രാജ്യത്ത് ഇൻഫ്ലുവൻസ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ , കേന്ദ്രം കഴിഞ്ഞ ആഴ്ച അവലോകന യോഗം ചേർന്നു. സംസ്ഥാനങ്ങളിലെ ജാഗ്രത വർധിപ്പിച്ചു, വൈറസ് ബാധയുള്ള രോഗികളെ ചികിത്സിക്കാൻ ആശുപത്രികളും സജ്ജമാണ്. ഇൻഫ്ലുവൻസ വൈറസിന്റെ എച്ച്3എൻ2 വിഭാഗത്തിലെ വൈറസ് മൂലം ഹരിയാനയിലും കർണാടകയിലും രണ്ട് മരണം മാർച്ചിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ജനുവരി മാസത്തിൽ മാത്രം പനി ബാധിച്ച് ഒമ്പത് പേർ മരിച്ചു എന്നാണ് ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാമിന്റെ ഡേറ്റ സൂചിപ്പിക്കുന്നത്.
എന്തുകൊണ്ടാണ് ഇൻഫ്ലുവൻസ കേസുകൾ വർധിക്കുന്നത്?
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, രാജ്യത്തുടനീളം സ്ഥിരീകരിച്ച 3,038 ഇൻഫ്ലുവൻസ കേസുകൾ (മാർച്ച് 9 വരെ ) റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് പെട്ടെന്ന് ഉയർന്നു വന്നതല്ല. കഴിഞ്ഞ വർഷം ആകെ 13,202 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നിരുന്നാലും, യഥാർഥ കണക്കുകൾ ഇതിലും കൂടുതലാകാനാണ് സാധ്യത. കാരണം, രോഗലക്ഷണങ്ങളുമായി എത്തുന്ന എല്ലാവരെയും ഫ്ലു പരിശോധനയ്ക്ക് വിധേയരാക്കണമെന്നില്ല, അഥവാ പരിശോധിച്ചാലും എല്ലാവരുടെയും ഫലം ആരോഗ്യവകുപ്പിൽ റിപ്പോർട്ട് ചെയ്യപ്പെടണമെന്നില്ല. കേസുകളുടെ നിലവിലെ വർധനവിന് നിരവധി കാരണങ്ങൾ, ഉദ്യോഗസ്ഥരും വിദഗ്ധരും പറയുന്നുണ്ട്.
ആദ്യ കാരണമായി പറയുന്നത് ഇത് ഒരു പനിയുടെ സീസണാണ് എന്നതാണ്. എല്ലാ വർഷവും രണ്ടു തവണയാണ് വൈറസ് ബാധ രാജ്യത്ത് വർധിക്കുന്നതായി കാണപ്പെടുന്നത്. ഒന്ന് ജനുവരിയ്ക്കും മാർച്ചിനും ഇടയിലും രണ്ടാമതേത് മൺസൂണിനുശേഷമുള്ള ഓഗസ്റ്റ്-ഒക്ടോബർ മാസങ്ങളിലും. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വൈറസ് പടരുന്നതിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നു. എന്നാൽ ഇപ്പോൾ പടരുന്നത് പനി മാത്രമല്ല, അഡെനോവൈറസ്, കോവിഡ് -19 തുടങ്ങിയ ശ്വാസകോശ സംബന്ധമായ അണുബാധ കേസുകളുടെ വർധനയും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
“ഡൽഹിയിൽ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളെ പരിശോധിച്ചതിൽ, പത്ത് ശതമാനം ആളുകൾക്കാണ് പനി എച്ച് 3 എൻ 2) സ്ഥിരീകരിച്ചത്. 15 ശതമാനം ആളുകൾ യഥാർഥത്തിൽ കോവിഡ് പോസിറ്റീവായിരുന്നു,” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഗുജറാത്തിലും കോവിഡ് -19 കേസുകളിൽ വർധനയുണ്ടായതായുംഉദ്യോഗസ്ഥൻ പറഞ്ഞു.
രണ്ടാമത്തെ കാരണം, പാൻഡെമിക് സമയത്ത് ഇൻഫ്ലുവൻസ അണുബാധകൾ വലിയൊരു വിഭാഗത്തിന്റെ പ്രതിരോധശേഷി കുറച്ചിരുന്നു. “എല്ലാ വർഷവും,അധികം ലക്ഷണങ്ങൾ പ്രകടമാക്കാതെ ഇൻഫ്ലുവൻസ വ്യാപിക്കാറുണ്ട്, അങ്ങനെ ആളുകൾക്ക് അതിനുള്ള പ്രതിരോധശേഷി നേടുന്നു. പാശ്ചാത്യരാജ്യങ്ങളിലെപോലെ, ഈ വ്യാപനം മൂലം മരണനിരക്ക് ഉയരുന്നില്ല. എന്നാൽ പകർച്ചവ്യാധിയുടെ സമയത്ത്, ആളുകൾ മാസ്ക് ധരിക്കുകയും തിരക്കേറിയ ഇടങ്ങളിൽനിന്ന് അകന്നുനിൽക്കുകയും ഒത്തുചേരലുകൾ ഒഴിവാക്കുകയും ചെയ്തതിനാൽ ഈ വ്യാപനം ഉണ്ടായില്ല. അതിനാൽ, ഈ വർഷം കേസുകളിൽ വർധനയുണ്ട്, ” മുൻ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടറും ഉപദേശകനുമായ ഡോ. സുജീത് സിങ് പറഞ്ഞു. 2020, 2021 വർഷങ്ങളിൽ യഥാക്രമം 2,752, 778 എന്നിങ്ങനെയായിരുന്നു ഇൻഫ്ലുവൻസ കേസുകളുടെ എണ്ണം.
മൂന്നാമത്തെ കാരണമായി പറയുന്നത്, ഫ്ലൂ വൈറസിന്റെ ഘടനയിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്നതാണ്. “ഈ മാറ്റം കാരണം ഓരോ വർഷവും ഇൻഫ്ലുവൻസ കേസുകളിൽ വർധനവ് കാണാൻ കഴിയും,” സിങ് പറഞ്ഞു.
നാലാമതായി, ഇന്ത്യയിൽ യുവാക്കൾക്കിടയിൽപോലും പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗാവസ്ഥകളുണ്ട്. അവ ഗുരുതരമായ രോഗത്തിനുള്ള അപകട ഘടകങ്ങളായി മാറുന്നു. കൂടാതെ, കോവിഡിന്റെ വാക്സീൻ പോലെ വാർഷിക ഫ്ലൂ ഷോട്ട് എളുപ്പത്തിൽ ലഭ്യമല്ല. പലരും അത് എടുക്കാനും ശ്രമിക്കുന്നില്ല.
ആളുകൾ പനി ബാധിച്ച് മരിക്കുന്നത് അസാധാരണമാണോ?
അല്ല. കോവിഡ് -19 പോലെ, ഇത് മിക്കവരിലും പനി, ചുമ, മൂക്കൊലിപ്പ് തുടങ്ങിയ നേരിയ ലക്ഷണങ്ങൾക്ക് കാരണമാകുന്നു.പക്ഷേ ന്യുമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം തുടങ്ങിയ സങ്കീർണതകളിലേക്കും ഇത് നയിച്ചേക്കാം.
ചെറിയ കുട്ടികൾ, പ്രായമായവർ, ഒരേ സമയം രണ്ടു രോഗങ്ങളുള്ളവർ( ഉദാഹരണത്തിന് ഹൃദ്രോഗം, പ്രമേഹം, വൃക്കരോഗം തുടങ്ങിയവ) ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ (ട്രാൻസ്പ്ലാൻറ്റേഷൻ ചെയ്തവർ) എന്നിവർക്ക് ഗുരുതരമായ രോഗം വരാനുള്ള സാധ്യത കൂടുതലാണ്.
കഴിഞ്ഞ വർഷം 410 പേരാണ് രോഗബാധയെ തുടർന്ന് മരിച്ചത്. ഇതിൽ മിക്ക കേസുകളും എച്ച്1എൻ1 രോഗബാധമൂലം ഓഗസ്റ്റിൽ ശ്വാസകോശ സംബന്ധമായ അണുബാധകൾ വർധിച്ചപ്പോഴായിരുന്നു. വൈറൽ ഡയഗ്നോസ്റ്റിക് ലബോറട്ടറികളുടെ ഐസിഎംആർ ശൃംഖല ഡിസംബറോടെയാണ് എച്ച്3എൻ2 കേസുകളുടെ വർധന കണ്ടെത്തിയത്.
എച്ച്3എൻ2 ഇൻഫ്ലുവൻസയുടെ ഒരു പുതിയ ഉപവിഭാഗമാണോ?
അല്ല. ഇത് ഇൻഫ്ലുവൻസ വൈറസിന്റെ ഉപവിഭാഗങ്ങളിലൊന്നാണ്. 2009ലെ പാൻഡെമിക് സബ്-ടൈപ്പ് എച്ച്1എൻ1 പോലെ, സീസണൽ അണുബാധയ്ക്ക് കാരണമാകുന്നു. 1968ൽ സബ്-ടൈപ്പ് എച്ച്3എൻ2 ഫ്ലൂ പാൻഡെമിക്കിന് കാരണമായിട്ടുണ്ട്. “1996 ലാണ് ഈ അണുബാധയെ ആദ്യമായി ഇന്ത്യയിൽ കണ്ടെത്തിയത്, അതിനുശേഷം അത് പടരുകയും ചെയ്തു. ഈ വർഷത്തെ ഒരേയൊരു വ്യത്യാസം, എച്ച് 3എൻ2 സാധാരണയായി കാണുന്നതിനേക്കാൾ ഗുരുതരമായ അവസ്ഥയിലാണിപ്പോൾ എന്നതാണ്, ”ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
2021 ആഗസ്ത്-സെപ്റ്റംബറിലെ രോഗബാധയുടെ കുതിച്ചുചാട്ടത്തിൽ റെസ്പിറേറ്ററി സാമ്പിളുകളിൽ ഏറ്റവും സാധാരണയായി കണ്ടെത്തിയ രണ്ടാമത്തെ വൈറസായിരുന്നു ഇത്. ഏറ്റവും സാധാരണയായി കണ്ടെത്തിയിരുന്നത് വിക്ടോറിയ ഉപവിഭാഗത്തെയാണ്. ഇൻഫ്ലുവൻസ വൈറസുകൾക്ക് രണ്ട് പ്രധാന ഉപവിഭാഗങ്ങളുണ്ട് – ടൈപ്പ് എ, ടൈപ്പ് ബി. ഇൻഫ്ലുവൻസ എയിൽ എച്ച്1എൻ1, എച്ച്3എൻ2 തുടങ്ങിയ ഉപവിഭാഗങ്ങളെ ഉൾക്കൊള്ളുന്നു. അതേസമയം ഇൻഫ്ലുവൻസ ബിയിൽ വിക്ടോറിയ, യമഗറ്റാ എന്നിങ്ങനെ രണ്ടു ലീനെജുകളാണുള്ളത്. സാധാരണയായി, ഇൻഫ്ലുവൻസ എ ടൈപ്പ് ബിയേക്കാൾ ഗുരുതരമായ രോഗങ്ങൾക്കും അതുവഴി മരണങ്ങൾക്കും കാരണമാകുന്നു.
എന്തുകൊണ്ടാണ് ഫ്ലൂ ഷോട്ട് എല്ലാ വർഷവും അപ്ഡേറ്റ് ചെയ്യുന്നത്?
വാർഷിക ഫ്ലൂ ഷോട്ടിൽ ഉൾപ്പെടുത്തേണ്ട ഉപവിഭാഗങ്ങളെ ലോകാരോഗ്യ സംഘടന വർഷത്തിൽ രണ്ടുതവണ അപ്പോൾ പടരുന്ന അണുബാധകളുടെ ടൈപ്പിനെ അടിസ്ഥാനമാക്കിയാണ് അപ്ഡേറ്റ് ചെയ്യുന്നത്. ഐസിഎംആർ ശൃംഖലയിലുള്ള വൈറോളജി ലബോറട്ടറികൾ, ഇൻഫ്ലുവൻസ കേസുകളുടെ എണ്ണത്തിലുള്ള ഉയർച്ച താഴ്ചകൾ നിരീക്ഷിക്കാൻ സെൻറിനൽ സൈറ്റുകളിൽനിന്ന് വർഷം മുഴുവൻ സാമ്പിളുകൾ പരിശോധിക്കുന്നു. പ്രചാരത്തിലുള്ള ഉപവിഭാഗങ്ങൾ ട്രാക്കുചെയ്യുന്നതിനും വേണ്ടിയാണിത്. ഇൻഫ്ലുവൻസ വൈറസുകളുടെ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന സ്വഭാവം കാരണം വാക്സിൻ തുടർച്ചയായി അപ്ഡേറ്റ് ചെയ്യേണ്ടത് ആവശ്യമാണ്.
ശരീരത്തിന്റെ പ്രതിരോധ പ്രതികരണം തടയുന്ന ഭാഗത്തെ മാറ്റുന്ന മ്യൂട്ടേഷനുകൾ നേടുന്നതിന് വൈറസിന് “ആന്റിജെനിക് ഡ്രിഫ്റ്റ്” നടത്താം. കോവിഡിന് തുല്യമായതാണ് സ്പൈക്ക് പ്രോട്ടീനായി ഉപയോഗിക്കുന്നത്. വൈറസിന് “ആന്റിജെനിക് ഷിഫ്റ്റിന്” വിധേയമാകാനും കഴിയും. അത് വൈറസിന്റെ പുതിയ പ്രോട്ടീൻ ഘടനയിലേക്ക് നയിക്കുന്ന വലിയ മാറ്റമാണ്. ഇത് മനുഷ്യരിൽ രോഗം പകരുന്ന വൈറസിന്റെ അതേ ഫാമിലിയിൽ ഉള്ളതാകാം, അല്ലെങ്കിൽ മൃഗങ്ങളെ ബാധിച്ചശേഷം അവയിലൂടെ മനുഷ്യരിലേക്ക് എത്തുന്നതാവാം. ഈ മാറ്റങ്ങൾ 2009ലെയോ 1918ലെയോ സ്പാനിഷ് ഫ്ലൂ പോലുള്ള പകർച്ചവ്യാധികളിലേക്ക് നയിച്ചേക്കാം. ഫ്ലൂ വാക്സിനിൽ സാധാരണയായി നാല് ഉപവിഭാഗങ്ങൾ ഉണ്ട്. രണ്ട് ഇൻഫ്ലുവൻസ എ (2022-23 ചെയ്യുന്ന എച്ച്1എൻ1, എച്ച്3എൻ2 എന്നിവ) രണ്ട് ഇൻഫ്ലുവൻസ ബിയും.
അണുബാധ തടയാൻ എന്താണ് ചെയ്യേണ്ടത്?
രോഗി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവിടുന്ന രോഗബാധയുള്ള തുള്ളികൾ ശ്വസിക്കുമ്പോഴാണ് ഇൻഫ്ലുവൻസ പടരുന്നത്. ഈ തുള്ളികൾക്ക് പ്രതലങ്ങളിൽ അതിജീവിക്കാൻ കഴിയും. ഒരു വ്യക്തി ഉപരിതലത്തിൽ സ്പർശിക്കുകയും തുടർന്ന് അവരുടെ കണ്ണ്, മൂക്ക്, വായ എന്നിവയിൽ സ്പർശിക്കുകയും ചെയ്താൽ അണുബാധ പടരുന്നു.
തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ വായയും മൂക്കും മൂടിയിട്ടുണ്ടെന്ന് ഉറപ്പാക്കുകയും കൈകൾ ഇടയ്ക്കിടെ കഴുകുകയും ചെയ്യുന്നത് വഴി രോഗവ്യാപനം തടയാം. അസുഖം വരുമ്പോൾ വീട്ടിൽ തന്നെ തുടരുകയും ധാരാളം ദ്രാവകങ്ങൾ കുടിക്കുകയും ചെയ്യുന്നത് നല്ലതാണ്. അണുബാധ തടയാൻ തിരക്കേറിയ സ്ഥലങ്ങളിലും മാസ്കുകൾ ഉപയോഗിക്കാം.