Facebook metaverse: പേര് മാറാന്‍ ഒരുങ്ങുകയാണ് ഫെയ്സ്ബുക്ക്. ഒക്ടോബര്‍ 28നോ അതിനുമുന്‍പോ നടക്കുന്ന ഫെയ്സ്ബുക്കിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പേര് മാറ്റം പ്രഖ്യാപിക്കുമെന്നും ‘ദി വെര്‍ജ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫെയ്സ്ബുക്കിനെ സംബന്ധിച്ച് റീബ്രാന്‍ഡിങ് എന്നത് കമ്പനിയുടെ പേര് മാറ്റം മാത്രമല്ല. മറിച്ച് കമ്പനിയുടെ വളര്‍ന്നുവരുന്ന അഭിലാഷങ്ങളുടെ പ്രതിഫലനവും മെറ്റാവേഴ്സ് എന്ന പുതിയ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണ്.
‘ഉത്തരവാദിത്തമുള്ള’ മെറ്റാവേഴ്സ് സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 50 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുള്ള പദ്ധതികള്‍ ഫെയ്സ്ബുക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മെറ്റാവേഴ്സ് പദ്ധതികളുടെ ഭാഗമായി യൂറോപ്പില്‍ പതിനായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഫെയ്സ്ബുക്കിനു പദ്ധതിയുണ്ട്.
എന്താണ് മെറ്റാവേഴ്സ്? എന്തുകൊണ്ടാണ് ഫെയ്സ്ബുക്ക് അതില്‍ നിക്ഷേപിക്കുന്നത്? മെറ്റാവേഴ്സ് നിലവിലുണ്ടോ? അത്തരം കാര്യങ്ങള്‍ പരിശോധിക്കാം.
ഫെയ്സ്ബുക്ക് പേര് മാറ്റുന്നതിനു പിന്നിലെ ഉദ്ദേശം എന്താണ്?
ഫെയ്സ്ബുക്ക് പുതിയ പേര് സ്വീകരിക്കുന്നുവെന്ന് ‘ദി വെര്‍ജ്’ ആണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ആല്‍ഫബെറ്റ് ഗൂഗിളിന്റെ മാതൃകമ്പനിയായതു പോലെ, ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകള് ഉള്‍ക്കൊള്ളുന്ന പുതിയ മാതൃകമ്പനിയെ കാണാന്‍ സാധിക്കും.
Also Read: മെറ്റയോ ഹൊറൈസണോ?; ഊഹാപോഹങ്ങൾക്ക് വഴിവച്ച് ഫെയ്സ്ബുക്കിന്റെ പേരുമാറ്റൽ
അതിവിദൂരമല്ലാത്ത ഭാവിയില്‍ യാഥാര്‍ഥ്യമാകുമെന്ന് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രതീക്ഷിക്കുന്ന മെറ്റാവേഴ്സ് സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നതാണ് പുനര്‍നാമകരണം ചെയ്യാനുള്ള ഫെയ്സ്ബുക്കിന്റെ ശ്രമത്തിനു പിന്നില്‍. ഒക്കുലസ് വിആര്‍ ഗെയിമിങ് പ്ലാറ്റ്ഫോമിന്റെ കൂടി ഉടമസ്ഥരായ ഫെയ്സ്ബുക്ക്, മെറ്റാവേഴ്സിന്റെ ഭാഗമാകാനുള്ള മത്സരത്തിൽ പിന്നിലാകാന്‍ ആഗ്രഹിക്കുന്നില്ല.
ഫെയ്സ്ബുക്ക് വെറും സോഷ്യല്‍ മീഡിയ എന്നതിലുപരി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചന കൂടിയാണിത്. ഫെയ്സ്ബുക്കിനെതിരായ വിമര്‍ശനങ്ങള്‍ പരിഗണിക്കുമ്പോള്‍ ഈ തീരുമാനമെടുത്ത സമയം ശരിയാണെന്ന് തോന്നും. വിസില്‍ ബ്ലോവറുടെ പുതിയ വെളിപ്പെടുത്തലുകള്‍ കമ്പനിയുടെ പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുന്നു. കൂടാതെ, ഹോം മാര്‍ക്കറ്റായ യുഎസ് ഉള്‍പ്പെടെ മിക്ക രാജ്യങ്ങളിലും ഫെയ്സ്ബുക്ക് സര്‍ക്കാരുകളുടെ പരിശോധനകളുടെ പരിധിയിലാണ്.
മെറ്റാവേഴ്സ് എന്ന ആശയം വന്നത് എവിടെ നിന്ന്?
‘മെറ്റാവേഴ്സ്’ എന്ന വാചകം ആദ്യമായി ഉപയോഗിച്ച നീല്‍ സ്റ്റീഫന്‍സന്റെ കള്‍ട്ട് സയന്‍സ് ഫിക്ഷന്‍ നോവലായ ‘സ്നോ ക്രാഷി’ല്‍നിന്നാണ് ഈ ആശയം ഉരുത്തിരിഞ്ഞത്. 1992 ലാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. സര്‍ക്കാരുകള്‍ സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് അധികാരം വിട്ടുകൊടുത്ത, വെര്‍ച്വല്‍ റിയാലിറ്റി, ഡിജിറ്റല്‍ കറന്‍സി മുതലായ ആധുനിക ലോകത്തിന്റെ പല വശങ്ങളും കൈകാര്യം ചെയ്യുന്ന ഒരു അരാജക സാങ്കല്‍പ്പിക ലോകമാണ് നോവലിന്റെ കഥാപരിസരം. പുസ്തകം സിലിക്കണ്‍ വാലി നേതാക്കളില്‍ ദൈവതുല്യ ബഹുമാനം സൃഷ്ടിച്ചു.
എന്നാല്‍ ഏണസ്റ്റ് ക്ലൈനിന്റെ ‘റെഡി പ്ലെയര്‍ വണ്‍’ (2011ല്‍ പ്രസിദ്ധീകരിച്ച നോവല്‍. 2018 ല്‍ സിനിമയായി) എന്ന കൃതിയിലും മാട്രിക്സിലുമാണ് മെറ്റവേഴ്സ് എന്ന ആശയം പ്രതിഫലിപ്പിക്കുന്നത്. മെറ്റാവേഴ്സ് യഥാര്‍ത്ഥത്തില്‍ എന്താണെന്ന് വിശദീകരിക്കാന്‍ ശ്രമിക്കുന്ന നിരവധി ഉപന്യാസങ്ങള്‍ ഇന്റര്‍നെറ്റിലുമുണ്ട്.
Also Read: ഫെയ്സ്ബുക്ക് പേര് മാറ്റുന്നു? റീബ്രാൻഡിങ്ങിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
സംരഭ മൂലധന നിക്ഷേപകനായ മാത്യു ബോളിന്റെ ബ്ലോഗില്‍ മെറ്റാവേഴ്സ് സംബന്ധിച്ച് ഒന്‍പത് ഭാഗങ്ങളുള്ള ഒരു പരമ്പരയുണ്ട്. മെറ്റാവേഴ്സ് ലേഖനത്തിന്റെ ആമുഖത്തിനു പുറമെ, ആശയത്തില്‍ ആഴത്തില്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കു മികച്ച അടിസ്ഥാനപാഠമാണിത്.
യഥാര്‍ത്ഥത്തില്‍ എന്താണ് മെറ്റാവേഴ്സ്?
ഈ ചോദ്യത്തിനു സങ്കീര്‍ണമായ നിരവധി ഉത്തരങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ ലളിതമായി പറഞ്ഞാല്‍ ഉപയോക്താക്കള്‍ക്ക് വ്യത്യസ്ത സ്വത്വങ്ങളും ഉമസ്ഥതകളും സ്വഭാവങ്ങളും ഉണ്ടായിരിക്കാന്‍ കഴിയുന്ന ഒരു സമാന്തര, വെര്‍ച്വല്‍ ലോകമാണിത്. സങ്കീര്‍ണമായ വിശദീകരണത്തില്‍, മെറ്റാവേഴ്സ് ഒരു ഇന്റര്‍നെറ്റാനന്തര ലോകവും നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ വികേന്ദ്രീകൃത കമ്പ്യൂട്ടിങ് പ്ലാറ്റ്ഫോമുമായിരിക്കണം. അത് തുടര്‍ച്ചയായതും തത്സമയവുമായിരിക്കണം.
ഇത് പൂര്‍ണമായുമൊരു ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയാണ്. മിക്ക സിലിക്കണ്‍ വാലി ബുദ്ധിജീവികളും മെറ്റാവേഴ്സ് ലോകത്തെ കാണുന്നത് ഇത് ഡിജിറ്റലായും ഭൗതികമായും നിലനില്‍ക്കുമെന്നാണ്.
ബോളിന്റെ ലേഖനമനുസരിച്ച്, പരസ്പര പ്രവര്‍ത്തന ക്ഷമതയാണു മെറ്റാവേഴ്സ് വിജയത്തിന്റെ താക്കോല്‍. അതെ, വെര്‍ച്വല്‍ റിയാലിറ്റി ഈ മെറ്റാവേഴ്സിന്റെ ഒരു ഘടകമായിരിക്കും. പക്ഷേ ആശയം വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റ് ധരിച്ച് ഒരു ഗെയിം കളിക്കാന്‍ തുടങ്ങുന്നതിനപ്പുറം പോകുന്നു. ബോള്‍ പറയുന്നതനുസരിച്ച്, മെറ്റാവേഴ്സ് പുനസജ്ജീകരിക്കുകയോ താല്‍ക്കാലികമായി നിര്‍ത്തുകയോ അവസാനിപ്പിക്കുകയോ ചെയ്യുന്നില്ല, മറിച്ച് ‘അനിശ്ചിതമായി തുടരുന്നു’.
മെറ്റാവേഴ്സ് എന്നത് ഒരു കമ്പനിക്കു മാത്രം നിര്‍മിക്കാന്‍ കഴിയുന്ന ഒന്നല്ല. ഫെയ്സ്ബുക്ക് മാത്രമല്ല ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നത്. ഫോര്‍ട്ട്നൈറ്റിന്റെ സ്രഷ്ടാവായ എപിക് ഗെയിംസിനു മെറ്റാവേഴ്സ് സംബന്ധിച്ച് വലിയ പദ്ധതികളുണ്ട്. വാസ്തവത്തില്‍, തത്സമയ ഇവന്റുകള്‍, സ്വന്തം കറന്‍സി മുതലായ ഈ ആശയങ്ങളുമായി പൊരുത്തപ്പെടുന്ന നിരവധി ഘടകങ്ങള്‍ ഫോര്‍ട്ട്നൈറ്റിന് ഇതിനകമുണ്ട്.
മെറ്റാവേഴ്സ് എങ്ങനെയാവും പ്രവര്‍ത്തിക്കുക?
ഡിജിറ്റല്‍ ഇടങ്ങള്‍, വെര്‍ച്വല്‍ റിയാലിറ്റി ഗെയിമുകള്‍, ഒരു വെര്‍ച്വല്‍ ലോകം, അല്ലെങ്കില്‍ ഫോര്‍ട്ട്നൈറ്റ് പോലുള്ള ഗെയിം പോലും മെറ്റാവേഴ്സ് അല്ല. ബോളിന്റെ അഭിപ്രായത്തില്‍ ഫോര്‍ട്ട്നൈറ്റിന് ഏറ്റവും അടുത്തുള്ള ഘടകങ്ങളുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു. ഉദാഹരണത്തിന്, ഫോര്‍ട്ട്നൈറ്റ് അടുത്തിടെ ഒരു ‘സംഗീത അനുഭവം’ നടത്തി. അവിടെ പുതിയ കലാകാരന്മാര്ക്ക് ഗെയിമിനുള്ളില്‍ അവരുടെ സംഗീത സെറ്റുകളുമായി അവരുടെ പാരസ്പരം ഇടപെടുന്ന അനുഭവങ്ങള്‍ നേടാന്‍ കഴിഞ്ഞു.
