ജോലി നഷ്ടപ്പെട്ട ഐടി മേഖലയിലെ ജീവനക്കാർക്ക് മറ്റൊരു ജോലി കണ്ടെത്തുന്നതിനായി എച്ച്-1ബി വിസയുടെ സമയപരിധിയായ 60 ദിവസത്തിനപ്പുറവും യുഎസിൽ തുടരാമെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യു എസ് സി ഐ എസ്) വൃക്തമാക്കിയിരുന്നു. നേരത്തെ, ജോലി നഷ്ടപ്പെട്ട എച്ച്-1ബി വിസയുള്ളവർക്ക് മറ്റൊരു ജോലി കണ്ടെത്താനോ പുതിയ തൊഴിലുടമയെ പ്രതിനിധീകരിച്ച് എച്ച്-1ബി അപേക്ഷ സമർപ്പിക്കാനോ അല്ലെങ്കിൽ രാജ്യം വിടാനോ 60 ദിവസത്തെ സമയ പരിധി മാത്രമേ ലഭിക്കയുള്ളൂ എന്നായിരുന്നു അനുമാനിച്ചിരുന്നത്.
എന്നാൽ ഇപ്പോൾ, അവർക്ക് അവരുടെ വിസ സ്റ്റാറ്റസ് എച്ച്-1ബിയിൽ നിന്ന് ബി1/ബി2 എന്നിവയിലേക്ക് മാറ്റി, മറ്റൊരു ജോലി കണ്ടെത്താനായി യുഎസിൽ തുടരാൻ കഴിയും. യുഎസിലായിരിക്കുമ്പോൾ വിസ സ്റ്റാറ്റസ് എച്ച്1ബിയിൽ നിന്ന് ബി1/ബി2 ലേക്ക് മാറ്റുന്നതെങ്ങനെ എന്നറിയാം.
എന്താണ് എച്ച് 1 ബി വിസ?
പ്രത്യേക വൈദഗ്ധ്യം ആവശ്യമായ തൊഴിലുകൾ ചെയ്യാൻ ഉയർന്ന വിദ്യാഭ്യാസവും നൈപുണ്യവും ഉള്ള വിദേശ പ്രൊഫഷണലുകളെ ജോലിയ്ക്ക് എടുക്കാൻ തൊഴിലുടമകളെ അനുവദിക്കുന്ന വിസയാണ് എച്ച് 1 ബി എന്ന താത്കാലിക (കുടിയേറ്റേതര) വിസ വിഭാഗം. മാത്തമാറ്റിക്സ്, എഞ്ചിനീയറിങ്, ടെക്നോളജി, മെഡിക്കൽ സയൻസസ് തുടങ്ങിയ മേഖലകളിലെ ഉദ്യോഗാർഥികൾ പലപ്പോഴും ഈ വിസയ്ക്ക് യോഗ്യരാണ്. എച്ച്-1ബി വിസയുടെ പ്രാരംഭ കാലാവധി മൂന്ന് വർഷമാണെങ്കിലും അത് നീട്ടാവുന്നതാണ്.
1990ൽ ഈ വിഭാഗം സൃഷ്ടിച്ചത് മുതൽ, ഓരോ വർഷവും ലഭ്യമാക്കുന്ന എച്ച് 1 ബി വിസകളുടെ എണ്ണം യുഎസ് കോൺഗ്രസ് പരിമിതപ്പെടുത്തിയിരുന്നു. നിലവിൽ ഒരു വർഷത്തെ നിയമപരമായ പരിധി 65,000 വിസകളാണ്, യുഎസിൽ നിന്ന് ബിരുദാനന്തര ബിരുദമോ ഡോക്ടറേറ്റോ നേടിയ വിദേശ പ്രൊഫഷണലുകൾക്ക് 20,000 അധിക വിസകളും അതിനൊപ്പം ഉണ്ട്.
എന്താണ് ബി1/ബി2 വിസ?
താത്‌കാലിക ആവശ്യങ്ങൾക്ക് അനുവദിക്കുന്ന നോൺ-ഇമിഗ്രന്റ് വിസകളാണ് ബി-1, ബി-2 വിസകൾ. ചെറിയ കാലയളവിലേക്ക് ബിസിനസ് ആവശ്യങ്ങൾക്ക് എത്തുന്നവർക്കുള്ളതാണ് ബി-1 വിസ. വിനോദസഞ്ചാരത്തിന് എത്തുന്നവർക്കുള്ളതാണ് ബി-2. പ്രായം, ആദ്യമായി അപേക്ഷിക്കുന്നതോ അതോ വിസ പുതുക്കുന്നവരോ എന്നിങ്ങനെ ചുരുക്കം കേസുകളിൽ ഒഴികെ പല അപേക്ഷകർക്കും വിസ ലഭിക്കാനായി അഭിമുഖത്തിൽ പങ്കെടുക്കേണ്ടി വരാറുണ്ട്. ബി1/ബി2 ഒന്നിലധികം എൻട്രികൾ അനുവദിക്കുകയും സാധാരണയായി 10 വർഷത്തേക്ക് നൽകുകയും ചെയ്യുന്നതാണ്. ഈ വിസയിൽ എത്തുന്ന ഒരാൾക്ക് ആറുമാസം വരെ താമസിക്കാം.
എന്നിരുന്നാലും, സന്ദർശക വിസയിലുള്ള (ബി1/ബി2) ഒരു വ്യക്തിക്ക് യുഎസിൽ തൊഴിൽ ചെയ്യാൻ അനുവാദമില്ല. തൊഴിൽ അന്വേഷിക്കുന്നതും അതിനായി അഭിമുഖത്തിൽ പങ്കെടുക്കുന്നതും ബി-1, ബി-2 സ്റ്റാറ്റസിൽ സാധ്യമാണ്. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനു മുൻപ്, ബി-1,ബി-2 എന്നതിൽനിന്നു തൊഴിൽ-അംഗീകൃത സ്റ്റാറ്റസിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ സർക്കാർ അംഗീകരിക്കുകയും പുതിയ സ്റ്റാറ്റസ് പ്രാബല്യത്തിൽ വരികയും വേണമെന്നും യു എസ് സി ഐ എസ് പറയുന്നു.
എച്ച് 1 ബിയിൽ നിന്ന് ബി1/ബി2ലേക്കും തിരിച്ചും മാറുന്നതെങ്ങനെ?
എച്ച് 1 ബി സ്റ്റാറ്റസിൽ ആയിരിക്കുമ്പോൾ ആർക്കെങ്കിലും ജോലി നഷ്‌ടപ്പെടുകയും യുഎസിൽ തുടരാൻ ആഗ്രഹിക്കുകയും ചെയ്‌താൽ, അവർക്ക് ബി1/ബി2 ലേക്ക് സ്റ്റാറ്റസ് മാറ്റുന്നതിനായി അപേക്ഷ നൽകി, അടുത്ത എച്ച് 1 ബി സ്‌പോൺസറെ അന്വേഷിക്കാനും കഴിയും. ബി 2 സ്റ്റാറ്റസ്-ചേഞ്ച് അപേക്ഷ ഫയൽ ചെയ്തതിന് ശേഷം അത് മാറ്റി കിട്ടുന്നതിന് നിരവധി മാസങ്ങൾ എടുത്തേക്കാം. ഈ സമയത്ത് അപേക്ഷ നൽകിയ വ്യക്തിക്ക് ജോലിയ്ക്കായുള്ള അഭിമുഖങ്ങളിൽ ഹാജരാകാനും മറ്റൊരു ജോലി കണ്ടെത്താനും കഴിയും. ബി-2 അപേക്ഷ അംഗീകരിക്കുന്നതിന് മുൻപ് തന്നെ അടുത്ത സ്പോൺസറെ കണ്ടെത്തിയാൽ, അവർക്ക് അപേക്ഷ പിൻവലിക്കാം.
എന്നിരുന്നാലും, ഒരു ബി1/ബി2 വിസയിൽ കഴിയുന്നയാൾ സാമ്പത്തികശേഷിയുടെ തെളിവുകൾ നൽകേണ്ടതുണ്ട്. അപേക്ഷകന് യുഎസിലെ താമസത്തിനുള്ള ചെലവുകൾ ഏറ്റെടുക്കാൻ കഴിയുമെന്നും അവരുടെ മാതൃരാജ്യവുമായുള്ള ബന്ധത്തിന്റെ തെളിവുകളും ഹാജരാകേണ്ടി വരും. യുഎസിലേക്ക് ബി1/ബി2 വിസയിൽ വന്നൊരാൾക്ക് ജോലി ലഭിച്ചാൽ അത് എച്ച് 1 ബിയിലേക്ക് മാറ്റാനായി യുഎസ്സിഐഎസിലൂടെ തന്നെ അപേക്ഷിക്കാം.