scorecardresearch

Guruvayur Ekadasi 2022: ഗുരുവായൂർ ഏകാദശി ഡിസംബർ മൂന്നിനോ നാലിനോ? ജ്യോതിഷ നിയമം പറയുന്നത്

വിശ്വാസപരമായ പുതിയൊരു സംവാദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഗുരുവായൂർ ഏകാദശി സംബന്ധിച്ച തിയതി തർക്കം. ഈ തർക്കത്തെ ജ്യോതിഷ വിശ്വാസത്തെ അടിസ്ഥാനമാക്കി വിശദീകരിക്കുകയാണ് ജ്യോതിഷ ഭൂഷണം എസ് ശ്രീനിവാസ അയ്യർ

വിശ്വാസപരമായ പുതിയൊരു സംവാദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഗുരുവായൂർ ഏകാദശി സംബന്ധിച്ച തിയതി തർക്കം. ഈ തർക്കത്തെ ജ്യോതിഷ വിശ്വാസത്തെ അടിസ്ഥാനമാക്കി വിശദീകരിക്കുകയാണ് ജ്യോതിഷ ഭൂഷണം എസ് ശ്രീനിവാസ അയ്യർ

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
guruvayur ekadasi controversy

Guruvayur Ekadasi Date, Rituals, Significance, Fasting: ഇത്തവണത്തെ ഗുരുവായൂർ ഏകാദശി ഡിസംബർ മൂന്നിനോ ഡിസംബർ നാലിനോ എന്നത് സംബന്ധിച്ച് ഗുരുവായൂർ ദേവസ്വവും ഒരുവിഭാഗം ജ്യോതിഷികളും തമ്മിൽ സജീവമായ സംവാദവും വിവാദവും നടക്കുകയാണ്. എന്താണ് ഗുരുവായൂർ ഏകാദശി ദിവസം സംബന്ധിച്ച വിവാദവും അതിലേക്ക് നയിക്കുന്ന കാരണങ്ങളുമെന്ന് ജ്യോതിഷികളുടെ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയുള്ള വിശദീകരണം ഇങ്ങനെയാണ്.

Advertisment

ഏകാദശി, ഓരോ ഏകാദശിയുടെ പ്രത്യേകതകൾ എന്നിവയൊക്കെ വിശ്വാസപ്രകാരം എന്താണെന്ന് അറിഞ്ഞു കൊണ്ട് മാത്രമേ ഗുരുവായൂർ ഏകാദശി സംബന്ധിച്ച് നടക്കുന്ന വിവാദങ്ങളെ വിലയിരുത്താൻ സാധിക്കൂ. അതിനാൽ തിഥി, വിവിധ ഏകാദശികൾ, ഏകാദശിയുടെ പ്രത്യേകത, ഗുരുവായൂർ ഏകാദശിയുടെ പ്രത്യേകത എന്നിവയൊക്കെ മനസിലാക്കേണ്ടതുണ്ട്.

എന്താണ് തിഥി?

ജ്യോതിഷ പ്രകാരം തിഥികൾ മുപ്പതാണ്. അതായത് തീയതിയെന്നു പറയാം. ജ്യോതിഷവിശ്വാസ പ്രകാരം തിഥിയിൽനിന്നാണ് തിയതി ഉണ്ടായത്. തിഥിയെ 'ചാന്ദ്രദിനം' എന്ന് നിർവചിക്കാറുണ്ട്.

തിഥിയുടെ ഘടന എങ്ങനെയാണു കണക്കാക്കുന്നത്?

കറുത്ത/വെളുത്ത വാവുകളുടെ പിറ്റേന്ന് തുടങ്ങി പതിനഞ്ചാം തീയതി വാവിൽ തന്നെ അവസാനിക്കുന്ന ഘടനയാണ് തിഥികളിൽ കാണുക. വാവ് കഴിഞ്ഞ് എത്രാമത്തെ ദിവസമെന്ന ആശയമാണ് പ്രഥമ (ഒന്നാമത്തെ), ദ്വിതീയ (രണ്ടാമത്തെ), തൃതീയ (മൂന്നാമത്തെ), ചതുർത്ഥി (നാലാമത്തെ), പഞ്ചമി (അഞ്ചാമത്തെ) എന്നിങ്ങനെയുള്ള തിഥികളുടെ നാമങ്ങൾ വെളിപ്പെടുത്തുന്നത്. പ്രഥമയിൽ തുടങ്ങി പഞ്ചദശി അഥവാ വാവിൽ അവസാനിക്കുന്ന പതിനഞ്ച് ദിവസങ്ങളാണു തിഥികളെന്നും പറയാം.

Advertisment

കൃഷ്ണപക്ഷ തിഥികൾ, ശുക്ലപക്ഷ തിഥികൾ എന്നാലെന്ത്?

വാവ് കഴിഞ്ഞ പിറ്റേന്ന് (പ്രതിപദം ) മുതൽ വീണ്ടും തുടരും കറുത്ത അഥവാ കൃഷ്ണ തിഥികൾ പതിനഞ്ച് (വെളുത്തവാവ്/പൗർണമി കഴിഞ്ഞ് പിറ്റേന്നു മുതൽ തുടങ്ങുന്നത്), പിന്നെ വെളുത്ത അഥവാ ശുക്ല തിഥികൾ പതിനഞ്ച് (കറുത്തവാവ്/അമാവാസി കഴിഞ്ഞു പിറ്റേന്ന് മുതൽ തുടങ്ങുന്നത്)- ഇങ്ങനെ ചാന്ദ്രമാസത്തിൽ കറുപ്പും വെളുപ്പുമായി പതിനഞ്ച് തിഥികൾ ഓരോ ഊഴം വന്നുപോകും.

വിശ്വാസ പ്രകാരം ഏകാദശിയുടെ പ്രത്യേകതകൾ എന്തൊക്കെയാണ്?

ഇതിൽ പതിനൊന്നാം തിഥിയായ 'ഏകാദശി' വിഷ്ണുഭജനത്തിനും പാപമോചനത്തിനും പ്രാധാന്യമുള്ള ദിവസമായി കണക്കാക്കുന്നു. ഭക്തിയുടെ പരിപൂർണത ഏകാദശി വ്രതാചരണത്തിലാണുള്ളതെന്നു ഭക്തർ വിശ്വസിക്കുന്നു, പ്രത്യേകിച്ച് വൈഷ്ണവർ. അരിയാഹാരം (എല്ലാവിധ ഭക്ഷണവും) വെടിഞ്ഞുകൊണ്ടുള്ള സമ്പൂർണ ഉപവാസ ദിനം എന്നതാണ് ഏകാദശിയുടെ മഹിമ.

ഏകാദശി തിഥിയുടെ അന്ത്യഭാഗമായ പതിനഞ്ച് നാഴികയും തൊട്ടടുത്ത തിഥിയായ ദ്വാദശിയുടെ ആദ്യ ഭാഗമായ പതിനഞ്ച് നാഴികയും (ആകെ 6+6 = 12 മണിക്കൂർ) വരുന്ന 'ഹരിവാസര' ത്തിലെ (ഹരിവാസരം എന്നാൽ വിഷ്ണുവിന്റെ ദിനം എന്ന് വാഗർത്ഥം) ജലപാനം പോലും വർജിച്ചു കൊണ്ടുള്ള കഠിനമായ വ്രതാനുഷ്ഠാനവും ഏകാദശിയുടെ സവിശേഷതകളിൽ ഉൾപ്പെടും.

ഏകാദശി തിഥി സാധാരണ ഓരോ മാസത്തിലും എത്ര വീതം ഉണ്ടാകും? അവ ഏതൊക്കെ? അവയുടെ പ്രാധാന്യത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടോ?

ഏകാദശി തിഥി ഓരോ മാസത്തിലും സാധാരണഗതിയിൽ രണ്ടുണ്ടാവും. കൃഷ്ണ ഏകാദശിയായാലും ശുക്ല ഏകാദശിയായാലും പ്രാധാന്യത്തിന് കുറവില്ല.

വിവിധ ഏകാദശികൾ ഏതൊക്കെ?

വൃശ്ചികമാസത്തിൽ വരുന്ന രണ്ട് ഏകാദശികൾ നമ്മുടെ നാട്ടിൽ വളരെ പ്രസിദ്ധമാണ്. വൃശ്ചിക മാസത്തിലെ കൃഷ്ണ ഏകാദശിയാണ് പ്രശസ്തമായ തൃപ്രയാർ ഏകാദശി. അതിന്റെ പതിനഞ്ചാം പക്കം വരുന്ന വെളുത്ത ഏകാദശിയാണ് ഗുരുവായൂർ ഏകാദശി. ഇവ രണ്ടും ലോകമെങ്ങുമുള്ള വിഷ്ണുഭക്തർക്ക് ഉപാസനയുടെയും ഉപവാസത്തിന്റെയും നാളുകളാണ്.

ആഷാഢ ഏകാദശി പണ്ഡരീപുരത്തെ പാണ്ഡുരംഗ ക്ഷേത്രത്തിനും ധനുവിലെ സ്വർഗവാതിൽ ഏകാദശി തിരുവനന്തപുരത്തെ പത്മനാഭ ക്ഷേത്രം, ശ്രീവല്ലിപുത്തൂരിലെ ആണ്ടാൾ ക്ഷേത്രം, ശ്രീരംഗത്തെ രംഗനാഥസ്വാമി ക്ഷേത്രം എന്നിവയ്ക്കും എത്രകണ്ട് പെരുമ ചേർക്കുന്നുവോ അതുപോലെയാണ് വൃശ്ചികത്തിലെ ആനന്ദ ഏകാദശി ഗുരുവായൂർ ക്ഷേത്രത്തിനും പുകഴേറ്റുന്നത്.

വിശ്വാസപ്രകാരം ഗുരുവായൂർ ഏകാദശിയുടെ പ്രാധാന്യം എന്താണ്?

ഗുരുവായൂർ ഏകാദശി വെളുത്തപക്ഷത്തിലെ അഥവാ ശുക്ലപക്ഷത്തിലെ ഏകാദശിയാണ്. കറുത്തവാവ് കഴിഞ്ഞ് ചന്ദ്രൻ വെളുത്തവാവിലേക്കു പോകുന്ന പതിനൊന്നാം നാളാണത്.

ഏകാദശികളിൽ എത്ര തിരിവുകളുണ്ട്? എതൊക്കെ?

ഏകാദശികളിൽ തന്നെ രണ്ട് തിരിവുകളുണ്ട്. 'ഭൂരിപക്ഷ ഏകാദശി ' എന്നും ' ആനന്ദ ഏകാദശി ' എന്നും പറയുന്നു. ഇതിന്റെ നിർണയത്തിൽ സൂക്ഷ്മഭേദങ്ങളുണ്ട്.

'ഭൂരിപക്ഷ ഏകാദശി' എന്നാൽ എന്താണ്?

ദശമീ ബന്ധം വരുന്നതാണ് (തൊട്ട് തലേ തിഥി) 'ഭൂരിപക്ഷ ഏകാദശി.' എന്നാൽ 'ആനന്ദ ഏകാദശിക്ക്' ദശമീ ബന്ധം പാടില്ല. (പക്ഷേ ദ്വാദശി ബന്ധം - തൊട്ട് പിറ്റേ തിഥി- ആവാം). ഭൂരിപക്ഷ ഏകാദശി ശ്രാദ്ധതിഥിയായി കൈക്കൊള്ളാറുമുണ്ട്. അതിനാൽ അതിനെ 'പിതൃപക്ഷ ഏകാദശി' എന്നും വിശേഷിപ്പിക്കുന്നു.

ആനന്ദ ഏകാദശിയുടെ പ്രത്യേകതകൾ എന്തൊക്കെ? അത് കണക്കാക്കുന്നത് എങ്ങനെ?

ആനന്ദ ഏകാദശിയെ 'ദേവപക്ഷ ഏകാദശി' യായി കണക്കാക്കുന്നു. ഭൂരിപക്ഷ ഏകാദശി കണക്കാക്കുന്നതു സൂര്യോദയം മുതൽ ആകുമ്പോൾ ആനന്ദ ഏകാദശി അരുണോദയം (സൂര്യോദയത്തിന് ഏതാണ്ട് ഒന്നര മണിക്കൂർ മുൻപേ) മുതൽ കണക്കാക്കുന്നു.

ജ്യോതിഷ നിമയമങ്ങളെ (ഈ മാനദണ്ഡങ്ങളെ) അടിസ്ഥാനമാക്കി കണക്കാക്കിയാൽ എന്നാകും ഗുരുവായൂർ ഏകാദശി?

ഈ മാനദണ്ഡങ്ങളെ മുൻനിർത്തി ചിന്തിക്കുമ്പോൾ 2022 ഡിസംബർ മൂന്നിന് (1198 വൃശ്ചികം 17 ന്) ശനിയാഴ്ച അരുണോദയ സമയത്ത് ദശമീബന്ധം വരുകയാൽ അത് ഭൂരിപക്ഷ ഏകാദശിയെ ആവുകയുള്ളുവെന്നതാണ് പൊതുവേയുള്ള ജ്യോതിഷനിയമം. ആകയാൽ 'ആനന്ദ ഏകാദശി' യായി അഥവാ ഗുരുവായൂർ ഏകാദശിയായി 2022 ഡിസംബർ നാല് (1198 വൃശ്ചികം 18 ന്) ഞായറാഴ്ച വേണം ആചരിക്കാനെന്നതാണു ജ്യോതിഷനിയമങ്ങൾക്കു നിരക്കുന്ന യുക്തി.

പിറ്റേ ദിവസം (ഡിസംബർ അഞ്ച് തിങ്കൾ) ത്രയോദശി തിഥിയാണെങ്കിൽ തന്നെയും പാരണ/ ഉപവാസത്തിന്റെ അവസാനം ആയി സ്വീകരിക്കുന്നത് കരണീയമെന്നും ജ്യോതിഷ പ്രകാരം പറയാം.

Explained Astrology Guruvayoor Temple

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: