scorecardresearch
Latest News

വിദേശ അഭിഭാഷകർക്ക് രാജ്യത്ത് പ്രാക്ടീസ് ചെയ്യാം, പക്ഷേ കോടതിയിൽ ഹാജരാകാൻ സാധിക്കില്ല?

അഭിഭാഷക നിയമമനുസരിച്ച്, ബാർ കൗൺസിലിൽ എൻറോൾ ചെയ്ത അഭിഭാഷകർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാം

Bar Council of India, Bar Council of India foreign lawyers and law firms, BCI Foreign Lawyers and Law Firms

ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) വിദേശ അഭിഭാഷകർക്കും നിയമ സ്ഥാപനങ്ങൾക്കും ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ അനുവദിച്ചു. രാജ്യത്തെ അഭിഭാഷകവൃത്തിയുടെ  ഭാവി തന്നെ മാറ്റാൻ സാധ്യതയുള്ളതാണ് ഈ തീരുമാനം. ഈ തീരുമാനത്തിലൂടെ വിദേശ അഭിഭാഷകർക്ക് കോടതിയിൽ ഹാജരാകാൻ കഴിയില്ലെങ്കിലും, അവർക്ക് വിദേശ നിയമത്തെക്കുറിച്ച് കക്ഷികൾക്ക് ഉപദേശ നിർദ്ദേശങ്ങൾ നൽകാനും കോർപ്പറേറ്റ് ഇടപാടുകളിൽ പ്രവർത്തിക്കാനും കഴിയും.

എന്താണ് ബിസിഐ തീരുമാനം?

വിദേശ അഭിഭാഷകരുടെയും ഇന്ത്യയിലെ വിദേശ നിയമ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷനും നിയന്ത്രണവും സംബന്ധിച്ച നിയമങ്ങൾ, ഔദ്യോഗിക ഗസറ്റിൽ 2022 മാർച്ച് 13നാണ് ബിസിഐ വിജ്ഞാപനം ചെയ്തത്. ഇന്ത്യയിലെ നിയമ പരിശീലനത്തെയും നിയമ വിദ്യാഭ്യാസത്തെയും നിയന്ത്രിക്കുന്ന, 1961-ലെ അഡ്വക്കേറ്റ്സ് ആക്ട് പ്രകാരം സ്ഥാപിതമായ നിയമപരമായ സംവിധാനമാണ് ബിസിഐ. ഒരു ദശാബ്ദത്തിലേറെയായി, രാജ്യത്ത് വിദേശ നിയമ സ്ഥാപനങ്ങളെ അനുവദിക്കുന്നതിനെ ബിസിഐ എതിർത്തിരുന്നു.

ഈ തീരുമാനം, രാജ്യത്ത് നേരിട്ടുള്ള വിദേശ നിക്ഷേപത്തെ കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുമെന്നും ഇന്ത്യയെ ഇന്റർനാഷണൽ കൊമേഴ്‌സ്യൽ ആർബിട്രേഷന്റെ കേന്ദ്രമാക്കി മാറ്റുമെന്നും ബിസിഐ അവകാശപ്പെട്ടു.  നിലവിൽ ഇന്ത്യയിൽ വളരെ പരിമിതമായ രീതിയിൽ പ്രവർത്തിക്കുന്ന വിദേശ നിയമ സ്ഥാപനങ്ങൾക്ക്, പുതിയ തീരുമാനം നിയമപരമായ വ്യക്തത നൽകുന്നു.

“വിദേശ അഭിഭാഷകർക്കും വിദേശ നിയമ സ്ഥാപനങ്ങൾക്കും വിദേശ നിയമവും വൈവിധ്യമാർന്ന അന്താരാഷ്ട്ര നിയമങ്ങളും മധ്യസ്ഥ കാര്യങ്ങളും പരസ്പര ബന്ധത്തിൽ ഇന്ത്യയിൽ നിയന്ത്രിതമായി പ്രാക്ടീസ് ചെയ്യാൻ പ്രാപ്തരാക്കും” എന്ന്  ഈ നിയമങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചതായി അറിയിച്ചു കൊണ്ട് പുറത്തിറക്കിയ ഒബ്ജക്ട് ആൻഡ് റീസൺസിനെ കുറിച്ചുള്ള ദീർഘമായ  പ്രസ്താവനയിൽ ബിസിഐ അവകാശപ്പെട്ടു.

