ഉത്തരേന്ത്യയിലെ സമരം ചെയ്യുന്ന കർഷകരും സർക്കാരും തമ്മിലുള്ള ചർച്ചകളുമായി ബന്ധപ്പെട്ട് 2018 ൽ പാർലമെന്റിൽ അവതരിപ്പിച്ച രണ്ട് സ്വകാര്യ ബില്ലുകൾ നിർണായകമാവുകയാണ്.
ഈ നിയമനിർമ്മാണങ്ങൾ നടപ്പാക്കുന്നതിൽ അനുകൂലമായ ഇടപെടൽ തേടി 2018 മേയിൽ കർഷകർ രാഷ്ട്രപതിയെ സന്ദർശിക്കുക കൂടി ചെയ്തെങ്കിലും ഈ ബില്ലുകൾ നിയമമായില്ല. കർഷകരുടെ ‘ദില്ലി ചാലോ’ പ്രതിഷേധത്തിനിടെ ബില്ലുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധയാവുന്നു.
എന്താണ് ഈ ബില്ലുകളെന്നും, എന്തുകൊണ്ട് ഈ ബില്ലുകൾ ഇപ്പോഴും കർഷകർക്ക് പ്രസക്തമാണെന്നും പരിശോധിക്കാം.
ഈ സ്വകാര്യ അംഗ ബില്ലുകൾ എന്തായിരുന്നു?
ആദ്യത്തെ സ്വകാര്യ ബിൽ ‘കർഷകരുടെ കടബാധ്യതാമുക്തി ബിൽ 2018’ (The Farmers’ Freedom from Indebtedness Bill 2018′) ആയിരുന്നു, രണ്ടാമത്തേത് കാർഷികോൽപ്പന്ന ബിൽ 2018ന് അനുബന്ധമായി കർഷകർക്ക് മിനിമം പ്രതിഫലം ഉറപ്പാക്കുന്നതിനുള്ള താങ്ങുവില അവകാശത്തിനായുള്ള ബില്ലാണ് (‘The Farmers’ Right to Guaranteed Remunerative Minimum Support Price (MSP) for Agricultural Commodities Bill 2018’).
അഖിലേന്ത്യാ കിസാൻ സംഘർഷ് ഏകോപന സമിതി (എ.ഐ.കെ.എസ്.സി) അംഗങ്ങളാണ് ഈ ബില്ലുകൾ തയ്യാറാക്കിയത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ‘ദില്ലി ചാലോ’ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന രാജ്യത്തുടനീളമുള്ള 500 കർഷക യൂണിയനുകളുടെ ഏകോപന സംഘടനയാണ് എ.ഐ.കെ.എസ്.സി.
Read More from Explained: സംസ്ഥാനങ്ങളിലെ മുസ്ലിം മന്ത്രിമാരുടെ എണ്ണം ജനസംഖ്യാനുപാതികമായി വളരെ പിറകിലെന്ന് കണക്കുകൾ
പ്രശസ്ത കർഷക നേതാവായിരുന്ന അന്നത്തെ ലോക്സഭാ എംപി രാജു ഷെട്ടിയാണ് ബില്ലുകൾ അവതരിപ്പിച്ചത്. കോൺഗ്രസ്, ശിവസേന, സിപിഐ എം, ബിഎസ്പി, ടിഎംസി, ഡിഎംകെ, എൻസിപി എന്നിവയുൾപ്പെടെ 21 രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ബില്ലിന് ലഭിച്ചു. രണ്ട് ബില്ലുകളും പരസ്പരം അനുബന്ധമാണെന്ന് വിദഗ്ദ്ധർ പറയുന്നു.
ഒരു സ്വകാര്യ അംഗ ബിൽ അവതരിപ്പിക്കുന്നത് മന്ത്രി അല്ലാത്ത ഒരു എംപിയാണ്. മന്ത്രിമാർ അവതരിപ്പിച്ച ബില്ലുകൾ സർക്കാർ ബില്ലുകളായി കണക്കാക്കുന്നു.
ഈ ബില്ലുകളിലെ പ്രധാന ആവശ്യങ്ങൾ എന്തായിരുന്നു?
ഇവയുടെ തലക്കെട്ടുകൾ സൂചിപ്പിക്കുന്നത് പോലെ തന്നെ കർഷകർക്ക് അവരുടെ വിളയുടെ കടബാധ്യതയിൽ നിന്നും മോചനം നൽകാനും മിനിമം പ്രതിഫലം ഉറപ്പാക്കുന്ന തരത്തിൽ താങ്ങുവില ലഭ്യമാക്കാൻ അവകാശം നൽകുന്നതിനുമാണ് ബില്ലുകൾ വ്യവസ്ഥചെയ്യുന്നത്.
ഭൂരഹിതരായ കൃഷിക്കാർ, കാർഷിക തൊഴിലാളികൾ, കൂട്ടുകൃഷിക്കാർ, മത്സ്യത്തൊഴിലാളികൾ എന്നിവരുൾപ്പെടെ എല്ലാ കർഷകരുടെയും എല്ലാ വായ്പകളും എഴുതിത്തള്ളാൻ ആദ്യ ബിൽ സർക്കാരിനെ ബാധ്യസ്ഥമാക്കുന്നു. ആദ്യ ബില്ലിന്റെ 28 പേജുകളിൽ ഉടനടി ഒറ്റത്തവണ സമ്പൂർണ്ണ വായ്പ എഴുതിത്തള്ളൽ, എല്ലാ കർഷകർക്കും സ്ഥാപന വായ്പ നേടാനുള്ള അവകാശം തുടങ്ങിയ ആവശ്യങ്ങൾ ഉൾപ്പെടുന്നു. പ്രകൃതിക്ഷോഭം അല്ലെങ്കിൽ ദുരിതം അനുഭവിക്കുന്ന കർഷകർക്ക് കടക്കെണിയിൽ നിന്ന് സംരക്ഷണം നേടുന്നതിനുള്ള വ്യവസ്ഥ, സഹായം കൈമാറുന്നതിനും ദുരന്തങ്ങളിൽ നിന്നും കർഷകരെ മോചിപ്പിക്കുന്നതിന് ഉചിതമായ നടപടികൾ ശുപാർശ ചെയ്യുന്നതിനും അധികാരമുള്ള ഒരു ദേശീയ കമ്മീഷന്റെയും സംസ്ഥാന കമ്മീഷനുകളുടെയും രൂപീകരണം എന്നിവയും ബില്ലിൽ നിർദേശിക്കുന്നു.
Read More from Explained: എന്താണ് ഇന്ത്യയുടെ പ്രാദേശിക ഗതിനിർണയ ഉപഗ്രഹ സംവിധാനം? അറിയേണ്ടതെല്ലാം
കൃഷിക്കാരോട് അവർ നൽകുന്ന ഭക്ഷ്യസുരക്ഷയ്ക്കും സ്വയം പര്യാപ്തതയ്കക്കും പ്രവർത്തനങ്ങൾക്കും രാജ്യം കടപ്പെട്ടിരിക്കുന്നു എന്നതാണ് ഈ ബിൽ തയ്യാറാക്കാൻ കാരണമെന്ന് ബില്ലിൽ പറയുന്നു. അവരുടെ സംഭാവന ഉണ്ടായിരുന്നിട്ടും, ആയിരക്കണക്കിന് കർഷകർ ആത്മഹത്യ ചെയ്യുന്നു, കടബാധ്യത മൂലം ദശലക്ഷക്കണക്കിന് ആളുകൾ ദുരിതത്തിലാണ്, സർക്കാർ നയങ്ങളുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങൾ തടയേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും ബില്ലിൽ വ്യക്തമാക്കുന്നു.
രണ്ടാമത്തെ ബിൽ ഡീസൽ, വിത്തുകൾ, രാസവളങ്ങൾ, കീടനാശിനികൾ, യന്ത്രങ്ങൾ, ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള കാർഷിക വൃത്തിക്ക് ആവശ്യമായ വസ്തുക്കളുടെ വില നിയന്ത്രിക്കാനും കുറയ്ക്കാനും സർക്കാരിനെ ബാധ്യസ്ഥമാക്കുന്നു. എല്ലാ ഉൽപാദനച്ചെലവും വിലയിരുത്തുന്നതിന് ഒരു കോസ്റ്റ് ആൻഡ് പ്രൈസ് കമ്മീഷൻ രൂപീകരിക്കാനും ആവശ്യപ്പെടുന്നു. ചെലവ്, കുടുംബാംഗങ്ങളുടെ തൊഴിൽപരമായ അധ്വാനം, ഭൂമി വാടക, മൂലധനത്തിന്റെ മൂല്യത്തകർച്ച, സി 2 ചെലവുകളായി നിശ്ചയിച്ചിട്ടുള്ള പലിശ, ഇൻഷുറൻസ് ചെലവുകൾ, എന്നിവ കണക്കാക്കാനും പൊതു, സ്വകാര്യ വാങ്ങൽ ഏജൻസികൾ വഴി കർഷകർക്ക് സി 2 + 50% കുറഞ്ഞ താങ്ങുവില (എംഎസ്പി) ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ബില്ലിൽ നിർദേശിക്കുന്നു.
പാർലമെന്റിൽ അവതരിപ്പിച്ച ശേഷം ഈ ബില്ലുകൾക്ക് എന്ത് സംഭവിച്ചു?
രണ്ട് ബില്ലുകളും ഇന്നുവരെ പരിഗണിച്ചിട്ടില്ല. “സാധാരണയായി ലോക്സഭ പിരിച്ചുവിട്ടതിനുശേഷം സ്വകാര്യ അംഗത്തിന്റെ ബില്ലുകൾ മാറ്റിവച്ച് വീണ്ടും അവതരിപ്പിക്കാം. സർക്കാരിന് വേണമെങ്കിൽ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഈ രണ്ട് ബില്ലുകളും പാർലമെന്റിൽ വിശദമായി ചർച്ച ചെയ്യാമായിരുന്നു,” ഭകതി കിസാൻ യൂണിയൻ (ബി കെ യു) ഡാകൗണ്ട ജനറൽ സെക്രട്ടറി ജഗ്മോഹൻ സിംഗ് പറഞ്ഞു. ബില്ലുകളിൽ പറഞ്ഞ കാര്യങ്ങൾക്ക് സമാനമാണ് ഇപ്പോഴും കർഷകരുടെ ആവശ്യങ്ങളുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നും ഇവ പ്രസക്തമായിരിക്കുന്നത് എന്തുകൊണ്ട്?
“ഡോ. സ്വാമിനാഥൻ റിപ്പോർട്ടിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരമുള്ള, വിളകളുടെ മാന്യമായ വില ലഭിക്കുന്നതിന് ഇന്നും കർഷകർ പോരാടുകയാണ്. വർദ്ധിച്ചുവരുന്ന കടങ്ങൾ കാരണം കർഷകരുടെ ആത്മഹത്യ ഇപ്പോഴും തുടരുകയാണ്, അവർക്ക് ലഭിക്കുന്ന വിളവിലയിലെ അപര്യാപ്തതകളുടെ മോശം ഫലമായി,” ജഗ്മോഹൻ സിംഗ് വിശദീകരിച്ചു. എംഎസ്‌പിയുടെ പകുതി വിലക്ക് കർഷകർക്ക് വിൽപന നടത്തേണ്ടി വരുന്നെന്നും അദ്ദേഹം പറഞ്ഞു.
Read More from Explained: ജനുവരി മുതൽ ഫാസ്‌ടാഗ് നിർബന്ധം; എങ്ങനെ ലഭിക്കും, ഉപയോഗിക്കുന്നതെങ്ങനെ?
