/indian-express-malayalam/media/media_files/uploads/2020/12/explained-Pfizer-Vaccine.jpg)
കോവിഡ്-19 വാക്സിനിന്ന്റെ ഒന്നും രണ്ടും ഷോട്ടുകൾ നൽകുന്നതിനിടയിലുള്ള സമയം ഇരട്ടിയോളമാക്കി വർധിപ്പിക്കണമെന്ന് ഫ്രാൻസിലെ ഉന്നത ആരോഗ്യ ഉപദേശക സമിതിയായ ഹൗട്ട് ഓട്ടോറൈറ്റ് ഡി സാന്റെ (എച്ച്എഎസ്) ശനിയാഴ്ച (ജനുവരി 23) ശുപാർശ ചെയ്തു.
ഫ്രാൻസിൽ പ്രായമായവർക്കും ആരോഗ്യ പ്രവർത്തകർക്കും കുത്തിവയ്പ്പ് നൽകാൻ ആരംഭിച്ചിട്ടുണ്ട്. നിലവിലെ വാക്സിനേഷൻ പ്രോട്ടോക്കോൾ അനുസരിച്ച്, റിട്ടയർമെന്റ് ഹോമുകളിലെ ആളുകൾക്ക് രണ്ട് വാക്സിൻ ഷോട്ടുകൾ മൂന്ന് ആഴ്ച ഇടവേളയിലാണ് നൽകുന്നത്. ആരോഗ്യ പ്രവർത്തകരുടെ കാര്യത്തിൽ നാല് ആഴ്ചയാണ് ഇടവേള. ഈ ഇടവേള ആറ് ആഴ്ചയായി വർദ്ധിപ്പിക്കണമെന്നാണ് അധികൃതരുടെ ആവശ്യം.
ഇടവേള വർധിപ്പിക്കാൻ പറയുന്നത് എന്തുകൊണ്ട്
കഴിയുന്നത്ര ആളുകൾക്ക് വേഗത്തിൽ വാക്സിൻ നൽകുക എന്നതിനാണ് ഫ്രഞ്ച് അധികൃതർ പ്രാധാന്യം നൽകുന്നത്. ഒന്നും രണ്ടും ഷോട്ടുകൾ തമ്മിലെ ഇടവേള വർദ്ധിപ്പിക്കുന്നതിലൂടെ വാക്സിനേഷൻ ദൗത്യത്തിന്റെ ആദ്യ മാസത്തിൽ കുറഞ്ഞത് ഏഴ് ലക്ഷം പേർക്ക് പ്രതിരോധ കുത്തിവയ്പ് നൽകാനാവുമെന്ന് എച്ച്‌എഎസ് അറിയിച്ചു. ഫൈസർ-ബയോൻടെക്, മോഡേണ വാക്സിനുകളാണ് ഫ്രാൻസ് ഉപയോഗിക്കുന്നത്.
Read More: സ്‌മെൽ ടെസ്റ്റിലൂടെ കോവിഡ് നിർണയം സാധ്യമോ?
“വർദ്ധിച്ചുവരുന്ന അണുബാധകളുടെ എണ്ണവും പുതിയ വകഭേദത്തിന്റെ ആശങ്കാജനകമായ വരവും കാരണം വരും ആഴ്ചകളിൽ പകർച്ചവ്യാധിയുടെ വ്യാപനം വർദ്ധിക്കുന്നത് തടയാൻ വാക്സിനേഷൻ ദൗത്യം ത്വരിതപ്പെടുത്തേണ്ടതുണ്ട്," എന്ന് എച്ച്എസ്എ ഒരു പ്രസ്താവനയിൽ പറഞ്ഞതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.
ഫ്രാൻസിൽ വാക്സിനുകളുടെ കുറവുണ്ടോ?
നിരവധി രാജ്യങ്ങളിൽ വാക്സിൻ ക്ഷാമം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വലിയ അളവിൽ ലഭിക്കാത്ത വാക്സിൻ രാജ്യത്ത് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന കാര്യത്തിൽ നയപരമായ ചർച്ച ആവശ്യമാണെന്ന് സ്വതന്ത്ര ഏജൻസിയായ എച്ച്എസ്എ ശുപാർശ ചെയ്യുന്നു.
യുഎസിലും വാക്സിനുകളുടെ അളവിൽ സമാനമായ കുറവുള്ളതായി ടെക്സസ്, സൗത്ത് കരോലിന, കാലിഫോർണിയ എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദാഹരണങ്ങൾ സഹിതം ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
“വാക്സിനുകളുടെ വിതരണം പെട്ടെന്ന് നിർത്തിവച്ചു," എന്ന് ഹ്യൂസ്റ്റൺ ആസ്ഥാനമായുള്ള ഹാരിസ് ഹെൽത്ത് സിസ്റ്റത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡോ. ഇസ്മെയിൽ പോർസ പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. “ഇത് ആശങ്കാജനകവും നിരാശാജനകവുമാണ്, കാരണം വാക്സിനുകളുടെ ഉയർന്ന ശതമാനം വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്, പക്ഷേ അവ നൽകുന്നില്ലെന്നാണ് ഞാൻ കേൾക്കുന്നുത്,” ഡോക്ടർ പോർസ പറഞ്ഞു.
Read More: കോവിഡ് രോഗമുക്തരിൽ പ്രതിരോധ ശേഷി എത്രകാലം നീണ്ടുനിൽക്കും? പഠനം പറയുന്നത് ഇങ്ങനെ
യുഎസിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാക്സിൻ ക്ഷാമത്തിന്റെ ഉദാഹരണങ്ങളും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിലുണ്ട്. സൗത്ത് കരോലിനയിലെ ബ്യൂഫോർട്ടിൽ ഒരു ആശുപത്രിക്ക് 450 ഡോസ് വാക്സിൻ മാത്രം ലഭിച്ചതിനെ തുടർന്ന് 6,000 പേർക്ക് മരുന്ന് നൽകുന്നത് റദ്ദാക്കേണ്ടി വന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹവായിയിലെ മൗയിയിൽ, ഒരു ആശുപത്രിക്ക് 5,000 പേർക്ക് ആദ്യ വാക്സിൻ നൽകുന്നത് റദ്ദാക്കുകയും വാക്സിനേഷനുള്ള 15,000 അപേക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തുവെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
വാക്‌സിനിലെ ഒരു ഷോട്ട് മാത്രം നൽകുന്നത് പരിഗണിക്കാനാവുമോ?
ഇല്ല. ഫൈസർ-ബയോൻടെക്, മോഡേണ, ഓക്സ്ഫോർഡ്-അസ്ട്രാസെനെക എന്നിവ നിർമ്മിക്കുന്ന മൂന്ന് പ്രധാന വാക്സിനുകൾക്കും പൂർണ്ണ പരിരക്ഷ നൽകുന്നതിന് രണ്ട് ഡോസുകൾ ആവശ്യമാണ്.
എല്ലാവർക്കും രണ്ടാം ഷോട്ട് ലഭിക്കേണ്ടത് അത്യാവശ്യമാണെന്ന് ഫ്രാൻസിലെ എച്ച്എഎസിന്റെ ശുപാർശയിൽ അടിവരയിടുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു.
ഫൈസർ-ബയോൻടെക് വാക്സിനിന്റെ രണ്ടു ഷോട്ടും 21-28 ദിവസത്തിനുള്ളിൽ നൽകണമെന്ന് ലോകാരോഗ്യ സംഘടന ഈ മാസം അറിയിച്ചിരുന്നു.
ഡോസുകൾ തമ്മിലുള്ള ഇടവേള വർദ്ധിപ്പിക്കുന്നത് ഫലപ്രാപ്തിയെ സ്വാധീനിക്കുമോ?
കുറഞ്ഞ അളവിലുള്ള വാക്സിൻ കൂടുതൽ ആളുകളിലെത്തിക്കുന്നതിന് ഡോസിംഗ് ഇടവേളകളിൽ കാലതാമസം വരുത്തുകയോ ഡോസിന്റെ അളവ് കുറയ്ക്കുകയോ ചെയ്യുന്നതടക്കമുള്ള വഴികൾ ചില രാജ്യങ്ങൾ ആലോചിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ പറയുന്നു.
രണ്ടാമത്തെ ഡോസ് നൽകുന്നതിനുള്ള ഇടവേള 21 ദിവസത്തിലും കൂടുതൽ വൈകിയാൽ വാക്സിൻ കൊറോണ വൈറസിൽ നിന്ന് പരിരക്ഷിക്കുന്നത് തുടരുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഫൈസർ-ബയോൻടെക് പറഞ്ഞു.
യുകെയിൽ, റെഗുലേറ്റർമാർ 12 ആഴ്ച വരെയുള്ള ഇടവേളകളിൽ വാക്സിൻ ഷോട്ടുകൾ നൽകാമെന്ന് പറഞ്ഞു. എന്നാൽ ഇതിനെതിരെ, ഒരു സംഘം ബ്രിട്ടീഷ് ഡോക്ടർമാർ ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ട്.
ഇന്ത്യയ്ക്ക് വാക്സിൻ ആവശ്യത്തിന് ലഭ്യമാണോ?
ഇപ്പോൾ, അതെ. വാസ്തവത്തിൽ, ഇന്ത്യയിൽ ഇപ്പോഴത്തെ ആശങ്ക വാക്സിൻ സ്വീകരിക്കുന്നതിനോട് ജനങ്ങൾക്കിടയിലുള്ള ഒരു തരം വിമുഖതയാണ്.
കോവിഷീൽഡിന്റെ ഡോസുകളുടെ കാര്യത്തിൽ കുറവുണ്ടാകില്ലെന്ന് ഇന്ത്യയ്ക്കും മറ്റ് നിരവധി രാജ്യങ്ങൾക്കുമായി ഓക്സ്ഫോർഡ്-അസ്ട്രാസെനെക്ക വാക്സിൻ നിർമ്മിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ വിതരണവും ഉടൻ തന്നെ വർദ്ധിക്കും. വേനൽക്കാലത്ത് ഇന്ത്യൻ ജനങ്ങൾക്ക് വിവിധ വാക്സിനുകൾ ലഭ്യമാകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.