പെട്രോള്‍ വില വര്‍ധനവും കോവിഡ് വ്യാപനവും മൂലം പ്രതിസന്ധിയിലായത് സംസ്ഥാനത്തെ പൊതുഗതാഗത മേഖലയായിരുന്നു. പലരും ബസും ടാക്സിയുമൊക്കെ ഉപേക്ഷിച്ചു. ചിലര്‍ അത് മറ്റ് ഉപജീവന മാര്‍ഗത്തിനായി ഉപയോഗിച്ചു. രോഗവ്യാപനം കുറഞ്ഞതോടെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ബസ് ഉടമകള്‍ സര്‍ക്കാരിനെ സമീപിച്ചത്.
മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നും വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ തുക ആറ് രൂപയാക്കി വര്‍ധിപ്പിക്കണമെന്നുമായിരുന്നു ഉടമകളുടെ ആവശ്യം. പലതവണ ഗതാഗത മന്ത്രി ആന്റണി രാജുവുമായി ചര്‍ച്ച നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവില്‍ കഴിഞ്ഞ വാരം അനിശ്ചിതകാല പണിമുടക്കിലേക്ക് ഉടമകള്‍ കടന്നു. നാലാം ദിനത്തിലേക്ക് പണിമുടക്ക് എത്തിയതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അടിയന്തര ചര്‍ച്ച നടന്നതും ചാര്‍ജ് വര്‍ധിപ്പിക്കാമെന്ന ഉപാധിയിലേക്ക് എത്തിയതും.
തുടര്‍ന്ന് ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ ബസ് ചാര്‍ജ് വര്‍ധനയ്ക്ക് അംഗീകാരം ലഭിച്ചു. എന്നാല്‍ വിദ്യാര്‍ഥികളുടെ കണ്‍സെഷന്റെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്നാണ് എല്‍ഡിഎഫിന്റെ നിലപാട്. ഇതിനായി ഒരു കമ്മിഷനെ രൂപികരിച്ച് വിഷയം പരിശോധിച്ച് തീരുമാനത്തിലെത്തണമെന്നാണ് യോഗത്തിലെ നിര്‍ദേശം.
വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കൂട്ടാതെയുള്ള ബസ് ചാർജ് വർധനവ് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ ശുപാർശ വർഷങ്ങൾക്ക് മുമ്പ് നൽകിയതാണ്. ശേഷം പല തവണ ഇന്ധനവില കൂട്ടിയിട്ടുണ്ട്. പുതിയ തീരുമാനം ഉടന്‍ തന്നെ യോഗം ചേര്‍ന്ന് സ്വീകരിക്കും, ഉടമകള്‍ വ്യക്തമാക്കി.
ഓട്ടോ, ടാക്സി, ബസ് തുടങ്ങിയവയുടെ പുതുക്കിയ നിരക്കുകള്‍ പരിശോധിക്കാം
ബസ്
ബസിന് ഇതുവരെ മിനിമം ചാര്‍ജ് എട്ട് രൂപയായിരുന്നു. അതിന് ശേഷമുള്ള ഓരോ കിലോ മീറ്ററിനും 90 പൈസയും. പുതിയ നിരക്ക് അനുസരിച്ച് മിനിമം ചാര്‍ജ് 10 രൂപയായിരിക്കും. പിന്നീടുള്ള ഓരോ കിലോ മീറ്ററിനും ഒരു രൂപ വച്ചും ഈടാക്കാം.
ഓട്ടോ
ഓട്ടോ ടാക്സിയെ സംബന്ധിച്ച് മിനിമം ചാര്‍ജ് ഒന്നര കിലോ മീറ്ററിന് 25 രൂപയായിരുന്നു. അധികം വരുന്ന ഓരോ കിലോ മീറ്ററിനും 12 രൂപയാണ് ഈടാക്കിയിരുന്നത്. പുതിയ നിരക്ക് അനുസരിച്ച് മിനിമം ചാര്‍ജ് രണ്ട് കിലോ മീറ്റര്‍ വരെ 30 രൂപയാക്കി നിശ്ചയിച്ചിട്ടുണ്ട്. പിന്നീടുള്ള ഓരോ കിലോ മീറ്ററിനും 15 രൂപയും ഈടാക്കാവുന്നതാണ്.
ടാക്സി കാര്‍
ടാക്സി കാറുകളെ രണ്ടായി തരംതിരിച്ചാണ് നിരക്ക് വര്‍ധന. ഒന്ന്, 1,500 സിസിയില്‍ താഴെയുള്ള കാറുകള്‍. മറ്റൊന്ന് 1,500 സിസിയില്‍ മുകളിലുള്ള കാറുകള്‍.
1,500 സിസിയില്‍ താഴെയുള്ള കാറുകള്‍ക്ക് അഞ്ച് കിലോ മീറ്റര്‍ വരെ മിനിമം ചാര്‍ജ് 175 രൂപയാണ്. ഇത് 200 രൂപയാക്കി വര്‍ധിപ്പിക്കുന്നതാണ്. അധികം വരുന്ന കിലോ മീറ്ററുകള്‍ക്ക് 15 രൂപയാണ് നിലവില്‍, ഇത് 18 രൂപയാക്കി ഉയര്‍ത്തി.
1,500 സിസിയില്‍ മുകളിലുള്ള കാറുകള്‍ക്ക് മിനിമം ചാര്‍ജ് 200 രൂപയായിരുന്നു (അഞ്ച് കിലോ മീറ്റര്‍). ഇത് 225 രൂപയാക്കും. അധികം വരുന്ന ഓരോ കിലോ മീറ്ററിനും 17 രൂപയായിരുന്നു ഇതുവരെ ഈടാക്കിയിരുന്നത്. ഇത് 20 രൂപയാക്കിയും വര്‍ധിപ്പിച്ചു.
Also Read: ഇന്ത്യയിൽ ആരാണ് ‘ന്യൂനപക്ഷം’? കോടതികൾ പറഞ്ഞത് ഇതാണ്