ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ അറസ്റ്റിലായ അധോലോക കുറ്റവാളി രവി സുലിയ പൂജാരി എന്ന രവി പൂജാരിയെ ഏറെ ശ്രമങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ വർഷം ഫെബ്രുവരി അവസാനം ഇന്ത്യയിലെത്തിച്ചത്. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പൂജാരിയെ ബെംഗളുരുവിലെത്തിച്ചത്. 15 വര്‍ഷത്തിലേറെയായി പൊലീസ് തിരയുന്ന പൂജാരിക്കെതിരെ ഇരുന്നൂറിലേറെ ക്രിമിനല്‍ കേസുകളാണു രാജ്യത്തുള്ളത്. കൊലപാതകം, ഭീഷണിപ്പെടുത്തി പണംതട്ടല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസിലും പൂജാരി പ്രതിയാണ്. ഈ കേസില്‍ പൂജാരിയെ കൊച്ചിയില്‍ കൊണ്ടുവന്നു തെളിവെടുപ്പ് നടത്തും.
സെനഗലില്‍ ആന്തണി ഫെര്‍ണാണ്ടസ് എന്ന പേരില്‍ കഴിഞ്ഞിരുന്ന അന്‍പത്തിയൊന്നുകാരനായ രവി പൂജാരി റസ്‌റ്റോറന്റ് നടത്തുകയും ‘സാമൂഹ്യപ്രവര്‍ത്തനങ്ങ’ളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നതായാണു പൊലീസ് പറയുന്നത്. സന്നദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ പൂജാരി പ്രാദേശിക പത്രങ്ങളുടെ താളുകളിലും ഇടംപിടിച്ചു.
” ‘നമസ്‌തെ ഇന്ത്യ’ എന്ന പേരില്‍ പൂജാരി പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ റസ്‌റ്റോറന്റ് ശൃംഖല നടത്തുകയായിരുന്നു. ഒന്‍പത് ഔട്ട്‌ലറ്റുകളാണു ശൃംഖലയിലുണ്ടായിരുന്നത്. ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന വിവിധ ഗ്രാമീണമേഖലകളില്‍ പൂജാരി കുടിവെള്ള പമ്പുകള്‍ വിതരണം ചെയ്തു. നവരാത്രിക്കാലത്ത് പാവപ്പെട്ടവര്‍ക്കു വസ്ത്രം നല്‍കി. സെനഗലില്‍ പൂജാരി ജീവകാരുണ്യപ്രവര്‍ത്തകനെപ്പോലെയായിരുന്നു,” കര്‍ണാടക എഡിജിപി അമര്‍കുമാര്‍ പാണ്ഡെ പറഞ്ഞു.
ആരാണ് രവി പൂജാരി? അറസ്റ്റിലായത് എങ്ങനെ?
ആദ്യകാലങ്ങളിൽ രവി പൂജാര എന്നറിയപ്പെട്ടിരുന്ന രവി പൂജാരി ബുർകിനോ ഫാസോയിലുണ്ടെന്നാണ് ആദ്യം സ്ഥിരീകരിച്ചത്. പിന്നീട് സെനഗലിലുണ്ടെന്നു കണ്ടെത്തി. ഒടുവില്‍, സെനഗലിലെ ദാകറിലെ ബാര്‍ബര്‍ ഷോപ്പില്‍നിന്നു പ്രാദേശിക പൊലീസാണു പൂജാരിയെ കസ്റ്റഡിയിലെടുത്തത്. ബുര്‍കിനോ ഫാസോയിലും സെനഗലിലും കഴിയുമ്പോഴും മഹാരാഷ്ട്ര, കര്‍ണാടകം, ഗുജറാത്ത്, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ രവി പൂജാരി അധോലോക പ്രവര്‍ത്തനങ്ങള്‍ നടത്തി.
പൂജാരി സെനഗലില്‍ കസ്റ്റഡിയിലുള്ള വിവരം 2019 ജനുവരി 21നാണ് ഇന്ത്യയ്ക്കു വിവരം ലഭിച്ചത്. പൂജാരിയെ കൈമാറുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ സെനഗല്‍ അധികൃതര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. സെനഗലില്‍ മറ്റൊരു പേരിലാണു രവി പൂജാരി കഴിഞ്ഞിരുന്നത്. അതിനാല്‍ അറസ്റ്റിലായതു രവി പൂജാരി ആണോയെന്ന് ഉറപ്പുവരുത്തിയതു ഫോട്ടോയും വിരലടയാളവും സെനഗലിലേക്ക് അയച്ചുകൊടുത്താണ്.
