ക്രമസമാധാനം: അവകാശലംഘനങ്ങള്‍ ഉത്തര്‍ പ്രദേശില്‍ സംഭവിക്കുന്നു എന്ന രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. മാഫിയകളെ ഉന്മൂലനം ചെയ്യുന്നതിനും ഏറ്റുമുട്ടലുകളില്‍ കുറ്റവാളികളെ വധിക്കുന്നതിനും യുപി പോലീസിനായെന്ന് എടുത്ത് പറയാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ സംസ്ഥാനത്ത് കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ വന്‍ തോതില്‍ കുറഞ്ഞതായി തിരഞ്ഞെടുപ്പ് റാലികളില്‍ യോഗിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അവകാശപ്പെട്ടു.
ക്ഷേമപദ്ധതികൾ: മഹാമാരിയുടെ സമയത്ത് തൊഴില്‍ ഇല്ലായ്മ രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സൗജന്യ റേഷന്‍ പദ്ധതി ബിജെപിക്ക് ഗുണകരമായി. കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം എത്തുന്ന പിഎം കിസാന്‍ നിധി പദ്ധതിയുടെ ഭരണ വിരുദ്ധ വികാരങ്ങളെ മറികടക്കാന്‍ സഹായിച്ചു.
ഹിന്ദുത്വ: അയോധ്യയില രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുന്നത് മുതല്‍ കാശി ഇടനാഴി വരെ നിരവധി പദ്ധതികള്‍ മുന്നോട്ട് വച്ച് ഹിന്ദുത്വ അജണ്ട വ്യക്തമാക്കാന്‍ ബിജെപിക്കായി. തിരഞ്ഞെടുപ്പ് റാലികളില്‍ അലി-ബജ്റംഗ്ബലി പ്രസ്താവനകളിലൂടെ യോഗിയും അത് തുടര്‍ന്നു. ഇത്തരം നീക്കങ്ങള്‍ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുന്നതിന് സഹായിച്ചു.
പാര്‍ട്ടിയുടെ സംഘടനാ മികവ്: പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് മുന്‍പ് ലോക്ക്ഡൗണ്‍ കാലത്ത് പോലും വീടുകള്‍ കയറിയുള്ള പ്രവര്‍ത്തനം ബിജെപി സജീവമായി തുടര്‍ന്നിരുന്നു. കഴിഞ്ഞ ആറ് മാസമായി വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങളും തറക്കല്ലിടലുമായി നേതാക്കള്‍ മണ്ഡലങ്ങളില്‍ സജീവമായിരുന്നു. ഓരോ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് ഏകോപന സമിതികള്‍ രൂപീകരിച്ചു. പിന്നാക്ക വിഭാഗങ്ങളിലേക്കെത്താനും പ്രത്യേക പരിപാടികള്‍ തയാറാക്കി. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നിരീക്ഷിക്കാന്‍ ദേശീയ നേതാക്കന്മാരെ ഉള്‍പ്പെടുത്തി ത്രിതല സംഘടനാ സംവിധാനവും രൂപീകരിച്ചു.
പ്രതിപക്ഷം ഇല്ലാതാകുന്നു: 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഇത്തവണ സമാജ്വാദി പാര്‍ട്ടിക്കായി. 47 സീറ്റുകളില്‍ നിന്ന് 100 കടക്കാന്‍ കഴിഞ്ഞു. എല്ലാ പാര്‍ട്ടികളും ഒറ്റയ്ക്ക് മത്സരിച്ചതും തിരിച്ചടിയായി. കോണ്‍ഗ്രസും ബിഎസ്പിയും നാമമാത്രമായി ചുരുങ്ങി.
Also Read: Election Results 2022:എല്ലാ സംശയങ്ങളും തീര്‍ത്ത് യോഗി; ചരിത്രത്തിലേക്ക്