കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി (കെ‌എം‌ടി‌എ) നവംബർ ഒന്നിന് പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. കൊച്ചിയിലെ സംയോജിതവും തടസമില്ലാത്തതുമായ നഗര ഗതാഗത സംവിധാനത്തിന്റെ നടത്തിപ്പിനു വേണ്ടി അതോറിറ്റി പ്രവർത്തിക്കും.

കെ‌എം‌ടി‌എയുടെ ആവശ്യം എന്തായിരുന്നു?

കൊച്ചിയിലെ എല്ലാ പ്രധാന പൊതുഗതാഗത മാർഗങ്ങളും ഈ അതോറിറ്റിയുടെ പരിധിയിൽ ഉൾപ്പെടുത്താനാവും. സ്വകാര്യ ബസുകൾ, കെഎസ്ആർടിസി ബസുകൾ, മെട്രോ റെയിൽ, ടാക്സികൾ, ഓട്ടോറിക്ഷകൾ, ബോട്ടുകൾ അടക്കമുള്ള ജലയാനങ്ങൾ തുടങ്ങിയവയെല്ലാം. മുൻപെല്ലാം ഇവ തമ്മിൽ വേണ്ട രീതിയിലുള്ള ഏകോപനമുണ്ടായിരുന്നില്ല. ഇവ തമ്മിൽ ഏകോപനവും ബന്ധവും ഇല്ലാതിരുന്നത് നഗര ഗതാഗത്തിന്റെ കാര്യക്ഷമതയെ ബാധിച്ചതായി പരാതി ഉയർന്നിരുന്നു.

Read More: നഗരയാത്ര ഇനി എളുപ്പമാവും; മെട്രോപ്പൊളിറ്റീൻ ട്രാൻസ്പോർട്ട് അതോറിറ്റിക്ക് തുടക്കം

2017ൽ, കൊച്ചിയിൽ മെട്രോ റെയിലിന്റെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്തതോടെ, ഒരൊറ്റ ‘കമാൻഡ് ആൻഡ് കൺട്രോൾ’ സെൻട്രൽ വഴി ഒന്നിലധികം ഗതാഗത മാർഗങ്ങൾ കാര്യക്ഷമമായി വിനിയോഗിക്കാൻ കഴിയുന്ന ഗതാഗത അതോറിറ്റിക്ക് വേണ്ടിയുള്ള ചർച്ച ശക്തമായി. കൊച്ചിയിൽ മെട്രോ റെയിൽ പൊലുള്ള റാപിഡ് ട്രാൻസിറ്റ് റെയിൽ സംവിധാനത്തിന് അംഗീകാരം നൽകുന്നതിന് കേന്ദ്രം 2013 ൽ നിശ്ചയിച്ച വ്യവസ്ഥ, എല്ലാ പൊതുഗതാഗത മാർഗങ്ങളും സമന്വയിപ്പിക്കുന്നതും യാത്രക്കാരുടെ സൗകര്യാർത്ഥവുമുള്ള പൊതു ടിക്കറ്റിങ് സംവിധാനം ഏർപ്പെടുത്തുക എന്നതായിരുന്നു. നാഷനൽ അർബൻ മൊബിലിറ്റി പോളിസിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആവശ്യം കേന്ദ്രം അന്ന് ഉന്നയിച്ചത്.

മെട്രോ റെയിൽ സർവീസ് നടത്തുന്ന കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ഗതാഗത അതോറിറ്റിക്കായി കമ്മിറ്റി രൂപീകരിക്കുന്നതിലും നഗരത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന ബിൽ തയാറാക്കാൻ സഹായിക്കുന്നതിലും മുൻകൈയെടുത്തു. 2019 നവംബറിൽ സംസ്ഥാന നിയമസഭ കേരള മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി (കെഎംടിഎ) ബിൽ പാസാക്കി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റികൾക്ക് രൂപം നൽകാനുള്ള വഴി തുറക്കുകയും ചെയ്തു.

കെ‌എം‌ടി‌എ ഒരു സർക്കാർ സ്ഥാപനമാണോ? ആരാണ് അതിലെ അംഗങ്ങൾ?

