ഇന്ത്യയുടെ പലഭാഗങ്ങളിലും താപനില 30 ഡിഗ്രി സെല്‍ഷ്യസ് കടന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഉത്തരേന്ത്യയില്‍ 40 ഡിഗ്രി സെല്‍ഷ്യസാകുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ കൊറോണവൈറസിന്റെ നിലനില്‍പ്പിനെ ഇതെങ്ങനെ ബാധിക്കും. ലോകമെമ്പാടും അന്തരീക്ഷത്തിലെ ഊഷ്മാവും ജലാംശവും എങ്ങനെ വൈറസിനെ ബാധിക്കുമെന്നതിനെ കുറിച്ച് ഗവേഷണം നടന്നുവരികയാണ്.

എന്താണ് വിദഗ്ധര്‍ പറയുന്നത്?

ഡബ്ല്യു എച്ച് ഒ ഇതുവരെയുള്ള തെളിവുകള്‍ വച്ച് ചൂടുള്ളതും നനവുള്ളതുമായ കാലവസ്ഥകളില്‍ അടക്കം എല്ലാ മേഖലകളിലേക്കും കോവിഡ് 19 വൈറസ് വ്യാപിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

ഐ സി എം ആര്‍: നിലവില്‍ താപനിലയും വ്യാപനവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറലായ ബല്‍റാം ഭാര്‍ഗവ ഉറപ്പിച്ചു പറയുന്നു.

എ ഐ ഐ എം എസ്: 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് അന്തരീക്ഷ ഊഷ്മാവ് എങ്കില്‍ പുറത്ത് വൈറസ് അധിക സമയം അതിജീവിക്കാന്‍ സാധ്യതയില്ലെന്ന് എ ഐ ഐ എം എസ് ഡയറക്ടറായ രണ്‍ദീപ് ഗുലേറിയ ദി ഇന്ത്യന്‍ എക്‌സ്പ്രസിന് അടുത്തിടെ അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കോവിഡ്-19-നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഉന്നതതല സാങ്കേതിക കമ്മിറ്റിയംഗമാണ് അദ്ദേഹം.

“പക്ഷേ, ഒരാള്‍ തീര്‍ച്ചയായും രണ്ട് കാര്യങ്ങള്‍ ഓര്‍ക്കണം. ചൂടുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും രോഗവ്യാപനം ഉണ്ടാകുന്നുണ്ട്. രണ്ടാമത്തതേ, നമ്മളില്‍ ധാരാളം പേര്‍ എയര്‍ കണ്ടീഷന്‍ ചെയ്തിട്ടുള്ള ഇടങ്ങളിലാണ് കഴിയുന്നത്. അതിനാല്‍, ചിലപ്പോള്‍ പുറത്തെ വ്യാപനം തടയാന്‍ വേനലിന് കഴിഞ്ഞേക്കും. പക്ഷേ, അകത്ത് കഴിഞ്ഞേക്കില്ല,” അദ്ദേഹം പറയുന്നു.

പ്രവചനങ്ങള്‍ പറയുന്നത്‌

കോവിഡ് 19 വ്യാപനം ഒരു ഋതു രീതി പിന്തുടരുന്നുണ്ടോയെന്ന് അറിയാന്‍ യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്റ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ കാലാവസ്ഥ വിവരങ്ങള്‍ ഉപയോഗിച്ച് മാതൃക തയ്യാറാക്കി.

30 ഡിഗ്രി വടക്ക് – 50 ഡിഗ്രി വടക്ക് അക്ഷാംശങ്ങള്‍ക്കിടയിലെ കിഴക്ക്-പടിഞ്ഞാറ് ദിശയില്‍ സമാനമായ കാലാവസ്ഥകളില്‍ സമൂഹ വ്യാപനം ഉണ്ടായതായി ഡോക്ടര്‍ എം സജാദി നേതൃത്വം നല്‍കിയ പഠനം സൂചിപ്പിക്കുന്നു. ഈ പ്രദേശങ്ങളിലെ താപനില 5- 11 ഡിഗ്രി സെല്‍ഷ്യസ് വരെയും ആര്‍ദ്രത 47-79 ശതമാനവുമാണ്. ഈ പഠനം സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് നെറ്റ് വര്‍ക്കില്‍ ലഭ്യമാണ്.

വുഹാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, ഇറാന്‍, വടക്കന്‍ ഇറ്റലി, സിയാറ്റില്‍, വടക്കന്‍ കാലിഫോര്‍ണിയ എന്നീ പ്രദേശങ്ങളാണ് ഈ മേഖലയില്‍ ഉള്‍പ്പെടുന്നത്. 2019 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ താപനില വിവരങ്ങള്‍ ഉപയോഗിച്ചുള്ള പഠനം പ്രവചിക്കുന്നത് നിലവിലെ രോഗബാധിത പ്രദേശങ്ങളുടെ വടക്കന്‍ മേഖലകളിലേക്ക് വൈറസ് വ്യാപിക്കുമെന്നാണ്. മഞ്ചൂരിയ, മധ്യേഷ്യ, കൊക്കേഷ്യന്‍ പ്രദേശം, യൂറോപ്പിന്റെ മധ്യ, കിഴക്കന്‍ പ്രദേശങ്ങള്‍, ബ്രിട്ടീഷ് ദ്വീപുകള്‍, അമേരിക്കയുടെ വടക്കു കിഴക്കനും മധ്യപശ്ചിമ ഭാഗവും ബ്രിട്ടീഷ് കൊളംബിയയുമാണ് ഈ പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നത്.

ഈ പ്രവചനങ്ങളുടെ പരിമിതികള്‍

ഈ പഠനത്തില്‍ കാലാവസ്ഥയിലെ ഘടകങ്ങള്‍ (മേഘാവൃതമായ ആകാശം, ഉയര്‍ന്ന താപനില പോലുള്ള), മനുഷ്യരുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ (രോഗ്യവ്യാപന ഇടപെടലുകളുടെ സ്വാധീനം, ക്രൂസ് കപ്പലുകളും യാത്രയും പോലുള്ള കേന്ദ്രീകൃത രോഗ വ്യാപനം) തുടങ്ങിയ പരിശോധിക്കുകയോ വിശകലനം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ഗവേഷകര്‍ സമ്മതിക്കുന്നു. അതായത്, അക്ഷാംശങ്ങളുടേയും താപനിലയുടേയും ബന്ധം വളരെ ശക്തമാണെങ്കിലും നേരിട്ട് കാരണമാകുന്നത് തെളിയിക്കപ്പെട്ടിട്ടില്ലെന്നും പ്രവചനങ്ങള്‍ ഊഹമാണെന്നും ഗവേഷണ ഫലം അങ്ങേയറ്റം ശ്രദ്ധയോടെയോ പരിഗണിക്കാവൂവെന്നും അവര്‍ പറയുന്നു.

മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരായ ക്വാസിം ബുഖാരിയും യൂസഫ് ജമീലും നടത്തിയ പഠനത്തില്‍ വൈറസ് വ്യാപനവുമായി താപനിലയും ആര്‍ദ്രതയും തമ്മിലെ ബന്ധത്തിലെ പരിമിതികള്‍ ചര്‍ച്ച ചെയ്യുന്നു.

ജനുവരി 22-നും മാര്‍ച്ച് 21-നും ഇടയിലെ ഓരോ പത്ത് ദിവസവും പരമാവധി പുതിയ കേസുകള്‍ ഉണ്ടായത് ശരാശരി താപനില 4-17 ഡിഗ്രി സെല്‍ഷ്യസും ആര്‍ദ്രത 3-9 ഗ്രാം പ്രതി ക്യുബിക് മീറ്ററുമായ മേഖലകളിലാണ്. എന്നിരുന്നാലും, പരിശോധന, സാമൂഹിക ഘടകങ്ങള്‍, സര്‍ക്കാരിന്റെ നയങ്ങള്‍ തുടങ്ങിയ നിരവധി ഘടകങ്ങളെ രോഗവ്യാപനം ആശ്രയിച്ചിരിക്കുന്നുവെന്ന് അവര്‍ അടിവരയിട്ട് പറയുന്നു. ചൂടുള്ള ആര്‍ദ്രതയുള്ള പ്രദേശങ്ങളില്‍ കോവിഡ്-19 ബാധിക്കുകയില്ലെന്ന് ഞങ്ങളുടെ ഗവേഷണ ഫലം കണ്ടെത്തിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യം രോഗ പ്രത്യക്ഷപ്പെട്ട ഹുബേയ്, ഹുനാന്‍ പ്രവിശ്യകളിലെ കാലാവസ്ഥ രീതികളുമായി സാമ്യമുള്ളതാണ് പിന്നീട് രോഗ വ്യാപനം നടന്ന ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ എന്നിവിടങ്ങളെന്ന് എം ഐ ടിയുടെ പേപ്പറും നിരീക്ഷിക്കുന്നു.

