ഇന്ത്യയില്‍ ബുധനാഴ്ച്ച 10 ഗ്രാം സ്വര്‍ണത്തിന്റെ വില 50,000 രൂപയെത്തി. ലോകത്തേറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ചൈനയാണ് ഒന്നാമത്. കോവിഡ്-19 മഹാമാരി, ദുര്‍ബലമാകുന്ന ഡോളര്‍, കുറഞ്ഞ പലിശ നിരക്ക്, ഉത്തേജന പാക്കേജുകള്‍ എന്നിവയാണ് സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ദ്ധിപ്പിച്ചത്.
കോവിഡ്-19 മഹാമാരി ആഗോള സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന അവസ്ഥയില്‍ മഞ്ഞ ലോഹം എന്തുകൊണ്ടാണ് സ്വപ്ന നേട്ടം കൈവരിക്കുന്നത്?. വില വര്‍ദ്ധിക്കുന്ന പ്രവണത തുടരുമോ?
സ്വര്‍ണ വില എന്തുകൊണ്ട് മുകളിലേക്ക് കയറുന്നു?
2020-ന്റെ ആദ്യ പകുതിയില്‍ സ്വര്‍ണം അവിസ്മരണീയമായ പ്രകടനമാണ് കാഴ്ച്ചവച്ചത്. മാര്‍ച്ചിലെ കുറഞ്ഞ വിലയില്‍ നിന്നും 25 ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. മറ്റു പ്രധാന നിക്ഷേപങ്ങളെ പിന്തള്ളിയാണ് സ്വര്‍ണത്തിന്റെ കുതിച്ചുകയറ്റം. ബുധനാഴ്ച്ച ലണ്ടനില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ ഭാവി വില ഒമ്പത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരുന്നു. 1,856.60 ഡോളര്‍ ആണ് വില. 2011 സെപ്തംബറില്‍ രേഖപ്പെടുത്തിയ 1,920 ഡോളര്‍ ആണ് ഇതുവരെയുള്ള ഏറ്റവും വലിയ വില. ആ റെക്കോര്‍ഡ് വിലയിലേക്ക് നീങ്ങുകയാണ് നിലവില്‍ സ്വര്‍ണം. 31.1034768 ഗ്രാമാണ് ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണം.
Read Also:
ലോകമെമ്പാടും മാര്‍ച്ചിലെ ഏറ്റവും കുറഞ്ഞ നിലവാരത്തില്‍ നിന്നും അവധി വ്യാപാരം
ശക്തമായി തിരിച്ചുവന്നുവെങ്കിലും കോവിഡ്-19 മഹാമാരിയെ തുടര്‍ന്നുള്ള ഉയര്‍ന്ന അനിശ്ചിതാവസ്ഥയും വളരെക്കുറഞ്ഞ പലിശ നിരക്കും സ്വര്‍ണത്തിന്റെ വിലക്കുതിപ്പിനെ സഹായിക്കുകയാണ്. പണ വിപണിയേയും ഉയര്‍ന്ന മൂല്യമുള്ള ബോണ്ട് ഫണ്ടുകളേയും പോലെ സ്വര്‍ണം നിക്ഷേപകരുടെ റിസ്കിനെ കുറയ്ക്കുന്നു. ഇന്ത്യയിലെ സ്വര്‍ണ വിലയെ നിയന്ത്രിക്കുന്നത് അന്താരാഷ്ട്ര വിലയാണ്.
ഡോളറിന്റെ വില കുത്തനെ ഇടിയുന്നതും കൂടുതല്‍ സാമ്പത്തിക ഉത്തേജന പദ്ധതികള്‍ വരുന്നതും നിക്ഷേപകര്‍ വരുന്നതും കാരണം കഴിഞ്ഞ ഏതാനും മാസങ്ങളായി അന്താരാഷ്ട്ര സ്വര്‍ണ വില വര്‍ദ്ധിക്കുകയായിരുന്നു. വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്നതും യുഎസ്-ചൈന സംഘര്‍ഷം വര്‍ദ്ധിക്കുന്നതും സ്വര്‍ണ വിലയ്ക്ക് അടിസ്ഥാനമിടുന്നു, കൊടാക് സെക്യൂരിറ്റീസിന്റെ കമ്മോഡിറ്റി റിസര്‍ച്ച് വിഭാഗം തലവന്‍ രവീന്ദ്ര റാവു പറഞ്ഞു.
എന്തുകൊണ്ട് സ്വര്‍ണം സുരക്ഷിത സ്വര്‍ഗമാകുന്നു?
ഇന്ത്യയില്‍ വിവാഹത്തിന്റെ അവിഭാജ്യ ഘടകമാണ് സ്വര്‍ണം. പണപ്പെരുപ്പത്തിന് എതിരായ ഒരു സുരക്ഷിത വേലിയായി പരമ്പരാഗതമായി ഉപയോഗിക്കുന്നുണ്ട്. കൂടാതെ, അനിശ്ചിതത്വം നിറഞ്ഞ കാലങ്ങളില്‍ നിക്ഷേപകര്‍ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപ മാര്‍ഗമായി കരുതുന്നു. ലോകമെമ്പാടും ഓഹരി വിപണികളും റിയല്‍ എസ്റ്റേറ്റും ബോണ്ടുകളും തകരുമ്പോള്‍ നിക്ഷേപകര്‍ തങ്ങളുടെ ഫണ്ട് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നു.
കഴിഞ്ഞ കുറച്ചു കാലമായി സ്വര്‍ണത്തിന്റെ ലഭ്യതയിലുണ്ടായ വര്‍ദ്ധനവാണ് ഈ മികച്ച പ്രകടനത്തിന് പിന്നിലെ ഒരു പ്രധാന ഘടകം. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ കൊണ്ട് സ്വര്‍ണത്തിന്റെ ലഭ്യതയില്‍ 1.6 ശതമാനം വര്‍ദ്ധനവ് ഉണ്ടായി.
നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം കരുത്ത് തെളിയിച്ചിട്ടുണ്ട്. കരുതല്‍ ആസ്തിയും എപ്പോള്‍ വേണമെങ്കിലും പണമാക്കി മാറ്റാമെന്നുള്ളതും ആര്‍ക്കും ബാധ്യതയല്ലാത്തതുമാണ് സ്വര്‍ണം.
സ്വര്‍ണ വില ഇനിയും വര്‍ദ്ധിക്കുമോ?
അടുത്ത 18 മുതല്‍ 24 മാസങ്ങള്‍ കൊണ്ട് 10 ഗ്രാം സ്വര്‍ണത്തിന്റെ വില 65,000 രൂപയായി ഉയരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ആഗോളതലത്തില്‍ കോവിഡ് കേസുകളുടെ എണ്ണം നിയന്ത്രണവിധേയമാകുകയും വാക്സിന് വിപണിയിലെത്തുകയും ചെയ്യുന്നത് വരെ സ്വര്‍ണത്തിന്റെ കരുത്ത് തുടരുമെന്ന് മില്‍വുഡ് കെയ്ന്‍ ഇന്റര്‍നാഷണല്‍ സ്ഥാപകനും സിഇഒയുമായ നിഷ് ഭട്ട് പറയുന്നു.
വില ഉയരുന്നതിനാല്‍ നിക്ഷേപകര്‍ 2020-ലെ പ്രധാന നിക്ഷേപമായി സ്വര്‍ണത്തെ വരിച്ചു കഴിഞ്ഞു. രോഗം ഭേദമാകുന്നത് പരിഗണിക്കാതെ തന്നെ ഈ മഹാമാരി ആസ്തി വിഭജനത്തില്‍ ദീര്‍ഘകാല ഫലം സൃഷ്ടിച്ചു കഴിഞ്ഞു.
ഒരു തന്ത്രപ്രധാന ആസ്തിയായുള്ള സ്വര്‍ണത്തിന്റെ പങ്കിനെ ഇത് ഉറപ്പിക്കുമെന്ന് ലോക സ്വര്‍ണ കൗണ്‍സില്‍ റിപ്പോര്‍ട്ട് പറയുന്നു.
മികച്ച ഫലം ലഭിച്ചോ?
ചരിത്രപരമായി, സ്വര്‍ണം ദീര്‍ഘകാലമായി നല്ല കാലത്തും കെട്ട കാലത്തും മികച്ച റിട്ടേണ്‍ നല്കുന്നു. കഴിഞ്ഞ അര നൂറ്റാണ്ട് ചരിത്രം നോക്കുമ്പോള്‍ സ്വര്‍ണത്തിന്റെ വില 14.1 ശതമാനം വാര്‍ഷിക വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കൗണ്‍സില്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വര്‍ണ വില 40 ശതമാനം ഉയര്‍ന്നപ്പോള്‍ സെന്‍സെക്സ് 0.41 ശതമാനം നഷ്ടം രേഖപ്പെടുത്തി.
എത്ര വലുതാണ് ഇന്ത്യയുടെ സ്വര്‍ണ വിപണി?
ഇന്ത്യയിലെ ഭവനങ്ങളില്‍ 24,000 മുതല്‍ 25,000 ടണ്‍ സ്വര്‍ണം ഉണ്ടെന്നാണ് ലോക സ്വര്‍ണ കൗണ്‍സിലിന്റെ കണക്കുകൂട്ടല്‍. രാജ്യത്തെ വിവിധ ക്ഷേത്രങ്ങളിലും നല്ലൊരു പങ്ക് സ്വര്‍ണം ഉണ്ട്. 2019-20 സാമ്പത്തിക വര്‍ഷം റിസര്‍വ് ബാങ്ക് 40.45 ടണ്‍ സ്വര്‍ണം വാങ്ങിച്ചു. ഇത് ബാങ്കിന്റെ പക്കലുള്ള സ്വര്‍ണത്തിന്റെ അളവ് 653.01 ടണ്‍ ആയി ഉയര്‍ത്തി.
വില ഉയര്‍ന്നപ്പോള്‍ കോവിഡ്-19 മഹാമാരി മൂലമുള്ള സാമ്പത്തിക മാന്ദ്യവും ലോക്ക്ഡൗണും മഞ്ഞ ലോഹത്തിന്റെ ആവശ്യതകയെ ബാധിച്ചു. അതിന്റെ ഫലമായി സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ 2020 ജനുവരി-മാര്‍ച്ച് പാദത്തില്‍ മുന്‍വര്‍ഷത്തെ ഇതേകാലയളവിനേക്കാള്‍ 36 ശതമാനം ഇടിവുണ്ടായി. 159 ടണ്ണില്‍ നിന്നും 101.9 ടണ്ണായിട്ടാണ് വില കുറഞ്ഞത്. ഇന്ത്യയില്‍ 2019-ല്‍ 690.4 ടണ്‍ സ്വര്‍ണമാണ് ഉപയോഗിച്ചത്. അതേസമയം, 2018-ല്‍ ഇത് 760.4 ടണ്‍ ആയിരുന്നു. ഒമ്പത് ശതമാനം കുറവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയതെന്ന് കൗണ്‍സിലിന്റെ കണക്കുകള്‍ പറയുന്നു.
ഓരോ വര്‍ഷവും ഇന്ത്യയിലേക്ക് കള്ളക്കടത്തായി 120 മുതല്‍ 200 വരെ ടണ്‍ സ്വര്‍ണമാണ് എത്തുന്നത്. കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി ഡ്യൂട്ടി 12.5 ശതമാനമായി വര്‍ദ്ധിപ്പിച്ചിരുന്നു.
Read in English: Explained: Why gold prices are going up and will the trend continue?