ഇന്ത്യയില്‍ പെട്രൊളിന്റേയും ഡീസലിന്റേയും വില ആഗോള അസംസ്‌കൃത എണ്ണ വിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. വാഹന ഇന്ധനങ്ങളുടേയും വിമാന ഇന്ധനത്തിന്റേയും വില തീരുമാനിക്കുന്നതില്‍ യാതൊരു നിയന്ത്രണവുമില്ലെന്നുമാണ് കരുതുന്നത്. അതനുസരിച്ച്, അസംസ്‌കൃത എണ്ണ വില കുറയുകയാണെങ്കില്‍ പെട്രോളിന്റേയും ഡീസലിന്റേയും വിമാന ഇന്ധനത്തിന്റേയും വില കുറയണം. വില കൂടിയാല്‍ തിരിച്ചും സംഭവിക്കും. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞുവരികയാണ്.
എന്നാലത് സംഭവിക്കുന്നുണ്ടോ?
ഇല്ല. കഴിഞ്ഞ ആറ് ദിവസമായി ഇന്ധന വില വര്‍ദ്ധിക്കുകയാണ്. 82 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് എണ്ണക്കമ്പനികള്‍ ഞായറാഴ്ച മുതല്‍ വില പുതുക്കി നിശ്ചയിക്കുന്നത് പുനരാംഭിച്ചത്. ആറ് ദിവസം കൊണ്ട് പെട്രൊളിന് 3.31 രൂപയും ഡീസലിന് 3.42 രൂപയും ലിറ്ററിന് വര്‍ദ്ധിച്ചു. ബ്രന്റ്, യുഎസ് ക്രൂഡ് ഇന്‍ഡെക്‌സുകള്‍ 10 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയപ്പോഴാണ് ഇന്ത്യയില്‍ വില വര്‍ദ്ധനവ്.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
ഒരു പ്രധാന കാരണം, ഇന്ത്യയില്‍ എണ്ണ വില നിയന്ത്രണമെന്നത് ഒരു ഭാഗത്തേക്ക് മാത്രം യാത്ര അനുവദിക്കുന്ന പാതയാണ്. ആഗോള എണ്ണ വില വര്‍ദ്ധിക്കുമ്പോള്‍ അത് കൃത്യമായി ഉപഭോക്താക്കളുടെ ചുമലിലേക്ക് വയ്ക്കും. ഉപഭോക്താവ് വാങ്ങുന്ന ഓരോ ലിറ്റര്‍ ഇന്ധനത്തിനും അവന്‍ വലിയ വില കൊടുക്കേണ്ടി വരും. അതേസമയം, വില കുറയുമ്പോഴാകാട്ടെ സര്‍ക്കാര്‍ പുതിയ നികുതിയും മറ്റും ചുമത്തി സ്വന്തം വരുമാനം വര്‍ദ്ധിപ്പിക്കും. അത് മൂലം വില കൂടിയിരുന്നപ്പോള്‍ നല്‍കിയിരുന്ന പണം തന്നെ ഉപഭോക്താവ് തുടര്‍ന്നും നല്‍കാന്‍ നിര്‍ബന്ധിതരാകും. വില നിയന്ത്രണത്തിലെ കയറ്റിറക്കങ്ങളില്‍ നേട്ടം കൊയ്യുന്നത് സര്‍ക്കാര്‍ മാത്രം. ഉപഭോക്താവിനൊപ്പം എണ്ണ വിതരണ കമ്പനികള്‍ക്കും നഷ്ടവും.
Read Also: ടെർമിനൽ മാനേജർക്ക് കോവിഡ്; കോഴിക്കോട് വിമാനത്താവളം അടച്ചിടേണ്ടിവരുമെന്ന് ആശങ്ക
വില നിയന്ത്രണം ഒഴിവാക്കിയത് എണ്ണ വിതരണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍, എച്ച് പി സി എല്‍, ബി പി സി എല്‍ എന്നിവര്‍ക്ക് തങ്ങളുടെ ചെലവിനും ലാഭത്തിനും അടിസ്ഥാനത്തപ്പെടുത്തി പെട്രോളിനും ഡീസലിനും വില നിശ്ചയിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നു. അവര്‍ക്ക് എണ്ണ വില്‍ക്കുന്ന ഒഎന്‍ജിസി, ഓയില്‍ ഇന്ത്യ എന്നീ കമ്പനികള്‍ക്ക് ആഗോള വിപണിയിലെ വിലയ്ക്കനുസരിച്ചാണ് അസംസ്‌കൃത എണ്ണ ലഭിക്കുന്നത്.
എണ്ണ വിലയിലെ നിയന്ത്രണം ഘട്ടം ഘട്ടമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കിയത്. 2002-ല്‍ വിമാന ഇന്ധനത്തിന്റേയും പെട്രോളിന്റേത് 2010-ലും ഡീസലിന്റേത് 2014 ഒക്ടോബറിലും ഒഴിവാക്കി.
അതിനുമുമ്പ് എണ്ണ വിതരണ കമ്പനികള്‍ വില്‍ക്കുന്ന പെട്രോളിന്റേയും ഡീസലിന്റേയും വില നിശ്ചയിക്കുന്നതില്‍ കേന്ദ്രത്തിന് നേരിട്ട് ഇടപെടാമായിരുന്നു. ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജിയുടേയും മണ്ണെണ്ണയുടേയും വില ഇപ്പോഴും നിശ്ചയിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്.
എന്തുകൊണ്ടാണ് ഉപഭോക്താവിന് നേട്ടം ലഭിക്കാത്തത്?
കോവിഡ് മഹാമാരി മൂലം ഉപഭോഗത്തില്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് ഫെബ്രുവരിയിലെ ബാരലിന് 55 ഡോളര്‍ എന്ന വില മാര്‍ച്ച് തുടക്കത്തില്‍ 35 ഡോളറും അവസാനം 20 ഡോളറുമായി ഇടിഞ്ഞിരുന്നു. അതിനുശേഷം ഇപ്പോള്‍ 37 ഡോളറായി വര്‍ദ്ധിച്ചു.
മറുവശത്ത് ഇന്ത്യയില്‍ ഇന്ധന വില തുടര്‍ച്ചയായി 82 ദിവസം മാറാതെ നിന്നു. രണ്ട് തവണ കേന്ദ്ര സര്‍ക്കാര്‍ എക്‌സ്സൈസ് നികുതി കൂട്ടിയിട്ടും വിലയില്‍ മാറ്റമുണ്ടായില്ല. സര്‍ക്കാര്‍ വാദിക്കുന്നത് വില കൂടിയതിന്റെ ആഘാതം ഉപഭോക്താക്കള്‍ക്കുണ്ടായില്ലെന്നാണ്. മറുവശത്ത്, അസംസ്‌കൃത എണ്ണയുടെ വില റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തിയിട്ടും അതിന്റെ ഗുണം ഉപഭോക്താവിന് ലഭിച്ചിരുന്നില്ല. കേന്ദ്രത്തെ കൂടാതെ, ഈ കാലയളവില്‍ ഏതാനും സംസ്ഥാനങ്ങളും നികുതി വര്‍ദ്ധിപ്പിച്ചിരുന്നു.
Read Also: 23 ദിവസത്തിനിടെ ഒരു എംപി എടുത്തത് 63 റെയില്‍വേ ടിക്കറ്റുകള്‍, ഖജനാവിന് ചെലവ് 1.69 ലക്ഷം രൂപ
സാമ്പത്തിക സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് നികുതി വര്‍ദ്ധിപ്പിച്ചതെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പറയുന്നു. വിലയില്‍ മാറ്റമുണ്ടായില്ലെന്നും അവര്‍ പറയുന്നു. പകരം സംഭവിച്ചത് ഇതാണ്. ആഗോള വിപണിയില്‍ വില കുറഞ്ഞു കൊണ്ടിരുന്നത് മൂലമുണ്ടായ ലാഭത്തില്‍ നിന്നും എണ്ണ കമ്പനികള്‍ ഈ നികുതി വര്‍ദ്ധനവ് ക്രമീകരിച്ചിരുന്നു. എന്നാലിപ്പോള്‍, രാജ്യത്തെ പെട്രോളിനും ഡീസലിനും ക്രമമായി വില വര്‍ദ്ധിപ്പിക്കുന്നു.
ഇന്ത്യയില്‍ ഇന്ധനങ്ങളുടെ മേലുള്ള നികുതി കൂടുതലാണോ?
മാര്‍ച്ച് ആദ്യ വാരം നികുതി കുത്തനെ ഉയര്‍ത്തിയ കേന്ദ്രം മെയ് അഞ്ചിന് ഡീസലിന്റെ എക്‌സ്സൈസ് നികുതി ലിറ്ററിന് 13 രൂപയും പെട്രോളിന് ലിറ്ററിന് 10 രൂപയും വര്‍ദ്ധിപ്പിച്ചു. ഈ നീക്കം ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന രാജ്യമെന്ന പദവി ഇന്ത്യയില്‍ ഉറപ്പിച്ചു നിര്‍ത്തി.
2020 ഫെബ്രുവരിയില്‍ എക്‌സ്സൈസ് നികുതി വര്‍ദ്ധിപ്പിക്കുംമുമ്പ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പെട്രോളിന് 107 ശതമാനവും ഡീസലിന് 69 ശതമാനവും നികുതി (എക്‌സ്സൈസ് നികുതിയും വാറ്റും) ഈടാക്കുന്നുണ്ടായിരുന്നു.
അതിനുശേഷം മാര്‍ച്ച് മാസത്തില്‍ സര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിച്ചപ്പോള്‍ ഇത് 134 ശതമാനവും 88 ശതമാനവുമായും ഉയര്‍ന്നു. മെയ് മാസത്തിലെ എക്‌സ്സൈസ് നികുതി വര്‍ദ്ധനവ് പ്രകാരം നികുതി പെട്രോളിന്റെ അടിസ്ഥാന വിലയുടെ 260 ശതമാനവും ഡീസലിന്റേത് 256 ശതമാനമായും ഉയര്‍ന്നു.
ജര്‍മ്മനിയിലും ഇറ്റലിയിലും പമ്പിലെ വിലയുടെ 65 ശതമാനമാണ് നികുതി ഈടാക്കുന്നത്. യുകെയില്‍ 62 ശതമാനവും ജപ്പാനില്‍ 45 ശതമാനവും യുഎസില്‍ 20 ശതമാനവും ആണ് നികുതി.
ഇപ്പോള്‍ രാജ്യങ്ങള്‍ സാധാരണ നില കൈവരിച്ചു തുടങ്ങിയപ്പോള്‍ എണ്ണ വില ഏപ്രില്‍ മുതല്‍ വര്‍ദ്ധിക്കുന്നുണ്ട്. അതിനാല്‍ എണ്ണ വിതരണ കമ്പനികള്‍ വില വര്‍ദ്ധനവിന്റെ കയ്പ്പ് നേരെ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നു. ഓരോ തവണ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിയുമ്പോഴും സര്‍ക്കാര്‍ ഖജനാവ് നിറയ്ക്കാന്‍ ആ അവസരം ഉപയോഗിക്കും. ആ സമയത്ത് പമ്പിലെ ഇന്ധന വില മാറുകയുമില്ല.
എണ്ണ വിതരണ കമ്പനികള്‍ക്ക് നേട്ടമുണ്ടോ?
ഉപഭോക്താവിന്റെ ചെലവില്‍ നേട്ടമുണ്ടാക്കുന്നത് സര്‍ക്കാര്‍ മാത്രമാണ്. സര്‍ക്കാരെന്ന് പറയുമ്പോള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍. എണ്ണ വിലയില്‍ കുത്തനെയുള്ള ഇടിവുണ്ടാകുമ്പോള്‍ നഷ്ടമുണ്ടാകുന്നത് എണ്ണ വിതരണ കമ്പനികള്‍ കൂടെയാണ്. ഉയര്‍ന്ന വിലയ്ക്ക് പെട്രോള്‍ വാങ്ങുന്ന കമ്പനികള്‍ക്ക് അത് റിഫൈനറിയില്‍ എത്തിച്ച് ഡീസലും പെട്രോളും ഉല്‍പാദിപ്പിക്കുമ്പോഴേക്കും ആഗോള വിലയില്‍ ഇടിവ് വന്നിരിക്കും. വാങ്ങുന്ന എണ്ണ 20-50 ദിവസം വരെയാണ് കമ്പനികള്‍ സൂക്ഷിക്കേണ്ടി വരുന്നത്.
Read Also: കെെയിൽ ചുംബിച്ചാൽ കോവിഡ് മാറുമെന്ന് അവകാശവാദം; ‘ആൾദെെവം’ കോവിഡ് ബാധിച്ച് മരിച്ചു
ജനുവരി-മാര്‍ച്ച് പാദത്തില്‍ എണ്ണ വിലയില്‍ 70 ശതമാനം ഇടിവുണ്ടായതിനെ തുടര്‍ന്ന് എണ്ണ റിഫൈനറികള്‍ക്കുണ്ടായ ഇന്‍വെന്ററി നഷ്ടം 25,000 കോടി രൂപയിലധികം വരും. കൂടാതെ, ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ അവരുടെ എണ്ണ സംസ്‌കരണത്തിലെ ലാഭത്തിലും ഇടിവും സംഭവിക്കും. എണ്ണയുടെ ആവശ്യകതയില്‍ കുറവ് വന്നതാണ് കാരണം.
മറ്റു ഇന്ധനങ്ങളെ ബാധിക്കുമോ?
ഫെബ്രുവരിക്കുശേഷം ഏഴ് തവണ തുടര്‍ച്ചയായി വ്യോമയാന ഇന്ധനത്തിന്റെ വില കുറച്ചു. കോവിഡ്-19 മഹാമാരിയെ തുടര്‍ന്ന് വ്യോമയാന കമ്പനികള്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചിരുന്നു. ഫെബ്രുവരിയില്‍ ഒരു കിലോലിറ്റര്‍ ജെറ്റ് ഇന്ധനത്തിന്റെ വില 64,323.76 രൂപയായിരുന്നു.
മാര്‍ച്ച് 25-നും മെയ് 25-നും ഇടയില്‍ വിമാനങ്ങള്‍ പറക്കാതിരുന്നതിനെ തുടര്‍ന്ന് എണ്ണ കമ്പനികള്‍ വിലക്കുറച്ചു കൊണ്ടിരുന്നു. എന്നാല്‍, മെയ് 25-ന് കേന്ദ്ര സര്‍ക്കാര്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയ ശേഷം വ്യോമയാന ഇന്ധനത്തിന്റെ വിലയില്‍ 56 ശതമാനം വര്‍ദ്ധനവ് വരുത്തി. അതിനാല്‍ വിലക്കുറവിന്റെ നേട്ടം വ്യോമയാന കമ്പനികള്‍ക്ക് ലഭിച്ചതുമില്ല.
Read in English: Explained: How fuel price decontrol works — or why consumers always lose out