/indian-express-malayalam/media/media_files/8dckolveuHUWMipPlhDW.jpg)
ഈ മാസം ആദ്യം, ജമ്മു കശ്മീരിലെ ഒരു തടവുകാരന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ജിപിഎസ്) നിരീക്ഷണ (ട്രാക്കിങ്) ഉപകരണം ഉപയോഗിച്ച് ടാഗ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. രാജ്യത്ത് ആദ്യമായാണ് ജിപിഎസ് ട്രാക്കർ ഇത്തരത്തിൽ ഉപയോഗപ്പെടുത്തുന്നത്.
യുഎപിഎ പ്രകാരമുള്ള കേസിൽ അറസ്റ്റ് ചെയ്ത് ജയിലിലായിരുന്ന ഗുലാം മുഹമ്മദ് ഭട്ടിനെ ജാമ്യം നൽകുന്നതിനുള്ള വ്യവസ്ഥയിലാണ് ജി പി എസ് ട്രാക്കർ ഉപയോഗിക്കാൻ ജമ്മുവിലെ പ്രത്യേക എൻ ഐ എ കോടതി അനുമതി നൽകിയത്. ഗുലാം മുഹമ്മദ് ഭട്ടിന്റെ കാലിൽ ജി പി എസ് ട്രാക്കർ ഉപയോഗിച്ചുള്ള തളയിട്ടാണ് പൊലീസ് ഇത് ചെയ്തത്. ഭട്ടിനെ നിരീക്ഷിക്കാൻ ജി പി എസ് ട്രാക്കർ ഘടിപ്പിക്കണം എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ഇതിന് പൊലീസിന് നിർദ്ദേശം നൽകിയത്.
അന്തരിച്ച ഹുറിയത്ത് ചെയർമാൻ സയ്യിദ് അലി ഗീലാനിയുടെ സഹപ്രവർത്തകനായ ഭട്ടിനെ 2011-ൽ ഡൽഹി പൊലീസിന്റെയും ശ്രീനഗർ പൊലീസിന്റെയും സംയുക്ത സംഘം ശ്രീനഗറിലെ അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. 21 ലക്ഷം രൂപയും രണ്ട് സെൽഫോണുകളും ചില ഫോൺ നമ്പറുകളടങ്ങിയ ഒരു പേപ്പറും കണ്ടെടുത്തതായി പൊലീസ് അവകാശപ്പെട്ടു, വിഘടനവാദികൾക്ക് ധനസഹായം നൽകുന്ന ഹവാല ഇടപാടുകാരനാണ് ഭട്ടെന്നാണ് പൊലീസ് ഉന്നയിക്കുന്ന ആരോപണം.
എന്താണ് ജിപിഎസ് ട്രാക്കർ, അത് എങ്ങനെ പ്രവർത്തിക്കും?
മൃഗങ്ങളുടെ ചലനങ്ങൾ നിരീക്ഷിക്കാൻ വളരെക്കാലമായി ഉപയോഗിക്കുന്ന ജി പി എസ് കോളറുകൾ പോലെയുള്ള ചെറിയ, ധരിക്കാവുന്ന ഉപകരണമാണ് ജി പി എസ് ട്രാക്കർ. ഈ ഉപകരണം ധരിക്കുന്നയാളുടെ കൃത്യമായ സ്ഥാനം നൽകുന്നു, കൂടാതെ അവന്റെ/അവളുടെ ചലനം തത്സമയം നിരീക്ഷിക്കാൻ സുരക്ഷാ ഏജൻസികൾക്ക് സാധിക്കുന്നു.
ഉപകരണം കേട് വരുത്താൻ പറ്റാത്തതാണ്, അതിൽ കൃത്രിമം കാണിക്കാനുള്ള ഏതൊരു ശ്രമവും അറിയിപ്പ് നൽകും. ധരിക്കുന്നയാൾക്കോ ഏതെങ്കിലും അനുമതിയില്ലാത്ത വ്യക്തിക്കോ ഇത് കേടുവരുത്താതെ നീക്കം ചെയ്യാനും കഴിയില്ല.
ട്രാക്കർ ഒരു വ്യക്തിയുടെ കണങ്കാലിലോ കൈയിലോ സ്ഥാപിക്കാം. അങ്ങനെ ഉപയോഗിക്കാനാവുന്ന ജിപിഎസ് കാൽത്തളകളും ജിപിഎസ് ബ്രേസ്‌ലെറ്റുകളും ഉണ്ട്.
അത്തരമൊരു ഉപകരണം എവിടെ ലഭ്യമാണ്, അതിന്റെ വില എത്രയാണ്?
ഇക്കാലത്ത്, ജിപിഎസ് ഉപകരണങ്ങൾ വളരെ സാധാരണമാണ്, ചില ആളുകൾ അവ വളർത്തുമൃഗങ്ങളുടെ മേൽ ഘടിപ്പിക്കുന്നു. കേരളത്തിലെ കാട്ടാനാകൾ, കുനോയിലെ പുലികൾ പോലുള്ള വന്യമൃഗങ്ങളുടെ നീക്കങ്ങൾ ഈ ഉപകരണങ്ങൾ ഉപയോഗിച്ച് നിരീക്ഷിക്കുന്നു. പല പുതിയ വാഹനങ്ങളിലും ട്രാക്കറുകൾ സജ്ജീകരിച്ചിരിക്കുന്നു, മോഷ്ടിക്കപ്പെട്ടാൽ അവ കണ്ടെത്താനാകും; ട്രാക്കറുകൾ ഇല്ലാത്ത വാഹനങ്ങളിൽ ഉടമകൾക്ക് അവ പ്രത്യേകം ഘടിപ്പിക്കാനും കഴിയും.
ഉപകരണങ്ങളുടെ ഗുണനിലവാരവും വിലയും വ്യത്യസ്തമാണ്. ഏകദേശം 1000 രൂപയ്ക്ക് ജി പി എസ് ട്രാക്കർ ഓൺലൈനായി വാങ്ങാൻ സാധിക്കും.
എന്തുകൊണ്ടാണ് ഭട്ടിന് മേൽ ജിപിഎസ് ട്രാക്കർ ഘടിപ്പിച്ചിരിക്കുന്നത്?
ജാമ്യം ലഭിച്ച കാലയളവിലെ ഭട്ടിന്റെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് ജമ്മു കശ്മീർ പൊലീസ് ആവശ്യപ്പെടുകയും ജാമ്യ വ്യവസ്ഥകളിൽ ഒന്നായി ജിപിഎസ് ഉപയോഗിച്ച് അദ്ദേഹത്തെ ട്രാക്കുചെയ്യാൻ വേണ്ടി വാദിക്കുകയും ചെയ്തു.
ജിപിഎസ് ട്രാക്കറുകൾക്ക് "ലഹരിക്കടത്തും ഭീകര പ്രവർത്തനങ്ങളും തടയാൻ സഹായിക്കാനാകുമെന്ന്" ജമ്മു കശ്മീർ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമായ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) തലവനും പൊലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ആർ ആർ സ്വെയിൻ പറഞ്ഞു. "ജാമ്യത്തിൽ കഴിയുന്നയാൾ ഒരു തീവ്രവാദിയെ കണ്ടുമുട്ടുന്നുണ്ടോ, അതോ ലഹരിക്കടത്ത് ദൗത്യങ്ങളോ തീവ്രവാദ ഫണ്ടുകളോ ശേഖരിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ പൊലീസിന് കഴിയുമെന്ന്," സ്വയിൻ പറഞ്ഞു.
ജാമ്യത്തിലിറങ്ങുന്ന ഒരാളെ ട്രാക്കർ ഉപയോഗിച്ച് നിരീക്ഷിക്കുന്നത് സാധാരണമാണോ?
യുണൈറ്റഡ് സ്റ്റേറ്റ്സ് (യു എസ്), യുണൈറ്റഡ് കിംഗ്ഡം (യു കെ), മലേഷ്യ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ജാമ്യത്തിനുള്ള മുൻകൂർ വ്യവസ്ഥയാണ് ജിപിഎസ് ട്രാക്കറുകൾ. ഇന്ത്യയിൽ ആദ്യമായി ജാമ്യവ്യസ്ഥയിൽ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് ഭട്ടിന്റെ കാര്യത്തിലാണ്. ഭാവിയിലും അവർ ഇത് ചെയ്തേക്കുമെന്ന് ജമ്മു കശ്മീർ പൊലീസ് സൂചിപ്പിച്ചു.
ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള നിയമപരമായ നിലപാട് എന്താണ്?
