scorecardresearch

സർക്കാരിന്റെ ഫാക്ട് ചെക്ക് സമിതി ചെയ്യുന്നതെന്ത്? ആശങ്കകൾ എന്തൊക്കെ?

ഫാക്ട് ചെക്ക് യൂണിറ്റ് വ്യാജമെന്ന് പറയുന്നതെന്തും സോഷ്യൽ മീഡിയ സൈറ്റുകളിൽനിന്നു നീക്കം ചെയ്യേണ്ടി വരും. സൗമ്യരേന്ദ്ര ബാരിക് തയാറാക്കിയ റിപ്പോർട്ട്

fact-check body, fact-check unit, government appoints fact-check body, it rules amendment, new it rules, indian express, express explained

ഓൺലൈൻ ഉള്ളടക്കത്തിലെ വസ്തുതാ പരിശോധനയ്ക്കെന്ന പേരിൽ റഗുലേറ്ററി സംവിധാനവുമായി കേന്ദ്ര സർക്കാർ. ധാരാളം വിമർശനങ്ങളും ആശങ്കകളും ഉണ്ടായിരുന്നിട്ടും, ഫെയ്സ്ബുക്ക്, ട്വിറ്റർ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ സർക്കാരുമായി ബന്ധപ്പെട്ട ഉള്ളടക്കം “വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ”എന്ന് തീരുമാനിക്കാൻ ഫാക്ട് ചെക്ക് (വസ്തുത പരിശോധനയ്ക്ക്) സമിതിയെ നിയമിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു

തങ്ങളുടെ പ്ലാറ്റ്ഫോമുകൾ സുരക്ഷിതമായി നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ കമ്മിറ്റി അടയാളപ്പെടുത്തുന്ന ഉള്ളടക്കം ഓൺലൈൻ ഇന്റർമീഡിയറികൾ നീക്കം ചെയ്യേണ്ടിവരും. അല്ലെങ്കിൽ, മൂന്നാം കക്ഷിയെന്ന നിലയിൽ ആ ഉള്ളടക്കവുമായി ബന്ധപ്പെട്ട് അവർക്ക് ലഭിക്കുന്ന നിയമപരമായ പരിരക്ഷയെ ഇത് ബാധിച്ചേക്കാം.

വ്യാഴാഴ്ച, ഇലക്ട്രോണിക്സ്- ഐടി മന്ത്രാലയം 2021ലെ ഇൻഫർമേഷൻ ടെക്നോളജി ചട്ടങ്ങളിലെ ഭേദഗതികൾ വിജ്ഞാപനം ചെയ്തു. ഇത് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട ഓൺലൈൻ എത്തുന്ന വിവരങ്ങൾ കൃത്യമാണോ എന്ന് പരിശോധിക്കാൻ ഒരു വസ്തുതാ പരിശോധനാ സംവിധാനത്തെ നിയമിക്കാൻ മന്ത്രാലയത്തെ അനുവദിക്കുന്നു.

വാർത്തകൾ പങ്കിടാനുള്ള കേന്ദ്രത്തിന്റെ നോഡൽ ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) വസ്തുതാ പരിശോധന യൂണിറ്റ് “വ്യാജം”എന്ന് തീരുമാനിക്കുന്ന ഒരു വാർത്തയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ അനുവദിക്കില്ലെന്ന് മന്ത്രാലയം, ജനുവരിയിൽ പറഞ്ഞിരുന്നു. മാസങ്ങൾക്ക് ശേഷമാണ് ഇതിന്റെ അന്തിമ നിയമങ്ങൾ വരുന്നത്. എന്നിരുന്നാലും, അന്തിമ കരട് രേഖയിൽ പിഐബിയെക്കുറിച്ചുള്ള പരാമർശം നീക്കം ചെയ്‌തു.

മന്ത്രാലയത്തിന്റെ നിർദ്ദേശം നേരത്തെ തന്നെ ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. “വ്യാജ വാർത്തകളുടെ നിർണ്ണയം സർക്കാരിന്റെ മാത്രം കൈകളിൽ ആയിരിക്കാൻ പാടില്ലെന്നും അത് മാധ്യമങ്ങളുടെ സെൻസർഷിപ്പിന് കാരണമാകുമെന്നും” എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ന്യൂസ് ബ്രോഡ്‌കാസ്റ്റേഴ്‌സ് ആൻഡ് ഡിജിറ്റൽ അസോസിയേഷൻ ഇത് “മാധ്യമങ്ങളെ അടിച്ചമർത്തുമെന്നും” അതിനാൽ പിൻവലിക്കണമെന്നും പറഞ്ഞു.

അന്തിമ നിയമങ്ങളിൽ പറയുന്നതെന്ത്?

ഫെയ്സ്ബുക്ക്, യൂട്യൂബ്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ തുടങ്ങിയ ഇന്റർനെറ്റ് സേവന ദാതാക്കളും ഉൾപ്പെടെയുള്ള ഓൺലൈൻ ഇന്റർമീഡിയറികൾ, കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വാർത്തകളിൽ , ‘വ്യാജം’ എന്ന് ‘ഫാക്ട് ചെക്ക് യൂണിറ്റ്’ തീരുമാനിച്ചതൊന്നും നൽകാൻ പാടില്ലെന്നാണ് ഇപ്പോൾ നിയമത്തിൽ പറയുന്നത്. ഐടി മന്ത്രാലയത്തിന്റെ കീഴിലാണ് ഫാക്ട് ചെക്ക് യൂണിറ്റ്.

