scorecardresearch
Latest News

ഇസ്രായേലും ലെബനന്‍ തമ്മിലുള്ള ചരിത്രപരമായ കരാര്‍: വ്യവസ്ഥകളും പ്രാധാന്യവും

കരാര്‍ ഇരു രാജ്യങ്ങള്‍ക്കും പുതിയ ഊര്‍ജ, വരുമാന സ്രോതസുകള്‍ സൃഷ്ടിക്കുമെന്നു വിശകലന വിദഗ്ധര്‍ പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

ഇസ്രായേലും ലെബനന്‍ തമ്മിലുള്ള ചരിത്രപരമായ കരാര്‍: വ്യവസ്ഥകളും പ്രാധാന്യവും

മെഡിറ്ററേനിയന്‍ കടലിനെച്ചൊല്ലി ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സമുദ്രാതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ലെബനനുമായി ചേര്‍ന്നു ‘ചരിത്രപരമായ’ കരാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രായേല്‍. ഇരു രാജ്യങ്ങളും തമ്മില്‍ ഔദ്യോഗിക നയതന്ത്ര ബന്ധമില്ലെന്നു മാത്രമല്ല, സാങ്കേതികമായി യുദ്ധത്തിലുമാണെന്നിരിക്കെയാണ് ഈ നീക്കം. കരാര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കാന്‍ വഴിയൊരുക്കുമെന്നാണു വിശകലന വിദഗ്ധര്‍ കരുതുന്നത്.

കരാര്‍ ഉദ്ദേശിക്കുന്നത് എന്ത്?

മേഖലയിലെ സമുദ്ര വാതകപ്പാടങ്ങള്‍ സംബന്ധിച്ച് ഇസ്രയേലിനും ലെബനനുമിടയിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ലക്ഷ്യമിടുന്നതാണു കരാര്‍. അന്താരാഷ്ട്ര ഊര്‍ജ കാര്യങ്ങളുടെ പ്രത്യേക ദൂതനും കോ-ഓര്‍ഡിനേറ്ററും യു എസ് വിദേശകാര്യ വകുപ്പിലെ ബ്യൂറോ ഓഫ് എനര്‍ജി റിസോഴ്സ് (ഇ എന്‍ ആര്‍) തലവനുമായ ആമോസ് ജെ ഹോഷ്സ്‌റ്റൈനാണു കരാറിന്റെ കരട് തയാറാക്കിയത്.

”ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി. ഞങ്ങള്‍ ആവശ്യപ്പെട്ട മാറ്റങ്ങള്‍ വരുത്തി. ഞങ്ങള്‍ ഇസ്രായേലിന്റെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു. ചരിത്രപരമായ ഒരു കരാറിലേക്കാണു ഞങ്ങള്‍ പോകുന്നത്,”ഇസ്രായേലിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഉഭയകക്ഷി ചര്‍ച്ചയിലെ പ്രധാനയാളുമായ ഇയാല്‍ ഹുലത പ്രസ്താവനയില്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.

കരാര്‍ രാജ്യത്തിന്റെ മുന്‍ ആശങ്കകള്‍ക്കു പരിഹാരം കണ്ടതായി ലെബനന്‍ പതിനിധി ഏലിയാസ് ബൗ സാബ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേല്‍ പ്രസ്താവന വന്നത്. ”ഏറ്റവും പുതിയ കരട് ലെബനന്റെ എല്ലാ ആവശ്യകതകളും ഉള്‍ക്കൊള്ളുന്നു. മറുവശത്തും അങ്ങനെ തന്നെ തോന്നണമെന്നു ഞങ്ങള്‍ കരുതുന്നു,” എന്ന് സാബ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

മെഡിറ്ററേനിയന്‍ കടലിലുമായി ബന്ധപ്പെട്ട ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിനു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. തങ്ങളുടെ അതിര്‍ത്തി മറുഭാഗം കയ്യേറിയതായി 2011-ല്‍ ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചിരുന്നു. ഇരു രാജ്യങ്ങളും സാങ്കേതികമായി യുദ്ധത്തിലായതു മുതല്‍ ഈ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടിരുന്നു.

ഒരു ദശാബ്ദം മുമ്പ് ഇസ്രായേല്‍ തങ്ങളുടെ തീരത്ത് രണ്ട് വാതകപ്പാടങ്ങള്‍ കണ്ടെത്തിയതോടെയാണു വിഷയത്തിനു പ്രാധാന്യം ലഭിച്ചത്. ഈ പാടങ്ങള്‍ ഇസ്രായേലിനെ ഊര്‍ജ കയറ്റുമതിക്കാരായി മാറ്റാന്‍ സഹായിക്കുമെന്നു വിദഗ്ധര്‍ കരുതി.

കരാര്‍ എന്താണ് ചെയ്യുന്നത്?

ഇസ്രായേല്‍ ഇതിനകം സമീപത്തെ പാടങ്ങളില്‍നിന്ന് പ്രകൃതിവാതകം ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍, ഈ കരാര്‍ ചെയ്യുന്നതു കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ ലെബനന്‍ പ്രകൃതി വാതകം പര്യവേക്ഷണം ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രദേശത്തെ തര്‍ക്കം പരിഹരിക്കുന്നുവെന്നതാണ്.

വാതകമുണ്ടെന്നു കരുതുന്ന പ്രദേശം സ്ഥിതി ചെയ്യുന്നത് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സമുദ്രാതിര്‍ത്തിയിലാണ്. കരാര്‍ ഇരു രാജ്യങ്ങള്‍ക്കും വാതകത്തില്‍നിന്ന് റോയല്‍റ്റി ലഭിക്കാന്‍ അനുവദിക്കും. ലെബനന്റെയും ഇസ്രായേലിന്റെയും സമുദ്രമേഖലയില്‍ ഇത് ആദ്യമായി ഒരു അതിര്‍ത്തി കൊണ്ടുവരുന്നു.

ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍, ഇസ്രയേലും ലെബനനിലെ ഹിസ്ബുള്ള തീവ്രവാദികളും തമ്മിലുള്ള പെട്ടെന്നുള്ള സംഘര്‍ഷമെന്ന ഭീഷണി ഒഴിവാക്കാനും കരാര്‍ ലക്ഷ്യമിടുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കരാര്‍ ഇരു രാജ്യങ്ങള്‍ക്കും പുതിയ ഊര്‍ജ, വരുമാന സ്രോതസുകള്‍ സൃഷ്ടിക്കുമെന്നു വിശകലന വിദഗ്ധര്‍ പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രത്യേകിച്ച് ഊര്‍ജ, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലെബനനു ഇതു പ്രധാനമാണ്. യുക്രൈനിലെ റഷ്യന്‍ അധിനിവേശം മൂലം ഊര്‍ജക്ഷാമം രൂക്ഷമായ യൂറോപ്പിനു പുതിയ വാതക സ്രോതസ് നല്‍കാന്‍ കരാര്‍ വഴിയൊരുക്കാനുള്ള സാധ്യതയുമുണ്ട്.

കരാറില്‍ ഇല്ലാത്തത് എന്ത്?

കരാര്‍ ഇസ്രായേലും ലെബനനും തമ്മില്‍ പങ്കിടുന്ന കര അതിര്‍ത്തിയെക്കുറിച്ച് കരാറില്‍ പരാമര്‍ശമില്ല. കരാതിര്‍ത്തി ഇപ്പോഴും തര്‍ക്കത്തിലാണ്. എന്നാല്‍ ഇരു രാജ്യങ്ങളും വെടിനിര്‍ത്തലിലാണ്. ഈ അതിര്‍ത്തിയെ ബ്ലൂ ലൈന്‍ എന്നും വിളിക്കുന്നു. 2000 ല്‍ തെക്കന്‍ ലെബനനില്‍നിന്ന് ഇസ്രായേല്‍ പിന്‍വാങ്ങിയശേഷം യു എന്‍ തയാറാക്കിയ അതിര്‍ത്തിയാണിത്.

കരാതിര്‍ത്തിയില്‍ നിലവില്‍ യു എന്‍ സേനയുടെ പട്രോളിങ്ങുണ്ട്. ലെബനനും ഇസ്രായേലും തമ്മിലുള്ള കരാതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതു കൂടുതല്‍ സങ്കീര്‍ണമാണെന്നും ഇതില്‍ ഊര്‍ജമെന്ന ഘടകത്തിന്റെ അടിയന്തിര സാഹചര്യമില്ലെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കരാതിര്‍ത്തിയുമായി ബന്ധപ്പെട്ട ഏതു തീരുമാനവും വിശാലമായ സമാധാനക്കരാറിനെ ആശ്രയിച്ചിരിക്കുമെന്നും അത് എപ്പോള്‍ വേണമെങ്കിലും യാഥാര്‍ഥ്യാകുന്ന ഒന്നല്ലെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Historic deal between israel lebanon terms significance