പുതിയ നിയമങ്ങൾ അനുവദിക്കുന്നതെന്ത്?

അഭിഭാഷക നിയമമനുസരിച്ച്, ബാർ കൗൺസിലിൽ എൻറോൾ ചെയ്ത അഭിഭാഷകർക്ക് മാത്രമേ ഇന്ത്യയിൽ അഭിഭാഷകവൃത്തി ചെയ്യാൻ സാധിക്കുകയുള്ളൂ. അന്യായക്കാരൻ ഉൾപ്പടെ  മറ്റെല്ലാവർക്കും കോടതിയുടെയോ നടപടിക്രമങ്ങൾ നിറവേറ്റാൻ ചുമതലപ്പെട്ട അതോറിട്ടിയുടെയോ അധികാരിയുടെയോ അനുമതിയോടെ മാത്രമേ ഹാജരാകാൻ കഴിയൂ.

വിദേശ അഭിഭാഷകർക്കും നിയമ സ്ഥാപനങ്ങൾക്കും അവരുടെ മാതൃരാജ്യങ്ങളിൽ പ്രാക്ടീസ് ചെയ്യാൻ അർഹതയുണ്ടെങ്കിൽ, ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിന് ബിസിഐയിൽ രജിസ്റ്റർ ചെയ്യാൻ വിജ്ഞാപനം അനുവദിക്കുന്നു. എന്നിരുന്നാലും, അവർക്ക് ഇന്ത്യൻ നിയമം പ്രാക്ടീസ് ചെയ്യാൻ കഴിയില്ല. “വിദേശ അഭിഭാഷകരെയോ വിദേശ നിയമ സ്ഥാപനങ്ങളെയോ ഏതെങ്കിലും കോടതികളിലോ ട്രൈബ്യൂണലുകളിലോ മറ്റ് നിയമപരമായ അല്ലെങ്കിൽ റെഗുലേറ്ററി അതോറിറ്റികളിലോ ഹാജരാകാൻ അനുവദിക്കില്ല.”

സംയുക്ത സംരംഭങ്ങൾ, ലയനങ്ങളും ഏറ്റെടുക്കലുകളും, സ്വത്തവകാശ വിഷയങ്ങൾ, കരാറുകളുടെ നക്കൽ തയ്യാറാക്കൽ, മറ്റ് അനുബന്ധ കാര്യങ്ങൾ എന്നിവ പോലുള്ള ഇടപാട്/ കോർപ്പറേറ്റ് ജോലികൾ പരസ്പരപൂരകമായി  നിർവഹിക്കാൻ അവരെ അനുവദിക്കും.

സ്വത്ത് കൈമാറ്റം, ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള അന്വേഷണം, സമാനമായ മറ്റ് കാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഒരു ജോലിയും ചെയ്യാൻ അവരെ അനുവദിക്കുന്നതല്ലെന്ന് വിജ്ഞാപനത്തിൽ പറയുന്നു. വിദേശ നിയമ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ അഭിഭാഷകരും ഇതേ നിയന്ത്രണത്തിന് വിധേയരാണ്. അവർക്കും “ വ്യവഹാര സംബന്ധിയല്ലാത്ത ”( കോടതി, ട്രിബ്യൂണൽ. തുടങ്ങി നിയമ സ്ഥാപനങ്ങളിൽ പരിഗണിക്കപ്പെടുന്ന വിഷയങ്ങൾ ഒഴികെ) വിഷയങ്ങളിൽ മാത്രമേ മാത്രമേ ഏർപ്പെടാൻ കഴിയൂ.

വിദേശ നിയമ സ്ഥാപനങ്ങൾ ഇതുവരെ പ്രവർത്തിച്ചതെങ്ങനെ?

