scorecardresearch
Latest News

ഫത്വ, വധഭീഷണി, നാടുകടത്തൽ; സൽമാൻ റുഷ്ദിയുടെ ജീവിതം മാറ്റിമറിച്ചത് ഒരു പുസ്തകം

1988 സെപ്റ്റംബറിൽ ‘സാത്താനിക് വേഴ്സസ്’ പ്രസിദ്ധീകരിച്ചതു മുതൽ, തന്റെ മിഡ്‌നൈറ്റ്‌സ് ചിൽഡ്രൻ (1981) എന്ന പുസ്തകത്തിന് ബുക്കർ പ്രൈസ് നേടിയ ബ്രിട്ടീഷ്-ഇന്ത്യൻ എഴുത്തുകാരന് എണ്ണമറ്റ വധഭീഷണികൾ നേരിടേണ്ടി വന്നിട്ടുണ്ട്

Salman Rushdie, writer, ie malayalam

പടിഞ്ഞാറൻ ന്യൂയോർക്കിൽ ഷട്ടോക്വ വിദ്യാഭ്യാസകേന്ദ്രത്തിലെ ചടങ്ങിൽ എഴുത്തുകാർക്കും കലാപ്രവർത്തകർക്കും അഭയം നൽകുന്ന രാജ്യമായി യുഎസിനെ മാറ്റുന്നതു സംബന്ധിച്ച് സംസാരിക്കുന്നതിനിടെയാണ് പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദി (75)യെ സ്റ്റേജിലേക്ക് ഓടിയെത്തിയ ഒരാൾ ആക്രമിച്ചത്. കുത്തേറ്റ റുഷ്ദി നിലത്തു വീഴുകയും, അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

വധഭീഷണി

1988 സെപ്റ്റംബറിൽ ‘സാത്താനിക് വേഴ്സസ്’ പ്രസിദ്ധീകരിച്ചതു മുതൽ, തന്റെ മിഡ്‌നൈറ്റ്‌സ് ചിൽഡ്രൻ (1981) എന്ന പുസ്തകത്തിന് ബുക്കർ പ്രൈസ് നേടിയ ബ്രിട്ടീഷ്-ഇന്ത്യൻ എഴുത്തുകാരന് എണ്ണമറ്റ വധഭീഷണികൾ നേരിടേണ്ടി വന്നിട്ടുണ്ട്. 1989 ഫെബ്രുവരി 14-ന് നോവലിലൂടെ ഇസ്‌ലാമിനെ അപമാനിച്ചതിന് റുഷ്ദിയെ വധിക്കാൻ ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖുമൈനി മതശാസന (ഫത്വ) പുറപ്പെടുവിച്ചു. ഇതിന്റെ പ്രത്യാഘാതങ്ങൾ വർഷങ്ങളോളം നീണ്ടുനിന്നു. റുഷ്ദി ഒളിവിൽ പോയി. പുസ്തക നിരോധനങ്ങളും പുസ്തകങ്ങൾ കത്തിക്കലും വധഭീഷണിയും വർഷങ്ങളോളം തുടർന്നു.

‘സാത്താനിക് വേഴ്സസ്’ നോവലിനെ ചുറ്റിപ്പറ്റിയുള്ള വിവാദം

1989-ൽ ചാനൽ 4-ന് നൽകിയ അഭിമുഖത്തിൽ, സാത്താനിക് വേഴ്സസ് പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ, പുസ്തകത്തിനെതിരെ ഉയർന്നുവരുന്ന വിമർശനങ്ങളെക്കുറിച്ച് റുഷ്ദി പ്രതികരിച്ചിരുന്നു. “നിങ്ങൾക്ക് ഒരു പുസ്തകം വായിക്കാൻ താൽപര്യമില്ലെങ്കിൽ, നിങ്ങൾ അത് വായിക്കേണ്ടതില്ല. സാത്താനിക് വേഴ്‌സസിന് ദീർഘമായ വായന ആവശ്യമാണ്. ഇതിൽ കാൽ ദശലക്ഷം വാക്കുകളുണ്ട്.”

ഇന്ത്യൻ മുസ്‌ലിം വംശജരായ അഭിനേതാക്കളായ ജിബ്രീൽ ഫാരിഷ്ടയുടെയും സലാദിൻ ചാംചയുടെയും കഥയാണ് സാത്താനിക് വേഴ്‌സസ് പറയുന്നത്, വിമാനാപകടത്തിൽ നിന്നുള്ള അത്ഭുതകരമായ രക്ഷപ്പെടലും അതിന് ശേഷമുള്ള പരിവർത്തനവുമാണ് നോവലിലുള്ളത്. നോവൽ പുറത്തിറങ്ങിയപ്പോൾ പാശ്ചാത്യ രാജ്യങ്ങളിൽനിന്ന് അനുകൂലമായ നിരൂപണങ്ങൾ ലഭിച്ചു. 1988 ലെ വിറ്റ്ബ്രഡ് അവാർഡ് നേടുകയും 1988 ലെ ബുക്കർ പ്രൈസിനുള്ള അവസാന പട്ടികയിൽ ഇടംപിടിക്കുകയും ചെയ്തു.

ഇന്ത്യയിൽ, നോവൽ പ്രസിദ്ധീകരിച്ച് ഒമ്പത് ദിവസങ്ങൾക്ക് ശേഷം, മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് രാജീവ് ഗാന്ധി സർക്കാർ പുസ്തകം നിരോധിച്ചു. യുകെയിലും പ്രതിഷേധം ശക്തമായി. വർഷാവസാനത്തോടെ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, സുഡാൻ, കെനിയ തുടങ്ങി നിരവധി രാജ്യങ്ങളിൽ പുസ്തകം നിരോധിച്ചു. മറ്റ് രാജ്യങ്ങളും ഇത് പിന്തുടർന്നു.

തുടക്കത്തിൽ, പുസ്തകത്തിനെതിരെ പ്രതിഷേധിച്ച രാജ്യങ്ങളിൽ ഇറാൻ ഉണ്ടായിരുന്നില്ല. എന്നാൽ പുസ്തകത്തിനും റുഷ്ദിക്കുമെതിരായ പ്രതിഷേധം കൂടിയപ്പോൾ, ഒരു കൂട്ടം പുരോഹിതന്മാർ പുസ്തകത്തിന്റെ ചില ഭാഗങ്ങൾ വായിച്ചു.

ഒളിവ് ജീവിതം

റുഷ്ദിയെ കൊല്ലുന്നവർക്ക് 3 മില്യൺ ഡോളറിലധികം പാരിതോഷികം പ്രഖ്യാപിച്ചു. 9 വർഷം റുഷ്ദി ഒളിവിൽ കഴിഞ്ഞു. അംഗരക്ഷകരുടെയും സുരക്ഷാ സേവനങ്ങളുടെയും കനത്ത കാവലിൽ ഇടയ്ക്കിടെ താമസം മാറി. 1998 ലെ ഖുമൈനിയുടെ ശാസനയിൽനിന്നു പിന്നീട് ഇറാൻ അകലം പാലിച്ചു.

പൊതുവിടങ്ങളിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു

1998 ന് ശേഷം മാത്രമാണ് റുഷ്ദി പൊതുവിടങ്ങളിൽ വീണ്ടും എത്തിയത്. വീണ്ടും നോവലുകൾ എഴുതുന്നത് തുടർന്നു. മികച്ച പുസ്തകത്തിനുള്ള കോമൺ‌വെൽത്ത് റൈറ്റേഴ്‌സ് പുരസ്കാര പ്രഖ്യാപനത്തിനുശേഷം മകൻ സഫറിനൊപ്പം 2000-ൽ അദ്ദേഹം ആദ്യമായി ഇന്ത്യയിലേക്ക് മടങ്ങി.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Fatwa death threats exile how one book changed salman rushdies life

Best of Express