ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയ പ്രഖ്യാപിച്ചിരിക്കുകയാണു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. പതിനാറാമതു രാഷ്ട്രപതിയെയാണു തിരഞ്ഞെടുക്കാനിരിക്കുന്നത്. ജൂലൈ 18നാണു വോട്ടെടുപ്പ്. ഫലപ്രഖ്യാപനം 21നും. നിലവിലെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 25 ന് അവസാനിക്കാനിരിക്കെയാണു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഭരണഘടനയുടെ 62-ാം അനുച്‌ഛേദം അനുസരിച്ച്, സ്ഥാനമൊഴിയുന്ന രാഷ്ട്രപതിയുടെ കാലാവധി അവസാനിക്കുന്നതിനു മുന്‍പ് പിന്‍ഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ്് പൂര്‍ത്തിയാക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നിലവിലെ രാഷ്ട്രപതിയുടെ കാലാവധി അവസാനിക്കുന്നതിനു മുന്‍പുള്ള അറുപതാം ദിവസമോ അതിനു ശേഷമോ പുറപ്പെടുവിക്കണമെന്നാണു നിയമം.
രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് ആര്?
ലോക്‌സഭയിലെയും രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട എംപിമാരും ഡല്‍ഹിയും പുതുച്ചേരിയും ഉള്‍പ്പെടെയുള്ള മുഴുവന്‍ സംസ്ഥാന നിയമസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരും അടങ്ങുന്ന ഇലക്ടറല്‍ കോളജാണു രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.
Also Read: രാംനാഥ് കോവിന്ദിനു പിന്‍ഗാമി ആരാകും? രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ന്
രാജ്യസഭയിലേയോ ലോക്‌സഭയിലോ നിയമസഭകളിലെയോ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കു വോട്ടവകാശമില്ല. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങളും (എം എല്‍ സി) വോട്ട് ചെയ്യാന്‍ യോഗ്യരല്ല.
എങ്ങനെയാണ് തിരഞ്ഞെടുപ്പ്?
രാഷ്ട്രപതി തിരഞ്ഞെടുപ്പ് രഹസ്യ ബാലറ്റിലൂടെയായിരിക്കണമെന്നാണു ഭരണഘടന അനുശാസിക്കുന്നത്.
ഭരണഘടനയുടെ അനുച്‌ഛേദം 55 (3) അനുസരിച്ച്, ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം പ്രകാരം ഒറ്റത്തവണ മാറ്റാവുന്ന വോട്ട് വഴിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സംവിധാനത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ക്കു നേരെ വോട്ടര്‍ മുന്‍ഗണ അടയാളപ്പെടുത്തണം.
സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിനനുസരിച്ച് വോട്ടര്‍ക്കു മുന്‍ഗണന അടയാളപ്പെടുത്താം. എന്നാല്‍, ആദ്യ മുന്‍ഗണന അടയാളപ്പെടുത്തിയാല്‍ മാത്രമേ ബാലറ്റ് പേപ്പറിനു സാധുതയുണ്ടാവൂ. മറ്റു മുന്‍ഗണനകള്‍ വോട്ടര്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രം രേഖപ്പെടുത്തിയാല്‍ മതി.
Also Read: ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ബന്ധിപ്പിക്കാന്‍ ആര്‍ബിഐ; പിന്നിലെന്ത്?
ഉദാഹരണത്തിന് അഞ്ച് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍, അത്രയും പേര്‍ക്കു മുന്‍ഗണന നിശ്ചയിച്ച് വോട്ട് ചെയ്യാം. എന്നാല്‍ വോട്ട് സാധുതയുള്ളതാകാന്‍ ആദ്യ മുന്‍ഗണന നല്‍കേണ്ടത് നിര്‍ബന്ധമാണ്. ഇവിടെ വോട്ടര്‍ മറ്റ് മുന്‍ഗണനകള്‍ നല്‍കുന്നില്ലെങ്കില്‍ പോലും വോട്ട് സാധുവായിരിക്കും.
വിജയിയെ എങ്ങനെയാണു തീരുമാനിക്കുക?
വോട്ടുകള്‍ക്കു മൂല്യമുണ്ട്. എം എല്‍ എമാരുടെ വോട്ടിന്റെ മൂല്യം നിര്‍ണയിക്കുന്നത് അതതു സംസ്ഥാനത്തെ മൊത്തം ജനസംഖ്യയെ എം എല്‍ എമാരുടെ എണ്ണം കൊണ്ട് ഹരിച്ച് വീണ്ടും 1000 കൊണ്ട് ഹരിച്ചുകൊണ്ടാണ്. അതിനാല്‍ എം എല്‍ എമാരുടെ വോട്ടിന്റെ മൂല്യം ഓരോ സംസ്ഥാനത്തും വ്യത്യാസപ്പെടുന്നു. യു പിയിലാണ് ഉയര്‍ന്ന മൂല്യം, 208. സിക്കിമിലാണ് ഏറ്റവും കുറവ്, ഏഴ്. മൊത്തം എം എല്‍ എ വോട്ടുകളുടെ മൂല്യം 5.43 ലക്ഷം വരും.
776 എംപിമാരുള്ള പാര്‍ലമെന്റിന്റെ ഇരുസഭകള്‍ക്കും സമാനമായ ആകെ മൂല്യം നിശ്ചയിച്ചിട്ടുണ്ട്. ഓരോ എംപിയുടെയും വോട്ടിന്റെ മൂല്യം 5.43 ലക്ഷം/776 എന്നതു പ്രകാരം 700 ആണ്.
നിയമസഭകളില്‍നിന്നും പാര്‍ലമെന്റിന്റെ ഇരുസഭകളില്‍ നിന്നുമുള്ള വോട്ട് മൂല്യങ്ങളുടെ ആകെത്തുകയാണ് ഇലക്ടറല്‍ പൂളിന്റെ ആകെ മൂല്യം, അതായത് 10.86 ലക്ഷം. ഈ പൂളില്‍നിന്ന് ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന സ്ഥാനാര്‍ത്ഥിയാണ് വിജയി.
Also Read: എന്താണ് ചെള്ളുപനി? രോഗലക്ഷങ്ങളും പ്രതിരോധമാർഗങ്ങളും അറിയാം