Also Read: വാട്സാപ്പ് ‘ഫോര്‍വേഡ്’ മെസേജുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 വസ്തുതകള്‍
മെറ്റാവേഴ്സ് തീര്‍ച്ചയായും ഒരു പുതിയ ലോക ക്രമമായി വിഭാവനം ചെയ്യപ്പെടുന്നു. അവിടെ നിങ്ങളുടെ സേവനങ്ങള്‍ മറ്റ് വിര്‍ച്വല്‍ സ്വത്തുക്കള്‍ അല്ലെങ്കില്‍ ക്രിപ്റ്റോകറന്‍സികള്‍ക്കു പകരമായി നല്‍കാം. നിങ്ങളുടെ അസ്തിത്വം ഡിജിറ്റല്‍ ലോകവുമായി കൂടുതല്‍ ആഴത്തിലും സങ്കീര്‍ണവുമായി ബന്ധിക്കപ്പെടും.
ഫെയ്സ്ബുക്കിന്റെ ഭാവിക്ക് മെറ്റാവേഴ്സ് നിര്‍ണായകമാണ്. അത് എന്തുകൊണ്ടെന്നു സങ്കല്പ്പിക്കാന് പ്രയാസമുള്ളതല്ല. കൂടുതല്‍ സമയവും സുഹൃത്തുക്കളുമായി സംവദിക്കാന്‍ ചെലവഴിക്കുന്ന ഒരു ഡിജിറ്റല്‍ ലോകത്ത് വെര്‍ച്വല്‍ ആസ്തികള്‍ക്ക് ഉയര്‍ന്ന പ്രാധാന്യമുണ്ട്. അവിടെ നിയമങ്ങള്‍ തികച്ചും വ്യത്യസ്തമായിരിക്കും. തീര്‍ച്ചയായും, ഇതാണു ഫെയ്സ്ബുക്ക് ആഗ്രഹിക്കുന്നത്. കൂടാതെ ഫെയ്സ്ബുക്കിന് സ്വന്തമായി ഒക്കുലസ് വിആര്‍ ഗെയിമിങ് പ്ലാറ്റ്ഫോം ഉണ്ട്. ഇത് മെറ്റാവേഴ്സിലേക്കുള്ള ഒരു കവാടമാണെന്ന് അത് തെളിയിക്കും.
മെറ്റാവേഴ്സ് ഒറ്റരാത്രികൊണ്ട് നിര്മിക്കപ്പെടില്ലെന്നും പല ഉത്പന്നങ്ങളും അടുത്ത ഒരു 10-15 വര്‍ഷത്തിനുള്ളില്‍ മാത്രമേ പൂര്‍ണമായി സാക്ഷാത്കരിക്കപ്പെടുകയുള്ളൂവെന്നും ഫെയ്സ്ബുക്ക് സമ്മതിക്കുന്നു. എന്നാല്‍ മെറ്റാവേഴ്സ് എങ്ങനെ നിര്‍മിക്കപ്പെടും എന്ന ചോദ്യങ്ങളില്‍, അതിനുവേണ്ടി പ്രവര്ത്തിക്കേണ്ടതുണ്ടെന്നാണു ഫെയ്സ്ബുക്ക് പറയുന്നത്. ‘ഉത്തരവാദിത്തത്തോടെ’ മെറ്റാവേഴ്സ് നിര്‍മിക്കുന്നതില്‍ സഹായിക്കാന്‍ ആഗ്രഹിക്കുന്നതായി സോഷ്യല്‍ മീഡിയ ഭീമനായ ഫെയ്സ്ബുക്ക് പറയുന്നു.