വരാനിരിക്കുന്ന വസ്തുത പരിശോധന യൂണിറ്റ് ‘വ്യാജം’ എന്ന് തീരുമാനിക്കുന്ന വാർത്തകൾ അവരവരുടെ പ്ലാറ്റ്ഫോമുകളിൽനിന്നു നീക്കം ചെയ്യേണ്ടത്, ഓൺലൈൻ ഇന്റർമീഡിയറികളുടെ ചുമതലയാണ്. അങ്ങനെ ചെയ്യാത്തപക്ഷം, ഉള്ളടക്കത്തിനെതിരായ കേസുകളിൽ നിന്ന് അവർക്ക് ലഭിക്കുന്ന സംരക്ഷണത്തെ ബാധിക്കാം. സോഷ്യൽ മീഡിയ സൈറ്റുകൾ അത്തരം പോസ്റ്റുകൾ നീക്കം ചെയ്യേണ്ടിവരും. ഇന്റർനെറ്റ് സേവന ദാതാക്കൾ അത്തരം ഉള്ളടക്കത്തിന്റെ യൂആർഎല്ലുകൾ ബ്ലോക്ക് ചെയ്യേണ്ടിവരും.

പുതിയ നിയമവുമായി ബന്ധപ്പെട്ട ആശങ്കകൾ എന്തൊക്കെ?

ഓൺലൈനിൽ നടക്കുന്ന സംവാദങ്ങളെ ഈ നിയമം തടസ്സപ്പെടുത്തുമെന്ന്, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ പറഞ്ഞു. “ഈ ഭേദഗതി ചെയ്ത നിയമം സംബന്ധിച്ച വിജ്ഞാപനം ഏതൊരു വ്യക്തിയുടെയും പ്രത്യേകിച്ച് മാധ്യമപ്രവർത്തകർ, പ്രസാധകർ, ആക്ടിവിസ്റ്റുകൾ എന്നിവരുടെ അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്നതാണ്.

2000ലെ ഐടി ആക്ടിന്റെ സെക്ഷൻ 69എ പ്രകാരം നിയമപരമായി നിർദ്ദേശിച്ചിരിക്കുന്ന പ്രക്രിയയെ മറികടന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോടും ഇന്റർനെറ്റ് സ്റ്റാക്കിലുള്ള മറ്റ് ഇന്റർമീഡിയറികളോടും, ഏത് വിവരവും നീക്കം ചെയ്യാനുള്ള ഉത്തരവ് നൽകാൻ ഫാക്ട് ചെക്ക് യൂണിറ്റിന് കഴിയും,” ഡൽഹി ആസ്ഥാനമായുള്ള ഡിജിറ്റൽ റൈറ്റ്സ് ഗ്രൂപ്പായ ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ പ്രസ്താവനയിൽ പറഞ്ഞു.

മുൻ നിർദ്ദേശത്തിൽ നിന്ന് വ്യത്യസ്തമായി, പ്രസ് ഇൻഫർമേഷൻ ബ്യൂറോയെ ഉചിതമായ വസ്തുതാ പരിശോധനാ ഏജൻസിയായി നിയമിച്ചിട്ടില്ലെങ്കിലും, അതിന്റെ ആത്യന്തിക ഫലം ഒന്നുതന്നെയാണെന്ന് ഗ്ലോബൽ റൈറ്റ്സ് ഗ്രൂപ്പായ ആക്‌സസ് നൗ പറഞ്ഞു. “ ഇത് എംഇഐടിവൈ തിരഞ്ഞെടുക്കുന്ന സർക്കാർ ഏജൻസികളെ പരിശോധനയ്ക്കായി കൊണ്ടുവരുന്നു, ” അവർ പറഞ്ഞു.

സെൻസർഷിപ്പുമായി ബന്ധപ്പെട്ട ആശങ്കകളെക്കുറിച്ച് കേന്ദ്രത്തിന്റെ മറുപടി

സർക്കാർ പിന്തുണയുള്ള ഫാക്ട് ചെക്ക് യൂണിറ്റ് വിശ്വസനീയമായ രീതിയിൽ പ്രവർത്തിക്കുമെന്നും ആശങ്കകളെ പരിഗണിക്കുമെന്നും ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ “ഉറപ്പ്” നൽകി

“ഞങ്ങൾ ഏജൻസിയെ നോട്ടിഫൈ ചെയ്യുമ്പോൾ, സർക്കാരിന് വേണ്ടി അധികാരം ദുരുപയോഗം ചെയ്യുമെന്ന ജനങ്ങളുടെ സംശയങ്ങൾ പരിഹരിക്കപ്പെടുമെന്നും ഞങ്ങൾ ഉറപ്പാക്കും. ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് ഒരു ലിസ്റ്റ് ഉണ്ടായിരിക്കും, അത് പാലിക്കേണ്ടതുണ്ട്,”രാജീവ് ചന്ദ്രശേഖർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

“ഇത് സാധാരണപോലെ ആയിരിക്കില്ലെന്ന് ഉറപ്പു നൽകുന്നു. സർക്കാർ സ്ഥാപനം പോലെയുള്ള യൂണിറ്റ് ആയിരിക്കുമത്. തീർച്ചയായും വിശ്വസനീയമായ രീതിയിൽ വസ്തുതാ പരിശോധന നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അത് സർക്കാരിന് മാത്രമല്ല, വസ്തുതാ പരിശോധനയെ ആശ്രയിക്കാൻ പോകുന്ന ഇന്റർമീഡിയറികൾക്കും കൂടി വേണ്ടിയുള്ളതാണ്, ” അദ്ദേഹം വിശദീകരിച്ചു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Govt appointed fact check body what it will do