ഭട്ടിൽ ജിപിഎസ് കാൽത്തള ഉപയോഗിക്കുന്നതിന് കോടതി അനുമതി നൽകി. എന്നാൽ, ഇത് അനുവദിക്കുന്നതിനുള്ള പ്രത്യേക നിയമ വ്യവസ്ഥകളില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. "ഇലക്ട്രോണിക് നിരീക്ഷണത്തിൽ സുരക്ഷാ സംവിധാനം ഇത് ഉപയോഗിക്കുന്നത് സംബന്ധിച്ച് എന്തൊക്കെ മാനദണ്ഡങ്ങളും നൈതികതയും ആണ് രൂപീകരിച്ചിട്ടുള്ളത് എന്ന് ചോദിക്കേണ്ടതും പ്രധാനമാണ്" എന്ന് സൗത്ത് ഏഷ്യ ഹ്യൂമൻ റൈറ്റ്സ് ഡോക്യുമെന്റേഷൻ സെന്ററിലെ രവി നായർ പറഞ്ഞു.
"യുകെയിൽ, ഇലക്ട്രോണിക് നിരീക്ഷണം 2011-ലെ ടെററിസം പ്രിവൻഷൻ ആൻഡ് ഇൻവെസ്റ്റിഗേഷൻ മെഷേഴ്‌സ് ആക്‌ടിന് കീഴിലായിരിക്കാം. മലേഷ്യയിൽ, നിലവിലുള്ള നിയമനിർമ്മാണത്തിൽ ഭേദഗതി വരുത്തി, 1959-ലെ കുറ്റകൃത്യങ്ങൾ തടയൽ നിയമം, സുരക്ഷാ കുറ്റകൃത്യ നിയമം, 2012, അപകടകരമായ ലഹരിമരുന്ന് (പ്രത്യേക പ്രിവൻഷൻ നടപടികൾ) നിയമം, ക്രിമിനൽ പ്രൊസീജ്യർ കോഡ് തുടങ്ങിയ പുതിയ നിയമങ്ങൾ നടപ്പിലാക്കിക്കൊണ്ട് ഇലക്ട്രോണിക് നിരീക്ഷണത്തിന്റെ നിയമ ചട്ടക്കൂടുകൾ ഉണ്ടാക്കിയിട്ടുണ്ട്,”എന്ന് രവിനായർ വിശദീകരിച്ചു.
കർശനമായ യുഎപിഎ കേസിൽ ജാമ്യം ലഭിക്കുന്നത് അൽപ്പം എളുപ്പമാക്കാമെന്നും ജാമ്യത്തെ എതിർക്കാതിരിക്കാനുള്ള ആത്മവിശ്വാസം പൊലീസിന് നൽകാമെന്നും ജിപിഎസ് ട്രാക്കറുകളുടെ ഉപയോഗത്തെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നു. എന്നാൽ, ഒരു മനുഷ്യനെ ട്രാക്ക് ചെയ്യുന്നത് അവരുടെ സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു.
ഒരു വ്യക്തിയെ ജിപിഎസ് ട്രാക്കർ ഉപയോഗിച്ച് ടാഗ് ചെയ്ത് പൊതു സുരക്ഷ നിലനിർത്താൻ സംസ്ഥാനം ശ്രമിക്കുമ്പോൾ, ഈ ഉപകരണം ഘടിപ്പിച്ച ആളുകളുടെ മൗലികാവകാശങ്ങൾ എടുത്തുകളയാനാവില്ലെന്ന് രവി നായർ പറഞ്ഞു. ‘മനേകാ ഗാന്ധി വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ’ (1978) എന്ന കേസിൽ സുപ്രീം കോടതി, ജീവിക്കാനുള്ള അവകാശത്തിൽ മനുഷ്യന്റെ അന്തസ്സിനുള്ള അവകാശവും ഉൾപ്പെടുന്നുവെന്ന് വിധിച്ച കാര്യം അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
കൂടാതെ, നിരീക്ഷണം മനുഷ്യാവകാശങ്ങളുടെ മേലുള്ള അമിതമായ നിയന്ത്രണവും അതിരുകടക്കലും സംബന്ധിച്ച ആശങ്കകൾ ഉയർത്തുന്നതിനാൽ, അധാർമ്മികവും നിയമവിരുദ്ധവുമായ കീഴ്‌വഴക്കങ്ങൾ കൈകാര്യം ചെയ്യുന്നതിന് അറിവോടെയുള്ള സമ്മതവും നടപടിക്രമങ്ങളും ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us