ന്യൂഡൽഹി: ലോകത്താകമാനം കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് മാസ്ക്കുകളുടെ ഉപയോഗവും വലിയ രീതിയിൽ വർധിക്കുന്നത്. നേരത്തെ കേന്ദ്ര ആരോഗ്യ വകുപ്പ് വീട്ടിൽ തന്നെ നിർമ്മിച്ച മാസ്ക്കുകൾ പുറത്തേക്ക് ഇറങ്ങുമ്പോൾ ഉപയോഗിക്കാൻ നിർദേശിച്ചിരുന്നു. വൈറസ് ബാധയുണ്ടാകാതിരിക്കാൻ സമൂഹത്തിന് ഇത് സഹായകമാകുമെന്ന് നിർദേശമാണ് ആരോഗ്യമന്ത്രാലയം നൽകിയത്. അതേസമയം ചില സംസ്ഥാനങ്ങളും ഡൽഹി, മുംബൈ പോലുള്ള നഗരങ്ങളും പൊതു സ്ഥലങ്ങളിൽ മാസ്ക്ക് നിർബന്ധമാക്കിയിട്ടുണ്ട്.

ആദ്യം കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യുകയും ഏറ്റവും കൂടുതൽ ആളുകൾ മരിക്കുകയും ചെയ്ത നഗരങ്ങളിൽ ഒന്നായ വുഹാനിൽ ലോക്ക്ഡൗൺ പിൻവലിച്ചെങ്കിലും ലോകത്തിന്റെ പല ഭാഗത്തും കൊറോണ വൈറസ് ഇപ്പോഴും ജീവന് വലിയ ഭീഷണി തന്നെയാണ് ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ മാസ്ക്കുകളുടെ ഉപയോഗം രാജ്യാന്തര തലത്തിൽ തന്നെ നിർബന്ധമാക്കിയേക്കും. അതിന് കാരണം അണുബാധയിൽ നിന്ന് മനുഷ്യരെ സംരക്ഷിക്കാൻ മാസ്ക്കിനുള്ള കഴിവിൽ സംശയമില്ല എന്നതാണ്.

Also Read: Explained: എങ്ങനെ കൊറോണ വൈറസ് ശ്വാസകോശത്തിൽ പ്രവേശിക്കുകയും ശ്വസനത്തെ ബാധിക്കുകയും ചെയ്യുന്നു

ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദേശങ്ങളിലും മാസ്ക്കിന്റെ പ്രാധാന്യത്തെക്കുറിച്ച് വളരെ വ്യക്തമായി പറയുന്നു. കോവിഡ്-19 വൈറസ് പകരുന്നത് സമ്പർക്കത്തിലൂടെയാണ്. മാത്രമല്ല, രോഗലക്ഷണങ്ങളൊന്നും കാണിക്കാത്തവർ, രോഗബാധിതരാകുന്നതിനും രോഗലക്ഷണങ്ങൾ കാണിക്കുന്നതിനും ഇടയിലുള്ള കാലഘട്ടത്തിൽ മറ്റുള്ളവർക്ക് അണുബാധ കൈമാറാനും സാധിക്കും. ഈ സാഹചര്യത്തിൽ വൈറസ് ബാധ വ്യാപനം തടയുന്നതിനുള്ള മികച്ച മാർഗ്ഗമാണ് മാസ്ക്ക്.

അതേസമയം മാസ്ക് ഉപയോഗം കൊണ്ട് മാത്രം വൈറസ് വ്യാപനം പൂർണമായും തടയാനാകില്ല. ഇതിന് സാമൂഹിക അകലം ഉൾപ്പടെ മറ്റ് മുൻകരുതലുകളും സ്വീകരിക്കേണ്ടതുണ്ട്. മാസ്ക്ക് ഉപയോഗിക്കുമ്പോൾ പരന്നതും പ്ലീറ്റുകളുള്ളതുമായ തലയ്ക്ക് പിന്നിൽ സ്ട്രാപ്പുകൾ കെട്ടാവുന്നതുമായത് ആയിരിക്കണം.

Also Read: വീട്ടിൽ മടങ്ങിയെത്തുമ്പോഴെല്ലാം വസ്ത്രങ്ങൾ കഴുകണോ?

നിലവിലെ പ്രത്യേക സാഹചര്യത്തിൽ മെഡിക്കൽ മാസ്ക്കുകൾ ആരോഗ്യപ്രവർത്തകർക്കും രോഗികൾക്കുമായി മാറ്റിവയ്ക്കണമെന്നാണ് വിദഗ്ധ അഭിപ്രായം. ഇത് ലോകാരോഗ്യ സംഘടനയും കേന്ദ്ര-സംസ്ഥാന സർക്കാരുകളും നമ്മോട് ആവശ്യപ്പെടുന്നു. മറ്റുള്ളവർ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ മൂക്കും വായയും വളഞ്ഞ കൈമുട്ട് അല്ലെങ്കിൽ പേപ്പർ ടിഷ്യു ഉപയോഗിച്ച് മൂടണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

അതേസമയം ഇന്ത്യയിൽ കോവിഡ്-19 ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 206 ആയി ഉയർന്നു. ഇന്നലെ രാജ്യത്ത് 33 കോവിഡ് ബാധിതരാണ് മരിച്ചത്. 896 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു.ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 6761 ആയി ഉയർന്നു. ഡൽഹിയിൽ മാത്രം ഇന്ന് 183 പേർക്ക് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 903 ആയി ഉയർന്നു. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ. 1308 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook