scorecardresearch

ബംഗ്ലാദേശിന്റെ ഭാവി താരിഖ് റഹ്മാന്റെ കൈകളിലോ? പ്രവാസത്തിൽ നിന്നുള്ള മടങ്ങിവരവും പുതിയ വെല്ലുവിളികളും

ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ അമരക്കാരനായി താരിഖ് മാറുമ്പോൾ, അയൽരാജ്യമായ ഇന്ത്യയുൾപ്പെടെയുള്ളവർ ഉറ്റുനോക്കുന്നത് അദ്ദേഹം ബംഗ്ലാദേശിനെ എങ്ങനെ ഐക്യപ്പെടുത്തും എന്നാണ്

ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ അമരക്കാരനായി താരിഖ് മാറുമ്പോൾ, അയൽരാജ്യമായ ഇന്ത്യയുൾപ്പെടെയുള്ളവർ ഉറ്റുനോക്കുന്നത് അദ്ദേഹം ബംഗ്ലാദേശിനെ എങ്ങനെ ഐക്യപ്പെടുത്തും എന്നാണ്

author-image
Shubhajit Roy
New Update
Tarique Rahman

താരിഖ് റഹ്മാൻ

വർഷങ്ങൾ നീണ്ട പ്രവാസജീവിതത്തിന് വിരാമമിട്ട് ബംഗ്ലാദേശിന്റെ രാഷ്ട്രീയ ഭൂമികയിലേക്ക് തിരിച്ചെത്തിയ താരിഖ് റഹ്മാൻ ആധുനിക ബംഗ്ലാദേശിന്റെ ചരിത്രത്തിലെ നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ അമരക്കാരനായി താരിഖ് മാറുമ്പോൾ, അയൽരാജ്യമായ ഇന്ത്യയുൾപ്പെടെയുള്ളവർ ഉറ്റുനോക്കുന്നത് അദ്ദേഹം ബംഗ്ലാദേശിനെ എങ്ങനെ ഐക്യപ്പെടുത്തും എന്നാണ്.

Advertisment

2024-ൽ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് പുറത്തായതിന് ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) വൻവിജയം നേടി. ഏകദേശം രണ്ട് പതിറ്റാണ്ടിന് ശേഷം അധികാരം തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ് ബിഎൻപി.

Also Read: ഓം ബിർളയ്‌ക്കെതിരായ അവിശ്വാസ പ്രമേയം: ലോക്‌സഭാ സ്പീക്കറെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്?

Advertisment

സൗമ്യമായി സംസാരിക്കുന്ന, മിതഭാഷിയായ 60-കാരൻ താരിഖ് റഹ്മാൻ ബംഗ്ലാദേശിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ കുടുംബങ്ങളിലൊന്നിന്റെ പിൻഗാമിയായാണ് എപ്പോഴും അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ പിതാവ് സിയാവുർ റഹ്മാൻ വിമോചന സമരത്തിലെ പ്രധാന സൈനിക നേതാക്കളിൽ ഒരാളും ബിഎൻപിയുടെ സ്ഥാപകനുമായിരുന്നു. അദ്ദേഹത്തിന്റെ മാതാവ് ഖാലിദ സിയ, ഭർത്താവിന്റെ വേർപാടിന് ശേഷം പാർട്ടിയുടെ ചുമതല ഏറ്റെടുത്തു.

രാഷ്ട്രീയത്തിലേക്കുള്ള ആദ്യ ചുവടുവെപ്പുകൾ

മറ്റേതൊരു രാഷ്ട്രീയ പിൻഗാമിയെയും പോലെ റഹ്മാന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളും നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 1988-ൽ തന്റെ 23-ാം വയസിൽ അദ്ദേഹം ബിഎൻപിയിൽ ചേർന്നു. അതേ വർഷം തന്നെ സിയാവുർ റഹ്മാൻ ഫൗണ്ടേഷനും സ്ഥാപിച്ചു. ഇത് രാഷ്ട്രീയേതര സംഘടനയായാണ് അറിയപ്പെട്ടതെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് ഇതൊരു തുടക്കമായിരുന്നു.

1991-ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സിയയെ രാജ്യത്തുടനീളം അനുഗമിച്ചതിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. 2001-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രാദേശിക പ്രശ്നങ്ങൾ പഠിക്കാനും സിവിൽ സൊസൈറ്റിയുമായി സംവദിക്കാനുമായി അദ്ദേഹം ധാക്കയിൽ ഒരു ഓഫീസ് സ്ഥാപിച്ചു; ഇത് ബിഎൻപി-ജമാഅത്ത് സഖ്യത്തിന്റെ വിജയത്തിന് ഗണ്യമായ സംഭാവന നൽകി.

പാർട്ടി അധ്യക്ഷന്റെ മകനായിരുന്നിട്ടും റഹ്മാൻ ഔദ്യോഗിക പദവികളൊന്നും ഏറ്റെടുത്തില്ല. രേഖകളിൽ അദ്ദേഹം പാർട്ടിയിൽ തന്നെ തുടർന്നു. ബിഎൻപിയുടെ സീനിയർ ജോയിന്റ് സെക്രട്ടറി ജനറലായിരുന്ന ഈ കാലയളവിൽ, ധാക്കയിലെ 'ഹവ ഭവനിൽ' ഇരുന്ന് അദ്ദേഹം ഒരു സമാന്തര സർക്കാർ നടത്തിയിരുന്നതായി പരക്കെ പറയപ്പെടുന്നു.

Also Read: കൂടുതൽ ജനകീയമാകാൻ പി.എഫ്; പുതിയ വെബ്സൈറ്റ്, ഏത് ഓഫീസിൽ നിന്നും സേവനം; പരിഷ്‌കാരങ്ങൾ ഇങ്ങനെ

17 വർഷത്തെ പ്രവാസം, ശേഷം മടക്കം

2006-ൽ സിയയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരം ഒഴിഞ്ഞതിന് പിന്നാലെ തരിഖ് റഹ്മാൻ അഴിമതി വിരുദ്ധ ഏജൻസികളുടെ നിരീക്ഷണത്തിലായി. 2007 മാർച്ച് 7-ന് അഴിമതി ആരോപണങ്ങളെത്തുടർന്ന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. 2008 സെപ്റ്റംബറിൽ ലണ്ടനിൽ ചികിത്സ തേടുന്നതിനായി അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. ജയിലിൽ വെച്ച് തരിഖ് ക്രൂരമായ പീഡനങ്ങൾക്ക് ഇരയായെന്നും വിമാനത്തിലേക്ക് അദ്ദേഹത്തെ വീൽചെയറിലാണ് എത്തിച്ചതെന്നും അദ്ദേഹത്തിന്റെ സഹായികൾ ആരോപിച്ചു.

പിന്നീട് 17 വർഷത്തേക്ക് റഹ്മാൻ മടങ്ങിവന്നില്ല. ലണ്ടനിലെ കിംഗ്സ്റ്റൺ ഏരിയയിൽ ഭാര്യ സുബൈദയ്ക്കും മകൾ സൈമയ്ക്കുമൊപ്പം രാഷ്ട്രീയ അഭയം തേടി അവിടെ താമസിച്ചു. വിദേശത്തായിരിക്കുമ്പോൾ തന്നെ, 2009-ൽ ബിഎൻപി അദ്ദേഹത്തെ സീനിയർ വൈസ് ചെയർമാനായി തിരഞ്ഞെടുത്തു, 2016-ൽ വീണ്ടും ആ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു.

2018-ൽ ഖാലിദ സിയ ജയിലിലായതിനെത്തുടർന്ന് റഹ്മാൻ ബിഎൻപിയുടെ ആക്ടിങ് ചെയർമാനായി. അവാമി ലീഗ് ഭരണകാലത്ത്, അദ്ദേഹത്തിന്റെ അഭാവത്തിൽ അഞ്ച് കേസുകളിൽ ശിക്ഷിക്കപ്പെടുകയും അഴിമതിയും ഭീകരവാദവുമായി ബന്ധപ്പെട്ട നൂറോളം കേസുകൾ നേരിടുകയും ചെയ്തു. എന്നാൽ റഹ്മാൻ ഈ ആരോപണങ്ങളെല്ലാം നിരന്തരം നിഷേധിച്ചുപോന്നു. അദ്ദേഹത്തിന്റെ പ്രസ്താവനകൾ പ്രസിദ്ധീകരിക്കുന്നതിനോ സംപ്രേഷണം ചെയ്യുന്നതിനോ ഹസീന സർക്കാർ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.

പിന്നീട് കോടതികൾ അദ്ദേഹത്തെ എല്ലാ കുറ്റങ്ങളിൽ നിന്നും വിമുക്തനാക്കി, ഇതോടെ കഴിഞ്ഞ വർഷം ഡിസംബർ 25-ന് അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാൻ വഴിതെളിഞ്ഞു. അപ്പോഴേക്കും അദ്ദേഹത്തിന്റെ മാതാവ് ഗുരുതരാവസ്ഥയിലായിരുന്നു. ഡിസംബർ 30-ന് ബിഎൻപി ചെയർപേഴ്സൺ (ഖാലിദ സിയ) അന്തരിച്ചു.

ജനുവരി 9-ന് ബിഎൻപി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ വെച്ച് റഹ്മാൻ ഔദ്യോഗികമായി ചുമതലയേറ്റു. മുൻ പ്രധാനമന്ത്രിയുടെ വിയോഗത്തിൽ ദുഃഖിക്കുന്ന മകൻ എന്ന നിലയിൽ നിന്ന് രാജ്യത്തിന്റെ അമരക്കാരൻ എന്ന പദവിയിലേക്കുള്ള മാറ്റത്തിന് അദ്ദേഹത്തിന് ലഭിച്ചത് വെറും രണ്ട് മാസത്തിൽ താഴെ സമയം മാത്രമാണ്.

Also Read:പരസ്യവും താരങ്ങളുടെ ബാധ്യതയും; മോഹൻലാലിനെതിരെയുള്ള ഹർജിയിൽ ഹൈക്കോടതിയുടെ നിരീക്ഷണം ചർച്ചയാകുന്നു

റഹ്മാന്റെ പ്രവർത്തന രീതി

"ഞാൻ അദ്ദേഹവുമായി സംവദിച്ചിട്ടുണ്ട്. അദ്ദേഹം മികച്ച ഒരു ശ്രോതാവാണെന്നും പാർട്ടിയംഗങ്ങളുമായി ആലോചിച്ച ശേഷമേ തീരുമാനങ്ങൾ എടുക്കാറുള്ളൂവെന്നും എനിക്ക് തോന്നിയിട്ടുണ്ട്," ധാക്ക സർവകലാശാലയിലെ ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡിപ്പാർട്ട്‌മെന്റിലെ ഇക്കണോമിക്‌സ് പ്രൊഫസറായ റാഷെദ് അൽ മഹ്മൂദ് തിതുമിർ 'ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട്' പറഞ്ഞു.

സ്റ്റാൻഡിങ് കമ്മിറ്റിയിലെ മുതിർന്ന പാർട്ടി നേതാക്കളോട് റഹ്മാന് വലിയ ബഹുമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ രാഷ്ട്രീയ തന്ത്രങ്ങൾ മെനയുന്നതിനായി യുകെയിൽ നിന്നുള്ള ഉപദേശകർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഒരു കുടുംബനാഥൻ എന്ന പ്രതിച്ഛായയും റഹ്മാൻ വളർത്തിയെടുത്തിട്ടുണ്ട്. ഡോക്ടറായ ഭാര്യയ്ക്കും വക്കീലായ മകൾക്കുമൊപ്പമാണ് അദ്ദേഹം പ്രചാരണം നടത്തിയത്.

വെള്ളിയാഴ്ച ഉച്ചയോടെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമായപ്പോൾ, രാജ്യത്തിന്റെ പുതിയ നേതാവിനെ ഒരു നോക്ക് കാണാൻ ഗുൽഷാനിലെ അദ്ദേഹത്തിന്റെ ഓഫീസിന് പുറത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടി. "എനിക്ക് എന്റെ നേതാവിനെ കാണണം," ബെഗുര ഗ്രാമത്തിൽ നിന്നുള്ള മുഹമ്മദ് കാജൽ ഇസ്‌ലാം പറഞ്ഞു.

അതേസമയം, റഹ്മാൻ അടുത്തുള്ള പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയിൽ പങ്കെടുത്ത ശേഷമാണ് ഓഫീസിലേക്ക് മടങ്ങിയത്. ഇതിലൂടെ വ്യക്തമായ രാഷ്ട്രീയ സൂചനയാണ് അദ്ദേഹം നൽകിയത്. ഈ തിരഞ്ഞെടുപ്പിൽ ഇസ്‌ലാമിസ്റ്റ് പാർട്ടിയായ ജമാഅത്തെ ഇസ്‌ലാമിയുടെ നാടകീയമായ മുന്നേറ്റമാണ് കണ്ടത്.

എന്നാൽ റഹ്മാൻ ന്യൂനപക്ഷങ്ങളെ മറന്നിട്ടില്ല. "2024-ലെ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ പോലും മതപരമായ സ്വത്വത്തിന്റെ ചോദ്യം ഉയർന്നുവന്നിട്ടില്ല. മതം ഓരോ വ്യക്തിയുടേതുമാണെന്നും എന്നാൽ രാജ്യം എല്ലാവരുടേതുമാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു. ഓരോ മതവിശ്വാസിയും അവരുടെ വിശ്വാസമനുസരിച്ച് മതം ആചരിക്കും. ഇതാണ് ആധുനിക പരിഷ്‌കൃത സമൂഹത്തിന്റെ രീതി. എല്ലാ പൗരന്മാർക്കും സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. മതം ഓരോ വ്യക്തിക്കും ഉള്ളതാണ്; സുരക്ഷയ്ക്കുള്ള അവകാശം എല്ലാവർക്കുമുള്ളതാണ്," വോട്ടെടുപ്പിന് മുമ്പുള്ള തന്റെ അവസാന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. 

Read More: വിദേശ നിക്ഷേപ പരിധി 100 ശതമാനമാക്കും,കോമ്പോസിറ്റ് ലൈസൻസ് ഇല്ല; പുതിയ ഇൻഷുറൻസ് ബില്ലിനെപ്പറ്റി അറിയാൻ സമഗ്രമായി

Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: