ഭാവിയിലെ യുദ്ധ ഡ്രോണുകളുടെ മുന്നോടിയായി കരുതപ്പെടുന്ന ഓട്ടോണമസ് ഫ്ളയിങ് വിംഗ് ടെക്നോളജി ഡെമോണ്‍സ്ട്രേറ്ററിന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ വിജയകരമാക്കിയിരിക്കുകയാണ് ഇന്ത്യ. സായുധ സേനയ്ക്കായുള്ള സ്റ്റെല്‍ത്ത് ആളില്ലാ യുദ്ധവിമാനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പരീക്ഷണം എന്താണ് അര്‍ത്ഥമാക്കുന്നതെന്നു പരിശോധിക്കാം.
പരീക്ഷണം
കര്‍ണാടക ചിത്രദുര്‍ഗയിലെ എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ വെള്ളിയാഴ്ചയാണു ഡെമോണ്‍സ്ട്രേറ്റര്‍ വാഹനം പരീക്ഷിച്ചത്. പൂര്‍ണമായും സ്വയം നിയന്ത്രണ മോഡില്‍ പ്രവര്‍ത്തിച്ച വാഹനം നിഷ്‌കര്‍ഷിച്ച രീതിയില്‍ പറന്നതായാണു ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ (ഡി ആര്‍ ഡി ഒ) വിലയിരുത്തല്‍. ടേക്ക് ഓഫ്, ഓട്ടോമാറ്റിക് നാവിഗേഷന്‍, ലാന്‍ഡിങ് എന്നിവയെല്ലാം കൃത്യമായിരുന്നു.
”ഭാവിയില്‍ ആളില്ലാ വിമാനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നിര്‍ണായക സാങ്കേതിക വിദ്യകള്‍ തെളിയിക്കുന്ന കാര്യത്തില്‍ ഈ പരീക്ഷണപ്പറക്കല്‍ ഒരു പ്രധാന നാഴികക്കല്ലാണ്. അത്തരം തന്ത്രപ്രധാനമായ പ്രതിരോധ സാങ്കേതികവിദ്യകളില്‍ സ്വാശ്രയത്വത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പാണിത്,” പ്രതിരോധ മന്ത്രാലയം പറഞ്ഞു.
ആളില്ലാ വ്യോമവാഹനങ്ങള്‍, ഫ്‌ളൈറ്റ് സിമുലേറ്ററുകള്‍, പൈലറ്റില്ലാത്ത ടാര്‍ഗെറ്റ് എയര്‍ക്രാഫ്റ്റ്, പ്ലൈറ്റ് കണ്‍ട്രോള്‍ സിസ്റ്റം, വ്യോമ ആയുധങ്ങള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഡി ആര്‍ ഡി ഒയുടെ ബെംഗളൂരു ആസ്ഥാനമായുള്ള എയറോനോട്ടിക്കല്‍ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (എ ഡി ഇ) ആണ് ഡെമോണ്‍സ്ട്രേറ്റര്‍ വികസിപ്പിച്ചെടുത്തത്.
പരീക്ഷണ വിജയം സ്വയംനിയന്ത്രണ സംവിധാനമുള്ള വിമാനത്തിലേക്കുള്ള വലിയ നേട്ടമാണെന്നും നിര്‍ണായക സൈനിക സംവിധാനങ്ങളുടെ കാര്യത്തില്‍ ആത്മനിര്‍ഭര്‍ ഭാരതിനു വഴിയൊരുക്കുമെന്നുമാണു ഡി ആര്‍ ഡി ഒയെ അഭിനന്ദിച്ചുകൊണ്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞത്.
എന്താണ് പ്രത്യേകത?
ടെക്‌നോളജി ഡെമോണ്‍സ്ട്രേറ്ററിന്റെ ചിറകിന്റെ ഘടന ഡി ആര്‍ ഡി ഒ ഉദ്യോഗസ്ഥര്‍ പ്രത്യേകം എടുത്തു പറയുന്നു. ഇത് വാലില്ലാത്ത ഫിക്‌സഡ്-വിങ് വിമാനത്തെ സൂചിപ്പിക്കുന്നു. പ്രധാന ചിറകുകളിലാണു പേലോഡും ഇന്ധനടാങ്കും. പരമ്പരാഗത വിമാനങ്ങളിലേതു പോലെ ഫ്യൂസ്ലേജ് (പ്രധാന ബോഡി) ഘടനയില്ല.
ഉദ്ദേശിച്ചതരത്തില്‍ പ്രാവര്‍ത്തികമായാല്‍, അമേരിക്കന്‍ ആയുധപ്പുരയിലെ ബി-2 ബോംബര്‍ പോലെയുള്ള നൂതന ബോംബറുകളുടേതുപോലെ ഉയര്‍ന്ന ഇന്ധനക്ഷമതയും ശത്രുക്കളുടെ കണ്ണില്‍നിന്ന് മറഞ്ഞ് സഞ്ചരിക്കാനുള്ള കഴിവും (സ്‌റ്റെല്‍ത്ത്) ഉള്ളതാവും ഈ വാഹനമെന്നാണ് ഡി ആര്‍ ഡി ഒ ശാസ്ത്രജ്ഞര്‍ പറയുന്നത്.
ഫ്‌ളൈയിങ് വിങ് മാതൃകയിലുള്ള വിമാനത്തിന് ഒരു പ്രധാന പ്രവര്‍ത്തന നേട്ടമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനു കുറഞ്ഞ പ്രതിഫലന ക്രോസ് സെക്ഷനുകള്‍ ഉള്ളതിനാല്‍ കുറഞ്ഞ റഡാര്‍ സിഗ്‌നേച്ചര്‍ ഇതൊരു സ്റ്റെല്‍ത്ത് യന്ത്രമാക്കി മാറ്റുന്നു. ഈ ആകൃതി കാരണം, വിമാനത്തിനു ഇഴച്ചില്‍ അല്ലെങ്കില്‍ വായു പ്രതിരോധം വളരെ കുറവാണ്. എങ്കിലും സവിശേഷമായ ഈ രൂപകല്‍പ്പന സ്ഥിരതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ അതിനാല്‍ അധിക സംവിധാനങ്ങള്‍ ആവശ്യമാണ്.
Also Read: പെട്രോള്‍, ഡീസല്‍ കയറ്റുമതിക്ക് പ്രത്യേക സെസ് ഏര്‍പ്പെടുത്തിയത് എന്തിന്? ആഭ്യന്തര വിലയെ ബാധിക്കുമോ?
വിമാനത്തിന്റെ അടിസ്ഥാന മെക്കാനിക്കല്‍ ഘടനയായ എയര്‍ഫ്രെയിം, ടേക്ക് ഓഫിനും ലാന്‍ഡിങ്ങിനും ഉപയോഗിക്കുന്ന ലാന്‍ഡിങ് ഗിയര്‍ സംവിധാനമായ അണ്ടര്‍കാരേജ്, ഏവിയോണിക്‌സ് സംവിധാനങ്ങള്‍ എന്നിവയ്‌ക്കൊപ്പം ഫ്‌ളൈറ്റ് കണ്‍ട്രോള്‍ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്. എയര്‍ ബ്രീത്തിങ് രീതിയിലുള്ള ജെറ്റ് എന്‍ജിനായ ചെറിയ ടര്‍ബോഫാന്‍ എന്‍ജിനാണു വാഹനത്തിനു കരുത്തേകുന്നത്.
യുദ്ധ ഡ്രോണുകള്‍ വികസിപ്പിക്കാന്‍ പരീക്ഷണം എങ്ങനെ സഹായിക്കും?
ഭാവിയിലെ യുദ്ധ ഡ്രോണുകള്‍ വികസിപ്പിക്കുന്നതിനായി മറ്റു സാങ്കേതിക വിദ്യകള്‍ പരിശോധിക്കാന്‍ ഈ ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കു വിധേയമാകുമെന്ന് ഡി ആര്‍ ഡി ഒ ശാസ്ത്രജ്ഞര്‍ പറഞ്ഞു. വാഹനത്തിന്റെ വലുപ്പത്തിന്റെയും ശേഷിയുടെയും കാര്യത്തിലും പരീക്ഷണങ്ങള്‍ നടത്തും.
പ്രധാനമായും വ്യോമസേനയ്ക്കുവേണ്ടി ഡി ആര്‍ ഡി ഒ വികസിപ്പിക്കുന്ന ഓട്ടോണമസ് സ്റ്റെല്‍ത്ത് അണ്‍മാന്‍ഡ് കോംബാറ്റ് എയര്‍ വെഹിക്കിളിന്റെ (യു സി എ വി) മുന്‍ഗാമിയാണ് ഇപ്പോള്‍ പരീക്ഷിച്ചിരിക്കുന്ന ഓട്ടോണമസ് ഫ്‌ളയിങ് വിങ് ടെക്നോളജി ഡെമോണ്‍സ്ട്രേറ്ററെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
നാവികസേനയ്ക്കായി കപ്പലില്‍നിന്നു വിക്ഷേപിക്കാവുന്ന പതിപ്പും പരീക്ഷണഘട്ടത്തിലാണെന്നു പറയപ്പെടുന്നു. മിസൈലുകളും നിര്‍ദിഷ്ട ലക്ഷ്യത്തിലേക്കു നിര്‍ദേശങ്ങള്‍ക്കനുസരിച്ച് കൃത്യമായി പതിക്കുന്ന ആയുധങ്ങളും വിക്ഷേപിക്കാനും യു സി എ വിക്കു കഴിയും.
നിശാന്ത്, റുസ്തം, തപസ്, ലക്ഷ്യ എന്നിങ്ങനെ വ്യത്യസ്ത ശേഷികളും കര്‍ത്തവ്യങ്ങളുമുള്ള വിവിധ ഡ്രോണുകള്‍ ഡി ആര്‍ ഡി ഒ നേരത്തെ വികസിപ്പിച്ചിട്ടുണ്ട്. ശത്രു ആക്രമണങ്ങളെ നിര്‍വീര്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ആന്റി-ഡ്രോണ്‍ സാങ്കേതികവിദ്യ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഡി ആര്‍ ഡി ഒ അവതരിപ്പിച്ചിരുന്നു. ഡിറ്റക്ഷന്‍, സോഫ്റ്റ് കില്‍ (ഡ്രോണുകളുടെ ആശയവിനിമയ ലിങ്കുകള്‍ തടസപ്പെടുത്തല്‍), ഹാര്‍ഡ് കില്‍ (എതിരാളിക ഡ്രോണുകളെ നിര്‍വീര്യമാക്കുന്നതിനു ലേസര്‍ അധിഷ്ഠിത സംവിധാനം) എന്നിവയുള്‍പ്പെടെയുള്ള കൗണ്ടര്‍ അറ്റാക്ക് കഴിവ് ഇതിനുണ്ട്.
Also Read: സ്ത്രീകളേക്കാൾ ചൊറിച്ചില്‍ പുരുഷന്മാർക്ക്; എന്തുകൊണ്ട്?
ആയുധപ്പുരയില്‍ സ്റ്റെല്‍ത്ത് കോംബാറ്റ് ഡ്രോണുകള്‍ ഉണ്ടായിരിക്കേണ്ടതിന്റെ തന്ത്രപരമായ പ്രാധാന്യം എടുത്തുകാണിക്കുന്നതാണ് ഇന്ത്യയിലും വിദേശത്തുമായി സമീപകാലത്തു നടന്ന നിരവധി സംഭവങ്ങള്‍. തദ്ദേശീയമായി വികസിപ്പിച്ചതും ഇറക്കുമതി ചെയ്തതുമായ ഡ്രോണുകള്‍ ഇന്ത്യന്‍ സായുധസേന നിലവില്‍ ഉപയോഗിക്കുന്നുണ്ട്. പൂര്‍ണമായും സ്വദേശീയമായി നിര്‍മിച്ച സ്റ്റെല്‍ത്ത് കോംബാറ്റ് മെഷീന്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു.
പുതിയ യു സി എ വിക്കു ഘാതക് (മാരകശേഷിയുള്ളത്) അല്ലെങ്കില്‍ ഓട്ടോണമസ് അണ്‍മാന്‍ഡ് റിസര്‍ച്ച് എയര്‍ക്രാഫ്റ്റ് എന്ന് പേരിടുമെന്നാണു ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഡി ആര്‍ ഡി ഒ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.