scorecardresearch
Latest News

മദ്യവും മയക്കുമരുന്നും വേണ്ട, തുല്യവേതനവും സ്ത്രീസുരക്ഷയും വേണം; ഹേമാ കമ്മിറ്റി കരട് നിർദ്ദേശങ്ങൾ ഇങ്ങനെ

Hema Commission Report: ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ തുല്യതയും ലിം​ഗസമത്വവും തൊഴിൽ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതാണ് ഈ കരട് നിർദേശങ്ങൾ

Hema Commission Report, Hema Commission Report Draft recommendations

Hema Commission Report: ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സാംസ്കാരിക വകുപ്പ് തയ്യാറാക്കിയ കരട് നിർദേശങ്ങൾ പുറത്ത്. ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ തുല്യതയും ലിം​ഗസമത്വവും തൊഴിൽ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന കാര്യങ്ങളാണ് കരട് നിർദേശങ്ങളിലുള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ചലച്ചിത്രമേഖലയിലെ സ്ത്രീകൾക്കെതിരായ ചൂഷണം തടയുന്നതിനായി സമ​ഗ്ര നിയമനിർമാണം വേണമെന്നും നിർദേശങ്ങളിലുണ്ട്.

സെറ്റിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ പരി​ഗണന നൽകണം, തുല്യ വേതനം നൽകണം, സ്ത്രീകളോട് പ്രത്യക്ഷമായോ പരോക്ഷമായോ മോശമായ രീതിയിൽ പെരുമാറ്റം ഉണ്ടാകരുത്, സ്ത്രീകൾക്ക് സുരക്ഷിതമായ താമസസ്ഥലം അനുവദിക്കണം, മദ്യവും മയക്കുമരുന്നും സെറ്റുകളിൽ പാടില്ല, ക്രിമിനൽ സ്വഭാവമുള്ള വ്യക്തികളെ സെറ്റുകളിൽ സഹകരിപ്പിക്കരുത് എന്നിങ്ങനെ പോവുന്നു പ്രധാനപ്പെട്ട നിർദേശങ്ങൾ.

കരട് നിർദ്ദേശങ്ങൾ ഒറ്റനോട്ടത്തിൽ:

 • സിനിമാ മേഖലയിൽ വ്യക്തമായ കരാറുകൾ ഉണ്ടാവണം
 • കേരള സിനി എംപ്ലോയേഴ്സ് ആൻഡ് എംപ്ലോയീസ് റെഗുലേഷൻ ആക്ട് 2020 നടപ്പിലാക്കണം
 • വീഴ്ച്ച വരുത്തുന്നതിന് ശിക്ഷ ഏർപ്പെടുത്തണം
 • നിരോധിതവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾക്കെതിരെ നടപടികൾ വേണം
 • ബന്ധപ്പെട്ട അധികൃതരുടെ മുമ്പാകെ രജിസ്റ്റർ ചെയ്ത പ്രൊഡ്യൂസർമാർ അല്ലാതെ, ആരും സോഷ്യൽ മീഡിയ വഴിയോ അല്ലാതെയോ ഓഡിഷന് വേണ്ടി വിളിക്കരുത്.
 • സമൂഹമാധ്യമങ്ങളിലൂടെ ആരും സ്ത്രീകൾക്ക് ശല്യമുണ്ടാക്കരുത്.
 • സിനിമയിലെ സ്ത്രീകളെ നേരിട്ടോ അല്ലാതെയോ, ഫാൻ ക്ലബ്ബുകൾ, സോഷ്യൽ മീഡിയ അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗങ്ങൾ എന്നിവയിലൂടെയോ അധിക്ഷേപിക്കാൻ പാടില്ല.
 • തൊഴിലാളി ആവശ്യപ്പെടുന്ന പക്ഷം കരാറിലേർപ്പടുന്നതിനെ നിർമ്മാതാവ് നിരസിക്കാൻ പാടില്ല.
 • സിനിമയിൽ ജോലി ചെയ്യുന്ന മറ്റേതെങ്കിലും ഒരു വ്യക്തിയെ തടസപ്പെടുത്തുന്ന പ്രവൃത്തികൾ ആരിൽ നിന്നും ഉണ്ടാകരുത്.
 • ഒരു നിർമ്മാതാവും സിനിമയിലെ ഒരു സ്ത്രീക്കും അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കരുത്.
 • സ്ത്രീകൾക്ക് സുരക്ഷിതമായ താമസവും ഗതാഗത സൗകര്യവും ഏർപ്പെടുത്തണം.
 • ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവർമാരെ നിർമ്മാതാവ് ജോലിക്ക് നിയോഗിക്കരുത്.
 • ഒരു സ്ത്രീക്കെതിരേയും അശ്ലീലചുവയോടെ സംസാരിക്കുകയോ ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തുകയോ ചെയ്യരുത്.
 • സംവിധാന സഹായികൾക്ക് മിനിമം വേതനം ഉറപ്പുവരുത്തുക. നിർമ്മാതാവ് അത് നിരസിക്കാൻ പാടില്ല. രേഖാമൂലമുള്ള കരാറുകൾ വേണം
 • ലിംഗസമത്വത്തേക്കുറിച്ച് അടിസ്ഥാനപരമായ ഓൺലൈൻ പരിശീലനം നിർബന്ധം.
 • തൊഴിലിടത്ത് മദ്യപാനവും ലഹരി ഉപയോഗവും പാടില്ല.
 • തുല്യമായ വേതനം നൽകുക.
 • അസോസിയേറ്റ്, അസിസ്റ്റന്റ് ഡയറക്ടർമാർ ഉൾപ്പെടെ എല്ലാവർക്കും ഡെയ്‌ലി ബാറ്റ.
 • തിരക്കഥയിൽ സ്ത്രീകളുടെ കാഴ്ച്ചപ്പാട് കൂടി ഉൾപ്പെടുത്തണം.
 • പരാതി പരിഹാരങ്ങൾക്കായി കാര്യക്ഷമമായ സംവിധാനം
 • ഹെയർ സ്‌റ്റൈലിസ്റ്റുകൾക്ക് ചീഫ് ടെക്നീഷ്യൻ പദവി നൽകണം
 • സമഗ്രമായ ഒരു സിനിമാ നയം ഉണ്ടാകണം
 • സ്ത്രീകളുടെ സിനിമയ്ക്ക് സാമ്പത്തിക പിന്തുണ നൽകണം
 • വായ്പാ അനുമതി നൽകാൻ ഏകജാലക സംവിധാനം
 • കൂടുതൽ തിയേറ്ററുകൾ, ഒരു താലൂക്കിൽ രണ്ടോ അതിൽ അധികമോ തിയേറ്ററുകൾ.
 • സ്ത്രീകൾ നിർമ്മാതാവുന്ന മികച്ച ചിത്രത്തിന് പുരസ്‌കാരം ഏർപ്പെടുത്തണം
 • ജൂഡീഷ്യൽ ട്രൈബ്യൂണൽ ഏർപ്പെടുത്തണം.
 • സ്ത്രീകൾക്ക് പരിശീലനം നൽകണം
 • ചിത്രാജ്ഞലിയിൽ ഇന്റേൺഷിപ്പ് അവസരമൊരുക്കണം
 • സിനിമാ പഠന കേന്ദ്രങ്ങളിൽ സ്ത്രീകൾക്ക് സീറ്റ് സംവരണം ചെയ്യണം
 • സിനിമാ സാങ്കേതിക മേഖലയിൽ സ്ത്രീകൾക്ക് കൂടുതൽ അവസരമൊരുക്കണം
 • സ്ത്രീ സാങ്കേതിക വിദഗ്ധർക്ക് വേണ്ടി ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപീകരിക്കണം
 • പ്രസവാവധിയിൽ പോകുന്ന സ്ത്രീകൾക്ക് ക്ഷേമ ഫണ്ട് സഹായവും മറ്റും ഉറപ്പുവരുത്തുക.
 • സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിന് നിരോധനം ഏർപ്പെടുത്തണം
 • സ്ത്രീകളുടേയും പെൺകുട്ടികളുടേയും സ്‌ക്രീൻ ദൃശ്യത വർധിപ്പിക്കാനുള്ള ശ്രമമുണ്ടാകണം.
 • അധികാര സ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന സ്ത്രീ കഥാപാത്രങ്ങൾ സിനിമയിൽ ഉൾപ്പെടുത്തുക.
  ജെൻഡർ അവെയർനെസ്സ് ട്രെയിനിംഗ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുക.
 • പുരുഷത്വവും സ്ത്രീത്വവും പുനർനിർവ്വചിക്കുക.
 • സ്ത്രീ പക്ഷ സിനിമകൾ പ്രദർശിപ്പിക്കാൻ തിയേറ്റർ സൗകര്യം ഒരുക്കുക.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ ഇന്ന് തിരുവനന്തപുരത്ത് നിര്‍ണായക യോഗം ചേർന്നിരുന്നു. വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി ,ഷാജി എൻ.കരുൺ, രഞ്ജിത്, മധുപാൽ, നിയമ സെക്രട്ടറി, ഡബ്ല്യു.സി.സി, അമ്മ, മാക്ട, ഫെഫ്ക, ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സംഘടനകളുടെ ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായാണ് ജസ്റ്റിസ് ഹേമയുടെ അധ്യക്ഷതയില്‍ മൂന്നംഗ സമിതിയെ നിയമിച്ചത്. 2017 ജൂലൈയിലാണ് ജസ്റ്റിസ് കെ ഹേമ (റിട്ടയേർഡ്) അധ്യക്ഷയായി മുൻ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിർന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷൻ സർക്കാർ രൂപീകരിച്ചത്. 2019 ഡിസംബറിൽ സർക്കാരിന് മൂന്നംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ, സർക്കാർ ഇതുവരെയും റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടാത്തതിനെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍ക്കാര്‍ യോഗം വിളിച്ചത്. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടില്ലെന്ന സർക്കാർ തീരുമാനം സജി ചെറിയാൻ യോഗത്തിനു ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Hema commission report draft recommendations prepared by government explained