/indian-express-malayalam/media/media_files/2026/02/24/revenue-digital-card-new-2026-02-24-17-25-08.jpg)
പ്രതീകാത്മക ചിത്രം (Image Generated by Google Gemini)
വസതുസംബന്ധമായ കാര്യങ്ങൾക്ക് വില്ലേജോഫീസിൽ കയറിയിറങ്ങാത്ത മലയാളികൾ ഉണ്ടാവില്ല. പലപ്പോഴും വസ്തു സംബന്ധമായ കാര്യങ്ങളുടെ വിവരങ്ങൾ ലഭിക്കുന്നതിന് പൊതുജനം നിരവധി തടസ്സങ്ങളും നേരിടുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ലഘൂകരിക്കുന്നതിന് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് സംസ്ഥാന റവന്യു വകുപ്പ്. റവന്യു കാർഡ് എന്ന് പുതിയ പദ്ധതിയിലൂടെ ഒരു വ്യക്തിയുടെ ഭൂമി സംബന്ധമായ വിവരങ്ങളെല്ലാം ഒരൊറ്റ കുടക്കീഴിലാക്കിയിരിക്കുകയാണ് സംസ്ഥാന റവന്യു വകുപ്പ്.
എന്താണ് റവന്യു കാർഡ് ?
ഒരു വ്യക്തിയുടെ ആധാർ കാർഡ് പോലെ തന്നെ ആ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ സമഗ്ര വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന പദ്ധതിയാണ് റവന്യുകാർഡ്. കേരളത്തിലെ റവന്യൂ ഭരണസംവിധാനത്തെ പൂർണ്ണമായും ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് റവന്യു കാർഡ് പുറത്തിറക്കുന്നത്. ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായാണ് പദ്ധതി തയ്യാറാക്കുന്നത്.
Also Read:ബംഗ്ലാദേശിന്റെ ഭാവി താരിഖ് റഹ്മാന്റെ കൈകളിലോ? പ്രവാസത്തിൽ നിന്നുള്ള മടങ്ങിവരവും പുതിയ വെല്ലുവിളികളും
സംസ്ഥാനത്തെ ഓരോ ഭൂഉടമയ്ക്കും, ഭൂസംബന്ധമായ കൃത്യമായ തിരിച്ചറിയൽ രേഖ ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ കാതൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് 10 അക്കങ്ങൾ വരുന്ന ഒരു തനത് ഐ .ഡിയിൽ അധിഷ്ഠിതമായ ഡിജിറ്റൽ റവന്യൂ കാർഡ് എന്ന ആശയത്തിന്റെ ഉത്ഭവം.
റവന്യൂ വകുപ്പിന് വേണ്ടി കെൽട്രോണും , ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരളയും ചേർന്ന് ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് പ്രസ്തുത കാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുള്ളത്. ക്യുആർ കോഡ് സാങ്കേതികവിദ്യ കൂടെ ഈ കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കാർഡിൽ എന്തൊക്കെ വിവരങ്ങൾ ?
ഈ ഡിജിറ്റൽ റവന്യൂ കാർഡിൽ ഒരു ഭൂവുടമയ്ക്ക് ആവശ്യമായ റവന്യൂ വകുപ്പിലെ പ്രധാന വിവരങ്ങളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.ഭൂമിയുടെ ഇനം, തരം, കൃത്യമായ വിസ്തീർണ്ണം എന്നിവ ഇതിൽ രേഖപ്പെടുത്തിയിരിക്കും.
ഭൂവുടമയുടെ പേരും, വിലാസവും, പ്രസ്തുത ഭൂമിയിലുള്ള കെട്ടിടങ്ങളെ സംബന്ധിച്ച വിവരങ്ങളും ഇതിൽ ലഭ്യമാകും.
ഏറ്റവും പ്രധാനമായി, ഭൂനികുതി, കെട്ടിടനികുതി, അധികനികുതി എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഈ കാർഡിലൂടെ അറിയാൻ സാധിക്കും.
ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ
ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിനാൽ പൊതുജനങ്ങൾ നൽകുന്ന വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കപ്പെടും. കൂടാതെ രേഖകളുടെ ആധികാരികതയും, സുതാര്യതയും ഉറപ്പുവരുത്തുവാനും ഇത് സഹായിക്കുന്നതാണ്. ഈ കാർഡിന്റെ വരവോടെ പൊതുജനങ്ങൾക്ക് വിവിധ രേഖകൾ കൈവശം വെക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കപ്പെടും.
Also Read:പരസ്യവും താരങ്ങളുടെ ബാധ്യതയും; മോഹൻലാലിനെതിരെയുള്ള ഹർജിയിൽ ഹൈക്കോടതിയുടെ നിരീക്ഷണം ചർച്ചയാകുന്നു
നിലവിൽ വിവിധ ഓഫീസുകളിൽ അപേക്ഷകൾ സമർപ്പിക്കുമ്പോൾ വെരിഫിക്കേഷനായി വ്യത്യസ്ത റവന്യൂ രേഖകൾ ഹാജരാക്കേണ്ടതുണ്ട്. ഇതിന് പകരമായി, കാർഡ് ഐഡി മാത്രം നൽകുന്ന ഒരു സംവിധാനം വികസിപ്പിച്ചുവരികയാണ്. റവന്യൂ വകുപ്പിൽ നിന്നും ലഭ്യമായിട്ടുള്ള വിവിധ സർട്ടിഫിക്കറ്റുകൾ, നികുതി രസീതുകൾ എന്നിവ ഇനിമുതൽ ഈ കാർഡ് വഴി ക്രോഡീകരിക്കപ്പെടും.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് എപിഐ മുഖേന ഫെയർ വാല്യൂ ക്ലാസ്സിഫിക്കേഷൻ,റേഷൻ കാർഡ്, ആധാർ വിവരങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാവിയിൽ ഭൂസേവനങ്ങൾ നൽകുന്ന സർക്കാരിന്റെ ഇതര വകുപ്പുകൾ വഴി നൽകുന്ന സേവനങ്ങൾ കൂടെ ഈ കാർഡിന്റെ കുടക്കീഴിൽ കൊണ്ടുവരുവാൻ റവന്യു വകുപ്പ് ഉദ്ദേശിക്കുന്നുണ്ട്.
എവിടെയെല്ലാം കാർഡ് ലഭിക്കും ?
സംസ്ഥാനത്തെ ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ എല്ലാ വില്ലേജ് പരിധികളിലും റവന്യു കാർഡ് ലഭ്യമാക്കും. നിലവിൽ സംസ്ഥാനത്തെ 170 വില്ലേജ് പരിധികളിലാണ് ഡിജിറ്റൽ സർവേ പൂർത്തിയായത്. മാർച്ച് 30-ന് മുന്നോടിയായി 300 വില്ലേജുകളിലെ ഡിജിറ്റൽ സർവേകൂടി പൂർത്തിയാകും. ആദ്യഘട്ടത്തിൽ മൊത്തം 470 വില്ലേജുകളിൽ റവന്യു കാർഡുകൾ വിതരണം ചെയ്യും.
Also Read:തൊഴിലുറപ്പ് പദ്ധതി കൃഷിയെ തളർത്തുന്നുണ്ടോ? പുതിയ കണക്കുകൾ പറയുന്നത് എന്ത്?
റവന്യു വകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 27 ലക്ഷം ഹെക്ടർ റവന്യുഭൂമിയാണ് നിലവിലുള്ളത്. ഡിജിറ്റൽ സർവേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി എല്ലാ വില്ലേജ് പരിധിയിലും റവന്യു കാർഡ് നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Read More:വിദേശ നിക്ഷേപ പരിധി 100 ശതമാനമാക്കും,കോമ്പോസിറ്റ് ലൈസൻസ് ഇല്ല; പുതിയ ഇൻഷുറൻസ് ബില്ലിനെപ്പറ്റി അറിയാൻ സമഗ്രമായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us