗമിച്ചില്ല.
വിഭജനത്തിനുശേഷം, സിയാൽകോട്ട് പാകിസ്ഥാനിന്റെ ഭാഗമായി. ജമ്മു ഇന്ത്യയുടെ റെയിൽ ശൃംഖലയിൽ നിന്ന് വിച്ഛേദിക്കപ്പെടുകയും ചെയ്തു. 1975-ൽ പത്താൻകോട്ട്-ജമ്മു റെയിൽപാത ഉദ്ഘാടനം ചെയ്യുന്നതുവരെ ജമ്മു കശ്മീരിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ പഞ്ചാബിലെ പത്താൻകോട്ട് ആയിരുന്നു.
1983-ൽ ജമ്മുവിനും ഉധംപൂരിനും ഇടയിൽ ഒരു റെയിൽവേ പാതയുടെ പണി ആരംഭിച്ചിരുന്നു. 50 കോടി രൂപ ചെലവിൽ അഞ്ച് വർഷം കൊണ്ട് 53 കിലോമീറ്ററുള്ള ലൈനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ അത് പൂർത്തിയാക്കാൻ 21 വർഷവും 515 കോടി രൂപയും വേണ്ടിവന്നു. 2004 ൽ പൂർത്തിയാക്കിയ ഈ പദ്ധതിയിൽ 20 പ്രധാന തുരങ്കങ്ങളുണ്ട്. അതിൽ 2.5 കിലോമീറ്റർ വരുന്നതാണ് ഏറ്റവും ദൈർഘ്യമേറിയ തുരങ്കം. 158 പാലങ്ങളുള്ള പാതയിൽ ഏറ്റവും വലുത് 77 മീറ്ററുള്ള പാലമാണ്.
ജമ്മു-ഉധംപൂർ പാതയുടെ ജോലികൾ നടന്നുകൊണ്ടിരിക്കെ, 1994 ൽ പ്രധാനമന്ത്രി പി വി നരസിംഹ റാവു സർക്കാർ ഉധംപൂരിൽ നിന്ന് ശ്രീനഗറിലേക്കും തുടർന്ന് ബാരാമുള്ളയിലേക്കും ഈ പാത നീട്ടുന്നതായി പ്രഖ്യാപിച്ചു. 1995 മാർച്ചിൽ 2,500 കോടി രൂപ ചെലവിൽ അംഗീകരിച്ച യുഎസ്ബിആർഎൽ പദ്ധതിയായിരുന്നു ഇത്.
2002-ൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി, സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ റെയിൽവേ ഏറ്റെടുത്ത ഏറ്റവും വെല്ലുവിളി നിറഞ്ഞ ജോലികളിൽ ഒന്നായി കണക്കാക്കി ഇതൊരു ദേശീയ പദ്ധതിയായി പ്രഖ്യാപിച്ചതോടെയാണ് പദ്ധതിക്ക് ഉണർവ് വന്നത്. പദ്ധതിച്ചെലവ് ഇപ്പോൾ 35,000 കോടി രൂപയായി ഉയർന്നിട്ടുണ്ട്.
വെല്ലുവിളികളും നവീകരണവും
ഹിമാലയം, ഭൂമിശാസ്ത്രപരമായി അസ്ഥിരമായ ശിവാലിക് മലനിരകളും പിർ പഞ്ചാൽ പർവതങ്ങളും ഭൂചലന സാധ്യതയേറിയ IV, V സോണുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ഭൂപ്രദേശത്ത് ശൈത്യകാലത്ത് കനത്ത മഞ്ഞവീഴ്ചയുള്ളതിനാൽ, അത് പാലങ്ങളുടെയും തുരങ്കങ്ങളുടെയും നിർമ്മാണത്തിന് കടുത്ത വെല്ലുവിളികൾ ഉയർത്തുന്നു.
205 കിലോമീറ്ററിലധികം ഗതാഗതയോഗ്യമായ റോഡുകൾ, ഒരു തുരങ്കവും 320 പാലങ്ങളും ഉൾപ്പെടെയുള്ളവ 2,000 കോടി രൂപ ചെലവിലാണ് നിർമ്മിച്ചത്. കനം കൂടിയ യന്ത്രസാമഗ്രികൾ, നിർമ്മാണ സാമഗ്രികൾ, എന്നിവയെയും തൊഴിലാളികളെയും നിർമ്മാണ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനായിരുന്നു ഇത്. അവയിൽ പലതും 70 ഡിഗ്രിയോ അതിലധികമോ ചരിവുകളിലുള്ള പർവതങ്ങളായിരുന്നു.
അസ്ഥിരമായ പർവതപ്രദേശങ്ങളിൽ അതിസങ്കീർണ്ണമായ തുരങ്കങ്ങളുടെയും കൂറ്റൻ പാലങ്ങളുടെയും നിർമ്മാണത്തിലെ വെല്ലുവിളികൾ കണക്കിലെടുത്ത്, റെയിൽവേയുടെ എഞ്ചിനീയർമാർ ഹിമാലയൻ ടണലിംഗ് മെത്തേഡ് (എച്ച്ടിഎം) ആവിഷ്കരിച്ചു. അതിൽ സാധാരണ ഡി ആകൃതിയിലുള്ള തുരങ്കങ്ങൾക്ക് പകരം കുതിരലാടത്തിന്റെ ആകൃതിയിലുള്ള തുരങ്കങ്ങൾ നിർമ്മിച്ചു.
സേഫ്റ്റിയും സെക്യൂരിറ്റിയും
ബ്രോഡ് ഗേജ് റെയിൽവേ ലൈനിന് 0.5-1 ശതമാനം റൂളിങ് ഗ്രേഡിയന്റ് ഉണ്ടായിരിക്കും. ഇത് ഒരു പർവതപ്രദേശത്ത് ബാങ്ക് എഞ്ചിനുകളുടെ ആവശ്യം ഒഴിവാക്കും. നിലവിൽ ഡീസൽ ലോക്കോമോട്ടീവുകളായിരിക്കും ട്രെയിനുകൾ പ്രവർത്തിപ്പിക്കുക, എന്നാൽ, ഭാവിയിൽ വൈദ്യുതീകരണത്തിനുള്ള വ്യവസ്ഥയുണ്ട്. യാത്രയുടെ മുഴുവൻ സമയവും ട്രെയിനുകൾക്ക് മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ പോകാൻ കഴിയും.
എല്ലാ പ്രധാന പാലങ്ങളും തുരങ്കങ്ങളും റെയിൽവേ സ്റ്റേഷനുകളും ലൈറ്റുകൾ ഉണ്ടായിരിക്കും, സിസിടിവി ക്യാമറകളും സ്ഥാപിക്കും. കഴിയുന്നത്ര ചെറിയ അറ്റകുറ്റപ്പണികൾ ആവശ്യമായി വരുന്ന തരത്തിലാണ് ട്രാക്കും ടണലുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വികസന നേട്ടങ്ങൾ
നിലവിൽ റോഡ് മാർഗം അഞ്ച് മുതൽ ആറ് മണിക്കൂർ വരെയാണ് ശ്രീനഗറിനും ജമ്മുവിനുമിടയിലുള്ള യാത്രാ സമയം. ഇത് മൂന്ന് മുതൽ മൂന്നര മണിക്കൂർ വരെയായി കുറയ്ക്കാൻ സാധിക്കും. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നതനുസരിച്ച്, വന്ദേ ഭാരത് ട്രെയിനുകളിൽ ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് യാത്ര ചെയ്യുന്നവർക്ക് അന്നു വൈകുന്നേരം തന്നെ മടങ്ങി വരാൻ സാധിക്കും.
ആപ്പിളുകൾ, ഡ്രൈ ഫ്രൂട്ട്‌സ്, പഷ്മിന ഷാളുകൾ, കരകൗശലവസ്തുക്കൾ തുടങ്ങിയ സാധനങ്ങൾ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഏറ്റവും കുറഞ്ഞ സമയത്തും കുറഞ്ഞ ചെലവിലും എത്തിക്കാൻ കശ്മീരിലെ ജനങ്ങൾക്ക് സാധിക്കും. രാജ്യത്തിന്റെ മറ്റിടങ്ങളിൽ നിന്ന് താഴ്‌വരയിലേക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിക്കുന്നതിനുള്ള ചെലവും ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ബനിഹാലിനും ബാരാമുള്ളയ്ക്കുമിടയിൽ നാല് കാർഗോ ടെർമിനലുകൾ നിർമ്മിക്കും; ഇതിൽ മൂന്ന് ടെർമിനലുകൾക്കായി ഭൂമി കണ്ടെത്തിയിട്ടുണ്ട്.