മരണം വരെ തൂക്കിലേറ്റുന്ന ശിക്ഷാരീതി മാറ്റുന്നത് സംബന്ധിച്ച് ഇന്ത്യയിൽ വീണ്ടും ചർച്ചകൾക്ക് വഴി തുറക്കുന്നു. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്, വധശിക്ഷ നടപ്പാക്കുന്നതിന് കൂടുതൽ മാനുഷികമായ മാർഗമുണ്ടോ എന്നതിനെക്കുറിച്ചുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള ചർച്ച വീണ്ടും ആരംഭിക്കുകയാണ്.
എന്താണ് ഈ കേസ്?
വധശിക്ഷ നടപ്പാക്കാൻ കൂടുതൽ മാന്യമായ മാർഗം വേണമെന്ന് ആവശ്യപ്പെട്ട് 2017ൽ ഋഷി മൽഹോത്ര എന്ന അഭിഭാഷകൻ ഒരു പൊതു താൽപ്പര്യ ഹർജി സമർപ്പിച്ചിരുന്നു. ശിക്ഷ കാരണമാണ് കുറ്റവാളിയുടെ ജീവിതം അവസാനിപ്പിക്കുന്നത്. അതിനാൽ തൂക്കിലേറ്റുന്നതിന്റെ വേദന കൂടി സഹിക്കേണ്ടതില്ലെന്നു ഋഷി വാദിച്ചു.
1973ലെ ക്രിമിനൽ നടപടി ചട്ടത്തിന്റെ (സിആർപിസി) സെക്ഷൻ 354(5) ന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്താണ് പൊതുതാൽപര്യ ഹർജി നൽകിയത്. ഏതെങ്കിലും വ്യക്തിയെ വധശിക്ഷയ്ക്ക് വിധിക്കുമ്പോൾ, മരണം വരെ തൂക്കിലേറ്റുക എന്നാണ് ഇതിൽ പറയുന്നത്.
‘ബച്ചൻ സിങ് വേഴ്സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ്’ എന്ന1982ലെ കേസിലെ വിധിയിൽ, സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് 4:1 ഭൂരിപക്ഷ വിധിയോടെ വധശിക്ഷയുടെ ഭരണഘടനാ സാധുത ശരിവച്ചു.
2017 ലെ പൊതുതാൽപര്യ ഹർജി സുപ്രീം കോടതി പരിഗണിക്കുകയും കേന്ദ്രത്തിന് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. 2018 ജനുവരിയിൽ കേന്ദ്രം നിലവിലെ നിയമനിലപാടിനെ ന്യായീകരിച്ച് സത്യവാങ്മൂലം സമർപ്പിച്ചു. അതിനുശേഷം കേസ് പരിഗണിക്കാനുള്ള തീയതി ലിസ്റ്റ് ചെയ്തിരുന്നില്ല എന്ന് കോടതി രേഖകളിൽനിന്നു വൃക്തമാകുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാൻവിൽക്കർ (റിട്ട) എന്നിവർക്കൊപ്പം കേസ് കേൾക്കാൻ സമ്മതിച്ച മൂന്ന് ജഡ്ജിമാരിൽ ഒരാളായിരുന്നു ഇപ്പോഴത്തെ സിജെഐ ചന്ദ്രചൂഡ്. അഞ്ച് വർഷത്തിന് ശേഷമാണ് കേസ് ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
കേന്ദ്രത്തിന്റെ നിലപാട് എന്താണ്?
2018ലെ സത്യവാങ്മൂലത്തിൽ, തൂക്കിക്കൊല്ലുന്നതാണ് വധശിക്ഷ നടപ്പാക്കാനുള്ള “സാധ്യമായ” ഏക രീതിയെന്ന് സർക്കാർ വാദിച്ചിരുന്നു. എന്നിരുന്നാലും, മറ്റു രാജ്യങ്ങളിൽ പിന്തുടരുന്ന രീതികൾ പരിശോധിക്കാൻ സർക്കാർ കൂടുതൽ സമയം തേടി. ഇന്ത്യൻ നിയമ കമ്മീഷൻ, 2003ൽ അതിന്റെ 187-ാമത് റിപ്പോർട്ടിൽ, സിആർപിസിയുടെ 354(5) വകുപ്പ് ഭേദഗതി ചെയ്യണം എന്ന് ശിപാർശ ചെയ്തിരുന്നു. “കുറ്റവാളി മരിക്കുന്നത് വരെ കുത്തിവയ്പ്പ് നൽകി” വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള ബദൽ മാർഗമായിരിന്നു കമ്മീഷന്റെ ശിപാർശ.
വധശിക്ഷ നടപ്പാക്കുന്ന രീതിയെക്കുറിച്ച് ഉചിതമായ ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടതും ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുൻപ് വധശിക്ഷ നടപ്പാക്കുന്ന രീതിയെക്കുറിച്ചുള്ള കുറ്റവാളിയുടെ ഭാഗം കേൾക്കുകയും ചെയ്യേണ്ടത് ജഡ്ജിയുടെ വിവേചന അധികാരമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മറ്റ് രാജ്യങ്ങളിലെ സമ്പ്രദായം എന്താണ്?
ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 55 രാജ്യങ്ങളിൽ വധശിക്ഷയുണ്ട്. തൂക്കിക്കൊല്ലുന്നത് പ്രത്യേകിച്ച് മുൻ ബ്രിട്ടീഷ് കോളനികളിൽ, ഇപ്പോഴും ഏറ്റവും പ്രചാരത്തിലുള്ള വധശിക്ഷയാണെങ്കിലും, ചില രാജ്യങ്ങൾ മറ്റു രീതികൾ പിന്തുടരുന്നു.
ഉദാഹരണത്തിന് യുണൈറ്റഡ് സ്റ്റേറ്റ്സിൽ, വധശിക്ഷ അനുവദിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും കുത്തിവയ്പ്പാണ് നൽകുന്നത്. ചില സംസ്ഥാനങ്ങളിൽ വൈദ്യുതാഘാതമാണ് വധശിക്ഷയുടെ രീതി. ചൈനയിൽ ഫയറിംഗ് സ്ക്വാഡ് ഉപയോഗിച്ചുള്ള വധശിക്ഷ നടപ്പിലാക്കുമ്പോൾ സൗദി അറേബ്യയിൽ തലവെട്ടുകയാണ് ചെയ്യുന്നത്.
ഇന്ത്യയിൽ, എയർഫോഴ്സ് ആക്ട് 1950, ദ ആർമി ആക്ട് 1950, ദ നേവി ആക്ട് 1957 എന്നിവ പ്രകാരം മരണം വരെ തൂക്കിലേറ്റുകയോ അല്ലെങ്കിൽ വെടിവച്ചോ ആണ് വധശിക്ഷ നടപ്പാക്കേണ്ട രീതി.