മുംബൈ തീരത്ത് നിന്ന് ഗോവയിലേക്കുള്ള ക്രൂയിസ് കപ്പലിൽ ശനിയാഴ്ച രാത്രി നടത്തിയ റെയ്ഡിൽ നർകോടിക് കൺട്രോൾ ബ്യൂറോ (എൻസിബി) മയക്കുമരുന്ന് പിടിച്ചെടുത്തിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ എട്ട് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു.
റെയ്ഡിലേക്ക് നയിച്ച സാഹചര്യങ്ങൾ
ചില മയക്കുമരുന്ന് കച്ചവടക്കാരെ ചോദ്യം ചെയ്തപ്പോൾ ഗോവയിലേക്ക് കപ്പൽ യാത്ര ചെയ്യുന്ന ചിലർ മയക്കുമരുന്ന് കൊണ്ടുപോകുമെന്ന് അറിഞ്ഞതായി എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ, 20 ഓളം എൻസിബി ഉദ്യോഗസ്ഥർ കപ്പലിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുകയും യാത്രക്കാരുടെ വേഷത്തിൽ ഷിപ്പ് കോർഡേലിയ എന്ന ക്രൂയിസ് കപ്പലിൽ കയറുകയും ചെയ്തു. കപ്പലിലുണ്ടായിരുന്നവർ മയക്കുമരുന്ന് ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ അവരെ കൈയോടെ പിടികൂടുകയായിരുന്നെന്നും എൻസിബി ഉദ്യോഗസ്ഥർ പറയുന്നു.
അവരെ പിടികൂടിയ ശേഷം കപ്പലിന്റെ ക്യാപ്റ്റനോട് ദക്ഷിണ മുംബൈയിലെ ബല്ലാർഡ് പിയറിലെ അന്താരാഷ്ട്ര ക്രൂയിസ് ടെർമിനലിലേക്ക് തിരികെ പോകാൻ ആവശ്യപ്പെടുകയായിരുന്നു. പിടികൂടിയവരെ അടുത്തുള്ള എൻസിബി ഓഫീസിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
കേസിന്റെ അവസ്ഥ
നിലവിൽ, നടൻ ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ എട്ട് പേരെ എൻസിബി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, എൻസിബി ഉദ്യോഗസ്ഥർ രക്തപരിശോധന നടത്തുമെന്നും തടഞ്ഞുവച്ചിരിക്കുന്ന ചിലരുടെ ലഗേജ് പരിശോധിക്കുമെന്നും പറഞ്ഞു.
പിടികൂടിയ മയക്കു മരുന്നുകൾ
ക്രൂയിസ് കപ്പലിൽ നിന്ന് കൊക്കെയ്ൻ, മെഫെഡ്രോൺ, എംഡിഎംഎ, എക്സ്റ്റസി എന്നിവ കണ്ടെത്തിയതായാണ് എൻസിബി പറയുന്നത്. പിടിച്ചെടുത്ത മരുന്നുകളുടെ അളവ് അവർ ഇതുവരെ നിർണ്ണയിച്ചിട്ടില്ല. അളവ് നിശ്ചയിച്ചാൽ ഏതൊക്കെ വകുപ്പുകളിൽ കേസ് എടുക്കാമെന്ന കാര്യത്തിൽ അന്തിമ ധാരണ ലഭിക്കും.
കപ്പലിൽ മയക്കുമരുന്ന് കടത്തിയത് എങ്ങനെ?
ഇതുവരെയുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, ചില യാത്രക്കാർ സുരക്ഷാ പരിശോധനകൾ ഒഴിവാക്കുകയും മയക്കുമരുന്ന് കടത്തുകയും ചെയ്തതായി ആരോപിക്കപ്പെടുന്നു. അവരുടെ വസ്ത്രങ്ങളിൽ പ്രത്യേക പോക്കറ്റുകൾ തുന്നിച്ചേർത്തിരുന്നതായും എൻസിബി ഉദ്യോഗസ്ഥർ പറയുന്നുണണ്ട്. പിടിയിലായവരിൽ ഒരാൾ തന്റെ ഷൂവിന്റെ ഹീലിന്റെ ഭാഗത്ത് മയക്കുമരുന്ന് ഒളിപ്പിച്ചുവെന്നും ആരോപണമുണ്ട്.
Also Read: വ്യോമയാന ജീവനക്കാരിലെ മയക്കുമരുന്ന് ഉപയോഗം: പുതിയ ചട്ടങ്ങളുമായി ഡിജിസിഐ; അറിയേണ്ടതെല്ലാം
ആർക്കാണ് സുരക്ഷയുടെ ഉത്തരവാദിത്തം?
ക്രൂയിസ് കപ്പലുകളിലേക്കുള്ള യാത്രക്കാരുടെ പ്രവേശനം ബല്ലാർഡ് പിയറിലെ ഗ്രീൻ ഗേറ്റ് വഴിയാണ്. ഗേറ്റുകളിലെ സുരക്ഷ സിഐഎസ്എഫും ബോംബെ പോർട്ട് ട്രസ്റ്റും കൈകാര്യം ചെയ്യുന്നു.
കോർഡീലിയയുടെ ഉടമസ്ഥതയിലുള്ള വാട്ടർവേയ്സ് ലെഷർ ടൂറിസത്തിന്റെ എക്സിക്യൂട്ടീവുകൾക്ക് യാത്രക്കാരിൽ തിരച്ചിൽ നടത്താൻ കഴിയില്ല. കപ്പലിൽ കയറുന്നതിന് മുമ്പ് യാത്രക്കാരെ പരിശോധിക്കേണ്ടത് സുരക്ഷാ സേനയുടെ ഉത്തരവാദിത്തമായിരുന്നു.
കപ്പലിലെ പ്രോഗ്രാമിനെക്കുറിച്ച് യാത്രക്കാർക്ക് അയച്ച ഒരു ബ്രോഷറിൽ, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതിൽ മയക്കുമരുന്ന് കപ്പലിൽ അനുവദനീയമല്ലെന്ന് പറയുന്നു.
കപ്പലിൽ പാർട്ടി നടത്താൻ കപ്പലുകൾക്ക് ലൈസൻസ് ഉണ്ടോ?
ക്രൂയിസ് കപ്പലുകൾക്ക് അവയുടെ പ്രവർത്തനത്തിന് ലൈസൻസ് ലഭിക്കണം.
കോർഡേലിയയ്ക്ക് ലൈസൻസ് ഇല്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് അമിതാഭ് കുമാർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. “ക്രൂയിസ് കപ്പലായ ഷിപ്പ് കോർഡെലിയയ്ക്ക് മർച്ചന്റ് ഷിപ്പിംഗ് ആക്റ്റ് പ്രകാരം ലൈസൻസ് ഇല്ല. ലൈസൻസിനായി ഓപ്പറേറ്റർമാർ അപേക്ഷിച്ചിരുന്നു. ചില പോരായ്മകളുണ്ടായിരുന്നു, ലൈസൻസ് നൽകിയിട്ടില്ല, ”അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് കടത്തുമായി തങ്ങൾക്ക് ബന്ധമില്ലെന്നാണ് കപ്പൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, കോർഡേലിയ സിഇഒയും വാട്ടർവേസ് ലീഷർ ടൂറിസം പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രസിഡന്റുമായ ജർഗൻ ബെയ്‌ലോം മറുപടി നൽകിയത്. “ഈ പ്രസ്താവനയിലൂടെ, കോർഡേലിയ ക്രൂയിസ് ഒരു തരത്തിലും ഈ വിഷയത്തിൽ ഇല്ലെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. ഈ സംഭവവുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ല. കോർഡേലിയ ക്രൂയിസ് ഡൽഹി ആസ്ഥാനമായുള്ള ഇവന്റ് മാനേജുമെന്റ് കമ്പനിക്ക് ഒരു സ്വകാര്യ പരിപാടിക്കായി കപ്പൽ ചാർട്ട് ചെയ്തതായിരുന്നു,” കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
Also Read: ഡ്രോണുകൾക്കായി വ്യോമമേഖല ഭൂപടം, മൂന്ന് സോണുകൾ- അറിയേണ്ടതെല്ലാം
തങ്ങളോടൊപ്പം യാത്ര ചെയ്യാൻ തിരഞ്ഞെടുക്കുന്ന കുടുംബങ്ങൾക്ക് സുരക്ഷിതമായ വിനോദം നൽകുന്നതിൽ കോർഡെലിയ ക്രൂയിസ് അങ്ങേയറ്റം ശ്രദ്ധാലുക്കളാണെന്നും കമ്പനി പ്രസ്താവനയിൽ പറയുന്നു.
“ഈ സംഭവം അതിന് വിരുദ്ധവും കോർഡേലിയ ക്രൂയിസ് പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തിൽ നിന്ന് വളരെ അകലെയുമാണെന്നും. കോർഡെലിയ ക്രൂയിസിൽ ഞങ്ങൾ ഇതുപോലുള്ള എല്ലാ പ്രവൃത്തികളെയും അപലപിക്കുകയും ഭാവിയിൽ സമാനമായ സംഭവങ്ങൾക്കായി ഞങ്ങളുടെ കപ്പലിനെ അനുവദിക്കുന്നതിൽ നിന്ന് കർശനമായി വിട്ടുനിൽക്കുകയും ചെയ്യും. എന്നിരുന്നാലും, കോർഡേലിയ ക്രൂയിസ് ഞങ്ങളുടെ പൂർണ്ണ പിന്തുണയും അധികാരികളുമായി സഹകരിക്കുകയും ചെയ്യുന്നുണ്ട്,” പ്രസ്താവനയിൽ പറയുന്നു.
തയ്യാറാക്കിയത്: മുഹമ്മദ് താവെർ, യോഗേഷ് നായക്