ബാര്‍ കോഡ് എന്ന് കേള്‍ക്കാത്തവരുണ്ടാവില്ല. എന്നാല്‍, വ്യാപാരമേഖലയില്‍ വിപ്ലവകരമായ മാറ്റത്തിനു വഴിയൊരുക്കിയ ബാര്‍ കോഡിന്റെ ചരിത്രം എന്താണ്?, ബാര്‍ കോഡിന്റെ ഉപജ്ഞാതാക്കള്‍ ആരാണ്? എത്ര പേര്‍ക്കറിയാം ഈ ചോദ്യങ്ങളുടെ ഉത്തരം.
അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ വെന്ഡെല്ലില് ഇക്കഴിഞ്ഞ ചൊവ്വാഴ്ച 93-ാം വയസില്‍ അന്തരിച്ച, എന്‍ജിനീയറും ശാസ്ത്രജ്ഞനുമായ ജോര്‍ജ് ലോററാണു ബാര്‍ കോഡ് അഥവാ യൂണിവേഴ്സല്‍ പ്രൊഡക്റ്റ് കോഡി(യുപിസി)ന്റെ ഉപജ്ഞാതാക്കളില്‍ ഒരാള്‍. നോര്‍മന്‍ ജോസഫ് വുഡ്ലാന്ഡാനാണു മറ്റേയാള്‍. വുഡ്ലാന്‍ഡ് 2012 ല്‍ അന്തരിച്ചു. 1973ലായിരു ബാര്‍ കോഡിന്റെ പിറവി.
ബാര്‍കോഡിനു മുന്‍പ്
ഉപഭോക്താവ് ഉത്പന്നം തിരഞ്ഞെടുത്താല്‍ റീഡര്‍ ഉപയോഗിച്ച് ബാര്‍കോഡ് സ്കാന്‍ ചെയ്തശേഷം ബില്‍ തുക ഈടാക്കുന്നതാണ് സ്റ്റോറുകളിലും മാളുകളിലും ഇപ്പോള്‍ പൊതുവെയുള്ള രീതി. എന്നാല്‍ ബാര്‍കോഡ് നിലവില്‍ വരുന്നതിനു മുന്‍പ് വില രേഖപ്പെടുത്തിയ ലേബല്‍ ഓരോ ഉത്പന്നത്തിലും പതിക്കാന്‍ സ്റ്റോര്‍ ഉടമകള്‍ക്ക് ജീവനക്കാരെ നിയോഗിക്കേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണു ലോററും വുഡ്ലാന്‍ഡും ചേര്‍ന്ന് ബാര്‍കോഡിനു രൂപം നല്‍കിയത്.
ബാര്‍ കോഡ് വരുന്നതിനു മുന്‍പ് വ്യാപാരികള്‍ നേരിട്ട പ്രതിസന്ധിയെക്കുറിച്ച് ജോര്‍ജ് ലോറര്‍ 2010 ലെ വാഷിംഗ്ടണ്‍ പോസ്റ്റിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ: ”കുതിച്ചുയരുന്ന മറ്റു ചെലവുകള്‍ക്കൊപ്പം ഓരോ ഉത്പന്നത്തിലും വില പതിക്കാന്‍ വേണ്ടിവരുന്ന തൊഴില്‍ ചെലവും 1970 കളിലെ പലചരക്ക് കടകള്‍ നേരിടുന്ന പ്രശ്നമായിരുന്നു”.
ആശയം രൂപപ്പെട്ടത് എങ്ങനെ?
വുഡ്ലാന്‍ഡിന്റെ ബുദ്ധിയായിരുന്നു ബാര്‍കോഡ് എന്ന ആശയം. ഇതു ഫലപ്രാപ്തിയിലെത്തിച്ചതിന്റെ ബഹുമതി ലോററിനും. 1950 കളിലാണു ബാര്‍കോഡ് ചിഹ്നത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സംവിധാനം വികസിപ്പിക്കുന്നതിനെക്കുറിച്ച് വുഡ്ലാന്‍ഡ് ചിന്തിച്ചത്. ഉല്‍പ്പന്നത്തെയും അതിന്റെ വിലയെയും കോഡില്‍ വിവരിക്കുന്നത് ഒരു ഉപകരണം ഉപയോഗിച്ച് വായിക്കാന്‍ കഴിയുന്ന തരത്തിലുള്ളതായിരുന്നു ബുള്‍സ്-ഐ ബാര്‍കോഡ് എന്നു പേരിട്ട ഈ സംവിധാനം.
കുത്തുകളും വരകളും ഉപയോഗിച്ച് രൂപപ്പെടുത്തിയ ടെലികമ്യൂണിക്കേഷനിലെ കാരക്ടര്‍-എന്കോഡിങ് പദ്ധതിയായ മോഴ്സ് കോഡില്‍നിന്നാണു വുഡ്ലാന്‍ ഡ് പ്രചോദനം ഉള്‍ക്കൊണ്ടത്. വുഡ്ലാന്‍ഡിന്റെ ആശയം പ്രാവര്ത്തികമാണെന്നു കരുതപ്പെട്ടിരുന്നു. എന്നാല്‍ 1950 കളില്‍ ലേസര്‍, കമ്പ്യൂട്ടിങ് സാങ്കേതികവിദ്യകളുടെ വില വളരെ ഉയര്‍ന്നതിനാല്‍ ബാര്‍കോഡ് സംവിധാനം വികസിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. രണ്ടു പതിറ്റാണ്ടിനുശേഷം 1970 കളില്‍ വുഡ്ലാന്‍ഡിന്റെ ആശയം പ്രാവര്‍ത്തികമാക്കാന്‍ ലോറര്‍ തയാറായി. ഈ സമയം ഐബിഎമ്മില്‍ ജോലി ചെയ്യുകയായിരുന്നു ലോറര്‍.
ചെലവ് കുറഞ്ഞ ലേസര്‍, കമ്പ്യൂട്ടിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ബാര്‍കോഡ് പ്രാവര്‍ത്തികമാക്കുകയായിരുന്നു ലോററുടെ ലക്ഷ്യം. ഇന്ന് മിക്ക ബാര്കോഡുകളിലും നമ്മള് കാണുന്ന ദീര്‍ഘചതുരം സമ്പ്രദായം ബുള്‍സ്-ഐയേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന ലോററുടെ കണ്ടെത്തലാണ് നിർണായകമായത്.
കേന്ദ്രീകൃതമായ വൃത്തങ്ങളുടെ ശ്രേണികള്‍ ഉപയോഗിച്ചുള്ള സങ്കീര്‍ണമായ സംവിധാനമായിരുന്നു ബുള്‍സ്-ഐ. വൃത്തങ്ങള്‍ക്കു പകരം സ്ട്രിപ്പുകളുള്ള സ്കാനര്‍ ലോറര്‍ വികസിപ്പിച്ചു. റിഗ്ലിയുടെ ജ്യൂസി ഫ്രൂട്ട് ച്യൂയിങ് ഗമ്മിന്റെ ഒരു പാക്കായിരുന്നു ബാര്‍കോഡ് ഉപയോഗിച്ചുള്ള ആദ്യ വില്‍പ്പന.
ബാര്‍കോഡ് ഇന്ന്
ആഗോളതലത്തില്‍ ചില്ലറ വ്യാപാര മേഖലയുടെ പ്രവര്‍ത്തനരീതിയെ തന്നെ ബാര്‍കോഡ് സംവിധാനം മാറ്റിമറിച്ചു. തിരിച്ചറിയലിനും സ്കാനിങ്ങിനുമായി ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങളില്‍ ഇന്നു ബാര്‍കോഡ് കാണാന്‍ കഴിയും. ഉത്പന്ന വില തല്‍ക്ഷണം തിരിച്ചറിയാന്‍ ചില്ലറ വ്യാപാരികളെ ബാര്‍കോഡ് സഹായിക്കുന്നു. ബില്ലിങ് എളുപ്പമാക്കുന്നതിനൊപ്പം ശരിയായ വില ഈടാക്കാനും സാധനങ്ങളുടെ സ്റ്റോക്കിന്റെ കണക്ക് കൃത്യമായി സൂക്ഷിക്കാനും ബാര്‍കോഡ് സംവിധാനം വളരെ സഹായകരമാണ്.
കടകളിൽ ബാര്‍കോഡ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ബില്ലിങ് നടത്തുന്നതു കണ്ടപ്പോൾ സ്വന്തം കണ്ടുപിടുത്തത്തില്‍ താന്‍ ആശ്ചര്യപ്പെട്ടുവെന്നാണു ജോര്‍ജ് ലോറര്‍ പിന്നീട് പറഞ്ഞത്. ബാര്‍കോഡ് കണ്ടുപിടിച്ചതിന്റെ 25-ാം വാര്‍ഷികാഘോഷ വേളയിൽ ഡബ്ല്യുആര്എല്-ടിവിക്കു നൽകിയ അഭിമുഖത്തിലാണു ലോറര്‍ ഇങ്ങനെ പറഞ്ഞത്.