വിദേശ നിയമ സ്ഥാപനങ്ങൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നത് സംബന്ധിച്ച തർക്കം 2009ൽ ബോംബെ ഹൈക്കോടതിയുടെ മുമ്പാകെയെത്തി. ‘ലോയേഴ്‌സ് കളക്ടീവ് വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ,’ എന്ന കേസിൽ ഇന്ത്യൻ നിയമ ബിരുദം നേടിയ ഇന്ത്യക്കാർക്ക് മാത്രമേ രാജ്യത്ത് നിയമം പ്രാക്ടീസ് ചെയ്യാൻ കഴിയൂയെന്ന് ബോംബെ ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ബിസിഐയിൽ എൻറോൾ ചെയ്തിട്ടുള്ള അഭിഭാഷകർക്ക് മാത്രമേ അഭിഭാഷകവൃത്തി ചെയ്യാൻ കഴിയൂ എന്ന് പ്രസ്താവിക്കുന്ന അഭിഭാഷക നിയമത്തിലെ സെക്ഷൻ 29നെ ഹൈക്കോടതി വ്യാഖ്യാനിച്ചു. ‘അഭിഭാഷകരുടെ പ്രാക്ടീസിൽ’ വ്യവഹാരപരവും അല്ലാത്തതുമായ സമ്പ്രദായം ഉൾപ്പെടുമെന്നും അതിനാൽ വിദേശ സ്ഥാപനങ്ങൾക്ക് ഇന്ത്യയിലെ കക്ഷികൾക്ക് ഉപദേശ നിർദ്ദേശങ്ങൾ നൽകാനോ കോടതിയിൽ ഹാജരാകാനോ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

2012ൽ ‘എകെ ബാലാജി വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ’ എന്ന കേസിൽ മദ്രാസ് ഹൈക്കോടതിയുടെ മുമ്പാകെയും സമാന വിഷയം എത്തി. 2015 ൽ, സുപ്രീം കോടതി വിദേശ നിയമ സ്ഥാപനങ്ങളുടെ സമ്പ്രദായം വളരെ പരിമിതമായ  അർത്ഥത്തിൽ അംഗീകരിച്ചു. ‘എകെ ബാലാജി വേഴ്സസ് ഇന്ത്യ ഗവൺമെന്റ്’ കേസിൽ, അഭിഭാഷക നിയമവും ബിസിഐ നിയമങ്ങളും നിഷ്കർഷിക്കുന്ന ആവശ്യകതകളും നിയമങ്ങളും പാലിക്കുന്നില്ലെങ്കിൽ വിദേശ സ്ഥാപനങ്ങൾക്ക് വ്യവഹാരത്തിലോ വ്യവഹാരേതരമായോ ഉള്ള വിഷയങ്ങളിൽ  പ്രാക്ടീസ് ചെയ്യാൻ കഴിയില്ലെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. യുകെ, യുഎസ്, ഫ്രാൻസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള 32 വിദേശ നിയമ സ്ഥാപനങ്ങളെ കേസിൽ എതിർകക്ഷിയായി ചേർത്തിരുന്നു. എന്നിരുന്നാലും, മദ്രാസ് ഹൈക്കോടതി മറ്റൊരു നിലപാടെടുത്തു. “ഫ്ലൈ ഇൻ ആൻഡ് ഫ്ളൈ ഔട്ട്”  രീതിയിൽ  താൽക്കാലിക സന്ദർശനങ്ങൾക്കോ കക്ഷികൾക്ക് നിർദ്ദേശങ്ങളോ ഉപദേശങ്ങളോ  നൽകുന്നതിനോ ഒരു വിലക്കും ഉണ്ടാകില്ലെന്ന് അതിൽ പറയുന്നു.

“ഇന്ത്യയിലെ തങ്ങളുടെ കക്ഷികൾക്ക് വിദേശ നിയമത്തെക്കുറിച്ചോ അവരുടെ നാട്ടിലെ നിയമ വ്യവസ്ഥയെക്കുറിച്ചോ അന്താരാഷ്ട്ര നിയമത്തെ കുറിച്ചോ നിയമോപദേശം നൽകുന്നതിനായി, വിദേശ നിയമ സ്ഥാപനങ്ങൾക്കോ വിദേശ അഭിഭാഷകർക്കോ “ഫ്ലൈ ഇൻ ആൻഡ് ഫ്ളൈ ഔട്ട്” അടിസ്ഥാനത്തിൽ താൽക്കാലികമായി ഇന്ത്യ സന്ദർശിക്കുന്നതിന് നിയമത്തിലോ ചട്ടങ്ങളിലോ യാതൊരു തടസ്സവുമില്ല. മാത്രമല്ല, 1996-ലെ ആർബിട്രേഷൻ ആൻഡ് കൺസീലിയേഷൻ ആക്ടിൽ അവതരിപ്പിച്ച ഇന്റർനാഷണൽ കൊമേഴ്‌സ്യൽ ആർബിട്രേഷന്റെ ലക്ഷ്യം കണക്കിലെടുത്ത്, അന്താരാഷ്‌ട്ര വാണിജ്യവുമായി ബന്ധപ്പെട്ട ഒരു കരാറിൽ ഉണ്ടാകുന്ന തർക്കങ്ങളിൽ വിദേശ അഭിഭാഷകർ ഇന്ത്യയിൽ വന്ന് ആർബിട്രേഷൻ നടപടികൾ നടത്തുന്നത് തടയാനാവില്ല,” എന്ന് ഹൈക്കോടതി വ്യക്തമാക്കി.

2012 ആയപ്പോഴേക്കും ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് (ബിപിഒ) വലിയ തോതിൽ രാജ്യത്ത് എത്തുകയും യുഎസ് ആസ്ഥാനമായുള്ള സ്ഥാപനങ്ങൾക്ക് ഇന്ത്യൻ കമ്പനികൾ, ബാക്കെൻഡ് ജോലി ചെയ്യാൻ തുടങ്ങി. ആ രീതിയിൽ ലീഗൽ പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് (എൽപിഒ) വിദേശത്തുള്ള അഭിഭാഷകർക്കുള്ള ബാക്കെൻഡ് പ്രവർത്തനങ്ങൾ നടത്തി. അവർ അസ്ഥിരമായ നിയമ ചട്ടക്കൂടിൽ പ്രവർത്തിക്കുകയും ഈ വിഷയം പരിഹരിക്കാൻ സുപ്രീം കോടതിയ്ക്ക് ഇടപെടേണ്ടി വരികയും ചെയ്തു.

സുപ്രീം കോടതിയുടെ തീരുമാനം എന്തായിരുന്നു?

മദ്രാസ്, ബോംബെ ഹൈക്കോടതി വിധികളെ യഥാക്രമം ബിസിഐയും ലോയേഴ്‌സ് കളക്ടീവും സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു.  വിദേശ നിയമ സ്ഥാപനങ്ങളെയും അഭിഭാഷകരെയും അനുവദിക്കാത്ത ഹൈക്കോടതി വിധികളെ 2018-ൽ, സുപ്രീം കോടതി ശരിവച്ചു. “ തൽക്കാലത്തേക്ക് വരുന്നത് പ്രാക്ടീസിന് തുല്യമല്ല” എന്നും “ഫ്ലൈ ഇൻ ആൻഡ് ഫ്ലൈ ഔട്ട്” പോലുള്ള പ്രയോഗങ്ങളിൽ  ചില  പരിഷ്‌ക്കരണങ്ങളോടെയായിരുന്നു  സുപ്രീം കോടതിയുടെ ഇടപെടൽ.

ഇതിനർത്ഥം “ഫ്ലൈ ഇൻ ആൻഡ് ഫ്ലൈ ഔട്ട്” രീതി ഒരു സ്ഥിരം സംവിധാനമാക്കാൻ പറ്റില്ലെന്നാണ്. എൽ‌പി‌ഒകളുടെ വിഷയത്തിൽ, സുപ്രീം കോടതി തീരുമാനമെടുത്തില്ല. സെക്രട്ടേറിയൽ സേവനങ്ങൾ, ട്രാൻസ്ക്രിപ്ഷൻ സേവനങ്ങൾ, പ്രൂഫ് റീഡിംഗ്  സേവനങ്ങൾ, ട്രാവൽ ഡെസ്ക് സപ്പോർട്ട് സേവനങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന ബിപിഒകളാണ് തങ്ങളെന്നും സാങ്കേതികമായി അഭിഭാഷക നിയമത്തിന്റെയോ ബിസിഐ നിയമങ്ങളുടെയോ പരിധിയിൽ വരില്ലെന്നും അവർ വാദിച്ചു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Foreign lawyers can practise in india but not appear in courtwhat changes