ബാങ്ക് വായ്പയെടുത്ത രാജ്യത്തെ ലക്ഷക്കണക്കിനു പേര്‍ക്ക് ആശ്വാസം നല്‍കുന്ന നടപടിയാണു കേന്ദ്രസര്‍ക്കാരിന്റെ ക്യാഷ് ബാക്ക് പ്രഖ്യാപനം. ലോക്ക് ഡൗണ്‍ സമയത്ത് മൊറട്ടോറിയം ഉപയോഗപ്പെടുത്തിയോ ഇല്ലയോ എന്നത് പരിഗണിക്കാതെ എല്ലാ വായ്പക്കാര്‍ക്ക് നിശ്ചിത തുകയുടെ ആശ്വാസം ലഭിക്കും. എക്‌സ് ഗ്രേഷ്യ രൂപത്തില്‍ വായ്പക്കാരുടെ അക്കൗണ്ടില്‍ ഉടന്‍ പണം വരവ് വയ്ക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ഭവന, ക്രെഡിറ്റ് കാര്‍ഡ്, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) ഉള്‍പ്പെടെ ചില വിഭാഗത്തിലുള്ള വായ്പകള്‍ക്കു 2020 മാര്‍ച്ച് ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലേക്കാണു ക്യാഷ് ബാക്ക് ലഭിക്കുക. സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസമാണ് തിരിച്ചുനല്‍കുക.
50 ലക്ഷം രൂപ ഭവന വായ്പ കുടിശികയുള്ളയാള്‍ക്ക് എട്ട് ശതമാനം പലിശ നിരക്ക് കണക്കാക്കി ആറുമാസത്തെ കൂട്ടുപലിശയായ ഏകദേശം 12,425 രൂപ അക്കൗണ്ടിലേക്കു തിരിച്ചുനല്‍കും. ഈ നിരക്കില്‍, ആറുമാസത്തെ സാധാരണ പലിശ ഏകദേശം രണ്ടു ലക്ഷം രൂപയാണ്. കൂട്ടുപലിശ ചേര്‍ക്കുമ്പോള്‍ മൊത്തം 2,12,425 രൂപയായി മാറുന്നു. ഇവ തമ്മിലുള്ള വ്യത്യാസമാണ് വായ്പക്കാരുടെ അക്കൗണ്ടിലേക്കു സര്‍ക്കാര്‍ തിരിച്ചുനല്‍കുക. എല്ലാ വായ്പക്കാരും ബാങ്കുകള്‍ക്ക് സാധാരണ പലിശ നല്‍കേണ്ടിവരും. എഴുതിത്തള്ളല്‍ ആനുകൂല്യം വായ്പയുടെ ഘട്ടത്തെയും നിലവിലുള്ള വായ്പാത്തുകയെയും ആശ്രയിച്ചിരിക്കും.
ക്യാഷ് ബാക്ക് പദ്ധതി എന്താണ്?
രണ്ടു കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് ആറുമാസത്തെ കൂട്ടുപലിശയും കൂട്ടുപലിശയും സാധാരണ പലിശയും തമ്മിലുള്ള വ്യത്യാസമുള്ള തുക വായ്പയെടുത്തവര്‍ക്കു നല്‍കുമെന്നാണ് ബാങ്കുകള്‍ക്കായി ധനമന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നത്. ലളിതമായി പറഞ്ഞാല്‍, വായ്പയെടുത്തവര്‍ സാധാരണ പലിശ മാത്രമേ നല്‍കണ്ടേതുള്ളൂ. വായ്പാ തിരിച്ചടവിന്മേലുള്ള മൊറട്ടോറിയം പൂര്‍ണമായോ ഭാഗികമായോ പ്രയോജനപ്പെടുത്തിയവരും തീരെ ഉപയോഗപ്പെടുത്താവരും എക്‌സ് ഗ്രേഷ്യ പേയ്‌മെന്റിന് അര്‍ഹരാണ്.
ഫെബ്രുവരി 29 വരെയുള്ള കൃത്യമായി അടച്ചതും നിഷ്‌ക്രിയാസ്തി (എന്‍പിഎ) അല്ലാത്തതുമായ ഉള്ള വായ്പകള്‍ക്കാണു പദ്ധതി ബാധകം. ഈ കാലയളവില്‍ അടച്ചുതീര്‍ത്ത വായ്പാ അക്കൗണ്ടുകളുടെ കാര്യത്തില്‍, മാര്‍ച്ച് ഒന്നു മുതല്‍ അടവ് പൂര്‍ത്തിയായ ദിവസം വരെയാണ് എക്‌സ് ഗ്രേഷ്യ നല്‍കുക.
”അസാധാരണമായ കോവിഡ് -19 സാഹചര്യം കണക്കിലെടുത്ത്, മാര്‍ച്ച് ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കൂട്ടുപലിശയും സാധാരണ പലിശയും തമ്മിലുള്ള വ്യത്യാസം എക്‌സ് ഗ്രേഷ്യയായി നല്‍കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇത് കേന്ദ്ര സര്‍ക്കാരിന്റെ കരാര്‍, നിയമപരമായ ബാധ്യതയല്ല,” പദ്ധതി പറയുന്നു.
ഗുണം ആര്‍ക്കൊക്കെ?
ഭവന, എംഎസ്എംഇ, വിദ്യാഭ്യാസ, വീട്ടുപകരണ, വാഹന, ഉപഭോക്തൃ, വ്യക്തിഗത വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് കുടിശിക തുടങ്ങിയവയ്ക്കു കൂട്ടുപലിശ ഇളവ് ലഭിക്കും. രണ്ടു കോടി രൂപയില്‍ കൂടുതല്‍ വായ്പ അനുവദിക്കപ്പെട്ടവര്‍ക്കും അത്രയും തുക തിരിച്ചടവ് ബാക്കിയുള്ളവര്‍ക്കും കൂട്ടുപലിശ ഇളവിന് അര്‍ഹതയില്ല.
സ്വകാര്യ, സര്‍ക്കാര്‍ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍, ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍നിന്ന് വായ്പയെടുത്തവര്‍ക്ക് ഇളവ് ലഭിക്കും.
പ്രഖ്യാപിത പലിശനിരക്ക് അടിസ്ഥാനമാക്കിയായിരിക്കും എക്‌സ് ഗ്രേഷ്യ തുക കണക്കാക്കു. പലിശ നിരക്കില്‍ ഇളവ് നല്‍കണമെന്ന് സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടതിനെത്തതുടര്‍ന്നാണ് സര്‍ക്കാര്‍ ആശ്വാസനടപടി പ്രഖ്യാപിച്ചത്.
വായ്പയെടുത്തവര്‍ക്ക് ലഭിക്കുന്ന ആശ്വാസം എന്ത്?
ഭവന, വാഹന, എംഎസ്എംഇ, വ്യക്തിഗത, മറ്റ് വായ്പകള്‍ എന്നിവയ്ക്ക് കൂട്ടുപലിശ ഒഴിവാക്കുന്നത് വായ്പയെടുത്തവര്‍ക്കു വലിയ ആശ്വാസമായി മാറാം. പ്രത്യേകിച്ച് വായ്പാ തിരിച്ചടവിന്റെ പ്രാരംഭ വര്‍ഷങ്ങളില്‍ പലിശയായി പ്രധാന ഘടകമാകുന്ന സാഹചര്യത്തില്‍. പ്രഖ്യാപിത പലിശനിരക്ക് നല്‍കേണ്ടതിനാല്‍ വായ്പക്കാരുടെ ഭാരം കുറയ്ക്കുന്നതിന് ഈ നടപടി സഹായിക്കും. റിസര്‍വ് ബാങ്ക് നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയമെന്നത് ഇളവ് അല്ലാത്തതിനാല്‍, വര്‍ധിച്ച തുകയ്ക്ക് പലിശയും പലിശയും നല്‍കാന്‍ വായ്പക്കാര്‍ക്ക് ബാധ്യതയുണ്ട്.ആറുമാസത്തെ മൊറട്ടോറിയം കാലയളവില്‍ കൂടിയ സാധാരണ പലിശ ബാധ്യത ഉപയോക്താക്കള്‍ ഇപ്പോഴും വഹിക്കേണ്ടതുണ്ട്.
ഇളവ് കണക്കാക്കുന്നത് എങ്ങനെ?
