scorecardresearch

ആദ്യ ട്രെയിലറിൽ 32,000 പെൺകുട്ടികൾ, ഇപ്പോൾ മൂന്ന്; ദി കേരള സ്റ്റോറിയുടെ അവകാശവാദങ്ങൾ എത്തിനിൽക്കുന്നത്

കഴിഞ്ഞ ആഴ്ചയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. ചിത്രം മെയ് അഞ്ചിന് തിയറ്ററുകളിൽ എത്തും

Kerala, love Jihad, Sudipto Sen, ISIS, The Kerala Story, film, the kerala story filim, supreme court news, film controversy
ദി കേരള സ്റ്റോറി സിനിമയുടെ പോസ്റ്റർ

‘ദി കേരള സ്റ്റോറി’ എന്ന ഹിന്ദി സിനിമ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലാക്കാക്കിയും ആസൂത്രിതമായി നിർമ്മിച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്നു. ഏപ്രിൽ 30നാണ് മുഖ്യമന്ത്രി ‘ദി കേരള സ്റ്റോറി’ യെ രൂക്ഷമായി വിമർശിച്ചത്.

അന്വേഷണ ഏജൻസികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ “ലവ് ജിഹാദ്” ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. സിനിമയിൽ ഈ വ്യാജ ആരോപണത്തെ മുഖ്യകഥാപരിസരമാക്കി മാറ്റുന്നത് കേരളത്തെ ലോകത്തിന് മുന്നിൽ അവഹേളിച്ചു കാണിക്കാനുള്ള വ്യഗ്രത കൊണ്ടുമാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. ചിത്രം മെയ് അഞ്ചിന് തിയറ്ററുകളിൽ എത്തും. സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് വിപുൽ അമൃതുൽ ഷാ ആണ്. ആദാ ശർമ്മ, യോഗിത ബിഹാനി, സോണിയ ബാലാനി, സിദ്ധി ഇദ്‌നാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

ട്രെയിലർ എത്തിയത് മുതൽ സിനിമ കടുത്ത ഓൺലൈൻ ചർച്ചകൾക്കും വിമർശനങ്ങൾക്കും വിഷയമായി. സിനിമയുടെ കഥ പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്ന് പലരും അവകാശപ്പെട്ടപ്പോൾ കേരളത്തിലെ നിർബന്ധിത മതപരിവർത്തനങ്ങളിലേക്ക് ഇത് ശ്രദ്ധ ക്ഷണിക്കുന്നു എന്ന് മറ്റു ചിലർ ആരോപിക്കുന്നു.

സിനിമയുടെ കഥ

കേരളത്തിൽ നിന്നുള്ള ഒരു കൂട്ടം സ്ത്രീകൾ (ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ) ഇസ്ലാം മതം സ്വീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയയിൽ (ഐഎസ്ഐഎസ്) ചേരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്ത ശേഷം ഐസിസില്‍ ചേർന്ന ഫാത്തിമ ബാ എന്ന ഹിന്ദു മലയാളി നഴ്‌സിന്റെ കഥാപാത്രത്തെയാണ് ആദാ ശർമ്മ അവതരിപ്പിക്കുന്നത്. ഇവർ പിന്നീട് അഫ്ഗാൻ ജയിലിൽ എത്തുന്നു.

കേരളത്തിൽ നിന്ന് കാണാതാവുകയും ഇസ്ലാം മതം സ്വീകരിച്ച ശേഷം ഐസിസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുകയും ചെയ്ത ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്നുള്ള “32,000 പെൺകുട്ടികളിൽ”(യൂട്യൂബിലെ ചിത്രത്തിന്റെ ട്രെയിലർ ഡിസ്ക്രിപ്ഷൻ ബോക്സിൽ പരാമർശിച്ചിരിക്കുന്ന ഈ നമ്പർ ഇപ്പോൾ മൂന്നായി മാറ്റിയിരിക്കുന്നു) ഒരാളായി ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണെന്ന് അവകാശപ്പെടുന്ന ചിത്രത്തിന്റെ അടിക്കുറിപ്പിൽ, “മറച്ചു വച്ചിരിക്കുന്ന സത്യം അനാവരണം ചെയ്യുന്നു” എന്നാണ് നൽകിയിരിക്കുന്നത്.

3200 എന്ന നമ്പർ

ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് നിന്ന് ഏകദേശം 32,000 പെൺകുട്ടികൾ ‘കാണാതായിരിക്കുന്നു’ എന്നും അവർ നിർബന്ധിത മതപരിവർത്തനങ്ങൾക്ക് വിധേയരായി ഐസിസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു എന്നതാണ് സിനിമയുടെ ഏറ്റവും വിവാദപരമായ അവകാശവാദം.

ഈ വാദത്തിന് തന്റെ പക്കൽ തെളിവുണ്ടെന്ന് സംവിധായകൻ സുദീപ്തോ സെൻ അവകാശപ്പെട്ടെങ്കിലും ഇതുവരെ അത് പരസ്യമായി പങ്കുവെച്ചിട്ടില്ല. 2010ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, “ഓരോ വർഷവും ഏകദേശം 2800-3200 പെൺകുട്ടികൾ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നു” എന്ന റിപ്പോർട്ട് കേരള നിയമസഭയിൽ അവതരിപ്പിച്ചു എന്ന് ‘ഫെസ്റ്റിവൽ ഓഫ് ഭാരത്’എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സുദീപ്തോ അവകാശപ്പെടുന്നു.

