scorecardresearch
Latest News

തിമിര്‍ത്ത് പെയ്ത് മഴ; പിന്നില്‍ ഈ മൂന്ന് കാരണങ്ങള്‍

ജൂണില്‍ 308.6 മില്ലിമീറ്ററും (52 ശതമാനം കുറവ്) ജൂലൈയില്‍ 961.2 മില്ലിമീറ്ററും (26 ശതമാനം കമ്മി) മഴയാണു കേരളത്തിൽ ലഭിച്ചത്

തിമിര്‍ത്ത് പെയ്ത് മഴ; പിന്നില്‍ ഈ മൂന്ന് കാരണങ്ങള്‍
ഫൊട്ടോ: നിതിൻ ആർ കെ

മഴ കുറഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങള്‍ക്കുശേഷം ഓഗസ്റ്റിന്റെ തുടക്കത്തില്‍ തന്നെ കേരളത്തിന്റെ നാലില്‍ മൂന്ന് പ്രദേശത്തും കനത്ത മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവിധ ജില്ലകളിലായി നിരവധി പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ചൊവ്വാഴ്ച ഏഴും ബുധനാഴ്ച പന്ത്രണ്ടും ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍, നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമുണ്ടായ 2018ലേതിനു സമാനമായ സ്ഥിതിയുണ്ടാകുമോയെന്ന ആശങ്ക പരക്കെ നിലനില്‍ക്കുകയാണ്.

എന്തുകൊണ്ട് കനത്ത മഴ?

മഴയ്ക്കു കാരണമാകുന്ന മൂന്ന് കാലാവസ്ഥാ സ്ഥിതിയുടെ സ്വാധീനത്തിലാണിപ്പോള്‍ കേരളം.

അറബിക്കടലില്‍നിന്നുള്ള ശക്തമായ പടിഞ്ഞാറന്‍ കാറ്റ് കേരളത്തിനു മുകളില്‍ ഈര്‍പ്പം കൊണ്ടുവരുന്നു എന്നതാണ് ഇതിലൊന്ന്.

തെക്കന്‍ ഉപദ്വീപില്‍ 10 ഡിഗ്രി വടക്ക് സ്ഥിതിചെയ്യുന്ന കിഴക്ക്-പടിഞ്ഞാറ് ഷിയര്‍ സോണിന്റെ (ഭൂമിയുടെ പുറംതോടിനുള്ളിലോ മുകളിലെ ആവരണത്തിലോ ഉള്ള നേര്‍ത്ത മേഖല) സാന്നിധ്യമാണ് മഴ വര്‍ധിക്കുന്നതിനുള്ള മറ്റൊരു പ്രധാന കാരണം. താഴ്ന്ന, മധ്യ അല്ലെങ്കില്‍ ഉയര്‍ന്ന അന്തരീക്ഷ തലങ്ങളില്‍ നിലനില്‍ക്കുന്ന ഈ ലംബ മേഖല ഉയര്‍ന്ന വേഗതയില്‍ സജീവമായ കാറ്റിനെ സംവദിക്കാന്‍ അനുവദിക്കുന്നു. ഈ സോണ്‍ മണ്‍സൂണ്‍ കാറ്റിനെ സജീവമായി നിലനിര്‍ത്താന്‍ അനുവദിക്കുന്നു. അങ്ങനെ അതിന്റെ സ്വാധീനപ്രദേശത്ത് തീവ്ര മഴ പെയ്യുന്നു.

Kerala rain, Weather, Flood

തെക്കന്‍ കേരളത്തോട് അടുത്ത് സ്ഥിതിചെയ്യുന്ന, ഛത്തീസ്‌ഗഡിനും കൊമോറിന്‍ പ്രദേശങ്ങള്‍ക്കുമിടയിലുള്ള വടക്ക്-തെക്ക് തോടിന്റെ സാന്നിധ്യവും വ്യാപകമായ മഴയ്ക്കു കാരണമാകുന്നുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐ എം ഡി) വ്യക്തമാക്കി.

”ഈ മൂന്ന് ഘടകങ്ങളും കേരളത്തില്‍ കനത്ത മഴയ്ക്കു കാരണമാകുന്നു. അടുത്ത മൂന്ന്, നാല് ദിവസങ്ങളില്‍ കാലവര്‍ഷം സജീവമായി തുടരും,” തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്നു രാവിലെ കോട്ടയം ജില്ലയിലെ മണിമലയാറിന്റെ താഴ്വാര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കായി കേന്ദ്ര ജല കമ്മിഷന്‍ (സി ഡബ്ല്യു സി) ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. 97.915 മീറ്ററിനു മുകളിലാണു മണിമലയാറിലെ ജലനിരപ്പ്.

സംസ്ഥാനത്ത് എത്ര മഴ ലഭിച്ചു?

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പ്രതീക്ഷിച്ചതിനു മുന്നു ദിവസം മുന്‍പ്, മേയ് 29 നു കേരളത്തിലെത്തിയിരുന്നു. ജൂണില്‍ 308.6 മില്ലിമീറ്ററും (52 ശതമാനം കുറവ്) ജൂലൈയില്‍ 961.2 മില്ലിമീറ്ററും (26 ശതമാനം കമ്മി) മഴയാണു ലഭിച്ചത്. നിലവില്‍ അടുത്ത നാല് മുതല്‍ ആറ് ദിവസം മിക്ക ജില്ലകളിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ഇത് നിലവിലെ മഴക്കുറവ് ചെറിയ തോതില്‍ നികത്താന്‍ സഹായിക്കും.

Kerala rains, Kerala rain updates, rain red alert

ഓഗസ്റ്റ് ഒന്നു മുതല്‍ തൃശൂര്‍ ജില്ലയില്‍ അതിശക്തമായ മഴ രേഖപ്പെടുത്തിയത്. ഏനമാക്കലില്‍ 24 മണിക്കൂറില്‍ 225.6 മില്ലീമീറ്ററും ചാലക്കുടിയില്‍ 213 മില്ലിമീറ്ററും കൊടുങ്ങല്ലൂരില്‍ 210 മില്ലീമീറ്ററും മഴ ലഭിച്ചു.

ഇടുക്കി, എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളിലാണ് ഉയര്‍ന്ന മഴ ലഭിക്കുന്ന മറ്റ് പ്രദേശങ്ങള്‍. ആലുവ (184 മി.മീ), പീരുമേട് (154.4 മി.മീ), പിറവം (146 മി.മീ)), കൊച്ചി (138.2 മി.മീ), തൊടുപുഴ (113.2 മി.മീ), ആര്യങ്കാവ് (95 മി.മീ)), കാഞ്ഞിരപ്പള്ളി (85.4 മി.മീ)), മൂന്നാര്‍ (70.6 മി.മീ) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

കേരളത്തിലെ പ്രവണതകള്‍ എന്തൊക്കെ?

രാജ്യത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണു കേരളം. പ്രതിവര്‍ഷം 2855 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തുന്നു. മണ്‍സൂണ്‍ കാലത്ത് ലഭിച്ച മഴയില്‍ 32.6 (637.2 മി മീ) ശതമാനം ജൂണിലും 32.9 ശതമാനം(642.7 മി മീ) ജൂലൈയിലുമാണ്. താരതമ്യപ്പെടുത്തുമ്പോള്‍, സംസ്ഥാനത്തെ സീസണല്‍ മഴയുടെ 21 ശതമാനം (414 മി മീ) മാത്രമാണ് ഓഗസ്റ്റില്‍ ലഭിക്കുന്നത്.

കേരളത്തില്‍ വാര്‍ഷിക മഴയുടെ അളവ് കുറയുന്ന പ്രവണത ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ മണ്‍സൂണ്‍ കാലത്തെ സ്ഥിതി വ്യത്യസ്തമാണ്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണു വാര്‍ഷിക മഴയുടെ 70 ശതമാനവും ലഭിക്കുന്നത്.

Rain, Kerala rain, Weather

മണ്‍സൂണ്‍ സീസണിലെ മഴയുടെ അളവില്‍ കാര്യമായ വ്യത്യാസമുണ്ടായിട്ടുണ്ടെന്ന് ഐ എം ഡി ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു. കേരളത്തിലെ മഴയുടെ വ്യതിയാനത്തെക്കുറിച്ചുള്ള ഐ എം ഡിയുടെ പൂനെയിലെ ക്ലൈമറ്റ് റിസര്‍ച്ച് ആന്‍ഡ് സര്‍വിസസ് നടത്തിയ പഠനത്തിലാണ് ഇതു സ്ഥിരീകരിച്ചത്. മൂന്ന് പതിറ്റാണ്ടായി ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലെ മഴയുടെ വര്‍ധനവിനെ അപേക്ഷിച്ച് ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ കുറയുന്നതായി പഠനം കണ്ടെത്തി.

”ഓഗസ്റ്റില്‍ തീവ്ര മഴയില്‍ (24 മണിക്കൂറില്‍ 64.5 മി മീ മുതല്‍ 115.4 മി മീ വരെ) ഗണ്യമായ വര്‍ധനവാണു ദീര്‍ഘകാല മഴയുടെ പ്രവണതകള്‍ സൂചിപ്പിക്കുന്നത്. അതുപോലെ, നാല് മാസത്തെ മണ്‍സൂണ്‍ സീസണില്‍ അതിതീവ്ര മഴ (24 മണിക്കൂറില്‍ 204.4 മി മീയില്‍ കൂടുതല്‍) സംഭവങ്ങളുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്,” തിരുവനന്തപുരം ഐ എം ഡിയിലെ സീനിയര്‍ ഫോര്‍കാസ്റ്റര്‍ വി കെ മിനി പറഞ്ഞു.

പ്രാദേശികമായി, തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, കാസര്‍ഗോഡ്, വയനാട് ജില്ലകളിലാണ് 1989-2018 കാലയളവില്‍ മഴയില്‍ ഏറ്റവും വലിയ വ്യത്യാസം രേഖപ്പെടുത്തിയത്. മാസത്തെ ആശ്രയിച്ച് ഇത് 47 മുതല്‍ 69 ശതമാനം വരെയാണ്.

വരും ദിവസങ്ങളിലേക്കുള്ള പ്രവചനം

ഓഗസ്റ്റ് അഞ്ച് വരെ സംസ്ഥാനത്ത് മണ്‍സൂണ്‍ ശക്തമായിരിക്കുമെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴയുടെ സ്വാധീനം തെക്കന്‍ ജില്ലകളില്‍നിന്ന് വടക്കന്‍ ജില്ലകളിലേക്കു ക്രമേണ മാറുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

”ഈ ഷിയര്‍ സോണിന്റെ വടക്കോട്ട് വേഗത്തിലുള്ള ചലനമുണ്ടായിട്ടുണ്ട്. രണ്ടു മൂന്ന് ദിവസത്തിനുള്ളില്‍ കനത്ത മഴ വടക്കന്‍ ജില്ലകളിലേക്കു നീങ്ങും,” കോട്ടയത്തെ കാലാവസ്ഥാ വ്യതിയാന പഠന ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡി ശിവാനന്ദ പൈ പറഞ്ഞു.

ഈ ഒന്നിലധികം കാലാവസ്ഥ സ്ഥിതിയുടെ സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകള്‍ക്കായി ബുധനാഴ്ച വരെ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ന്ന്, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഇതേ ജാഗ്രതാ നിര്‍ദേശമുണ്ട്. അഞ്ചിനു വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്കും റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Heavy rainfall kerala factors