നഗരത്തിലെ പൊതുഗതാഗത മാർഗങ്ങളുടെ പ്രവർത്തനം, പരിപാലനം, വികസനം, മേൽനോട്ടം എന്നിവയുടെമേൽ ഉത്തരവാദിത്തമുള്ള സ്വതന്ത്ര സ്ഥാപനമായിരിക്കും കെ‌എം‌ടി‌എ. ഗതാഗത മന്ത്രി അതോറിറ്റിയുടെ അധ്യ ക്ഷനാകും. ജില്ലാ കലക്ടർ, സിറ്റി പൊലീസ് കമ്മിഷണർ, തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാർ, മേയർ, എം‌എൽ‌എമാർ, കെഎസ്ആർടിസി പ്രതിനിധികൾ എന്നിവരുൾപ്പെടെ പരമാവധി 15 അംഗങ്ങളുണ്ടാകാം.

കെ‌എം‌ടി‌എയ്ക്കു കീഴിൽ എന്ത് പ്രതീക്ഷിക്കാം?

കെഎസ്ആർടിസി ബസ്സുകൾ, സ്വകാര്യ ബസ്സുകൾ, ഓട്ടോറിക്ഷകൾ, മെട്രോ റെയിൽ, ബോട്ടുകൾ എന്നിവയ്ക്കായി റീചാർജ് ചെയ്യാവുന്ന സ്മാർട്ട് കാർഡ് വഴിയുള്ള ഒരൊറ്റ ടിക്കറ്റിങ് സംവിധാനം ഏർപ്പെടുത്താമെന്നത് പ്രധാന നേട്ടമാണ്. ഇതിനകം തന്നെ മെട്രോ റെയിലിനായി ഉപയോഗിക്കുന്ന കൊച്ചി 1 സ്മാർട്ട് കാർഡ് ഒരു വിഭാഗം സ്വകാര്യ ബസുകളിലും ഉപയോഗിക്കുന്നു. ബസുകളുടെ റൂട്ട് ഫലപ്രദമാക്കി നിർണയിക്കാൻ ഈ സംവിധാനം സഹായകമാവും. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ സർവീസ് ഉറപ്പാക്കുന്നതിനുവേണ്ടി.

Read More: കൂടുതൽ സ്‌മാർട്ടായി കൊച്ചി; നഗരത്തിൽ ഇനി ഓട്ടോമാറ്റിക് ട്രാഫിക് സംവിധാനം

വ്യത്യസ്ത ഗതാഗത മാർഗങ്ങൾക്കിടയിൽ തടസമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിന്  പൊതു ടൈംടേബിൾ ലഭ്യമാക്കാനാവും. അടുത്ത വർഷം ‘വാട്ടർ മെട്രോ’ സർവീസിന്റെ ഉദ്ഘാടനത്തോടെ, എ സി, നോൺ എ സി ജലയാനങ്ങൾ കൊച്ചിയിലെ ദ്വീപുകളിലേക്കുള്ള ഗതാഗത സൗകര്യം വർധിപ്പിക്കും.  അപ്പോൾ ഏകീകൃത ടൈം ടേബിളിന് പ്രസക്തിയേറും.

ബസ്സുകളിലും ബസ് സ്റ്റോപ്പുകളിലും പൊതു വിവര സംവിധാനങ്ങൾ സ്ഥാപിക്കും. നഗരത്തിലെ ഭൂരിഭാഗം സ്വകാര്യ ബസ്സുകളിലും ഇതിനകം ജിപിഎസ് ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്. വിശാല കൊച്ചി പ്രദേശത്ത് പാർക്കിങ് നയം അവതരിപ്പിക്കാനും പാർക്കിങ് കേന്ദ്രങ്ങൾക്കുള്ള ഓപ്പറേറ്റർമാർക്ക് ലൈസൻസ് നൽകാനും ലക്ഷ്യമുണ്ട്.

നഗരത്തിലെ ബസ് സ്റ്റാൻഡുകളിലും ഫെറി ടെർമിനലുകളിലും സൗകര്യങ്ങൾ ഏർപ്പെടുത്താനും ശുചിത്വം ഉറപ്പാക്കാനുമുള്ള അധികാരം കെ‌എം‌ടി‌എയ്ക്ക് ഉണ്ടായിരിക്കും. മാത്രമല്ല, മുഴുവൻ സംവിധാനത്തിന്റെയും മേൽനോട്ടത്തിനായി ഒരൊറ്റ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററും ഉണ്ടാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook