scorecardresearch
Latest News

28, 29 തിയ്യതികളിലെ ദേശീയ പൊതുപണിമുടക്ക് ആരെയൊക്കെ ബാധിക്കും?

കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് ദേശ വ്യാപകമായി 28, 29 തിയ്യതികളില്‍ നടത്തുന്ന പൊതുപണിമുടക്ക് ഏതൊക്കെ മേഖലകളില്‍ ആരെയൊക്കെ, എങ്ങനയൊക്കെ ബാധിക്കും?

General strike, General strike date, ie malayalam

പ്രാദേശിക തലത്തില്‍ വിവിധ പ്രക്ഷോഭങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് ദേശീയ തലത്തില്‍ രണ്ട് ദിവസത്തെ പൊതുപണിമുടക്ക് വരുന്നത്. മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍, ന്യൂനപക്ഷങ്ങള്‍, തൊഴിലാളികള്‍ എന്നിവര്‍ കഴിഞ്ഞ കുറേക്കാലമായി പല പണിമുടക്കുകളും നടത്തിയിട്ടുണ്ട്. ലോകശ്രദ്ധ ആകര്‍ഷിച്ച സമരങ്ങളായിരുന്ന സി എ എ വിരുദ്ധ സമരവും കര്‍ഷകര്‍ നടത്തിയ കാര്‍ഷിക ബില്‍ വിരുദ്ധ സമരവും. ഈ സമരങ്ങളുടെ ഊര്‍ജം രണ്ട് മോദി സര്‍ക്കാരുകളും അനുഭവച്ചറിഞ്ഞതാണ്.

കോവിഡ് മഹാമാരിക്കാലത്തെ തുടര്‍ന്ന് സി എ എ വിരുദ്ധ സമരത്തിന് ശക്തി കുറഞ്ഞുവെങ്കിലും കോവിഡ് മഹാമാരിക്കാലത്താണ് കാര്‍ഷിക ബില്ലിനെതിരെ കര്‍ഷകര്‍ അതിശക്തമായ പോരാട്ടം നടത്തിയത്. മാസങ്ങള്‍ നീണ്ടുനിന്ന സമരത്തിനൊടുവില്‍ സര്‍ക്കാരിന് ഈ ബില്‍ പിന്‍വലിക്കേണ്ടി വന്നു.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന തൊഴില്‍ നയത്തിനെതിരെയാണ് ദേശീയ തലത്തില്‍ ദ്വിദിന പണിമുടക്ക് നടത്തുന്നത്. വിവിധ തൊഴിലാളി സംഘടനകളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്ത വേദി സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷനാണ് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്.

പണിമുടക്ക് എത്രസമയം? എപ്പോൾ മുതൽ എപ്പോൾ വരെ?

ദ്വിദിന പണിമുടക്ക് 48 മണിക്കൂർ നേരമാണ് നീണ്ടു നിൽക്കുന്നത്. മാർച്ച് 27 ന്  ഞായർ അർദ്ധ രാത്രി 12 മണിക്ക് (മാർച്ച് 28 തിങ്കൾ) മുതൽ മാർച്ച് 29 ചൊവ്വ വൈകിട്ട് ആറ് മണി വരെ തുടരും.

ദ്വിദിന പൊതുപണിമുടക്കിലെ പ്രധാന ആവശ്യങ്ങള്‍ എന്തൊക്കെ?

തൊഴില്‍ കോഡ് റദ്ദാക്കുക, അവശ്യ പ്രതിരോധ സേവന നിയമം പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ ആസ്തി വിറ്റഴിക്കല്‍ പദ്ധതിയും നിര്‍ത്തിവെക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം ഉയര്‍ത്തുക, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചശേഷം സംയുക്ത കിസാന്‍ മോര്‍ച്ച സമര്‍പ്പിച്ച അവകാശപത്രിക അംഗീകരിക്കുക, സമ്പന്നര്‍ക്കുമേല്‍ സമ്പത്ത് നികുതി (വെല്‍ത്ത് ടാക്‌സ്) ചുമത്തുക, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള കേന്ദ്ര എക്സൈസ് നികുതി വെട്ടിക്കുറയ്ക്കുക, വിലക്കയറ്റം തടയുക, ദേശീയ പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍.

Also Read: ജനത്തെ വലച്ച് സ്വകാര്യ ബസ് സമരം; രണ്ടാം ദിനവും തുടരുന്നു

ഇതിന് പുറമെ മിനിമം കൂലി അനുവദിക്കുക, സാമൂഹിക സുരക്ഷ സാര്‍വത്രികമാക്കുക, കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, മിനിമം പെന്‍ഷന്‍ വര്‍ധിപ്പിക്കുക തുടങ്ങിയവയും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. മഹാമാരിയും അടച്ചുപൂട്ടലുകളും ജോലിയും വരുമാനവുമില്ലാതാക്കിയ തൊഴിലാളികള്‍ക്ക് നേരിട്ട് പണം നല്‍കുക, ആവശ്യക്കാര്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളി സംഘടനകള്‍ മുന്നോട്ട് വെക്കുന്നുണ്ട്.

സമരത്തില്‍ പങ്കെടുക്കുന്ന പ്രധാന സംഘടനകള്‍ ആരൊക്കെയാണ്?

സി ഐ ടി യു, ഐ എന്‍ ടി യുസി, എ ഐ ടി യു.സി, എച്ച് എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, യുടിയുസി, എൽപിഎഫ്, എസ് ടി യു, തുടങ്ങി കേന്ദ്ര തൊഴിലാളി സംഘടനകളുടെ സംയുക്തവേദിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബാങ്ക് ജീവനക്കാരുടെ വിവിധ സംഘടനകള്‍ , ലൈഫ് ഇന്‍ഷ്വറന്‍സ് രംഗത്തെ സംഘടനകള്‍, കര്‍ഷക, കര്‍ഷകത്തൊഴിലാളി സംഘടനകള്‍, തുറമുഖ തൊഴിലാളി സംഘടനകള്‍, ബി എസ് എന്‍ എല്ലിലെ തൊഴിലാളി സംഘടനകള്‍, അധ്യാപക സംഘടനകള്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍, റെയില്‍വേ തൊഴിലാളികളുടെ സംഘടനകള്‍ എന്നിവരൊക്കെ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ രാഷ്ട്രീയ ധാരകളുടെ ഭാഗമായുള്ള വിവിധ തൊഴില്‍ സംഘടനകള്‍ പങ്കെടുക്കുന്നുണ്ട്. അതേമസമയം, കേന്ദ്രസർക്കാരിനെ അനകൂലിക്കുന്ന ബി എം എസ് പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.

Also Read: പൊള്ളുന്ന പാചകവാതക വില; കാരണമെന്ത്?

അഖിലേന്ത്യാതലത്തില്‍ നടക്കുന്ന ദ്വിദിന പണിമുടക്ക് കേരളത്തില്‍ പൂര്‍ണമാകാനാണ് സാധ്യത. കേരളത്തിലെ പ്രധാന തൊഴിലാളി സംഘടനകളൊക്കെ പണിമുടക്കില്‍ സജീമായി പങ്കെടുക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ബാധിക്കുക ബാങ്കിങ് മേഖലയാകുമെന്നാണ് കരുതുന്നത്. സാമ്പത്തിക വര്‍ഷത്തെ അവസാന ദിവസങ്ങളായതിനാല്‍ ബാങ്കിങ് ഒട്ടേറെ ബാങ്കിങ് ഇടപാടുകള്‍ നടക്കുന്ന സമയമാണ് എന്നതും ഈ ദിവസങ്ങളെ സംബന്ധിച്ച് ഏറെ ശ്രദ്ധേയമാണ്.

പണിമുടക്ക് ബാങ്കിങ് പ്രവര്‍ത്തനങ്ങളെ എങ്ങനെ ബാധിക്കും?

പണിമുടക്ക് രണ്ട് ദിവസമായാണ് നടക്കുന്നതെങ്കിലും നാല് ദിവസം തുടര്‍ച്ചയായി ബാങ്ക് ഇടപാടുകളെ ബാധിക്കും. നാലാം ശനിയാഴ്ചയായതിനാല്‍ ബാങ്കുകള്‍ 26 ന് പ്രവര്‍ത്തിക്കില്ല. 27 ഞായര്‍ അവധി ദിനമാണ്. അതിന് ശേഷം വരുന്ന തിങ്കളും ചൊവ്വയുമാണ് പണിമുടക്ക്. അന്നേദിവസം ബാങ്ക് പ്രവൃത്തി ദിനമാകില്ല. പിന്നെ 30, 31 ദിവസങ്ങളില്‍ ബാങ്ക് പ്രവൃത്തി ദിനമാണ്. വാര്‍ഷിക കണക്കെടുപ്പിനായി ഏപ്രില്‍ ഒന്നിന് ബാങ്ക് അവധിയായിരിക്കും.

എ ടി എമ്മുകളെ ബാധിക്കുമോ?

നാല് ദിവസം തുടര്‍ച്ചയായി സുഗമമായ ബാങ്കിങ് പ്രവൃത്തികള്‍ക്ക് തടസം സംഭവിക്കുന്നതിനാല്‍ അത് എ ടി എമ്മുകളിലുടെയുള്ള പണമിടപാടിനെയും ബാധിക്കും.

ഓണ്‍ലൈന്‍ ബാങ്കിങ്ങിനെ ബാധിക്കുമോ?

ഓണ്‍ലൈന്‍ ബാങ്കിങ് ഈ ദിവസങ്ങളിലും പ്രവര്‍ത്തനക്ഷമമായിരിക്കുമെന്നാണ് ബാങ്കിങ് രംഗത്തുള്ളവര്‍ വിശദീകരിക്കുന്നത്.

പുതുതലമുറ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിക്കുമോ?

പുതുതലമുറ ബാങ്കുകളില്‍ സമരം ശക്തമാകില്ലെങ്കിലും ഗതാഗത സൗകര്യക്കുറവ് മറ്റ് സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നത് എന്നിവയൊക്കെ അവിടുത്തെ പ്രവര്‍ത്തനങ്ങളെയും മന്ദഗതിയിലാക്കും.

ഗതാഗതത്തെ ബാധിക്കുമോ?

നിലവില്‍ തന്നെ സംസ്ഥാനത്ത് പൊതുഗതാഗത രംഗത്ത് സമരം നടക്കുകയാണ്. കേരളത്തിലെ സ്വകാര്യബസ് ഉടമകള്‍ നടത്തുന്ന സമരം ശക്തമാണ്. നിരക്ക് വര്‍ദ്ധനവ് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി അവര്‍ നടത്തുന്ന സമരം നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. നിലവിലത്തെ സാഹചര്യത്തില്‍ ആ സമരം നാല് ദിവസം കൂടി നീളാനാണ് സാധ്യത. അങ്ങനെ വന്നാല്‍ കേരളത്തില്‍ സമരം ശക്തമാകും.

Also Read: അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ 27 മുതല്‍ വീണ്ടും; യാത്രക്കാര്‍ക്ക് എത്രമാത്രം നേട്ടമാകും?

പൊതുപണിമുടക്കില്‍ കെ എസ് ആര്‍ ടിസിയിലെ ഭൂരിപക്ഷം ജീവനക്കാരും പങ്കെടുക്കുമെന്നാണ് യൂണിയനുകളുടെ പങ്കാളിത്തം കണക്കാക്കുമ്പോള്‍ കരുതാനാകുന്നത്. അതിനാല്‍ ആ ഗതാഗത സൗകര്യവും സ്ഥിരമുള്ളത് പോലെ ഉണ്ടാകാനിടയില്ല. സമാന്തര സര്‍വീസുകളും പണിമുടക്ക് ദിവസം വാഹനം നിരത്തിലിറക്കില്ല. ഓട്ടോ, ടാക്‌സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും.

റെയില്‍വേ ജീവനക്കാര്‍ പണിമുടക്കുന്നുണ്ടെങ്കിലും ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെടാന്‍ സാധ്യതയില്ല. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കരുത് എന്നാണ് സംഘടനകള്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.

പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളത് ആരെയൊക്കെ?

ആശുപത്രി, ആംബുലൻസ് സർവീസ് പത്രം, പാൽ, എയർപോർട്ട്, ഫയർ ആൻഡ് റെസ്ക്യൂ, വിവാഹം, സംസ്കാരച്ചടങ്ങുകൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, വിദേശ വിനോദ സഞ്ചാരകളുടെ യാത്ര തുടങ്ങി അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്നുമൊഴിവാക്കിയിട്ടുണ്ട്. 

കടകള്‍, ഹോട്ടലുകള്‍ എന്നിവയെ പണിമുടക്ക് ബാധിക്കുമോ?

വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ പണിമുടക്കുന്നതിനാല്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കാനാണ് സാധ്യത. ഹോട്ടലുകള്‍, വ്യാപാരികള്‍, സംരഭകര്‍, എന്നിവരെ പണിമുടക്കില്‍ നിന്നും ഒഴിവാക്കണമെന്ന് ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സംഘടനകള്‍ പണിമുടക്കുന്ന സംഘടനകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

യാത്രയ്ക്ക് തടസമുണ്ടാകുമോ? പണിമുടക്ക് ദിവസം യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോട്ടോർ വാഹന തൊഴിലാളി സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നതിനാലും കെ എസ് ആർ ടി സി, റെയിൽവേ എന്നിവിടങ്ങളിലെ ജീവനക്കാരിൽ പണിമുടക്കിൽ പങ്കെടുക്കുന്നവർ ഉള്ളതിനാലും ഗതാഗത സൗകര്യം പരിമിതമായിരിക്കും. നിലവിൽ തന്നെ സ്വകാര്യ ബസ് സമരം നടക്കുന്നതിനാൽ കേരളത്തിലെ ഗ്രാമീണ മേഖലകളിലുൾപ്പടെ യാത്ര ബുദ്ധിമുട്ടായിരിക്കും.

സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങരുതെന്ന് പണിമുടക്കുന്ന സംഘടനകൾ അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ, ഗതാഗതം തടയില്ല. അതേസമയം, ദീർഘ ദൂര യാത്രക്കാർ ഭക്ഷണം, വെള്ളം എന്നിവ കരുതണം. സമരം കാരണം കടകളും ഹോട്ടലുകളും അടഞ്ഞുകിടക്കാനുള്ള സാധ്യതയുണ്ട്.

റേഷൻകടകൾ ഞായറാഴ്ച തുറക്കും

28, 29 തിയ്യതികളിൽ വിവിധ ട്രേഡ് യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ റേഷൻ കടകൾ ഞാറയാഴ്ച പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: General strike 2022 date what is exempted all you want to know