തുക തിരിച്ചുനല്‍കുന്നതിനു പലിശ കൂട്ടുന്നത് പ്രതിമാസ അടിസ്ഥാനത്തിലാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വ്യത്യാസം കണക്കാക്കുന്നതിന് പ്രയോഗിക്കേണ്ട പലിശ നിരക്ക് വായ്പാ കരാറില്‍ വ്യക്തമാക്കിയ നിരക്കായിരിക്കും. ക്രെഡിറ്റ് കാര്‍ഡ് കുടിശികയുടെ കാര്യത്തില്‍, മാര്‍ച്ച് ഒന്നു മുതല്‍ 2020 ഓഗസ്റ്റ് 31 വരെയുള്ള ഇഎംഐ അടിസ്ഥാനത്തിലുള്ള ഇപാടുകള്‍ക്ക് കാര്‍ഡ് ഇഷ്യു ചെയ്തു ബാങ്ക് ഈടാക്കുന്ന വായ്പാ നിരക്കിന്റെ ശരാശരിയായിരിക്കും പലിശനിരക്ക്.
കൈകാര്യം ചെയ്യാന്‍ ബാങ്കിനു കഴിയുമോ?
പദ്ധതിയുടെ കൈകാര്യം എളുപ്പമുള്ള കാര്യമല്ലെന്നും ബാങ്കുകള്‍ക്കും ഹൗസിങ്് ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും അധിക കടലാസ് ജോലി വേണ്ടിവരുമെന്നും ബാങ്കര്‍മാര്‍ പറയുന്നു. വായ്പയെടുത്ത ലക്ഷക്കണക്കിനു പേരാണ് സര്‍ക്കാരില്‍നിന്ന് പണം തിരികെ ലഭിക്കാന്‍ കാത്തിരിക്കുന്നത്. ആദ്യം ബാങ്കുകള്‍ വായ്പക്കാരുടെ ക്ലെയിമുകള്‍ പ്രോസസ് ചെയ്യും, തുടര്‍ന്നാണ് തുക ക്രെഡിറ്റ് ചെയ്യുക.
പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ നിയുക്ത സെല്ലില്‍ ഡിസംബര്‍ 15 നകം ബാങ്കുകള്‍ ക്ലെയിം സമര്‍പ്പിക്കേണ്ടതുണ്ട്. എസ്ബിഐ ക്ലെയിമുകള്‍ വിലയിരുത്തി സര്‍ക്കാരിനു വിശദാംശങ്ങള്‍ നല്‍കും. തുടര്‍ന്ന് എസ്ബിഐ വഴിയാണു വായ്പ നല്‍കിയ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് കൈമാറുക.
സര്‍ക്കാര്‍ എത്ര ചെലവഴിക്കേണ്ടി വരും?
തുക തിരികെ ലഭിക്കാന്‍ വായ്പയെടുത്ത എല്ലാവര്‍ക്കും അര്‍ഹതയില്ലെങ്കിലും പദ്ധതിയില്‍ സര്‍ക്കാരിനു 5,000 മുതല്‍ 7,000 കോടി രൂപ വരെ മുടക്കേണ്ടിവരുമെന്ന് വിദഗ്ധര്‍ പറയുന്നു. ”ബാങ്കുകളുടെയും ബാങ്കിങ് ഇതര സാമ്പത്തിക സ്ഥാപനങ്ങളുടെയും മൊത്തം വായ്പയുടെ 30-40 ശതമാനത്തില്‍ കൂടുതല്‍ ആശ്വാസത്തിന് അര്‍ഹതയുണ്ടെന്ന് കരുതുക, സര്‍ക്കാരിനുള്ള ചെലവ് 5,000-7,000 കോടി രൂപയില്‍ കൂടരുത്. ഇത്, മൊറട്ടോറിയം പ്രയോജനപ്പെടുത്തുന്നുണ്ടോ ഇല്ലയോ എന്ന വ്യത്യാസമില്ലാതെ എല്ലാ വായ്പക്കാര്‍ക്കും ആശ്വാസം നല്‍കുമെന്നാണ് കരുതുന്നത്, ”ഐസിആര്‍എ ലിമിറ്റഡ് വൈസ് പ്രസിഡന്റ് അനില്‍ ഗുപ്ത പറഞ്ഞു.
അതേസമയം, ബാങ്കുകള്‍ക്ക് പണം നല്‍കാന്‍ സര്‍ക്കാര്‍ സമയപരിധി പ്രഖ്യാപിച്ചിട്ടില്ല. സര്‍ക്കാരില്‍നിന്നു തുക ലഭിക്കുന്നതിനു മുന്‍പേ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പക്കാര്‍ക്ക് ഐക്‌സ് ഗ്രേഷ്യ നല്‍കേണ്ടിവരും.
Read in IE: Centre waives compound interest on loans up to Rs 2 crore: How will the cashback work?