ഒക്ടോബര്‍ 17. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലബനന് സര്‍ക്കാര്‍ ഇത് മറി കടക്കുന്നതായി ഇന്റര്‍നെറ്റ് കോളുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം മുന്നോട്ട് വച്ചു. നേരത്തെ തന്നെ വര്‍ധിപ്പിച്ച നികുതിയിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും വലഞ്ഞിരിക്കുകയായിരുന്നു ജനം. ഇതിനിടെയാണ് പുതിയ നീക്കം. വോയ്സ് ഓവര്‍ ഐപി കോളുകള്‍ക്ക് ഓരോ ദിവസവും 20 സെന്റ് ഈടാക്കുമെന്നും 2020 ഓടെ തീരുമാനം നടപ്പിലാകുമെന്നും വിവര സാങ്കേതിക മന്ത്രി ജമില്‍ ജര്‍റ പ്രഖ്യാപിച്ചു. ഫെയ്സ്ബുക്ക്, വാട്സ് ആപ്പ്, സ്കൈപ്പ്, വൈബര്‍ ഇവയെല്ലാം ഇതില്‍ ഉള്‍പ്പെടും. അതേസമയം, ഈ നികുതി എങ്ങനെ ഈടാക്കുമെന്ന് സര്‍ക്കാരിന് വ്യക്തയില്ല.
നടപടി നടപ്പിലാവുകയാണെങ്കില്‍ ലോകത്ത് ആദ്യമായി ഈ നികുതി ഏര്‍പ്പെടുത്തുന്ന രാജ്യമായി ലെബനന് മാറും. സര്‍ക്കാരിന്റെ ഈ നീക്കം രാജ്യത്ത് വന്‍ പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്. പ്രതിഷേധം പത്താം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്കൂളുകളും സര്‍വകലാശാലകളുമെല്ലാം അടഞ്ഞുകിടക്കുകയാണ്. പ്രധാന റോഡുകൾ അടച്ചിട്ടിരിക്കുന്നു. എംപിമാരുടെയും മന്ത്രിമാരുടെയും പ്രസിഡന്റ് മിഷേള്‍ ഔനിന്റെയും രാജിയാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.
അടുത്തിതിടെ, സബ് വേ ടിക്കറ്റ് നിരക്ക് വര്‍ധനവിനെതിരെ ചിലിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ലബനനിലേത് പോലെ അവിടേയും സാമ്പത്തിക പ്രതിസന്ധികളും മറ്റുമാണ് പ്രതിഷേധത്തിന്റെ കാതലായി മാറിയത്.
എന്തിനാണ് പ്രതിഷേധം?
വര്‍ധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധിയും പൊതുകടവുമാണു ലബനന് സര്‍ക്കാരിനെ ജനകീയപ്രതിഷേധത്തിലേക്ക് നയിച്ചത്. വരുമാന നികുതിയും കോര്‍പ്പറേറ്റ് നികുതിയും അടക്കമുള്ള കൂട്ടി. പൊതുമേഖലയിലെ തൊഴിലാളികള്‍ക്ക് വേതനം നല്‍കാനായിരുന്നു നികുതി വര്‍ധിപ്പിച്ചതെന്നായിരുന്നു ഔന് അറിയിച്ചത്. രാജ്യത്തിന്റെ വളര്‍ന്നുവരുന്ന കട ബാധ്യത മറികടക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ 2017 ല്‍ ഐഎംഎഫ് ലബനന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
വാട്സ് ആപ്പ് കോളുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കമാണ് ഇപ്പോള്‍ ജനങ്ങളെ തെരുവിലിറക്കിയതെങ്കിലും അതിന് പിന്നില്‍ കുറേ വര്‍ഷങ്ങളായി തുടരുന്ന സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും അഴിമതിയും സര്‍ക്കാരിലുള്ള വിശ്വാസമില്ലായ്മയുമടക്കമുള്ള അനേകം കാരണങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഈ പ്രതിഷേധം സര്‍ക്കാരിന്റെ സാമ്പത്തിക-രാഷ്ട്രീയ നയങ്ങള്‍ക്കെതിരെയാണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ പൊതുകടമുള്ള രാജ്യങ്ങളിലൊന്നാണ് ലെബനന്. സാമ്പത്തിക മേഖല തകര്‍ന്നുകിടക്കുകയാണ്. 1200 കോടി ഡോളർ വരുമാനത്തിൽ അഞ്ഞൂറ് കോടി ഉപയോഗിക്കുന്നത് 8400 കോടി ഡോളർ വരുന്ന മൊത്തം കടത്തിന്റെ പലിശയും മറ്റും തിരിച്ചടക്കാനാണ്.
സെപ്തംബര്‍ രണ്ടിന് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാനുള്ള തങ്ങളുടെ പദ്ധതി സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിങ് ബിയില്‍നിന്നു സിസിസിയിലേക്ക് പതിഞ്ഞതിന് പിന്നാലെയായിരുന്നു നീക്കം. സെപ്തംബര്‍ 29 ന് നടടന്ന പ്രതിഷേധ പ്രകടനത്തില്‍ ജനങ്ങള്‍ തങ്ങളുടെ ജീവിതാവസ്ഥ എന്താണെന്ന് വിളിച്ചു പറഞ്ഞു.
ലെബനീസ് പത്രമായ അന് നഹറില്‍ വന്നൊരു ലേഖനത്തില്‍, തെരുവിലിറങ്ങുന്ന യുവത്വത്തെ വിശേഷിപ്പിച്ചത് രാജ്യത്തിന്റെ യഥാര്‍ത്ഥ സമ്പത്തെന്നായിരുന്നു. നല്ലൊരു നാളേക്കും മൗലികാവകാശങ്ങള്‍ ലഭ്യമാക്കാനുമുള്ള അവരുടെ പോരാട്ടമാണെന്നായിരുന്നു ലേഖനം സമരത്തെക്കുറിച്ച് പറഞ്ഞത്. നിലവിലെ ഭരണത്തില്‍ ലബനന് ജനത തൃപ്തരല്ല. ലെബനീസ് ഭരണഘടനയുടെ നഷ്ടപ്പെട്ട ആത്മാവ് തിരികെ കൊണ്ടുവരാന്‍ അവര്‍ ആഗ്രഹിക്കുന്നതായും ലേഖനത്തില്‍ പറയുന്നു.
പ്രതിഷേധങ്ങള്‍ പ്രധാനമായും ഫ്രീ പാട്രിയോടിക് മൂവ്മെന്റ് പാര്‍ട്ടിയുടെ പ്രസിഡന്റായ ഗെബ്രാന് ബാസിലിന് എതിരെയാണ്. ലെബനന് പ്രസിഡന്റ് മിഷേല്‍ ഔനാണ് പാര്‍ട്ടിയുടെ സ്ഥാപകന്‍. ലെബനന്റെ വിദേശകാര്യ മന്ത്രിയാണ് ബാസില്‍. ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളിലും സ്വന്തം പാര്‍ട്ടിയുടെ സ്വാധീന മേഖകളിലുമടക്കം ബാസിലിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നതെന്ന് കഴിഞ്ഞ ദിവസം പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാണ്. ലെബനനുകാര്ക്ക് ഇന്ന്, ബാസില്‍ അഴിമതിയുടെ പ്രതീകമാണ്. ലെബനനുകാരെ മുസ്ലിമുകളും ക്രിസ്ത്യാനികളുമായി ഭിന്നിക്കുന്ന തരത്തിലുള്ള നിരവധി പരാമര്‍ശങ്ങള്‍ ബാസിലില്‍ നിന്നുമുണ്ടായതായാണ് ആരോപണം.
സര്‍ക്കാരിന്റെ പ്രതികരണം
വ്യാഴാഴ്ച പ്രധാനമന്ത്രി ഔന് ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. അധികാരത്തിലുള്ളവരുടെ ഉത്തരവാദിത്തമില്ലായ്മ അംഗീകരിച്ച അദ്ദേഹം ‘മോഷ്ടിക്കപ്പെട്ട’ പണം തിരികെ കൊണ്ടുവരാനുള്ള നിയമത്തിന്റെ കരട് തയാറാക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ നിരവധി കരട് നിയമങ്ങള്‍ ഇപ്പോഴും പാസാകാതെ കിടക്കുന്നുണ്ട്. അതില്‍ അഴിമതി തടയാനുള്ള നിയമവും എംപിമാരുടെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാക്കാനുള്ള നിയമവും വരും.
എന്നാല്‍ ഔനിന്റെ വാക്കുകള്‍ പ്രതിഷേധക്കാരെ തൃപ്തരാക്കിയില്ല. സര്‍ക്കാരിന്റെ രാജി ആവശ്യം കൂടുതല്‍ ശക്തമായി. തിങ്കളാഴ്ച പ്രധാനമന്ത്രി സാദ് ഹരിരി സാമ്പത്തിക പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയക്കാരുടെ വേതനത്തിലും ഊർജ പ്ലാന്റുകളിലുള്ള നിക്ഷേപങ്ങളിലും വെട്ടികുറയ്ക്കല്‍ അദ്ദേഹം പ്രഖ്യാപിച്ചു.
എന്തിനാണ് ഇന്റര്‍നെറ്റ് കോളുകള്‍ക്ക് നികുതി?
ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള സ്വതന്ത്ര്യത്തിന് എതിരെയാണ് നികുതിയെന്നാണ് സമരക്കാര്‍ പറയുന്നത്. ആഗോള വിഒഐപി സര്‍വീസ് ദാതാക്കളെ അപേക്ഷിച്ച് സര്‍ക്കാര്‍ സേവനകള്‍ സുരക്ഷിതമല്ല. വാട്സ് ആപ്പ് പോലുള്ളവ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡാണ്. നേരത്തെ, മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ സര്‍ക്കാരിന് ചോര്‍ത്തിനല്‍കുന്ന മാല്‍വയറിനെ കണ്ടെത്തിയിരുന്നു. 2017 ല്‍ സാമൂഹ്യപ്രവര്‍ത്തകനായ അഹ്മദ് അംഹാസിനെ സര്‍ക്കാരിനെതിരായ ഫെയ്സ്ബുക്ക് പോസ്റ്റിനെത്തുടര്‍ന്ന് ഏഴ് രാത്രി കസ്റ്റഡിയില്‍ വച്ചിരുന്നു. സമാനമായ പല സംഭവങ്ങളും നടന്നതായി ഫ്രീഡം ഹൗസ് എന്ന എന്‍ജിഒ പറയുന്നു.
ടെലി കമ്യൂണിക്കേഷന്‍ മേഖലയില്‍ സര്‍ക്കാരിന്റെ ഏകാധിപത്യം നിലനിര്ത്താനുമാകാം നീക്കം. നിലവില്‍ രണ്ട് മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റേഴ്സാണ് ലെബനനിലുള്ളത്. രണ്ടും സര്‍ക്കാര്‍ ഉമടസ്ഥതയിലുള്ളതാണ്. വാട്സ് ആപ്പ് കോളുകള്‍ക്ക് മാസം ആറ് ഡോളര്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ സര്‍ക്കാര്‍ മൂന്നോ നാലോ ഡോളര്‍ ഈടാക്കുന്ന സേവനം പ്രഖ്യാപിച്ചേക്കാമെന്ന് അന് നഹറിലെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.
ലെബനനിലെ ടെലി കമ്യൂണിക്കേഷന്‍ മേഖല
ലെബനനിലെ എന്‍ജിഒ ആയ സോഷ്യല്‍ മീഡിയ എക്സ്ചേഞ്ചിന്റെ അഭിപ്രായത്തില്‍ മിഡില്‍ ഈസ്റ്റിലെയും ഉത്തര ആഫ്രിക്കയിലെയും ഫോണ്‍ കോൾ നിരക്കിന്റെ കാര്യത്തില്‍ നാലാമതുള്ള രാജ്യമാണ് ലെബനന്. യുഎഇ, സൗദി അറേബ്യ, യമന്‍ എന്നിവയാണ് മുന്നിലുള്ളത്.
2017 ജനുവരിയില്‍ രണ്ട് ഫോണ്‍ സര്‍വീസുകള്‍ ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയത്തിനെതിരെ പ്രതിഷേധിച്ച് ഒരു ദിവസത്തേക്ക് പ്രവര്‍ത്തിക്കാതെ ഇരുന്നിരുന്നു. രാജ്യത്തിനകത്തും പുറത്തേക്കുമുള്ള കോളുകളുടെ ചാര്‍ജ് കുറയ്ക്കണം, രണ്ട് സര്‍വീ സുകളുള്ളവര് നല്‍കേണ്ട പ്രതിമാസ ഫീ കുറയ്ക്കണമെന്നുമായിരുന്നു ആവശ്യം. പിന്നാലെ കോളുകള്‍ക്കും മെസേജുകള്‍ക്കുമായി വൈഫൈയേയും ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകളും ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള ക്യാംപയിനും അവര്‍ ആരംഭിച്ചു. ഇന്റര്‍നെറ്റിന്റെ വേഗതയിലും ലെബനന് ഏറെ പിന്നിലാണ്. അതുകൊണ്ട് തന്നെ, സെല്ലുലാര്‍ കോളുകളുടെ വന്‍ നിരക്ക് പരിഗണിക്കുമ്പോള്‍ വിഒഐപി സേവനങ്ങള്‍ വില കുറഞ്ഞതാണ്. അതിനാല്‍ അവയുടെ ഉപയോഗവും വര്‍ധിക്കുകയാണ്. 60 ലക്ഷമാണ് ലബനന്റെ ജനസംഖ്യ. ഇതില്‍ 78 ശതമാനം ആളുകളും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്.