scorecardresearch
Latest News

കുടിക്കാം, കണ്ട്രോൾ വിടരുത്; കളി കാണാൻ ഖത്തറിൽ പോകുന്നവർ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

‘അവിടെ സ്ത്രീകളും പുരുഷന്മാരും എതിർലിംഗക്കാർക്ക് കൈ കൊടുക്കുന്ന പതിവില്ല,’ ഖത്തറിൽ പോകുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ കളി കാര്യമാവും കേട്ടോ

കുടിക്കാം, കണ്ട്രോൾ വിടരുത്; കളി കാണാൻ ഖത്തറിൽ പോകുന്നവർ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഒരു ദശലക്ഷത്തിലധികം കായിക പ്രേമികൾ നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുന്ന ലോകകപ്പ് കാണാനായി ഖത്തറിലേക്ക് പോകും, ​​സാധാരണയായി ആതിഥേയ രാജ്യങ്ങളിൽ ആഘോഷമാകുന്ന ഒരു സംഭവം ഈ വർഷം അല്പം വ്യത്യസ്തമായിരിക്കാം. കാരണം ചെറിയ, യാഥാസ്ഥിതിക മുസ്ലീം രാഷ്ട്രമായ ഖത്തറിലെ നിയമങ്ങൾ തന്നെ. മുൻകാല ലോകകപ്പുകളിൽ,പ്രത്യേകിച്ച് ആഘോഷവേളകളിൽ കണ്ടിരുന്ന മദ്യപാനം, തുടർന്നുള്ള ബഹളങ്ങൾ തുടങ്ങിയവയോടു ഒട്ടും സഹിഷ്ണുത ഖത്തറിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കണ്ട. വിദേശികളെ സ്വാഗതം ചെയ്യാൻ തയ്യാറാണ് എന്ന് ഖത്തർ പറയുന്നു എങ്കിലും, പരമ്പരാഗത മുസ്ലീം മൂല്യങ്ങൾ ശക്തമായി പാലിക്കുന്ന ഇവിടെ അത് എത്ര മാത്രം സാധ്യമാകും എന്ന് ഉറപ്പില്ല.

വിനോദസഞ്ചാരികളുടെ ഒഴുക്കിൽ നിയമങ്ങളിൽ അയവു വരുത്തുമെന്ന് രാജ്യം പറയുന്നുണ്ടെങ്കിലും ലോകകപ്പിൽ പങ്കെടുക്കുന്ന ആരാധകർ ഖത്തറിന്റെ നിയമങ്ങളും ആചാരങ്ങളും മനസ്സിൽ വയ്ക്കുന്നത് നല്ലതാണ്.

മദ്യപിക്കാം പക്ഷേ…

ഖത്തറിൽ ലൈസൻസുള്ള റെസ്റ്റോറന്റുകളിലും ബാറുകളിലും മാത്രമാണ് മദ്യം നൽകുന്നത്. മറ്റെവിടെ വച്ചും മദ്യം കഴിക്കുന്നത് നിയമവിരുദ്ധമാണ്. ദോഹയിൽ താമസിക്കുന്ന മുസ്‌ലിം അല്ലാത്തവർക്ക് വീട്ടിലിരുന്ന് മദ്യപിക്കാം. ലോകകപ്പ് നടക്കുന്ന സ്റ്റേഡിയം കോമ്പൗണ്ടുകൾക്കുള്ളിൽ ‘ബഡ്‌വെയ്‌സർ ബിയർ’ വാങ്ങാൻ ആരാധകരെ അനുവദിക്കും. അതും മത്സരത്തിന് മുൻപും ശേഷവും. വൈകുന്നേരം ദോഹ നഗരത്തിലെ ഫാൻ സോൺ ക്രമീകരിച്ചിരിക്കുന്നിടതും ആരാധകർക്ക് മദ്യം കഴിക്കാം.

പൊതു മദ്യപാനത്തിന് ഖത്തറിൽ കനത്ത പിഴയും ജയിൽ ശിക്ഷയും ലഭിക്കും. ടൂർണമെന്റിനിടെ മിക്ക നിയമങ്ങളിലും അയവ് വരാം എങ്കിലും ആരെങ്കിലും മദ്യപിച്ച് വഴക്കുണ്ടാക്കുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്താൽ അറസ്റ്റിന് സാധ്യതയുണ്ട്. മദ്യപിക്കുന്നതിനുള്ള നിയമപരമായ പ്രായം 21 ആണ്. അതിനാൽ ബാറുകളിൽ പ്രവേശിക്കുമ്പോൾ ഫോട്ടോ ഐഡിയോ പാസ്‌പോർട്ടോ അവർ ആവശ്യപ്പെടും.

മയക്കുമരുന്നിനോട് നോ

കഞ്ചാവ്, സെഡേറ്റീവ്, ആംഫെറ്റാമൈൻ എന്നിവയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും നിയന്ത്രിത രാജ്യങ്ങളിലൊന്നാണ് ഖത്തർ. നിയമവിരുദ്ധമായ ലഹരിമരുന്ന് വിൽപ്പന, കടത്ത്, കൈവശം വയ്ക്കൽ എന്നിവ കഠിനമായ ശിക്ഷകളിലേക്ക് നയിച്ചേക്കാം. ദീർഘകാല തടവ് ശിക്ഷയും നാടുകടത്തലും കനത്ത പിഴയും ഉൾപ്പെടെ ലഹരിമരുന്ന് കടത്തിന് വധശിക്ഷ വരെ ലഭിക്കാം.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമ്പോൾ ലോകകപ്പ് ആരാധകർ ഈ നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. അധികൃതർ പുതിയ സുരക്ഷാ സാങ്കേതികവിദ്യ ഉപയോഗിച്ച് ബാഗുകളും യാത്രക്കാരും സ്കാൻ ചെയ്യുകയും ചെറിയ അളവിൽ മയക്കുമരുന്ന് കൊണ്ടു പോകുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്യും.

വിവാഹേതര ലൈംഗികത

വിവാഹേതര ലൈംഗികതയ്ക്ക് കർശന ശിക്ഷ നൽകുന്ന ഖത്തറിൽ അവിവാഹിതരായ ചെറുപ്പക്കാർക്ക് ലോകകപ്പ് സമയത്ത് ഹോട്ടൽ മുറികൾ പാർട്ണറുമായി പങ്കിടുന്നതിൽ പ്രശ്നമില്ലെന്ന് അധിതൃതർ പറയുന്നു. കൈകൾ കോർത്തു നടക്കുന്നത് നിങ്ങളെ ജയിലിലാക്കില്ല എന്നാൽ സന്ദർശകർ പൊതു സ്ഥലത്ത് intimacy കാണിക്കുന്നത് ഒഴിവാക്കണം. സമ്മതത്തോടെയുള്ള സ്വവർഗാനുരാഗത്തിന് മുതിർന്നവർക്ക് ഒരു വർഷം മുതൽ മൂന്ന് വർഷം വരെ തടവ് ശിക്ഷയാണ് ഖത്തർ നിയമം അനുശാസിക്കുന്നത്.

ശ്രദ്ധിക്കണം വസ്ത്രങ്ങളിൽ

പൊതുസ്ഥലത്ത് അമിതമായി ശരീരം എക്സ്പോസ് വസ്ത്രങ്ങൾ ഒഴിവാക്കി, പ്രാദേശിക സംസ്കാരത്തോട് ആദരവ് കാണിക്കാൻ ഖത്തറിലെ സർക്കാർ ടൂറിസം വെബ്‌സൈറ്റ് പുരുഷന്മാരോടും സ്ത്രീകളോടും അഭ്യർത്ഥിക്കുന്നു. ഷോർട്ട്‌സും സ്ലീവ്‌ലെസ് ടോപ്പും ധരിച്ചവർക്ക് സർക്കാർ കെട്ടിടങ്ങളിലും മാളുകളിലും പ്രവേശനം നിഷേധിക്കാം. നഗരത്തിലെ മസ്ജിദുകൾ സന്ദർശിക്കുന്ന സ്ത്രീകൾക്ക് തല മറയ്ക്കാൻ സ്കാർഫുകൾ ലഭിക്കും.

തർക്കം വേണ്ട

പൊലീസുമായോ അധികാരികളുമായോ ഇടപെടുമ്പോൾ ‘സ്വെയർ’ ചെയ്യുന്നതും മറ്റും അറസ്റ്റിലേക്ക് നയിച്ചേക്കാം. ഖത്തറിലെ മിക്ക ക്രിമിനൽ കേസുകളിലും ജാഗ്രതയില്ലാത്ത വിദേശികളെ കുടുക്കുന്നത് ഇത്തരം കുറ്റമാണ്. ഖത്തറിലെ സ്ത്രീകളും പുരുഷന്മാരും എതിർലിംഗക്കാർക്ക് കൈ കൊടുക്കുന്ന പതിവില്ല. ആളുകളുടെ സമ്മതമില്ലാതെ ഫൊട്ടോ എടുക്കുന്നതും തന്ത്രപ്രധാനമായ സൈനിക അല്ലെങ്കിൽ മതപരമായ സ്ഥലങ്ങളുടെ ചിത്രങ്ങൾ എടുക്കുന്നതും പ്രോസിക്യൂഷനിലേക്ക് നയിച്ചേക്കാം. ഖത്തറിലെ നിവാസികളുമായി മതവും രാഷ്ട്രീയവും ചർച്ച ചെയ്യുമ്പോൾ ശ്രദ്ധിക്കുക. രാജകുടുംബത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുന്നത് നിങ്ങളെ ജയിലിൽ എത്തിച്ചേക്കാം.

വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതും രാജ്യതാൽപ്പര്യങ്ങൾ ഹനിക്കുന്നതും ഗൗരവമേറിയ കുറ്റകൃത്യമാണ്, അതിനാൽ ഖത്തറിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ കമന്ററികളിൽ നിന്ന് മാറി നിൽക്കുന്നതാണ് നല്ലത്.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Fifa world cup 2022 know qatar laws and customs

Best of Express