/indian-express-malayalam/media/media_files/uploads/2023/09/How-the-Sikh-migration-to-Canada-began.jpg)
കാനഡയിലേക്കുള്ള സിഖുകാരുടെ കുടിയേറ്റ ചരിത്രത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്
ജൂണില്‍ ഖലിസ്ഥാൻ അനുകൂല നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള വിശ്വസനീയമായ ആരോപണങ്ങളുടെ തെളിവുകൾ തന്റെ സർക്കാർ ഇന്ത്യയെ അറിയിച്ചതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വെള്ളിയാഴ്ച (സെപ്റ്റംബർ 22) പറഞ്ഞു.
കാനഡയിൽ നടന്ന നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് "സാധ്യതയുള്ള ബന്ധം" ട്രൂഡോ ആരോപിച്ചതിനെത്തുടർന്ന് ചൊവ്വാഴ്ച (സെപ്റ്റംബർ 19) കാനഡയും ഇന്ത്യയും തമ്മിൽ നയതന്ത്രപരമായ ഉലച്ചിലുണ്ടായി. ട്രൂഡോയുടെ ആരോപണത്തിന് മറുപടിയായി, കാനഡ "ഖലിസ്ഥാൻ ഭീകരർക്കും തീവ്രവാദികൾക്കും" അഭയം നൽകുന്നതായി ഇന്ത്യ ആരോപിച്ചു.
ഈ കലഹം വീണ്ടും കാനഡയിലെ സിഖ് പ്രവാസികളെ ചിത്രത്തിലേക്ക് കൊണ്ടുവന്നു. 2021ലെ കനേഡിയൻ സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ 2.1 ശതമാനം സിഖുകാരാണ്. മാത്രമല്ല, ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ സിഖ് ജനസംഖ്യയുള്ള രാജ്യം കാനഡയാണ്.
ഈ ജനസംഖ്യാ കണക്ക് ആരെയും അതിശയിപ്പിക്കുന്നുണ്ടാകില്ല. എന്നാൽ, ഒരു നൂറ്റാണ്ടിലേറെയായി സിഖുകാർ കാനഡയിലേക്ക് കുടിയേറുകയാണ്. എന്തുകൊണ്ടാണ് സിഖുകാർ കാനഡയിലേക്ക് പോകാൻ തുടങ്ങിയത്? രാജ്യത്ത് ആദ്യമായി എത്തിയ സിഖുകാർ ആരാണ്? എന്തെല്ലാം വെല്ലുവിളികളാണ് അവർ നേരിട്ടത്? കേരളത്തിന് ഗൾഫുമായി ബന്ധപ്പെട്ടുള്ള ഏഴുപത് വർഷത്തെ ചരിത്രമുള്ളത് പോലെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രമാണ് സിഖുകാരുടെ കാനഡ കുടിയേറ്റത്തിനുള്ളത്. മലയാളികൾ ഗൾഫിൽ നിന്നും നാട്ടിലേക്ക് മടങ്ങിവരുന്നുണ്ടെങ്കിൽ സിഖുകാർ കനേഡിയൻ പൗരന്മാരായി തലമുറകളായി മാറുകയാണ്.
കാനഡ കുടിയേറ്റത്തിന്റെ ആരംഭം
ബ്രിട്ടീഷ് സാമ്രാജ്യത്തിനായുള്ള സായുധ രംഗത്ത് സജീവമായിരുന്ന സിഖുകാർ 19-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ വിദേശത്തേക്ക് കുടിയേറാൻ തുടങ്ങിയെന്ന് ലണ്ടൻ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിലെ എമെരിറ്റസ് പ്രൊഫസർ ഗുർഹർപാൽ സിങ്ങിനെ ഉദ്ധരിച്ച് ന്യൂയോർക്കർ മാസിക റിപ്പോർട്ട് ചെയ്യുന്നു.
“എവിടെ സാമ്രാജ്യം വികസിച്ചുവോ, പ്രത്യേകിച്ച് ചൈന, സിംഗപ്പൂർ, ഫിജി, മലേഷ്യ, കിഴക്കൻ ആഫ്രിക്ക അവിടെയെല്ലാം സിഖുകാർ പോയി,” ഗുർഹർപാൽ സിങ് പറയുന്നു.
വിക്ടോറിയ രാജ്ഞിയുടെ വജ്രജൂബിലിയോടെ 1897-ലാണ് കാനഡയിലേക്കുള്ള സിഖുകാരുടെ യാത്ര ആരംഭിച്ചത്. ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ (25-ാമത്തെ കുതിരപ്പട, ഫ്രോണ്ടിയർ ഫോഴ്‌സ്) റിസാൾദാർ മേജറായ (ഇന്നത്തെ ക്യാപ്റ്റൻ റാങ്ക്) കെസൂർ സിങ്, ആ വർഷം രാജ്യത്ത് വന്ന ആദ്യത്തെ സിഖ് കുടിയേറ്റക്കാരനായി കണക്കാക്കപ്പെടുന്നു. ജൂബിലി ആഘോഷിക്കാൻ പോകുന്ന ചൈനീസ്, ജാപ്പനീസ് സൈനികർ ഉൾപ്പെട്ട ഹോങ്കോംഗ് റെജിമെന്റിന്റെ ഭാഗമായി വാൻകൂവറിൽ എത്തിയ ആദ്യ സിഖ് സൈനികരിൽ ഒരാളായിരുന്നു അദ്ദേഹം.
കാനഡയിലേക്കുള്ള സിഖ് കുടിയേറ്റത്തിന്റെ പ്രവാഹം ആരംഭിക്കുന്നത് 1890-കളുടെ ആദ്യ വർഷങ്ങളിലാണ്. കുടിയേറ്റക്കാരായ സിഖുകാരിൽ ഭൂരിഭാഗവും തൊഴിലാളികളായി കാനഡയിലേക്ക് മാറി - ബ്രിട്ടീഷ് കൊളംബിയയിൽ വൃക്ഷം മുറിക്കുന്ന പണിക്കായും ഒന്റാറിയോയിൽ നിർമ്മാണ മേഖലയിലും അവർ ജോലി ചെയ്തു.
“യഥാർത്ഥ കുടിയേറ്റം ചെറുതായിരുന്നു, 5,000ത്തിനേക്കാൾ കുറച്ച് കൂടുതലേ കുടിയേറ്റക്കാർ ഉണ്ടായിരുന്നുള്ളൂ., തൊഴിൽ തേടി പ്രവാസികളായ പുരുഷന്മാർ സ്ഥിരതാമസമാക്കാൻ ലക്ഷ്യമിട്ട് പോയവരായിരുന്നില്ല. മൂന്നോ അഞ്ചോ വർഷത്തിൽ കൂടുതൽ താമസിക്കാനും അവരുടെ സമ്പാദ്യം കഴിയുന്നത്ര നാട്ടിലേക്ക് അയക്കാനുമുള്ള ഉദ്ദേശത്തോടെയാണ് ഈ കുടിയേറ്റക്കാർ വന്നത്." എന്ന് മെൽവിൻ എംബർ,കരോൾ ആർ എംബർ, ഇയാൻ സ്കൊഗാർഡ് എന്നിവർ എഡിറ്റ് ചെയ്‌ത 'എൻസൈക്ലോപീഡിയ ഓഫ് ഡയസ്‌പോറസ്: ഇമിഗ്രന്റ് ആൻഡ് റെഫ്യൂജി കൾച്ചേഴ്‌സ് എറൗണ്ട് ദ വേൾഡ്' എന്ന പുസ്തകത്തിൽ പറയുന്നു.
പിന്നിലേക്ക് വലിക്കൽ
കുടിയേറ്റക്കാർക്ക് എളുപ്പത്തിൽ ജോലി ലഭിച്ചെങ്കിലും, ആ പ്രദേശത്തുകാരുടെ ജോലി തട്ടിയെടുക്കുകയാണെന്ന ധാരണയുടെ അടിസ്ഥാനത്തിൽ അവർ എതിർപ്പ് നേരിട്ടു. ഇത് മാത്രമല്ല, സിഖുകാർ വംശീയവും സാംസ്കാരികവുമായ മുൻവിധികളും നേരിട്ടു. കൂടുതൽ കൂടുതൽ സിഖുകാർ രാജ്യത്ത് എത്തിയതോടെ സ്ഥിതി കൂടുതൽ വഷയളായികൊണ്ടിരുന്നു.
സിഖുകാരുടെ വരവിനെതിരെ പ്രദേശവാസികൾ ഉയർത്തിയ സമ്മർദ്ദത്തെ തുടർന്ന്, കനേഡിയൻ സർക്കാർ ഒടുവിൽ കർശനമായ നിയന്ത്രണങ്ങളിലൂടെ കുടിയേറ്റം അവസാനിപ്പിച്ചു. ഏഷ്യൻ കുടിയേറ്റക്കാർക്ക് ജോലി ചെയ്യാൻ "200 ഡോളർ, കൈവശം ഉണ്ടാകണം എന്നത് ഉയർന്ന തുകയായി കണക്കാക്കപ്പെടുന്നു, കൂടാതെ അവരുടെ മാതൃരാജ്യത്ത് നിന്ന് നേരിട്ടുള്ള യാത്രയിലൂടെ മാത്രമേ കാനഡയിൽ എത്താൻ പാടുള്ളൂ" എന്നും ഉണ്ടായിരുന്നതായി നളിനി കാന്ത് ഝാ എഴുതിയ 'ദി ഇന്ത്യൻ ഡയസ്‌പോറ ഇൻ കാനഡ: ലുക്കിങ് ബാക്ക് ആൻഡ് എഹെഡ്' (ഇന്ത്യ ത്രൈമാസിക, ജനുവരി-മാർച്ച്, 2005, വാല്യം 61) എന്ന ലേഖനത്തിൽ വിശദമാക്കുന്നു.
തൽഫലമായി, 1908 ന് ശേഷം കാനഡയിലേക്കുള്ള ഇന്ത്യൻ കുടിയേറ്റം ഗണ്യമായി കുറഞ്ഞു, 1907-08 കാലത്ത് 2,500 ആയിരുന്നത്, പ്രതിവർഷം ഏതാനും ഡസൻ മാത്രമായതായും നളിനിയുടെ ലേഖനത്തിൽ പറയുന്നു.
ഈ സമയത്താണ് 'കൊമാഗതാ മാരു' സംഭവം നടന്നത്. 1914-ൽ, 'കൊമാഗതാ മാരു' എന്ന ജാപ്പനീസ് ആവിക്കപ്പൽ വാൻകൂവറിന്റെ തീരത്തെത്തി. 376 ദക്ഷിണേഷ്യൻ യാത്രക്കാരാണ് അതിലുണ്ടായിരുന്നത്. അവരിൽ ഭൂരിഭാഗവും സിഖുകാരായിരുന്നു. കുടിയേറ്റക്കാരെ ഏകദേശം രണ്ട് മാസത്തോളം കപ്പലിൽ തടഞ്ഞുവച്ചു, തുടർന്ന് കനേഡിയൻ കടലിൽ നിന്ന് ഏഷ്യയിലേക്ക് തിരിച്ചയച്ചു.
കനേഡിയൻ മ്യൂസിയം ഓഫ് ഹ്യൂമൻ റൈറ്റ്‌സ് പറയുന്നതനുസരിച്ച്, കപ്പൽ ഇന്ത്യയിലെത്തിയപ്പോൾ ബ്രിട്ടീഷ് അധികൃതരും യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രശ്‌നമുണ്ടാക്കാൻ എത്തിയ വിപ്ലവകാരികളാണെന്ന് ഉദ്യോഗസ്ഥർ സംശയിച്ചു. അതുമായി ബന്ധപ്പെട്ടുണ്ടായ കലഹം അവസാനിച്ചപ്പോഴേക്കും, “16 യാത്രക്കാർ ഉൾപ്പെടെ 22 പേർ മരണമടഞ്ഞിരുന്നു” എന്ന് കനേഡിയൻ മ്യൂസിയം ഓഫ് റൈറ്റ്സ് പറയുന്നു.
അപ്രതീക്ഷിതമായ വഴിത്തിരിവ്
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം കാനഡ,തങ്ങളുടെ കുടിയേറ്റ നയത്തിൽ ഇളവ് വരുത്തി. മൂന്ന് പ്രധാന കാരണങ്ങളാണ് അതിന് വഴിയൊരുക്കിയത്.
ഒന്നാമതായി, ഐക്യരാഷ്ട്രസഭയിൽ ചേർന്നതിന് ശേഷം വംശീയ മുൻഗണനകളെ അടിസ്ഥാനമാക്കി ഇമിഗ്രേഷൻ നയവും രീതിയും നിലനിർത്തുന്നത് സാധ്യമല്ലാതെയായി. മാത്രമല്ല, വംശീയ വിവേചനത്തിനെതിരായ യു എൻ പ്രഖ്യാപനവും തുല്യ പങ്കാളിത്തമുള്ള വൈവിധ്യമാർന്ന ജനവിഭാഗങ്ങൾ ഉൾപ്പെടുന്ന കോമൺവെൽത്തിലെ അംഗത്വവും പഴയ നിലപാട് തുടരുന്നതിന് കാനഡയ്ക്ക് തടസ്സമായി മാറിയെന്ന് നളിനി കാന്ത് ഝാ നിരീക്ഷിക്കുന്നു.
രണ്ടാമതായി, രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, കാനഡ അതിന്റെ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കാൻ തുടങ്ങി, അതിന് തൊഴിലാളികൾ ആവശ്യമാണ്.
മൂന്നാമതായി, “യൂറോപ്പിൽ നിന്നുള്ള ആളുകളുടെ കുടിയേറ്റത്തിൽ ഇടിവുണ്ടായി, കനേഡിയൻ ഗവൺമെന്റ് മാനവവിഭവശേഷിക്കായി മൂന്നാം ലോക രാജ്യങ്ങളിലേക്ക് തിരിഞ്ഞു,” എന്ന് അമൃത് സർ ഗുരു നാനാക് ദേവ് സർവകലാശാലയിലെ സോഷ്യോളജി വിഭാഗം പ്രൊഫസറും മേധാവിയുമായ പരംജിത് എസ്. 2003-ൽ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കൽ വീക്ക്‌ലിയിൽ എഴുതിയ ' സിഖ്സ് ഇൻ കാനഡ: സോഷ്യൽ കൺസ്ട്രക്ഷൻ ഓഫ് ഐഡന്റിറ്റി ഇൻ എ മൾട്ടികൾച്ചറൽ സ്റ്റേറ്റ്' എന്ന ലേഖനത്തിൽ പറയുന്നു.
ഈ ഘടകങ്ങൾ ആത്യന്തികമായി 1967-ൽ കനേഡിയൻ ഗവൺമെന്റ് 'പോയിന്റ് സിസ്റ്റം' അവതരിപ്പിക്കുന്നതിലേക്ക് നയിച്ചു, അത് ആശ്രിതരല്ലാത്ത ബന്ധുക്കളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള മാനദണ്ഡമായി വൈദഗ്ദ്ധ്യം മാത്രം നിശ്ചയിക്കുകയും ഒരു പ്രത്യേക വംശത്തിന് നൽകിയ മുൻഗണനകൾ ഇല്ലാതാക്കുകയും ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.