കടബാധ്യതയിൽ നിന്നുള്ള മോചനം ഉറപ്പുനൽകുന്നതിനുള്ളതും പ്രതിഫലം, വില എന്നിവയുമായി ബന്ധപ്പെട്ടതുമായ ഈ രണ്ട് അടിസ്ഥാന അവകാശങ്ങൾ രാജ്യത്തെ എല്ലാ കർഷകർക്കും ലഭ്യമാവണമെന്ന് എ.ഐ.കെ.എസ്.സി അംഗം കൂടിയായ ക്രാന്തികാരി കിസാൻ യൂണിയനിലെ ഡോ ദർശൻ പാൽ പറഞ്ഞു.
കേന്ദ്രം അടുത്തിടെ പാസാക്കിയ മൂന്ന് കാർഷിക ബില്ലുകൾ റദ്ദാക്കുക എന്നതിനൊപ്പം തങ്ങൾ ഉയർത്തുന്ന മറ്റ് ആവശ്യങ്ങൾ 2018ലെ സ്വകാര്യ ബില്ലുകളിലേതിന് സമാനമാണെന്നും പാൽ പറഞ്ഞു. “ആ മൂന്ന് കർഷക വിരുദ്ധ ബില്ലുകൾ റദ്ദാക്കണമെന്ന ഞങ്ങളുടെ ആവശ്യത്തിനൊപ്പം, ഇന്നത്തെ ഞങ്ങളുടെ ആവശ്യങ്ങൾ ആ ബില്ലിൽ ഞങ്ങൾ തയ്യാറാക്കിയതിന് സമാനമാണ്,” അദ്ദേഹം പറഞ്ഞു.
“കടുത്ത സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക പ്രതിസന്ധി നേരിടുന്ന ഗ്രാമീണ ഇന്ത്യയിൽ കാര്യങ്ങൾ കൂടുതൽ വഷളാകുമ്പോൾ ഈ സ്വകാര്യ ബില്ലുകൾ കൂടുതൽ പ്രസക്തമാണ്. ഗവൺമെന്റിന്റെ കടുത്ത അജ്ഞതയും കെടുകാര്യസ്ഥതയും കർഷകരെ കുഴപ്പത്തിലാക്കി. തൊഴിലില്ലായ്മ ഏറ്റവും ഉയർന്നതാണ്,” കർഷകരുടെ ആത്മഹത്യയെക്കുറിച്ചും ഗ്രാമീണ കടബാധ്യതയെക്കുറിച്ചും നിരവധി പഠനങ്ങൾ നടത്തിയ കാർഷിക സാമ്പത്തിക വിദഗ്ധനായ പ്രൊഫ. ഗിയാൻ സിംഗ് പറഞ്ഞു.
Read More from Explained: നെറ്റ്ഫ്ലിക്സും ആമസോണും അടക്കമുള്ള ഒ ടി ടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം വരുമ്പോൾ
“പ്രാഥമിക ഉൽപാദകരെ കൊള്ളയടിക്കുന്ന വ്യാപാരികളുടെ ഗൂഢ സംഘങ്ങൾ സർക്കാറിന്റെ മൂക്കിനു താഴെ വിപണികൾ എങ്ങനെയാണ് നടത്തുന്നതെന്ന് ആ സ്വകാര്യ അംഗ ബില്ലുകളിൽ കർഷക നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോൾ, മൂന്ന് കർഷക ബില്ലുകൾ കർഷകരിൽ നിന്നുള്ള ഉൽപന്നങ്ങൾ വാങ്ങിക്കൂട്ടുന്നതിൽ വ്യാപാരികളുടെ ഗൂഢസംഘങ്ങൾ കുത്തക നേടുന്നതിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്നെത്തിക്കും, ”അദ്ദേഹം കൂട്ടിച്ചേർത്തു.