രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ജന്മദിനത്തിൽ ജനങ്ങൾ ട്രെൻഡിങ്ങിൽ ഏറ്റവും പ്രതീക്ഷിക്കുന്ന പേര് അദ്ദേഹത്തെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയുടേതായിരിക്കും. ഇന്ത്യയിലെ ട്വിറ്റർ ഉപയോക്താക്കൾ രാഷ്ട്രപിതാവിന്റെ 151-ാം ജന്മവാർഷികത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച ഹാഷ്ടാഗുകളിൽ ഒന്ന് ഗോഡ്സെയുടേതായിരുന്നു. #नाथूराम_गोडसे_जिंदाबाद (നാഥുറാം ഗോഡ്സെ സിന്ദാബാദ്) എന്ന ഹാഷ്ടാഗാണ് ട്വിറ്ററിൽ ട്രെൻഡിങ്ങായത്.
വളരെയധികം ഉപയോക്താക്കൾക്ക് വിരുദ്ധാഭിപ്രായമാണെങ്കിലും ട്രെൻഡിങ്ങിൽ മുന്നിൽ നാഥുറാം ഗോഡ്സെ സിന്ദാബാദ് എന്ന ഹാഷ്ടാഗ് ഉണ്ടായിരുന്നു. ട്വിറ്ററിന് ഇന്ത്യയിൽ പ്രതിദിനം 17 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ളപ്പോൾ, ഇതുപോലുള്ള ഒരു ചിന്ത എങ്ങനെയാണ് ട്രെൻഡിങ്ങാകുന്നത്. അതിനായി നിങ്ങൾ ആദ്യം ട്വിറ്റർ ട്രെൻഡുകൾ അൽഗോരിതം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കേണ്ടതുണ്ട്.
ട്വിറ്റർ ട്രെൻഡ്‌സ് അൽഗോരിതം ഒന്നിലധികം ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല ഉപയോക്താക്കൾ ആരെയാണ് പിന്തുടരുന്നത്, അവരുടെ താൽപ്പര്യങ്ങൾ, സ്ഥാനം എന്നിവ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. എന്നാൽ ട്രെൻഡ് ടാബിൽ ഉപയോക്താവിന്റെ കസ്റ്റമൈസ്ഡ് അല്ലാത്ത ട്രെൻഡിങ്ങായിട്ടുള്ള സംഭവങ്ങളാണ് കാണാൻ സാധിക്കുന്നത്.
“ഈ അൽഗോരിതം നിലവിൽ സജീവമായി നിൽക്കുന്ന വിഷയങ്ങളെ തിരിച്ചറിഞ്ഞുള്ളതാണ്. ട്വിറ്ററിൽ ഏറ്റവുംകൂടുതൽ ചർച്ചയാകുന്ന വിഷയം കണ്ടെത്താൻ ഇത് സഹായിക്കുന്നു. ട്രെൻഡുകളുമായി ബന്ധപ്പെട്ട ട്വീറ്റുകളുടെ എണ്ണം ട്രെൻഡുകൾ റാങ്ക് ചെയ്യുമ്പോഴും നിർണയിക്കുമ്പോഴും അൽഗോരിതം നോക്കുന്ന ഘടകങ്ങളിൽ ഒന്ന് മാത്രമാണ്,” ട്വിറ്റർ വ്യക്തമാക്കുന്നു.
എന്നാൽ ഡേറ്റാ ശാസ്ത്രജ്ഞനായ ഗിലാദ് ലോട്ടനെപ്പോലുള്ള വിദഗ്‌ധർ ഈ അൽഗോരിതം ക്രമാനുഗതമായ വളർച്ചയേക്കാൾ പെട്ടന്നുള്ള കുതിപ്പിനെ കാണിക്കുന്നതാണെന്ന് അഭിപ്രായപ്പെടുന്നു. അതിനാൽ ഒരു ചെറിയ ഹാഷ്‌ടാഗ് ഉപയോഗിച്ച് ഒരു ചെറിയ ഇടത്തിനുള്ളിൽ ധാരാളം ട്വീറ്റുകൾ ഉണ്ടെങ്കിൽ, അത് ട്രെൻഡിങ്ങായി മാറും. മറ്റ് ട്രെൻഡുകൾക്ക് പ്രാധാന്യമില്ലാത്ത ഒരു സമയത്ത് ഈ പ്രവർത്തനം നടക്കുമ്പോൾ, ഹാഷ്‌ടാഗ് ഒരു മികച്ച ട്രെൻഡായി മാറാനുള്ള ഉയർന്ന സാധ്യതയുണ്ട്.
കിഹോൾ ഡോട്ട് കോയുടെ അനാലിസിസ് പ്രകാരം ഒക്ടോബർ രണ്ടിനു രാവിലെ അഞ്ചു മുതൽ (നാഥുറാം ഗോഡ്സെ സിന്ദാബാദ്) എന്ന ഹാഷ്ടാഗോടുകൂടിയ ട്വീറ്റുകൾ വലിയ രീതിയിൽ പ്രത്യക്ഷപ്പെട്ടു. മഹാത്മാഗാന്ധിയുമായും ഗാന്ധിജയന്തിയുമായും ബന്ധപ്പെട്ട ഹാഷ്ടാഗുകളോടുകൂടിയ ട്വീറ്റുകൾ എത്തുന്നതിന് ഒരു മണിക്കൂറോളം മുന്നെയായിരുന്നു ഇത്. ഇക്കാരണത്താലാണ് നാഥുറാം ഗോഡ്സെ സിന്ദാബ്ദും ട്വിറ്ററിൽ ട്രെൻഡിങ്ങായത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെയുള്ള കണക്ക് പ്രകാരം 80000 ട്വീറ്റുകളാണ് നാഥുറാം ഗോഡ്സെ സിന്ദാബ്ദ് എന്ന ഹാഷ്ടാഗോടുകൂടി ട്വീറ്റ് ചെയ്യപ്പെട്ടത്. ഇതിൽ ട്വിറ്റർ ട്രെൻഡിങ്ങിനെതിരായ പരാതികളും ഉൾപ്പെടുന്നു.