ജനുവരി ഒന്ന് മുതൽ ഓൺലൈൻ ഭക്ഷണ വിതരണ ആപ്പുകൾ വഴിയുള്ള ഫുഡ് ഡെലിവറി സേവനങ്ങൾക്ക് അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കാൻ തീരുമാനിച്ചത് വെള്ളിയാഴ്ച ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് . ഇത് പ്രകാരം ഫുഡ് ഡെലിവറി സേവനങ്ങൾ അഞ്ച് ശതമാനം ജിഎസ്ടി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുകയും അത് സർക്കാരിലേക്ക് അടക്കുകയും ചെയ്യണം. റെസ്റ്റോറന്റുകൾക്ക് പകരം ഫുഡ് ഡെലിവറി സേവനങ്ങൾ വഴി ഈ നികുതി ഈടാക്കും. നികുതി അടയ്ക്കാത്ത നിരവധി റെസ്റ്റോറന്റുകൾ ജിഎസ്ടി പരിധിക്ക് കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ നടപടി നിർദ്ദേശിച്ചത്.
ഈ മാറ്റം പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ?
പുതിയ മാറ്റം വന്നുകഴിഞ്ഞാൽ സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഒരു ഉപഭോക്താവ് ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ അതിന്റെ നികുതി ഓൺലൈൻ സേവന ദാതാക്കൾ വഴി ഈടാക്കും. നിലവിൽ ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ ഭക്ഷണം ഓർഡർ ചെയ്യുന്ന റെസ്റ്റോറന്റിൽ നിന്നാണ് നികുതി ഈടാക്കാറ്.
ഇത്തരത്തിൽ റെസ്റ്റോറന്റ് വഴി നികുതി ഈടാക്കുന്നതിന് പകരം ഫുഡ് ഡെലിവറി സേവന ദാതാക്കൾ വഴി നികുതി ഈടാക്കുന്ന തരത്തിലുള്ള മാറ്റമാണ് ജിഎസ്ടി കൗൺസിൽ മുന്നോട്ട് വയ്ക്കുന്നത്.
Read More: ഭക്ഷ്യയോഗ്യമായ സസ്യങ്ങളിൽ നിന്ന് വാക്സിൻ; പ്രതീക്ഷയേകി പുതിയ പരീക്ഷണം
റെസ്റ്റോറന്റുകളിൽ നിന്ന് നികുതി ഈടാക്കുമ്പോൾ ഉയർന്ന വിറ്റുവരവ് രേഖപ്പെടുത്തിയിട്ടും നിരവധി റെസ്റ്റോറന്റുകൾ അവരുടെ നികുതി നിക്ഷേപിച്ചിട്ടില്ലെന്നാണ് സർക്കാർ വിശ്വസിക്കുന്നത്. അതിനാൽ, ജനുവരി ഒന്ന് മുതൽ, ഭക്ഷണ വിതരണ ആപ്ലിക്കേഷനുകൾ റെസ്റ്റോറന്റിന് വേണ്ടി നികുതി ശേഖരിക്കുകയും അവരുടെ പേരിൽ നിക്ഷേപിക്കുകയും ചെയ്യും. ഇതിന്റെ ഫലമായി, ഇ-കൊമേഴ്സ് വിൽപ്പനക്കാർ ചെയ്യുന്നതുപോലെ റെസ്റ്റോറന്റുകളും നിർബന്ധമായും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടി വരും.
ഉപഭോക്താക്കളെ സംബന്ധിച്ച് മാറ്റമുണ്ടോ?
ഉപഭോക്താക്കളെ സംബന്ധിച്ച് മാറ്റമൊന്നും ഇല്ല. പുതിയ നികുതി ഏർപ്പെടുത്തിയിട്ടില്ലാത്തതിനാൽ, ഉപഭോക്താവ് ഓൺലൈനിൽ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് അഞ്ച് ശതമാനം നിരക്ക് നൽകുന്നത് തുടരും.
ഫുഡ് ഡെലിവറി സേവനങ്ങളെ നികുതി പരിധിക്ക് കീഴിൽ കൊണ്ടുവരാനാണ് ജിഎസ്ടി കൗൺസിലിന്റെ നിർദ്ദേശം.
റെസ്റ്റോറന്റുകൾക്കും ഡെലിവറി സേവന ദാതാക്കൾക്കമുള്ള മാറ്റങ്ങൾ
മുമ്പ് ജിഎസ്ടി പരിധിയിൽ ഉൾപ്പെടാത്തവയായതിനാൽ ചെറിയ റെസ്റ്റോറന്റുകളെ, പ്രത്യേകിച്ച് 20 ലക്ഷം രൂപയിൽ താഴെ വാർഷിക വിറ്റുവരവുള്ള റെസ്റ്റോറന്റുകളെയായിരിക്കും പുതിയ മാറ്റത്തിന്റെ പ്രത്യാഘാതങ്ങൾ കൂടുതലായി ബാധിക്കുകയെന്ന് നികുതി വിദഗ്ധർ അഭിപ്രായപ്പെടുന്നു. നികുതി ശേഖരണത്തിന്റെ ഉത്തരവാദിത്തം ഓൺലൈൻ ഡെലിവറി സേവന ദാതാക്കളാണെങ്കിലും ഈ ചെറിയ റെസ്റ്റോറന്റുകളും നികുതി നൽകേണ്ടതുണ്ട്.
Read More: കണ്ടെയ്നർ ക്ഷാമം: കാരണം എന്തെല്ലാം; ഇന്ത്യൻ വ്യാപാര രംഗത്തെ ബാധിക്കുന്നതെങ്ങനെ?
അതേസമയം മിക്ക റെസ്റ്റോറന്റുകൾക്കും, ഒരു അധിക അനുബന്ധ ബാധ്യത നികുതിയിലെ മാറ്റം കാരണം ഉണ്ടാകും. അവർ രണ്ട് വ്യത്യസ്ത അക്കൗണ്ട് വിവരങ്ങൾ സൂക്ഷിക്കേണ്ടി വരും, ഒന്ന് അവരുടെ സാധാരണ ബിസിനസിനും രണ്ടാമത്തേത് സൊമാറ്റോ അല്ലെങ്കിൽ സ്വിഗ്ഗി വഴിയുള്ള ബിസിനസിനു വേണ്ടിയും.
ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങളെ സംബന്ധിച്ച്, റെസ്റ്റോറന്റുകൾക്കുവേണ്ടി നികുതികൾ ശേഖരിക്കുക്കുക എന്ന അധിക ഉത്തരവാദിത്തം നൽകും. ഈ നീക്കം ചില ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചേക്കാം. ഇതിനായി ഫുഡ് ഡെലിവറി സേവനദാതാക്കൾ സർക്കാരിൽ നിന്ന് വിശദീകരണം തേടുമെന്ന് കരുതുന്നു.