Social media sites Facebook, WhatsApp and Instagram outage: സോഷ്യൽ മീഡിയ ഭീമനായ ഫെയ്സ്ബുക്കും അവരുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പും ഇൻസ്റ്റാഗ്രാമും തിങ്കളാഴ്ച ആറ് മണിക്കൂറോളം കോടിക്കണക്കിന് ഉപയോക്താക്കൾക്ക് ലഭ്യമല്ലാതായിരുന്നു. ഫെയ്സ്ബുക്ക് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിൽ വന്ന ഏറ്റവും വലിയ സ്തംഭനങ്ങളിലൊന്നാണിത്. ഫെയ്സ്ബുക്കിന്റെ സിസ്റ്റങ്ങളിൽ സൈബർ ആക്രമണം നടന്നതായി ഊഹാപോഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഈ പ്രശ്നത്തിന് കാരണമായത് ഒരു ക്രമീകരണത്തിലെ പിശകാണെന്ന് കമ്പനി പറഞ്ഞു.
എന്താണ് സംഭവിച്ചത്?
തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്ക് ശേഷം ഫെയ്സ്ബുക്കിന്റെയും വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഒക്കുലസ് വിആർ എന്നിവയുൾപ്പെടെയുള്ള ഫെയ്സ്ബുക്കിന്റെ മറ്റു സേവനങ്ങളുടെയും പ്രവർത്തനം നിലച്ചു. ചൊവ്വാഴ്ച പുലർച്ചെ വരെ ഇവ പുനസ്ഥാപിക്കാനായില്ല. ഈ തകരാർ ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ ബാധിച്ചു. ചില റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ ആന്തരിക സംവിധാനങ്ങളെ ബാധിച്ചതിനാൽ ഫെയ്സ്ബുക്ക് ജീവനക്കാരെ പോലും ബാധിച്ചു, ആന്തരിക ഇ-മെയിൽ ക്ലയന്റുകൾ ആക്സസ് ചെയ്യുന്നതിന് അവർക്ക് കഴിയാതെ വന്നു.
Read More: വാട്സ്ആപ്പും ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും തിരിച്ചെത്തി; സേവനങ്ങൾ തടസ്സപ്പെട്ടത് ആറ് മണിക്കൂർ
ഈ പ്രശ്നത്തിന്റെ കാരണം ഫെയ്സ്ബുക്ക് തിരിച്ചറിഞ്ഞോ?
കമ്പനിയുടെ ഡാറ്റാ സെന്ററുകൾ തമ്മിലുള്ള നെറ്റ്വർക്ക് ട്രാഫിക് ഏകോപിപ്പിക്കുന്ന ബാക്ക്ബോൺ റൂട്ടറുകളിലെ ക്രമീകരണങ്ങളിലെ മാറ്റങ്ങൾ ഈ ആശയവിനിമയത്തെ തടസ്സപ്പെടുത്തുന്ന പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് എഞ്ചിനീയറിംഗ് ടീമുകൾ കണ്ടെത്തിയതായി ഫെയ്സ്ബുക്ക് ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
“നെറ്റ്വർക്ക് ട്രാഫിക്കിലേക്കുള്ള ഈ തടസ്സം ഞങ്ങളുടെ ഡാറ്റാ സെന്ററുകൾ ആശയവിനിമയം നടത്തുന്നതിനെ ബാധിക്കുകയും ഞങ്ങളുടെ സേവനങ്ങൾ നിർത്തുകയും ചെയ്തു,” അതിൽ പറയയുന്നു. ലളിതമായി പറഞ്ഞാൽ, ഡിഎൻഎസ് (ഡൊമെയ്ൻ നെയിം സിസ്റ്റം) പിശക് എന്ന് വിളിക്കപ്പെടുന്ന പ്രശ്നം കാരണം ഫെയ്സ്ബുക്കിന്റെ മെഷീനുകൾ തമ്മിലുള്ള പരസ്പര ആശയവിനിമയം തടസ്സപ്പെടുകയായിരുന്നു.
Also Read: Pandora Papers: എന്തുകൊണ്ടാണ് പാൻഡോര പേപ്പറുകൾ പ്രാധാന്യമർഹിക്കുന്നത്?
“ലളിതമായി പറഞ്ഞാൽ ‘Facebook.com’ എന്നത് പോലെ പോലെ നമ്മൾ നൽകുന്ന വാക്കുകൾ കമ്പ്യൂട്ടറുകൾക്ക് അറിയാവുന്ന ഭാഷകളിലേക്കോ നമ്പറുകളിലേക്കോ ഇന്റർനെറ്റ് വിലാസത്തിലേക്കോ മാറ്റുന്നതിനുള്ള ഇന്റർനെറ്റ് പ്രോട്ടോക്കോളാണ് ഡിഎൻസ്. അവ പരിവർത്തനം ചെയ്യുകയും ഞങ്ങൾ ഉപയോഗിക്കാൻ ആവശ്യപ്പെട്ട സേവനങ്ങളിലേക്കും ആപ്ലിക്കേഷനുകളിലേക്കും ഞങ്ങളെ നയിക്കുകയും ചെയ്യുന്നു. ഈ സേവനം പരാജയപ്പെടുമ്പോൾ, സേവനങ്ങൾ തകരാറിലാണെന്ന് തോന്നും പക്ഷേ യഥാർത്ഥത്തിൽ അവ ആക്സസ് ചെയ്യാൻ കഴിയുന്നില്ല എന്നതാണ് സംഭവിച്ചിരിക്കുക,” ഡിഎൻഎസ് പിഴവിനെക്കുറിച്ച് സാങ്കേതിക വിദഗ്ധനായ ലോതെം ഫിൻകെൽസ്റ്റൺ പറഞ്ഞു.
സൈബർ ആക്രമണ സാധ്യതയുണ്ടോ
“ഈ സമയത്ത് ഞങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു, ഈ തകരാറിന്റെ മൂലകാരണം തെറ്റായ കോൺഫിഗറേഷൻ മാറ്റമാണെന്ന്. ഈ പ്രവർത്തനരഹിതമായ സമയത്തിന്റെ ഫലമായി ഉപയോക്തൃ ഡാറ്റ അപഹരിക്കപ്പെട്ടു എന്നതിന് ഞങ്ങൾക്ക് തെളിവുകളൊന്നുമില്ല,” എന്ന് ഫെയ്സ്ബുക്ക് അവരുടെ ബ്ലോഗിൽ എഴുതി.
“ഒരു സൈബർ ആക്രമണത്തിന്റെ ഫലമായിരിക്കില്ല, കാരണം ആപ്പുകൾക്ക് പിന്നിലുള്ള സാങ്കേതികവിദ്യ ഇപ്പോഴും വ്യത്യസ്തമാണ്, ഒരു ഹാക്ക് എല്ലാവരേയും ഒരേസമയം ബാധിക്കാൻ സാധ്യതയില്ല,” രണ്ട് അജ്ഞാതരായ ഫെയ്സ്ബുക്ക് സുരക്ഷാ ടീം അംഗങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഫെയ്സ്ബുക്കിൽ മുമ്പും തകരാറുകൾ നേരിട്ടിട്ടുണ്ടോ?
അതെ, ഈ വർഷം ആദ്യം മാർച്ചിലും ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനുകൾക്ക് ഒരു വലിയ തടസ്സം നേരിട്ടു. ഇതിന് മുമ്പ്, 2020 ൽ മാത്രം, നാല് തവണ വാട്ട്സ്ആപ്പിൽ വലിയ രീതിയിൽ തകരാറുകൾ സംഭവിച്ചു.അതിൽ ഏറ്റവും പ്രധാനപ്പെട്ടത് 2020 ജനുവരിയിലായിരുന്നു. അത് ഏകദേശം മൂന്ന് മണിക്കൂർ നീണ്ടുനിന്നു. ഇതിനുശേഷം, ഏപ്രിലിലും തടസ്സപ്പെട്ടു. അതിനുശേഷം ജൂലൈയിൽ രണ്ട് മണിക്കൂർ മുടക്കം വന്നു. ഓഗസ്റ്റിൽ കുറച്ച് സമയം നീണ്ട തടസ്സവും നേരിട്ടു. 2019 ൽ ഫെയ്സ്ബുക്കിൽ ഏറ്റവും വലിയ തടസ്സമുണ്ടായി. അന്ന് ഫെയ്സ്ബുക്കിന്റെ സോഷ്യൽ മീഡിയ സേവനം ഏകദേശം 24 മണിക്കൂർ പ്രവർത്തനരഹിതമായി.
ഇത്തരം സംഭവങ്ങളുടെ പ്രസക്തി
സമീപ വർഷങ്ങളിൽ ഇന്റർനെറ്റ് തകരാറുകൾ വർദ്ധിച്ചു. സെപ്റ്റംബർ 26-ന് അവസാനിക്കുന്ന ആഴ്ചയിൽ 367 ആഗോള ഇന്റർനെറ്റ് തകരാറുകൾ സംഭവിച്ചുവെന്ന് സിസ്കോ സിസ്റ്റംസിന്റെ ഉടമസ്ഥതയിലുള്ള നെറ്റ്വർക്ക്-മോണിറ്ററിംഗ് സേവനമായ തൗസന്റ് ഐസിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. ഇത് തുടർച്ചയായ മൂന്നാമത്തെ ആഴ്ചയിലെ വർദ്ധനവാണ്.
ഇന്റർനെറ്റ് യഥാർത്ഥത്തിൽ ഒരു വികേന്ദ്രീകൃത നെറ്റ്വർക്കായി സങ്കൽപ്പിക്കപ്പെട്ടിരുന്നെങ്കിലും, അകമൈ, ഫാസ്റ്റ്ലി, ആമസോൺ വെബ് സർവീസസ് തുടങ്ങിയ ഒരുപിടി ഇൻഫ്രാസ്ട്രക്ചർ കമ്പനികൾ പ്രധാന ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾക്ക് അവരുടെ സേവനങ്ങൾ നൽകുന്ന കേന്ദ്രീകൃത ഇടങ്ങളായി മാറിയെന്ന് വിദഗ്ദ്ധർ വിശ്വസിക്കുന്നു. പ്രത്യേകിച്ച് ചെറുതും വലുതുമായ ആയിരക്കണക്കിന് സംരംഭങ്ങൾ കോവിഡ് പകർച്ചവ്യാധിക്കുശേഷം അവരുടെ ഡിജിറ്റൽ സംവിധാനങ്ങൾ വർധിപ്പിക്കുന്നത് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നു.