കഴിഞ്ഞ വർഷം പാസാക്കിയ തർക്കവിഷയമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് വെള്ളിയാഴ്ചയാണ്. നിലവിൽ സുപ്രീം കോടതി സ്‌റ്റേ ചെയ്‌തിരിക്കുന്ന നിയമങ്ങൾ അസാധുവാക്കാനുള്ള നടപടി പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഒരു നിയമം റദ്ദാക്കപ്പെടുന്നു എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
ഒരു നിയമം റദ്ദാക്കുന്നത് ഒരു നിയമം അസാധുവാക്കാനുള്ള ഒരു മാർഗമാണ്. ഇനി നിയമം നിലനിൽക്കേണ്ടതില്ലെന്ന് പാർലമെന്റ് വിചാരിക്കുമ്പോൾ ഒരു നിയമം പിൻവലിക്കപ്പെടുന്നു. ചില നിയമനിർമ്മാണങ്ങൾക്ക് ഒരു “അസ്തമയ” ദിന വ്യവസ്ഥ ഉണ്ടായിരിക്കാം, ഒരു പ്രത്യേക തീയതിക്ക് ശേഷം അവ നിലനിൽക്കില്ല എന്ന തരത്തിൽ. ഉദാഹരണത്തിന്, ടാഡ (TADA) എന്നറിയപ്പെടുന്ന തീവ്രവാദ വിരുദ്ധ നിയമനിർമ്മാണമായ ടെററിസ്റ്റ് ആൻഡ് ഡിസ്റപ്റ്റീവ് ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് 1987-ന് ഒരു “അസ്തമയ” ദിന വ്യവസ്ഥ ഉണ്ടായിരുന്നു, അത് 1995-ൽ അസാധുവാകുന്ന തരത്തിലായിരുന്നു ആ വ്യവസ്ഥ.
“അസ്തമയ” വ്യവസ്ഥയില്ലാത്ത നിയമങ്ങളുടെ കാര്യത്തിൽ ആ നിയമം റദ്ദാക്കാൻ പാർലമെന്റ് മറ്റൊരു നിയമം പാസാക്കേണ്ടതുണ്ട്.
Also Read: മോദി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നിലെന്ത്? ആദ്യമല്ല ഈ കീഴടങ്ങൽ
ഭരണഘടനയുടെ ആർട്ടിക്കിൾ 245 പാർലമെന്റിന് രാജ്യം മുഴുവൻ അല്ലെങ്കിൽ ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്തിന് വേണ്ടി നിയമങ്ങൾ നിർമ്മിക്കാനുള്ള അധികാരം നൽകുന്നു. കൂടാതെ സംസ്ഥാന നിയമനിർമ്മാണ സഭകൾക്ക് സംസ്ഥാനത്തിനായി നിയമങ്ങൾ നിർമ്മിക്കാനുള്ള അധികാരം നൽകുന്നു. അതേ വ്യവസ്ഥയിൽ നിന്ന് ഒരു നിയമം റദ്ദാക്കാനുള്ള അധികാരം പാർലമെന്റിന് ലഭിക്കുന്നു.
ഒരു നിയമം അതിന്റെ പൂർണ്ണമായോ ഭാഗികമായോ അല്ലെങ്കിൽ മറ്റ് നിയമങ്ങളെ ബാധിക്കുന്ന ഭാഗങ്ങൾ മാത്രമായോ പോലും റദ്ദാക്കാവുന്നതാണ്.
ഒരു നിയമം റദ്ദാക്കുന്നതിനുള്ള നടപടിക്രമം എന്താണ്?
നിയമങ്ങൾ രണ്ട് തരത്തിൽ റദ്ദാക്കാം – ഒന്നുകിൽ ഒരു ഓർഡിനൻസിലൂടെയോ അല്ലെങ്കിൽ നിയമനിർമ്മാണത്തിലൂടെയോ.
ഒരു ഓർഡിനൻസ് ഉപയോഗിക്കുകയാണെങ്കിൽ, ആറ് മാസത്തിനുള്ളിൽ പാർലമെന്റ് പാസാക്കിയ നിയമം കൊണ്ട് അത് മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. പാർലമെന്റ് അംഗീകരിക്കാത്തത് കാരണം ഓർഡിനൻസ് കാലഹരണപ്പെട്ടാൽ, റദ്ദാക്കിയ നിയമം പുനരുജ്ജീവിപ്പിക്കപ്പെടും.
കാർഷിക നിയമങ്ങൾ റദ്ദാക്കാൻ സർക്കാരിന് നിയമനിർമ്മാണം നടത്താൻ കഴിയും. ഇത് പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് പാർലമെന്റിന്റെ ഇരുസഭകളും പാസാക്കുകയും രാഷ്ട്രപതിയുടെ അനുമതി നേടുകയും വേണം. മൂന്ന് കാർഷിക നിയമങ്ങളും ഒറ്റ നിയമനിർമ്മാണത്തിലൂടെ റദ്ദാക്കാവുന്നതാണ്. സാധാരണഗതിയിൽ, റദ്ദാക്കലും ഭേദഗതിയും എന്ന തലക്കെട്ടിലുള്ള ബില്ലുകൾ ഈ ആവശ്യത്തിനായി അവതരിപ്പിക്കുന്നു.
കാലഹരണപ്പെട്ട 1,428-ലധികം നിയമങ്ങൾ റദ്ദാക്കുന്നതിനായി 2014-ൽ അധികാരത്തിൽ വന്നതിനുശേഷം നരേന്ദ്ര മോദി സർക്കാർ ആറ് അസാധുവാക്കൽ, ഭേദഗതിചെയ്യൽ നിയമങ്ങൾ പാസാക്കിയിരുന്നു.