“പത്തു വർഷത്തേക്ക് ഈ സംഖ്യ കണക്കാക്കി നോക്കൂ, അത് 32,000 മുതൽ 33,000 വരെ പെൺകുട്ടികളിൽ എത്തി നിൽക്കുന്നു”(തന്റെ സിനിമയിൽ സുദീപ്തോ നൽകിയിരിക്കുന്ന സംഖ്യ). താൻ ചോദ്യം ചെയ്തപ്പോൾ ഉമ്മൻചാണ്ടി ഈ കണക്കുകൾ നിഷേധിച്ചുവെന്നും എന്നാൽ അവകാശവാദം തെളിയിക്കാനുള്ള തെളിവ് തന്റെ പക്കലുണ്ടെന്നും സുദീപ്തോ പറയുന്നു.

സുദീപ്തോ ഉദ്ധരിച്ച കണക്കുകൾ പരാമർശിക്കുന്ന 2010ലെ ഒരു രേഖയും ഇന്ത്യൻ എക്‌സ്പ്രസിന് കണ്ടെത്താനായില്ല. കഴിഞ്ഞ വർഷത്തെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഐഎഫ്എഫ്‌ഐ) ജൂറിയുടെ ഭാഗമായിരുന്നു സുദീപ്തോ. സമാപന ചടങ്ങിൽ അതിന്റെ ചെയർപേഴ്‌സൺ നദവ് ലാപിഡ് കശ്മീർ ഫയൽസ് എന്ന സിനിമ ഒപ്രൊപ്പഗാൻഡ ആണെന്ന് പറഞ്ഞിരുന്നു. ലാപിഡിന്റെ അഭിപ്രായങ്ങളിൽ നിന്ന് സ്വയം അകന്ന ആദ്യത്തെ ജൂറി അംഗമാണ് സുദീപ്തോ.

കേരളത്തിൽ നിന്ന് ഐസിസ് റിക്രൂട്ട്മെന്റ്

കേരളത്തിൽ നിന്നുള്ള 32,000 പെൺകുട്ടികൾ ഇസ്ലാം മതം സ്വീകരിച്ചു എന്നതു മാത്രമല്ല, അവരെ കാണാതാവുകയും അവർ ജിഹാദി പോരാളികളായി ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട് ചെയ്തതായി ആരോപിക്കപ്പെടുന്നു.

ഐഎസ് പോരാളികളുടെ നിരയിൽ ചില ഇന്ത്യക്കാർ ഉണ്ടെന്ന് സിറിയയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിച്ചതിന് ശേഷം 2013 ലാണ് തീവ്രവാദ സംഘം ആദ്യമായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ റഡാറിൽ വന്നത്.

അതിനുശേഷം, നിരവധി ഇന്ത്യക്കാർ ഇറാഖിലേക്കും സിറിയയിലേക്കും ഐഎസിനൊപ്പം ചേരാനായി പോയിട്ടുണ്ട്. അവരിൽ 100 ​​ഓളം പേരെ, സിറിയയിൽ നിന്ന് മടങ്ങുമ്പോഴോ അവിടെ ചേരാൻ തയ്യാറെടുക്കുമ്പോഴോ ഏജൻസികൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐഎസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യയിൽ ആക്രമണം നടത്താൻ ഒരുങ്ങിയതിനും നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്.

“ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) സംസ്ഥാന പോലീസ് സേനയും ഐസിസ് പ്രവർത്തകർക്കും അനുഭാവികൾക്കും എതിരെ കേസുകൾ രജിസ്റ്റർ ചെയ്യുകയും രാജ്യത്ത് ഇതുവരെ 155 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു, “2019-ൽ അന്നത്തെ ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി പാർലമെന്റിന് രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു.

‘കൺട്രി റിപ്പോർട്ടുകൾ ഓൺ ടെററിസം 2020: ഇന്ത്യ’എന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ട് അനുസരിച്ച്, “ഇന്ത്യൻ വംശജരായ 66 പേർക്ക് ഐഎസുമായി ബന്ധമുള്ളതായി”പറയുന്നു. നവംബർ 2020വരെയുള്ള കണക്കാണിത്. ഇന്ത്യൻ റിക്രൂട്ട്‌മെന്റുകളുടെ എണ്ണത്തിൽ, ദക്ഷിണേന്ത്യയിൽ നിന്നുള്ള വ്യക്തികൾ ഏകദേശം 90 ശതമാനം വരുമെന്ന്, ഇന്റലിജൻസ് ഏജൻസികൾ പറയുന്നു.

സിനിമയിലെ നാല് പെൺകുട്ടികൾ

2016 നും 2018 നും ഇടയിൽ ഐഎസിൽ ചേരുന്നതിനായി ഇസ്ലാം മതം സ്വീകരിച്ച് ഭർത്താക്കന്മാരോടൊപ്പം അഫ്ഗാനിസ്ഥാനിലേക്ക് പോയ നാല് സ്ത്രീകളുടെ കഥയെ അടിസ്ഥാനമാക്കിയാണ് സിനിമയെന്ന് അവകാശപ്പെടുന്നു. അവർ ഇപ്പോൾ അഫ്ഗാൻ ജയിലിലാണ്.

2019 ഡിസംബറിൽ, കേരളത്തിൽ നിന്നുള്ള നാല് സ്ത്രീകളുടെ അഭിമുഖങ്ങൾ – നിമിഷ എന്ന ഫാത്തിമ ഈസ, മെറിൻ എന്ന മിറിയം, സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷ, റാഫേല്ല – ‘ഖൊറാസാൻ ഫയൽസ്: ദി ജേർണി ഓഫ് ഇന്ത്യൻ ഇസ്ലാമിക് സ്റ്റേറ്റ് വിഡോസ്’ എന്ന പേരിൽ സ്ട്രാറ്റ് ന്യൂസ് ഗ്ലോബൽ എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിരുന്നു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: How accurate are the claims made by the kerala story