” മുംബൈയിലെ ഒരു കൊലപാതകക്കേസില്‍ പൂജാരി 1994ല്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തില്‍ വിടും മുന്‍പ് പൂജാരിയുടെ വിരലടയാളങ്ങളും ഫോട്ടായും പൊലീസ് ശേഖരിച്ചു. ഒരിക്കല്‍ ജയിലില്‍നിന്നു പുറത്തിറങ്ങിയ അദ്ദേഹം ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ കൊലപാതകങ്ങളില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് നേപ്പാളിലേക്കു കടന്ന പൂജാരി അവിടെനിന്നു ബാങ്കോക്കിലേക്കും ഉഗാണ്ടയിലേക്കും പോയി. സെനഗലിലേക്കു പോകുന്നതിനു മുന്‍പ് 12 വര്‍ഷം പൂജാരി ബുര്‍കിന ഫാസോയിലാണു കഴിഞ്ഞിരുന്നത്,” അമര്‍കുമാര്‍ പാണ്ഡെ പറഞ്ഞു. ബുര്‍കിനോ ഫാസോയുടെ പാസ്‌പോര്‍ട്ടില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി സെനഗലില്‍ കഴിയുകയായിരുന്നു രവി പൂജാരി.

സെനഗലില്‍ പിടിയിലായതു രവി പൂജാരി തന്നെയാണെന്നു സ്ഥിരീകരിച്ചതോടെ ഇയാളെ വിട്ടുകിട്ടുന്നതു സംബന്ധിച്ച രേഖകള്‍ 2019 മാര്‍ച്ചിലാണ് ഇന്ത്യ അയച്ചത്. കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയും സെനഗലും തമ്മില്‍ കരാറില്ല. ഈ സാഹചര്യത്തില്‍ അതിര്‍ത്തികടന്നുള്ള സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരായ ഐക്യരാഷ്ട്ര സഭയുടെ രണ്ടായിരത്തിലെ കണ്‍വന്‍ഷന്റെ (യുഎന്‍സിടിഒസി) തീരുമാനപ്രകാരമാണ് ഇന്ത്യ സെനഗലിനെ സമീപിച്ചത്.
പൂജാരിക്കെതിരെ മഹാരാഷ്ട്രയിലെ സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ (മോക്ക) പ്രകാരം കേസുള്ളതു യുഎന്‍സിടിഒസി പ്രകാരമുള്ള കൈമാറ്റത്തിനു സഹായകരമായി. രവി പൂജാരിയെ കൈമാറാനുള്ള നടപടിക്രമങ്ങള്‍ 2019 മേയ് 15നു ആരംഭിച്ചിരുന്നു. എന്നാല്‍ പ്രാദേശികമായൊരു കുറ്റകൃത്യത്തിന്റെ പേരില്‍ ‘ആന്റണി ഫെര്‍ണാണ്ടസിനെതിരെ’ സെനഗലില്‍ പരാതിയുള്ളതു കാര്യങ്ങള്‍ തകിടം മറിച്ചു. ഇതോടെ പൂജാരി സെനഗലില്‍ തന്നെ കസ്റ്റഡിയില്‍ തുടരുകയും കൈമാറ്റം വൈകുകയുമായിരുന്നു. തന്നെ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനെതിരെ രവി പൂജാരി സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ബുധനാഴ്ച സെനഗല്‍ സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടെയാണു കൈമാറ്റം നടന്നത്.
കര്‍ണാടകയില്‍നിന്ന് മുംബൈയിലേക്കു നീണ്ട യാത്ര
കര്‍ണാടക ഉഡുപ്പി ജില്ലയിലെ മാല്‍പെയിലാണു രവി പൂജാരിയുടെ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതിരുന്ന പൂജാരി മുംബൈയിലെത്തുകയും അന്ധേരിയില്‍ ടീ സ്റ്റാള്‍ തുടങ്ങുകയുമായിരുന്നു. കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടു തുടങ്ങിയശേഷം പൂജാരി തന്റെ ജീവിതത്തിന്റെ പ്രധാനകാലം മുംബൈയിലും ഡോമ്പിവില്ലിയിലുമാണു ചെലവഴിച്ചത്. 1980കളില്‍ എതിരാളി ബാല സാള്‍തെയെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് പൂജാരി ഛോട്ടാ രാജന്റെ ശ്രദ്ധയിലെത്തുകയും ഇരുവരും ഒരുമിക്കുകയുമായിരുന്നു.
ഒരുകാലത്തെ തന്റെ നേതാവ് ഛോട്ടാ രാജനെപ്പോലെ പൂജാരിയും ‘ഹിന്ദു അധോലോക നായകന്‍’ അല്ലെങ്കില്‍ ‘ദേശസ്‌നേഹിയായ അധോലോക നായകന്‍’ വിളിപ്പേര് സമ്പാദിച്ചു. രാജനെപ്പോലെ പൂജാരിയും ദാവൂദ് ഇബ്രാഹിമിനൊപ്പം പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1993 ലെ മുംബൈ സ്‌ഫോടനത്തെത്തുടര്‍ന്നു ദാവൂദ് ഗാങ് സാമുദായികമായി ചേരിതിരിഞ്ഞതോടെ പൂജാരി, ‘ഹിന്ദു അധോലോക നായകന്‍’ എന്നു സ്വയം പ്രഖ്യാപിച്ച ഛോട്ടാ രാജനൊപ്പം ചേര്‍ന്നു.
2000 ല്‍ ബാങ്കോക്കിലായിരിക്കെ രാജനുനേര്‍ക്കു ദാവൂദ് സംഘം ആക്രമണം നടത്തിയതോടെ കാര്യങ്ങള്‍ മാറി. പിന്നീട് സ്വന്തം സംഘം രൂപീകരിച്ച പൂജാരി സ്വന്തം സ്ഥാനം രൂപപ്പെടുത്താന്‍ ശ്രമിച്ചു.
രവി പൂജാരിക്കെതിരായ കേസുകള്‍
രവി പൂജാരിയില്‍നിന്നു കൊലപാതക ഭീഷണി ലഭിച്ചെന്ന പരാതിയുമായി നിരവധി രാഷ്ട്രീയ നേതാക്കളും വ്യാപാരപ്രമുഖരും 2017ലും 2018ലും രംഗത്തെത്തി. സാമൂഹ്യപ്രവര്‍ത്തകരായ ഷെഹ്ല റാഷിദ്, ഉമര്‍ ഖാലിദ്, ജിഗ്‌നേഷ് മേവാനി എന്നിവര്‍ക്കെതിരെ പൂജാരി 2018ല്‍ ഭീഷണി മുഴക്കി. 10 കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് കര്‍ണാടക മുന്‍ വിദ്യാഭ്യാസ മന്ത്രി തന്‍വീര്‍ സേട്ട് പൊലീസില്‍ പരാതി നല്‍കി.
പണംതട്ടലുമായി ബന്ധപ്പെട്ട് 97 കേസാണു പൂജാരിക്കെതിരെ കര്‍ണാടകയിലുള്ളത്.
ഇതില്‍ 39 എണ്ണം ബെംഗളുരുവിലും 36 എണ്ണം മംഗളുരുവിലുമാണ്. മംഗളുരു മേഖലയിലെ രണ്ടു കേസുകളില്‍ പൂജാരിയെ കോടതി ശിക്ഷിച്ചിരുന്നു. ഒരു കേസില്‍ ജീവപര്യന്തവും മറ്റൊന്നില്‍ ഏഴുവര്‍ഷവും തടവാണു ശിക്ഷ ലഭിച്ചത്. ഗുജറാത്തില്‍ എഴുപതും മഹാരാഷ്ട്രയില്‍ ഇരുപത്തിയഞ്ചും കേസ് പൂജാരിക്കെതിരെയുണ്ട്.
അഞ്ചുവര്‍ഷത്തിലേറെയായി പൂജാരിയുടെ ലക്ഷ്യങ്ങളില്‍ മിക്കതും ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ തുടങ്ങിയ ബോളിവുഡ് താരങ്ങളായിരുന്നു. 2015ല്‍ ഗായകന്‍ അരിജിത് സിങ്ങിനെ വിളിച്ചിരുന്നു. എന്നാല്‍ ഇത് പണം ആവശ്യപ്പെട്ടായിരുന്നില്ലെന്നാണ് അരിജിത് പൊലീസിനോട് പറഞ്ഞത്. തന്റെ ശബ്ദം ഇഷ്ടപ്പെട്ടുവെന്നാണു പൂജാരി പറഞ്ഞതായും അയാള്‍ സംഘടിപ്പിക്കാനുദ്ദേശിക്കുന്ന പരിപാടിയില്‍ പാടുമോയെന്നു ചോദിച്ചതായുമാണ് അരിജിത് സിങ് പൊലീസിനോട് പറഞ്ഞത്.
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസ്
നടി ലീന മരിയ പോള്‍ നടത്തുന്ന കൊച്ചി ‘നെയില്‍ ആര്‍ടിസ്ട്രി’ ബ്യൂട്ടിപാര്‍ലറിനു നേരെ വെടിവയ്പുണ്ടായ സംഭവമാണു രവി പൂജാരി പ്രതിയായ കേരളത്തിലെ കേസ്. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ രവി പൂജാരിയെ മുഖ്യപ്രതിയാക്കി ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഗൂഢാലോചന അടക്കമുള്ള വകുപ്പുകളാണു പൂജാരിക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, രവി പൂജാരിയെ കൊച്ചി പൊലീസിനു വിട്ടുകിട്ടുന്നതു വൈകുമെന്നാണു സൂചന. പൂജാരിക്കെതിരെ ഏറ്റവും കൂടുതല്‍ കേസുകളുള്ള കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും നടപടികള്‍ പൂര്‍ത്തിയാകാന്‍ സയമമെടുക്കുമെന്നതിനാലാണിത്.
2018 ഡിസംബര്‍ 15ന് ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു കടവന്ത്രയിലെ ബ്യൂട്ടിപാര്‍ലറില്‍ വെടിവയ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരാണു വെടിയുതിര്‍ത്തത്. ആര്‍ക്കും പരുക്കേറ്റിരുന്നില്ല. സംഭവസമയത്ത് ലീന മരിയ പോള്‍ ബ്യൂട്ടി പാര്‍ലറിലുണ്ടായിരുന്നില്ല. സംഭവത്തിനു മുന്‍പ് രണ്ടു തവണ രവി പൂജാരിയുടെ പേരില്‍ ഫോണില്‍ ഭീഷണി സന്ദേശം ലഭിച്ചിരുന്നതായി നടി പൊലീസിനു മൊഴിനല്‍കിയിരുന്നു. ആദ്യം അഞ്ച് കോടി രൂപയും പിന്നീട് 25 കോടി രൂപയും ആവശ്യപ്പെട്ടായിരുന്നു ഭീഷണിയെന്നു നടി വെളിപ്പെടുത്തിയിരുന്നു. പണം നല്‍കാന്‍ തയാറാകാതിരുന്ന നടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് വെടിവയ്പുണ്ടായത്.

വെടിയുതിര്‍ത്ത ശേഷം തങ്ങള്‍ രവി പൂജാരിയുടെ ആളുകളാണെന്നു സൂചിപ്പിക്കുന്ന, ഹിന്ദിയില്‍ എഴുതിയ കടലാസ് ഉപേക്ഷിച്ചശേഷമാണ് അക്രമികള്‍ കടന്നുകളഞ്ഞത്. സംഭവത്തില്‍ എറണാകുളം സ്വദേശികളായ ബിലാല്‍, വിപിന്‍ എന്നിവരെ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. ഇവരില്‍നിന്ന് കൃത്യത്തിനുപയോഗിച്ച തോക്കും കണ്ടെടുത്തു.
രവി പൂജാരി സെനഗലില്‍ പിടിയിലായതിനു പിന്നാലെയാണ് ഇയാളെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ പ്രതിചേര്‍ത്തത്. പൂജാരി ഭീഷണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെട്ടെന്നുമുള്ള നടി ലീന മരിയ പോളിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു നടപടി. പൊലീസ് നടത്തിയ അന്വേഷണത്തിലും പൂജാരിയാണ് ആക്രമണത്തിനു പിന്നിലെന്നു കണ്ടെത്തിയിരുന്നു. സംഭവത്തിനുശേഷവും തനിക്കും അഭിഭാഷകനും രവി പൂജാരിയുടെ ഫോണ്‍ കോള്‍ പല തവണ വന്നുവെന്നു ലീന മരിയ പോള്‍ പൊലീസിനോട് പറഞ്ഞിരുന്നു. പൂജാരിയുമായി മുന്‍ പരിചയമില്ലെന്നും സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ലെന്നാണ് നടി മൊഴി മൊഴി നല്‍കിയത്. മുന്‍പ് ചെന്നൈ കാനറ ബാങ്കില്‍ നിന്നും 19 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണു ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ലീന മരിയ പോള്‍.
പൂജാരിയുടെ ഭീഷണി കോള്‍ പിസി ജോര്‍ജിനും
ആഫ്രിക്കയില്‍നിന്നാണെന്നു പറഞ്ഞ് രവി പൂജാരി തന്നെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയായി പിസി ജോര്‍ജ് വെളിപ്പെടുത്തിയിരുന്നു. സെനഗലില്‍നിന്ന് നാല് ഇന്റര്‍നെറ്റ് കോള്‍ വന്നതായി കേന്ദ്ര ഏജന്‍സികള്‍ പിന്നീട് കണ്ടെത്തി.
ആഫ്രിക്കയില്‍നിന്നാണെന്നു പറഞ്ഞ് തന്നെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും മകനെ കൊല്ലുമെന്ന് പറഞ്ഞുവെന്നുമായിരുന്നു പിസി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ‘നീ പോടാ റാസ്‌കല്‍’ എന്നാണ് താന്‍ മറുപടി പറഞ്ഞതെന്നും കൈരളി ടിവിയിലെ ‘ഞാന്‍ മലയാളി’ പരിപാടിയില്‍ പിസി ജോര്‍ജ് വെളിപ്പെടുത്തി.