കാരണങ്ങള്‍ തേടിയുള്ള വാദങ്ങള്‍

ഉഷ്ണ മേഖലയില്‍ രോഗികളുടെ എണ്ണം കുറഞ്ഞിരിക്കുന്നതിനുള്ള കാരണങ്ങള്‍ ആയേക്കാവുന്നവ എം ഐ ടി പേപ്പര്‍ ചര്‍ച്ച ചെയ്യുന്നു. മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ തോതിലേ പരിശോധനകള്‍ നടക്കുന്നതും ചിലപ്പോള്‍ ആവശ്യത്തിന് പരിശോധന നടത്തുന്നതിന് സൗകര്യമില്ലാത്തതും ആകാം കാരണം.

ഉഷ്ണമേഖലയിലെ ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളില്‍ (ബ്രസീല്‍, ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ) ഇപ്പോഴും പരിശോധനകളുടെ എണ്ണം വളരെ കുറവാണ്.

രണ്ടാമതായി, ചൈനയില്‍ നിന്നും യൂറോപ്പിലേക്കും ചൈനയില്‍ നിന്നും അമേരിക്കയിലേക്കും തിരിച്ചുമുള്ള മനുഷ്യരുടെ യാത്ര കൂടുതലാണ്. അതിനാല്‍ ഈ മേഖലകളില്‍ രോഗങ്ങളുടെ എണ്ണവും കൂടുതലാണ്. എന്നിരുന്നാലും, ചൈനയില്‍ നിന്നും തെക്ക്-കിഴക്കന്‍ ഏഷ്യയിലേക്കും തിരിച്ചുമുള്ള യാത്രകള്‍ കൂടുതലായിട്ടും രോഗബാധിതരുടെ എണ്ണം കുറവാണെന്നത് അമ്പരപ്പിക്കുന്നതാണ്. മലേഷ്യ, തായ്‌ലന്‍ഡ്, ഫിലിപ്പൈന്‍സ്, കംബോഡിയ എന്നീ രാജ്യങ്ങളില്‍ ആധുനികമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല. അതിനാല്‍, തെക്ക്-കിഴക്ക് ഏഷ്യയിലെ കുറഞ്ഞ രോഗ നിരക്കിനെ ചൈനയിലേക്കും തിരിച്ചുമുള്ള യാത്രകളെയോ ചൈനയിലെ മികച്ച അടിസ്ഥാന സൗകര്യങ്ങളോ വിശദീകരിക്കുന്നില്ല, പഠനം പറയുന്നു.

ഈ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ രോഗ വ്യാപനം തടയാന്‍ അസാധാരണമായ കാര്യങ്ങള്‍ ചെയ്യുന്നുവെന്നും വാദമുണ്ട്. പക്ഷേ, അത് ശരിയല്ലെന്ന് നമുക്ക് അറിയാം, പഠനത്തില്‍ പറയുന്നു.

0-30 ഡിഗ്രി വടക്കുള്ള കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളിലെ രോഗികളുടെ എണ്ണക്കുറവിന് ചിലപ്പോള്‍ കാരണം എന്തെങ്കിലും പ്രകൃതിദത്തമായ കാരണങ്ങള്‍ ആകാം. അത് അന്വേഷിക്കണമെന്ന് പഠനം പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook