2020-ലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എഡ്യൂക്കേഷന്‍ (സി ബി എസ് ഇ) പ്ലസ് ടു പരീക്ഷാ ഫലം തിങ്കളാഴ്ച്ച പ്രസിദ്ധീകരിച്ചു. കോവിഡ്-19 മഹാമാരി വ്യാപനം തടയാന്‍ മാര്‍ച്ച് മാസം പകുതിയോടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പരീക്ഷകള്‍ നിര്‍ത്തിവച്ചിരുന്നു.

10, 12 ക്ലാസുകള്‍ക്ക് നടക്കാനുള്ള പരീക്ഷയില്‍ പ്രധാനപ്പെട്ട 29 എണ്ണം മാത്രം നടത്താന്‍ ബോര്‍ഡ് തീരുമാനിച്ചു. എന്നിരുന്നാലും, അവശേഷിക്കുന്ന വിഷയങ്ങളിലെ പരീക്ഷകള്‍ നടത്തണ്ടെന്ന് പിന്നീട് തീരുമാനിച്ചു.

വിദ്യാര്‍ത്ഥികള്‍ എഴുതാത്ത പരീക്ഷകള്‍ക്കുള്ള മാര്‍ക്ക് നിശ്ചയിക്കുന്നതിന് ബോര്‍ഡ് ഒരു സൂത്രവാക്യം തയ്യാറാക്കി. നാല് പരീക്ഷകള്‍ എഴുതിയ കുട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്നെണ്ണത്തിന്റെ ശരാശരി കണക്കാക്കും, മൂന്നെണ്ണം എഴുതിയവര്‍ക്ക് രണ്ടെണ്ണത്തിന്റെ ശരാശരി എടുക്കും, രണ്ടില്‍ താഴെ പരീക്ഷ എഴുതിയവര്‍ക്ക് പ്രയോഗിക പ്രോജക്ടുകളിലെ മാര്‍ക്കുകള്‍ പരിഗണിച്ചും മാര്‍ക്ക് നല്‍കി.

Read Also: CBSE Class 12th result 2020: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

90 ശതമാനത്തിനും 95 ശതമാനത്തിനും മുകളില്‍ മാര്‍ക്കുകള്‍ നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെ ശരാശരിയില്‍ ഗണ്യമായ വര്‍ദ്ധനവ് തിങ്കളാഴ്ച്ച പ്രഖ്യാപിച്ച ഫലത്തില്‍ കാണാം. കഴിഞ്ഞവര്‍ഷം 12,05,484 വിദ്യാര്‍ത്ഥികളില്‍ 17,693 വിദ്യാര്‍ത്ഥികള്‍ (1.47 ശതമാനം) 95 ശതമാനത്തിനുമുകളില്‍ മാര്‍ക്ക് നേടി. അതേസമയം, ഈ വര്‍ഷം ശരാശരി ഇരട്ടിയായി. 11,92,961 വിദ്യാര്‍ത്ഥികളില്‍ 38,686 പേര്‍ (3.24 ശതമാനം) ഏറ്റവും കൂടുതല്‍ മാര്‍ക്ക് പരിധി കടന്നു.

സമാനമായി, 90 ശതമാനം മാര്‍ക്ക് നേടിയവരുടെ എണ്ണം 2019-ലെ 7.82 ശതമാനത്തില്‍ നിന്നും 2020-ല്‍ 13.24 ശതമാനമായി വര്‍ദ്ധിച്ചു.

ഉയര്‍ന്ന മാര്‍ക്ക് പരിധിയില്‍ മാത്രമല്ല ഈ പ്രവണതയുള്ളത്. മൊത്തത്തിലെ വിജയശതമാനത്തിലും കുത്തനെയുള്ള വര്‍ദ്ധനവുണ്ട്. ഈ വര്‍ഷം പരീക്ഷ എഴുതിയ 11,92,961 പേരില്‍ 10,59,080 പേരും വിജയിച്ചു. വിജയശതമാനം 88.78. കഴിഞ്ഞ വര്‍ഷത്തെ 83.4 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനത്തില്‍ കൂടുതല്‍ വര്‍ദ്ധനവ്.

മറ്റെല്ലാ വര്‍ഷത്തേയും പോലെ, ഈ വര്‍ഷവും പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെക്കാള്‍ മികച്ച വിജയം നേടി. 92.15 ശതമാനം പെണ്‍കുട്ടികള്‍ വിജയിച്ചപ്പോള്‍ ആണ്‍കുട്ടികളില്‍ 86.19 ശതമാനമാണ് വിജയം. ട്രാന്‍സ്‌ജെന്ററുകളില്‍ 66.67 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തേത് പോലെ ഇത്തവണയും തിരുവനന്തപുരം മേഖലയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവച്ചത്. 97.67 ശതമാനം വിജയം. ഏറ്റവും കുറഞ്ഞ വിജയശതമാനം പട്‌നയ്ക്കാണ്. 74.57 ശതമാനം. ദേശീയ വിജയ ശരാശരിയേക്കാള്‍ 14 ശതമാനം പിന്നില്‍.

Read Also: Kerala Plus Two Result 2020: കേരള പ്ലസ്ടു: പരീക്ഷാഫലം ഓൺലൈനായി എങ്ങനെ അറിയാം

എല്ലാവര്‍ഷത്തേയും പോലെ കേന്ദ്രീയ വിദ്യാലയങ്ങളും ജവഹര്‍ നവോദയ വിദ്യാലയങ്ങളും ഏറ്റവും കൂടുതല്‍ വിജയ ശതമാനം കൈവരിച്ചു. എങ്കിലും ഈ വര്‍ഷം, രാജ്യമെമ്പാടും സര്‍ക്കാര്‍ സ്‌കൂളുകളുടെ വിജയ ശതമാനത്തില്‍ വലിയ വര്‍ദ്ധനവുണ്ടായി. കഴിഞ്ഞവര്‍ഷം, 87.17 ശതമാനം വിജയം നേടിയ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഈ വര്‍ഷം 94.94 ശതമാനമാണ് വിജയം നേടിയത്.

അതേസമയം, ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയവരുടെ മെരിറ്റ് ലിസ്റ്റ് പുറത്ത് വിടണ്ടായെന്നാണ് ബോര്‍ഡിന്റെ തീരുമാനം. കഴിഞ്ഞയാഴ്ച്ച ഫലം പ്രസിദ്ധീകരിച്ച സി ഐ എസ് സി ഇയുടെ പാത പിന്തുടര്‍ന്നാണ് ഈ തീരുമാനം.

Read Also: How CBSE managed to rank students who did not appear in exams

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook