സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിനൊപ്പം രാജ്യത്തിന്റെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ല് കൂടി കടന്നുവന്നിരിക്കുകയാണ്. പോസ്റ്റല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ അഥവാ പിന്‍ കോഡിന് 50 വയസ് പൂര്‍ത്തിയായി. 1972 ഓഗസ്റ്റ് 15 നാണ് പിന്‍ കോഡ് ഇന്ത്യയില്‍ അവരിപ്പിച്ചത്. അതിന്റെ ചരിത്രവും പരിണാമവും നമുക്ക് പരിശോധിക്കാം.
എന്തുകൊണ്ടാണ് പിന്‍ കോഡ് അവതരിപ്പിച്ചത്?
തപാല്‍ വകുപ്പിന്റെ കണക്കനുസരിച്ച്, സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യയില്‍ 23,344 തപാല്‍ ഓഫീസുകളാണുണ്ടായിരുന്നത്. അവ പ്രധാനമായും നഗരപ്രദേശങ്ങളിലായിരുന്നു. എന്നാല്‍ രാജ്യത്തിന്റെ അതിവേഗത്തിലുള്ള വളര്‍ച്ചയ്ക്കനുസരിച്ച് തപാല്‍ ശൃംഖലയും വളര്‍ന്നു.
പലപ്പോഴും ഒരേ തരത്തിലുള്ളതോ സമാനമായതോ ആയ പേരുകളുള്ളതും അക്ഷരങ്ങള്‍ വൈവിധ്യമാര്‍ന്ന ഭാഷകളില്‍ എഴുതപ്പെടുന്നതുമായ വ്യത്യസ്ത സ്ഥലങ്ങളുള്ള ഒരു രാജ്യത്ത് കത്തുകള്‍ തരംതിരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പ്രക്രിയ എളുപ്പമാക്കുന്നതിനാണ് പിന്‍ കോഡ് ഉദ്ദേശിച്ചത്.
പിന്‍ കോഡ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?
ആറ് അക്കങ്ങള്‍ ഉള്‍പ്പെടുന്നതാണു പിന്‍ കോഡ്. ആദ്യ അക്കം വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്ക് എന്നിങ്ങനെ തപാല്‍ മേഖലയെ സൂചിപ്പിക്കുന്നു. കരസേനാ തപാല്‍ സേവനത്തെ സൂചിപ്പിക്കുന്നതാണ് ഒന്‍പത് എന്ന അക്കം.
പിന്‍ കോഡിലെ രണ്ടാമത്തെ സംഖ്യ ഉപമേഖലയെയും മൂന്നാമത്തേതു സോര്‍ട്ടിങ് ജില്ലയെയും പ്രതിനിധീകരിക്കുന്നു. ശേഷിക്കുന്ന മൂന്ന് സംഖ്യകള്‍ കത്ത് വിതരണം ചെയ്യേണ്ട പോസ്റ്റ് ഓഫീസിന്റെ പ്രദേശത്തെ അര്‍ഥമാക്കുന്നു.
ആരായിരുന്നു ആ ഉദ്യമത്തിനു പിന്നില്‍?
കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയും പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ് ബോര്‍ഡിലെ മുതിര്‍ന്ന അംഗവുമായ ശ്രീറാം ഭിക്കാജി വേലങ്കറാണ് ഈ ഉദ്യമത്തിനു പിന്നിലെ ബുദ്ധികേന്ദ്രം.
പ്രമുഖ സംസ്‌കൃത കവി കൂടിയായിരുന്നു വേലാങ്കര്‍. 1996-ല്‍ സംസ്‌കൃതത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ അദ്ദേഹം 1999ല്‍ മുംബൈയിലാണ് അന്തരിച്ചത്. സംസ്‌കൃതത്തില്‍ 105 പുസ്തകങ്ങളും നാടകങ്ങളും രചിച്ച അദ്ദേഹത്തിന്റെ ‘വിലോമ കാവ്യ’ എന്ന രചന സാഹിത്യത്തിലെ മാസ്റ്റര്‍പീസായാണു കണക്കാക്കപ്പെടുന്നത്.
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും സംസ്‌കൃതത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി വേലാങ്കര്‍ മുംബൈയില്‍ ദേവവാണി മന്ദിരം എന്ന പേരില്‍ സാംസ്‌കാരിക സംഘം രൂപീകരിച്ചിരുന്നു. 1973-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന 120 രാജ്യങ്ങള്‍ ഉള്‍പ്പെട്ടെ ഇന്‍ഡിപെക്സ് എന്ന പേരിലുള്ള വേള്‍ഡ് ഫിലാറ്റലിക് എക്സിബിഷന്റെ ചെയര്‍മാനായിരുന്നു വേലാങ്കര്‍. 1973 ഡിസംബര്‍ 31-ന് അദ്ദേഹം സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ചു.
പിന്‍കോഡിനു പകരം ലോകത്തെ മറ്റിടങ്ങളില്‍ എന്താണ്?
യുഎസില്‍, കത്ത് വിതരണത്തിന്റെ വേഗത മെച്ചപ്പെടുത്തുന്നതിനായി പോസ്റ്റല്‍ സര്‍വിസ് നാഷന്‍വൈഡ് ഇംപ്രൂവ്ഡ് മെയില്‍ സര്‍വിസ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ 1963 ജൂലൈ ഒന്നിന് സോണ്‍ ഇംപ്രൂവ്മെന്റ് പ്ലാന്‍ (സിപ്) കോഡ് അവതരിപ്പിച്ചു.
”പഴയ സമ്പ്രാദയത്തില്‍ കത്തുകള്‍ ഏതാണ്ട് 17 തരംതിരിക്കല്‍ ഘട്ടങ്ങളിലൂടെയാണു കടന്നുപോയത്. പുതിയ സംവിധാനത്തില്‍ വളരെ കുറച്ച് മാത്രം സമയം ആവശ്യമുള്ളൂ,” എന്നാണ് ലൈബ്രറി ഓഫ് കോണ്‍ഗ്രസ് പറയുന്നത്.
യുകെയില്‍, 1960-കളുടെ മധ്യത്തില്‍ കത്തുകള്‍ തരംതിരിക്കുന്നതു യന്തവല്‍ക്കരിച്ചു തുടങ്ങിയിരുന്നു. ”യന്ത്രവല്‍ക്കരണത്തിന്റെ സവിശേഷത ഒരു ആല്‍ഫാന്യൂമെറിക് തപാല്‍ കോഡാണ്. അത് കാരിയറിന്റെ ഡെലിവറി റൂട്ട് ഉള്‍പ്പെടെ, കൈകാര്യം ചെയ്യുന്നതിന്റെ എല്ലാ ഘട്ടങ്ങളിലും യന്ത്രം ഉപയോഗിച്ച് തരംതിരിക്കുന്നു. കോഡിങ് ഉപകരണങ്ങള്‍ തപാല്‍ കോഡിനെ കുത്തുകളുടെ പാറ്റേണിലേക്കു വിവര്‍ത്തനം ചെയ്യുന്നു. ഇതുവഴി കൈകൊണ്ടുള്ളതിനേക്കാള്‍ എട്ടിരട്ടി വേഗത്തില്‍ കത്തുകള്‍ തരംതിരിക്കാന്‍ യന്ത്രങ്ങള്‍ക്കു കഴിയുന്നു,”എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു.
1968 ജൂലൈയിലാണു ജപ്പാന്‍ സ്വന്തം തപാല്‍ കോഡ് വിലാസ സംവിധാനം സൃഷ്ടിച്ചത്. രാജ്യത്തെ പ്രധാന തപാല്‍ ഓഫീസുകളില്‍ ഓട്ടോമാറ്റിക് പോസ്റ്റല്‍ കോഡ് റീഡര്‍-സോര്‍ട്ടറുകള്‍ നിലവിലുണ്ട്.
പിന്‍ കോഡ് ഇപ്പോഴും പ്രസക്തമാണോ?
ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ, ആളുകള്‍ കത്തകള്‍ അയയ്ക്കുന്നത് കുറഞ്ഞിട്ടുണ്ട്. ഇതുവച്ച് പിന്‍ കോഡിന്റെ പ്രസക്തിയെ ചോദ്യം ചെയ്യുന്നത് എളുപ്പമാണ്. എന്നാല്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങിലൂടെ ഭക്ഷണമോ പാഴ്‌സലോ ഓര്‍ഡര്‍ ചെയ്യാന്‍ ശ്രമിക്കുക. അപ്പോള്‍ മനസിലാകും ശ്രീറാം ഭിക്കാജി വേലാങ്കറുടെ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം.