/indian-express-malayalam/media/media_files/uploads/2020/01/Putin.jpg)
റഷ്യയുടെ രാഷ്ട്രീയത്തില്‍ സംഭവിച്ച വലിയൊരു മാറ്റത്തിലൂടെ മിഖായേല്‍ മിഷുസ്റ്റിന്‍ പ്രധാനമന്ത്രിയായി ബുധനാഴ്ച നിയമിക്കപ്പെട്ടിരിക്കുകയാണ്. തലേദിവസം വൈകുന്നേരം പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ രാജ്യത്തെ ഭരണഘടനയില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചിരുന്നു. ഇത്, 2024ല്‍ പ്രസിഡന്റ് പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കിയശേഷവും ഭരണം തുടരാന്‍ പുടിന്റെ സഹായിക്കും. പുടിന്‍ ഭരണഘടനാ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം മുന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വെദേവും മന്ത്രിസഭയും രാജിവച്ചു.
അറുപത്തിയേഴുകാരനായ പുടിന്‍ 20 വര്‍ഷത്തിലേറെയായി രാജ്യത്തെ നയിക്കുകയാണ്. സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിനുശേഷം ഏറ്റവും ദൈര്‍ഘ്യമേറിയ ഭരണകാലമാണു പുടിന്റേത്. 1999 മുതല്‍ പുടിന്‍ പ്രധാനമന്ത്രിയായോ പ്രസിഡന്റായോ പുടിന്‍ ഭരണം കയ്യാളുന്നു.
1999 ഓഗസ്റ്റ് ഒന്‍പതു മുതല്‍ 2000 മേയ് ഏഴു വരെ പ്രധാനമന്ത്രി, 2000 മേയ് ഏഴു മുതല്‍ 2008 മേയ് ഏഴു വരെ പ്രസിഡന്റ്, 2008 മേയ് ഏഴു മുതല്‍ 2012 മേയ് ഏഴുവരെ വീണ്ടും പ്രധാനമന്ത്രി, 2012 മേയ് ഏഴു മുതല്‍ പ്രസിഡന്റ്. 2018 മാര്‍ച്ചില്‍ ആറുവര്‍ഷത്തേക്ക് അദ്ദേഹം വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2024ല്‍ ഈ കാലയളവ് അവസാനിക്കും.
ഭരണഘടനയില്‍ പുടിന്‍ നിര്‍ദേശിച്ച ഭേദഗതി
പ്രസിഡന്റിന്റെ അധികാരം കുറച്ച് പാര്‍ലമെന്റിനു കൂടുതല്‍ അധികാരം നല്‍കുന്നതാണു പുടിന്‍ നിര്‍ദേശിച്ച ഭരണഘടനാ ഭേദഗതി. പ്രധാനമന്ത്രിമാരെയും മന്ത്രിസഭാ അംഗങ്ങളെയും നാമനിര്‍ദേശം ചെയ്യാന്‍ നിയമനിര്‍മാതാക്കളെ ഭേദഗതി അനുവദിക്കും. നിലവില്‍ ഇതു പ്രസിഡന്റിന്റെ അധികാരമാണ്. എന്നാല്‍, അവരെ പിരിച്ചുവിടാനുള്ള അവകാശവും ഉന്നത പ്രതിരോധ, സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള അധികാരവും പ്രസിഡന്റില്‍ തുടരും. മാറ്റങ്ങള്‍ക്കു പിന്തുണ തേടാന്‍ രാജ്യവ്യാപകമായി റഫറണ്ടം നടത്തുമെന്നു പുടിന്‍ വ്യക്തമാക്കിയിരിക്കുകയാണ്.
നിലവില്‍ പ്രസിഡന്റിന്റെ ഉപദേശക ചുമതല വഹിക്കുന്ന ഭരണകൂട കൗണ്‍സിലിനെ കൂടുതല്‍ ശക്തമാക്കാനും പുടിന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പുടിൻ കൂടുതൽ ശക്തനാകുമോ?
ഭരണഘടനാപരമായ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നശേഷം പുടിന്‍ വീണ്ടും പ്രധാനമന്ത്രിയുടെ കസേരയിലേക്കു മാറുമെന്നും തിരഞ്ഞെടുപ്പിലൂടെ തന്റെ ഭാവി അധികാരത്തില്‍ ഉറപ്പിക്കുമെന്നും തന്റെ ചില അധികാരങ്ങള്‍ നിയമനിര്‍മാതാക്കളുമായി പങ്കുവയ്ക്കുമെന്നുമാണു നിരീക്ഷകര്‍ കരുതുന്നത്.
പുടിന്റെ ഭരണം രാജ്യത്തിനു സ്ഥിരത നല്‍കുന്നുവെന്നു വിശ്വസിക്കുന്ന നിരവധി റഷ്യക്കാരില്‍ അദ്ദേഹം ജനപ്രിയനാണ്. പക്ഷേ വിമര്‍ശകരെയും മാധ്യമങ്ങളെയും നിശബ്ദമാക്കിയതിന് അദ്ദേഹം വിമര്‍ശിക്കപ്പെടുന്നുമുണ്ട്.
2024 ല്‍ പ്രധാനമന്ത്രിയാകാന്‍ പുടിന്‍ തീരുമാനിച്ചാല്‍ പ്രസിഡന്റ് പദവിയില്‍ മിഖായേല്‍ മിഷുസ്റ്റിന്‍ പിന്‍ഗാമിയാകാം. പുടിന്‍ മുമ്പ് അത്തരമൊരു നീക്കം നടത്തിയിട്ടുമുണ്ട്. 2008 ല്‍ പുടിന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോള്‍ ദിമിത്രി മെദ്‌വെദേവ് ആ സ്ഥാനത്തെത്തി. 2012 ല്‍ പുടിനുവേണ്ടി മെദ്‌വെദേവ് പദവിയൊഴിഞ്ഞു. തുടര്‍ന്ന് പുടിന്‍ പ്രസിഡന്റ് പദവിയിലെത്തുകയും മെദെവ്ദേവ് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. വ്യാഴാഴ്ച വരെ ഏതാണ്ട് എട്ടു വര്‍ഷത്തോളം മെദ്‌വെദേവ് പ്രധാനമന്ത്രി സ്ഥാനത്ത് തുടര്‍ന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.