ദക്ഷിണേഷ്യയിലെ ഇന്ത്യയുടെ അയൽരാജ്യങ്ങൾ അവരുടെ ചരിത്രം, സമ്പദ്‌വ്യവസ്ഥ, തങ്ങളുടെ രാജ്യങ്ങളിൽ വൻശക്തികൾക്കുള്ള സ്വാധീനം, ഈ ശക്തികളുമായുള്ള ബന്ധം എന്നിവ കണക്കിലെടുത്താണ് യുക്രൈൻ യുദ്ധത്തിൽ നിലപാടുകൾ സ്വീകരിച്ചിരിക്കുന്നത്. ഏഴ് രാജ്യങ്ങളിൽ നിഷ്പക്ഷ നിലപാട് പുലർത്തുന്നവരും റഷ്യയോടുള്ള എതിർപ്പിൽ അസന്ദിഗ്ധത പുലർത്തുന്നവരും ഒരുപോലെയുണ്ട്.
അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, മാലിദ്വീപ്, നേപ്പാൾ എന്നീ രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ റഷ്യക്കെതിരായ പ്രമേയത്തെ പിന്തുണച്ചിരുന്നു. എന്നാൽ ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. യുഎൻ മനുഷ്യാവകാശ കൗൺസിലിൽ അംഗമായ നേപ്പാൾ യുക്രൈനിലെ റഷ്യയുടെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്നുള്ള എച്ച്ആർസി പ്രമേയത്തിന് വോട്ട് ചെയ്തു.
ശ്രീലങ്ക: ടൂറിസവും തേയിലയും
വിനോദസഞ്ചാര മേഖല വീണ്ടും ഉണർന്നു വരുമ്പോൾ ഈ വർഷം സാമ്പത്തിക മാന്ദ്യം മാറുമെന്ന് കൊളംബോ പ്രതീക്ഷിച്ചിരുന്നു. എന്നാൽ യുക്രൈൻ സംഘർഷം അതിന് ഇരുട്ടടിയായി. വിദേശനാണ്യത്തിന്റെ അഭാവം കൂടുതലും ഇറക്കുമതിയെ ആശ്രയിച്ചിരിക്കുന്ന ശ്രീലങ്കയുടെ സമ്പദ്‌വ്യവസ്ഥയെ തകർത്തു. റഷ്യയ്‌ക്കെതിരായ ഉപരോധം മൂലം എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടം, ഇന്ധനം വാങ്ങുന്നതിനായി ഇന്ത്യ ശ്രീലങ്കയ്‌ക്ക് നൽകിയ 500 മില്യൺ ഡോളർ വായ്പ അപര്യാപ്തമാക്കി.
2019ലെ ഈസ്റ്ററിനുണ്ടായ ചാവേർ സ്‌ഫോടനങ്ങളും കോവിഡ് മഹാമാരിയും തീർത്ത പ്രതിസന്ധിയിൽ നിന്ന് കരകയറുന്ന ടൂറിസം മേഖലയിൽപ്പോലും വലിയ തിരിച്ചടിയുണ്ടായേക്കാം.
ശ്രീലങ്കയുടെ പ്രധാന വിപണി കൂടിയായിരുന്നു റഷ്യയും യുക്രൈനും. ശ്രീലങ്കൻ തേയില ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് റഷ്യ, ഉപരോധം മാറിയാൽ മാത്രമേ കൊളംബോയ്ക്ക് അവിടെ വിൽപ്പന തുടരാനാകൂ.
ശ്രീലങ്ക വോട്ട് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാനുള്ള കാരണങ്ങൾ ഇവയാണെങ്കിലും, കൊളംബോയിലെ ചിലർ ഈ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നുണ്ട്, ബംഗ്ലാദേശിന്റെ വിമോചനത്തിലേക്ക് നയിച്ച 1971 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധവുമായി താരതമ്യപ്പെടുത്തികൊണ്ടാണിത്. അന്ന് ശ്രീലങ്ക പാകിസ്ഥാന്റെ പക്ഷം ചേരുകയും വ്യോമസേനയ്ക്ക് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യങ്ങൾ നൽകുകയും ചെയ്തു.
“പാകിസ്ഥാന്റെ പ്രാദേശിക അഖണ്ഡത ലംഘിക്കാൻ ഇന്ത്യക്ക് അവകാശമില്ല. 1971-ൽ ശ്രീലങ്ക സ്വീകരിച്ച നിലാപാടിന് പിന്നിൽ ശക്തമായ സ്വാർത്ഥതാത്പര്യങ്ങൾ ഉണ്ടായിരുന്നു. ശ്രീലങ്കയ്‌ക്കുള്ള വലിയരീതിയിലുള്ള ഭീഷണി ഇന്ത്യയിൽ നിന്ന് വരുന്നതായി കണ്ടു. ശ്രീലങ്കയിലെ ന്യൂനപക്ഷങ്ങൾക്കുള്ള ഇന്ത്യയുടെ പിന്തുണയെയും ശ്രീലങ്കയുടെ പ്രാദേശിക അഖണ്ഡത ലംഘിക്കുന്നതിനെയും പിന്തുണയ്ക്കുന്ന ഒരു കീഴ്വഴക്കവും സൃഷ്ടിക്കാൻ കഴിയില്ലായിരുന്നു,” രോഹൻ സമരജീവി കൊളംബോ ടെലിഗ്രാഫിൽ വാദിച്ചു.
റഷ്യയെ ആശ്ലേഷിച്ച് പാകിസ്ഥാൻ
യുഎൻജിഎ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള പാകിസ്ഥാന്റെ തീരുമാനം അവർ ആ മേഖലയിൽ കാണുന്ന പുതിയ രാഷ്ട്രീയ സാധ്യതകളുടെ പ്രതിഫലനമായിരുന്നു. രണ്ട് പതിറ്റാണ്ട് നീണ്ട അഫ്ഗാൻ യുദ്ധത്തിൽ അമേരിക്കയുമായുള്ള പ്രശ്നങ്ങൾക്ക് മറുപടിയായാണ് കഴിഞ്ഞ ദശകത്തിൽ റഷ്യയുമായി പാകിസ്താൻ ബന്ധം സ്ഥാപിച്ചത്. ബൈഡൻ പ്രസിഡന്റായിരുന്ന കാലത്ത്, പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സേന പിൻവാങ്ങിയതിന് ശേഷം യുഎസ്-പാകിസ്ഥാൻ ബന്ധം തണുത്തു. അമേരിക്കൻ പ്രസിഡന്റും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഒരിക്കൽ പോലും സംസാരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാന്റെയും യുറേഷ്യയുടെയും ചുമതല ഏറ്റെടുക്കുന്ന ചൈനയുമായും റഷ്യയുമായും ഒരു പുതിയ ബന്ധം നിർമ്മിക്കാൻ പാകിസ്ഥാൻ ഉദ്ദേശിക്കുന്നു. എന്നാൽ ഇമ്രാൻ ഖാന്റെ തെറ്റായസമയത്തെ മോസ്കോ സന്ദർശനം ലോകത്തെ അമ്പരപ്പിച്ചു. യുക്രൈൻ അധിനിവേശത്തിന് ശേഷം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ കാണുന്ന ആദ്യത്തെ വിദേശ നേതാവായി അദ്ദേഹം മാറി. പല പാകിസ്ഥാൻ വിദഗ്‌ധരും ഇതിനെ “ദുരുപദേശം” എന്നാണ് വിളിച്ചത്. ഈ ആഴ്ച ആദ്യം, പാശ്ചാത്യ സഖ്യത്തെ പിന്തുണയ്ക്കാനും യുഎൻ ചാർട്ടറിന് വേണ്ടി നിലകൊള്ളാനും ആവശ്യപ്പെട്ടതിന് ഇസ്ലാമാബാദിലെ യൂറോപ്യൻ യൂണിയൻ അംബാസഡർമാരെ ഇമ്രാൻ ഖാൻ ഒഴിവാക്കി, എന്തുകൊണ്ടാണ് അവർ കാശ്മീർ പിടിച്ചടക്കുന്ന ഇന്ത്യയ്ക്കെതിരെ പറയാത്തതെന്ന് ചോദിച്ചു കൊണ്ടായിരുന്നു നടപടി.
ബംഗ്ലാദേശ്: 1971, 2021 ഓർമ്മകൾ
വിട്ടുനിൽക്കാൻ ബംഗ്ലാദേശിന് അതിന്റേതായ കാരണങ്ങളുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയാണ് ധാക്കയുടെ നിലപാടെന്ന് വിദേശകാര്യ മന്ത്രി എ കെ അബ്ദുൾ മൊമെൻ പറഞ്ഞു. “ചർച്ചകളിലൂടെ സമാധാനപരമായ ഒരു പ്രമേയത്തിന്റെ ആവശ്യകതയെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു. യുഎന്നിലും ഞങ്ങൾ ഇതേ കാര്യം പറഞ്ഞിട്ടുണ്ട്. ഞങ്ങൾക്ക് അഗാധമായ ആശങ്കയുണ്ടെന്ന് ഞങ്ങൾ പറഞ്ഞു. സമാധാനപരമായ ഒരു പരിഹാരം കൊണ്ടുവരാൻ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ മുൻകൈയെടുക്കണം,” യുഎൻജിഎയിലെ വോട്ടെടുപ്പിന് ശേഷം മോമെൻ ധാക്കയിൽ പറഞ്ഞു.
മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ച് ജിഹാദി ഗ്രൂപ്പുകൾക്കെതിരെ എലൈറ്റ് അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് ആക്ഷൻ ബറ്റാലിയനെ വിന്യസിക്കാൻ അനുമതി നൽകാനുള്ള ബൈഡൻ അഡ്മിനിസ്ട്രേഷന്റെ 2021 ഡിസംബറിലെ തീരുമാനത്തിലും, യുഎസും ഷെയ്ഖ് ഹസീന സർക്കാരും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്‌മയുടെ വെളിച്ചത്തിലും ബംഗ്ലാദേശിന്റെ വിട്ടുനിൽക്കലിനെ കാണാൻ കഴിയും.
മറുവശത്ത്, 1971ലെ യുദ്ധത്തിൽ മോസ്‌കോ ഇന്ത്യയെ സൈനികമായി സഹായിച്ചപ്പോൾ, അമേരിക്ക പാകിസ്ഥാന്റ പക്ഷം ചേർന്നത് ധാക്ക നന്ദിയോടെ ഓർക്കുന്നുണ്ട്. റഷ്യ ഇപ്പോൾ ധാക്കയിലെ ആദ്യത്തെ ആണവ നിലയം രൂപപൂരിൽ നിർമ്മിക്കുകയാണ്.
നേപ്പാൾ: റഷ്യക്കെതിരെ
റഷ്യയ്‌ക്കെതിരായ യുഎൻ ജനറൽ അസംബ്ലി പ്രമേയത്തിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധവും, യുഎസിൽ നിന്നുള്ള 500 മില്യൺ ഡോളർ വികസന ഗ്രാന്റ് സ്വീകരിക്കണോ എന്നതിനെക്കുറിച്ച് രാജ്യത്ത് നടക്കുന്ന ആഭ്യന്തര ചർച്ചകളും റഷ്യയ്‌ക്കെതിരായ നേപ്പാളിന്റെ അസന്ദിഗ്ദ്ധമായ നിലപാട് നേപ്പാളിന്റെ ഭൗമരാഷ്ട്രീയ ബുദ്ധിമുട്ടുകൾ പ്രതിഫലിപ്പിക്കുന്നതായി തോന്നുന്നു. 2020-ൽ ഇന്ത്യയുടെ പുതിയ ഭൂപടത്തിൽ കാഠ്മണ്ഡുവിനെ ചേർത്താണ് നേപ്പാളുമായുള്ള ബന്ധം വഷളാക്കി. ഇന്ത്യ തങ്ങളുടെ സ്ഥലം മാപ്പിൽ ഉൾപ്പെടുത്തിയതായി നേപ്പാൾ അവകാശപ്പെട്ടു.
ഏതൊരു പരമാധികാര രാജ്യത്തിന്റെയും പ്രാദേശിക അഖണ്ഡതയ്ക്കും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും എതിരായ ഏത് ഭീഷണിയെയും ബലപ്രയോഗത്തെയും തന്റെ രാജ്യം എതിർക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയിലെ നേപ്പാളിന്റെ സ്ഥിരം പ്രതിനിധി അമൃത് റായ് പറഞ്ഞു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വൈദ്യുതി ട്രാൻസ്മിഷൻ ലൈനുകൾക്കും റോഡ് നിർമ്മാണത്തിനുമായി 500 മില്യൺ യുഎസ് വികസന ഗ്രാന്റ് ഉൾപ്പെടെയുള്ള സ്വീകരിക്കുന്നതിനെതിരെ നടന്ന വലിയ ആഭ്യന്തര രാഷ്ട്രീയ സംഘർഷങ്ങളെ നേപ്പാൾ ഇപ്പോഴാണ് അതിജീവിച്ചത്. അമേരിക്കയിൽ നിന്ന് പണം സ്വീകരിക്കുന്നത് ഇന്തോ-പസഫിക്കിൽ ചൈനയ്‌ക്കെതിരായ അമേരിക്കയുടെ നീക്കത്തിൽ ചേരുന്നതിന് തുല്യമാകുമെന്ന് നേപ്പാളിലെ രാഷ്ട്രീയ വിദഗ്‌ധർ അഭിപ്രായപ്പെട്ടിരുന്നു.
പണം സ്വീകരിച്ചില്ലെങ്കിൽ നേപ്പാളുമായുള്ള ബന്ധം പുനഃപരിശോധിക്കേണ്ടി വരുമെന്ന് അമേരിക്ക അടുത്തിടെ ഭീഷണിമുഴക്കിയിരുന്നു. തുടർന്ന് ഗ്രാന്റിനുള്ള സമയപരിധി അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് നേപ്പാൾ പാർലമെന്റ് മുന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ അതിന് അനുമതി നൽകി. അമേരിക്ക നിർബന്ധിത തന്ത്രം ഉപയോഗിച്ചതാണെന്ന് ചൈന ആരോപിക്കുകയും. ഫണ്ട് ഒരു സമ്മാനമാണോ അതോ പണ്ടോറ ബോക്സണോയെന്ന് ചോദിക്കുകയും ചെയ്തു.
ഭൂട്ടാൻ, മാലിദ്വീപ്, അഫ്ഗാനിസ്ഥാൻ
സാദാരണഗതിയിൽ ഇന്ത്യയുടെ സാറ്റലൈറ്റ് ആയി കണക്കാക്കുന്ന, എന്നാൽ അടുത്തിടെയായി സ്വന്തം വിദേശനയം അവതരിപ്പിക്കുന്ന ഭൂട്ടാനും റഷ്യക്കെതിരെ വോട്ട്ചെയ്തിരുന്നു.
നേപ്പാളിനെ പോലെ രണ്ട് രാജ്യങ്ങൾക്കിടയിൽ കുടുങ്ങിയ കൊച്ചു ഭൂട്ടാന്റെ പ്രധാന ആശങ്ക ഒരു സംഘർഷത്തിൽ പെടുക എന്നതാണ്. ഭൂട്ടാൻ പ്രദേശത്തെക്കുറിച്ചുള്ള ചൈനയുടെ അവകാശവാദം കഴിഞ്ഞ ഒക്ടോബറിൽ മൂന്ന് ഘട്ട അതിർത്തി കരാർ ഒപ്പുവെക്കുന്നതിലേക്ക് നയിച്ചിരുന്നു, ഇത് ഭൂട്ടാൻ ചൈനയ്ക്ക് കീഴടങ്ങുന്നതിന്റെ ആദ്യ ഘട്ടമായാണ് ഇന്ത്യ കാണുന്നത്.
കഴിഞ്ഞ വർഷം യുഎസുമായി ഒരു പ്രതിരോധ കരാറിൽ ഒപ്പുവെച്ച മാലിദ്വീപ്, സോലിഹ് സർക്കാരിന്റെ കീഴിൽ, വിദേശ നയത്തിൽ മുൻ യമീൻ സർക്കാരിന്റെ ചൈന ചായ്‌വ് ഒഴിവാക്കുകയും റഷ്യയ്‌ക്കെതിരെ വോട്ട് ചെയ്യുകയും ചെയ്തു. അവരുടെ വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദ് യുഎൻ ജനറൽ അസംബ്ലിയുടെ പ്രസിഡന്റാണ്.
പുറത്താക്കപ്പെട്ട സർക്കാർ തന്നെ യുഎന്നിൽ തുടരുന്ന അഫ്ഗാനിസ്ഥാനും റഷ്യക്കെതിരെ വോട്ട് ചെയ്തു. അഫ്ഗാനിസ്ഥാന്റെ നിയമാനുസൃത ഗവൺമെന്റായി ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത താലിബാൻ ഭരണകൂടം, യുക്രൈൻ സംഘർഷത്തിൽ നിഷ്പക്ഷത പ്രഖ്യാപിച്ച് പ്രസ്താവന ഇറക്കിയിരുന്നു. റഷ്യയുടെ യുക്രൈൻ അധിനിവേശം ലോകത്തിന്റെ ശ്രദ്ധ അവരുടെ രാജ്യത്ത് നിന്ന് മാറ്റിയെന്ന ആശങ്ക അവിടത്തെ ജനതയ്ക്കുണ്ട്.
Also Read: സൈനിക സഹായം നല്‍കി അമേരിക്ക; യുദ്ധത്തില്‍ പോളണ്ടിന്റെ റോള്‍ എന്ത്?