പൗരന്‍മാരുടെ ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ (സിഡിആര്‍) ടെലികോം വകുപ്പിന്റെ പ്രാദേശിക ഓഫീസുകള്‍ വന്‍തോതില്‍ ആവശ്യപ്പെടുന്നതിനെതിരെ മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ രംഗത്തെത്തിയിരുന്നു. ഈ വിവരങ്ങള്‍ ആവശ്യപ്പെടുന്നതിന്റെ കാരണം വ്യക്തമാക്കാതെ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ദിവസങ്ങളിലെ ഇത്തരം വിവരങ്ങള്‍ ചോദിച്ചത് അസാധാരണമാണെന്ന് സേവനദാതാക്കള്‍ പറയുന്നു.

സിഡിആറില്‍ എന്തുണ്ട്‌?

ഒരു ഉപയോക്താവിന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ പ്രത്യേക കാലഘട്ടത്തില്‍ ഉപയോഗിച്ചതിന്റെ വിശദാംശങ്ങളാണ് ഫോണ്‍ വിളി വിവരങ്ങളില്‍പ്പെടുന്നത്. ഇതില്‍ ഉപയോക്താവിന്റെ പേര്, തിരഞ്ഞെടുത്ത കാലയളവില്‍ ഈ ഉപയോക്താവ് നടത്തിയ ഫോണ്‍ കോളുകളുടെ വിവരങ്ങള്‍, ഓരോ സംഭാഷണത്തിന്റെയും ദൈര്‍ഘ്യം, ഈ സംഭാഷണം സാധാരണ നിലയിലാണോ അതോ അസാധാരണമായ രീതിയിലാണോ അവസാനിച്ചത്, വിളിക്കുന്നയാള്‍ നില്‍ക്കുന്നയിടം, മറുവശത്ത് സംസാരിക്കുന്നയാള്‍ നില്‍ക്കുന്ന സ്ഥലം, മറ്റു വിശദാംശങ്ങള്‍ എന്നിവയാണ് ഇതില്‍പ്പെടുന്നത്.

വിവരങ്ങള്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നതിലെ അസാധാരണത്വം എന്താണ്?

നിയമപരിപാലന ഏജന്‍സികള്‍ ഈ വിവരങ്ങള്‍ ആവശ്യപ്പെടുന്നത് സാധാരണമാണ്. അതേസമയം, ടെലികോം വകുപ്പ് വിവരങ്ങള്‍ ചോദിച്ചിരിക്കുന്നത് സാധാരണയില്‍നിന്നു വ്യത്യസ്തമായി സര്‍ക്കാരും സേവനദാതാക്കളും തമ്മിലെ കരാറിലെ അധികമാര്‍ക്കും അറിയാത്ത ഒരു നിബന്ധനയുടെ മറവിലാണെന്നത് സാഹചര്യത്തെ അസാധാരണമാക്കുന്നു. കരാര്‍ പ്രകാരം ഫോണ്‍ കോള്‍ വിവരങ്ങള്‍ കുറഞ്ഞത് ഒരു വര്‍ഷത്തേക്ക് സേവനദാതാക്കള്‍ ലൈസന്‍സ് നല്‍കുന്നയാള്‍ക്ക് സുരക്ഷാ പരിശോധന നടത്താന്‍ നല്‍കുന്നതിനായി സൂക്ഷിക്കണം.

Read Also: മൊബൈല്‍ ഫോണ്‍ കോള്‍ വിവരങ്ങള്‍ ചോദിച്ചു കേന്ദ്രം; കേരളീയരുടേത് നല്‍കേണ്ടത് എല്ലാ മാസവും 15-ന്‌

ഇവിടെ ലൈസന്‍സ് നല്‍കിയിരിക്കുന്നത് ടെലികോം വകുപ്പാണ്. കോടതികള്‍ക്കും പൊലീസ് സംവിധാനങ്ങള്‍ക്കും കാരണം വ്യക്തമാക്കി പ്രത്യേക ഉത്തരവിലൂടെയോ നിര്‍ദേശത്തിലൂടെയോ ഫോണ്‍ കോള്‍ വിവരങ്ങള്‍ സേവനദാതാക്കളില്‍നിന്നു വാങ്ങാവുന്നതാണ്. ഇതിന് പ്രത്യേക പ്രോട്ടോക്കോളുണ്ട്.

ടെലികോം വകുപ്പ് എന്തിന് ഈ വിവരങ്ങള്‍ ആവശ്യപ്പെടുന്നു?

വന്‍തോതില്‍ ഫോണ്‍കോള്‍ വിവരങ്ങള്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നുവെന്നതില്‍ വ്യക്തതയില്ലെങ്കിലും സാധാരണ സംഗതിയാണെന്ന് പരിഗണിക്കാമെന്ന് സേവനദാതാക്കള്‍ പറയുന്നു. എന്നിരുന്നാലും, ഏതാനും മാസങ്ങളായി ഈ വിവരങ്ങള്‍ ടെലികോം വകുപ്പ് ആവശ്യപ്പെടുന്ന രീതിയില്‍ ചില പാറ്റേണുകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. ഈ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള കാരണം വ്യക്തമാക്കാതെയാണ് വന്‍തോതില്‍ പതിവായി വകുപ്പ് വിവരങ്ങള്‍ ആവശ്യപ്പെടുന്നത്.

കോള്‍ഡ്രോപ് സാഹചര്യത്തെക്കുറിച്ച് നിരീക്ഷിക്കുന്നതിനാകാം ടെലികോം വകുപ്പ് ഈ വിവരങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് ചില ടെലികോം എക്‌സിക്യൂട്ടീവുകള്‍ പറയുന്നു. എന്നാല്‍ ഫോണ്‍ കോള്‍ വിവരങ്ങള്‍ സേവനത്തിന്റെ ഗുണനിലവാരം വ്യക്തമായി നല്‍കുകയില്ലെന്ന് അവര്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook