Latest News

ശ്വാസതടസം, ദേഹാസ്വാസ്ഥ്യം; ഡല്‍ഹിയിലെ വായുവിനോട് തോറ്റ മത്സരങ്ങള്‍

രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം അതിരൂക്ഷമായി തന്നെ തുടരുകയാണ്. പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഡല്‍ഹിയില്‍ ഇപ്പോള്‍.

”എന്തെങ്കിലും ചെയ്യാനുള്ള സമയം കഴിഞ്ഞിരിക്കുന്നു” , ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയ്ക്ക് മുന്നോടിയായി ഡല്‍ഹിയിലെ വായു മലിനീകരണത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ബിസിസിഐ പ്രസിഡന്റ് സൗരവ്വ് ഗാംഗുലിയുടെ മറുപടിയാണിത്. രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം അതിരൂക്ഷമായി തന്നെ തുടരുകയാണ്. പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഡല്‍ഹിയില്‍ ഇപ്പോള്‍.

എന്നാല്‍ ഇതിനിടയിലും ബംഗ്ലാദേശ് താരങ്ങള്‍ പരിശീലനത്തിനിറങ്ങി. ഫിറോസ് ഷാ കോട്‌ലെ മൈതാനത്തില്‍ മാസ്‌ക് ധരിച്ചായിരുന്നു താരങ്ങളുടെ പരിശീലനം. വരാനിരിക്കുന്നതിന്റെ തീവ്രത എത്ര വലുതാണെന്ന് താരങ്ങള്‍ക്കും വ്യക്തമായി തന്നെ അറിയാവുന്നതാണ്. ഇതാദ്യമായല്ല ഡല്‍ഹിയിലെ വായു കായിക മത്സരങ്ങള്‍ക്ക് വെല്ലുവിളിയായത്. ചില സംഭവങ്ങള്‍ ഓര്‍ത്തെടുക്കാം.

Read More: മലിനീകരണം രൂക്ഷം: ഡൽഹിയിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ, സ്‌കൂളുകൾ അടച്ചിട്ടു

2017 ഡിസംബര്‍; ഇന്ത്യ-ശ്രീലങ്ക മൂന്നാം ടെസ്റ്റ്

ഡല്‍ഹിയിലെ മലിനീകരിക്കപ്പെട്ട വായു ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ ഭീതിപ്പെടുത്തിയത് അന്നായിരുന്നു. കളിക്കിടെ ശ്വാസ തടസമുണ്ടാതിനെ തുടര്‍ന്ന് പരമ്പരയിലെ മൂന്നാം ടെസ്റ്റിനിടെ താരങ്ങള്‍ക്ക് കളി മതിയാക്കേണ്ടി വരികയായിരുന്നു. വായു മലിനീകരണം മൂലം മത്സരം നിര്‍ത്തി വയ്‌ക്കേണ്ടി വന്ന ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു ഇത്. ഈ സംഭവത്തിന് ശേഷമാണ് ഡല്‍ഹിയില്‍ മത്സരങ്ങള്‍ നടത്തണമോ വേണ്ടയോ എന്ന ചര്‍ച്ചയ്ക്ക് ചൂടേറിയത്.

മാസ്‌ക് ധരിച്ചായിരുന്നു ലങ്കന്‍ താരങ്ങള്‍ കളത്തിലിറങ്ങിയത്. പലര്‍ക്കും ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായി. ബോളര്‍ സുരംഗ ലക്മല്‍ മൈതാനത്ത് ഛര്‍ദ്ദിച്ചു. പിന്നാലെ ലക്മലും മറ്റൊരു ബോളര്‍ ലഹിരു ഗമാജെയും മൈതാനം വിട്ടു. കളി പലവട്ടം തടസ്സപ്പെട്ടു. സാഹചര്യം കൂടുതല്‍ വഷളായതോടെയായിരുന്നു ലങ്കന്‍ താരങ്ങള്‍ മാസ്‌ക് ധരിച്ചത്.

2018 ഡിസംബര്‍; മാസ്‌ക് ധരിച്ച് ബാറ്റിങ്ങിന് ഇറങ്ങി സിദ്ദേഷ്

ഡല്‍ഹിയും മുംബൈയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരത്തിലായിരുന്നു സംഭവം. കര്‍നെയില്‍ സിങ് സ്റ്റേഡിയത്തിലായിരുന്നു കളി. മുംബൈ ബാറ്റ്‌സ്മാന്‍ സിദ്ദേഷ് ലാഡ് മാസ്‌ക് ധരിച്ചാണ് അന്ന് കളത്തിലിറങ്ങിയത്. സഹതാരം തുഷാര്‍ ദേശ്പാണ്ഡെ പലവട്ടമാണ് ശ്വാസം തടസം നേരിട്ടത്. മുംബൈ താരങ്ങളില്‍ പലരും അന്ന് മാസ്‌ക് ധരിച്ചാണ് കളി കാണാനായി ഡഗ്ഗ് ഔട്ടിലിരുന്നത്. നേരത്തെ, 2016 ല്‍ ഫിറോസ് ഷാ കോട്‌ലെയില്‍ നടന്ന ബംഗാളും ഗുജറാത്തും തമ്മിലുള്ള രഞ്ജി മത്സരം മോശം കാലാവസ്ഥ മൂലം ഉപേക്ഷിച്ചിരുന്നു.

2018 ഒക്ടോബര്‍; ഡല്‍ഹി ഡൈനാമോസ്

ക്രിക്കറ്റിനെ മാത്രമല്ല ഐഎസ്എല്ലിലിനേയും ഡല്‍ഹിയിലെ മോശം കാലാവസ്ഥ ബാധിച്ചിട്ടുണ്ട്. ഡല്‍ഹി ഡൈനാമോസിന്റെ വിദേശ താരങ്ങളായിരുന്നു മോശം വായു മൂലം വലഞ്ഞത്. നോര്‍ത്ത് ഈസ്റ്റ് എഫ്‌സിയുമായുള്ള മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ ഡല്‍ഹിയുടെ പരിശീലകന്‍ തുറന്നടിച്ചു. ഇത്ര മോശം കാലാവസ്ഥയില്‍ വിദേശ താരങ്ങള്‍ക്ക് കളിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിലും സ്‌പെയിനിലും ഹോളണ്ടിലും കളിച്ച് പരിചയമുള്ള ഡച്ച് താരം ജിയാനി സുവര്‍ലൂന്‍ മോശം കാലാവസ്ഥ തന്നേയും സഹതാരങ്ങളേയും സാരമായി ബാധിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു.

ഫിഫ അണ്ടര്‍-17 ലോകകപ്പ്

തലസ്ഥാനത്തെ വായു മലിനീകരണത്തില്‍ ആശങ്ക ഉന്നയിച്ച ഫിഫ ഡല്‍ഹിയെ ലോകകപ്പിനുള്ള വേദികളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: How air pollution has plagued sports in new delhi

Next Story
സമ്മതത്തിന്റെ പ്രായത്തെക്കുറിച്ചും പ്രായവ്യത്യാസത്തെക്കുറിച്ചും മദ്രാസ്‌ ഹൈകോടതി പറഞ്ഞത് എന്താണ്?Pocso Act, Madras High Court, age of consent, consensual sex, child abuse
The moderation of comments is automated and not cleared manually by malayalam.indianexpress.com