scorecardresearch
Latest News

മെട്രോ ടിക്കറ്റ് നിരക്കല്ല, ചിലിയെ തെരുവിലിറക്കിയത് നവഉദാരീകരണ സാമ്പത്തിക നയങ്ങൾ

എല്ലാവരേയും തുല്യരായി കാണുക എന്നതാണ് ചിലിയന്‍ ജനതയുടെ ആവശ്യം. കേക്ക് തുല്യമായി തന്നെ വീതിക്കണം. പക്ഷെ, ഞങ്ങള്‍ക്ക് ഒന്നും സൗജന്യമായി വേണ്ട

മെട്രോ ടിക്കറ്റ് നിരക്കല്ല, ചിലിയെ തെരുവിലിറക്കിയത് നവഉദാരീകരണ സാമ്പത്തിക നയങ്ങൾ

Chile: Why are students protesting? ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും ആധുനികമായ പൊതു ഗതാഗത സംവിധാനത്തിലെ ടിക്കറ്റ് നിരക്കില്‍ 30 പെസോസ് വര്‍ധിപ്പിച്ചത് ആദ്യമൊന്നും ചിലിയിലോ പുറത്തോ വലിയ ചര്‍ച്ചയായില്ല. ജനങ്ങള്‍ നിശബ്ദമായി അമര്‍ഷം രേഖപ്പെടുത്തി. ഒരാഴ്ച പിന്നിട്ടു, ഹൈ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. നാല് ദിവസം നീണ്ട പ്രതിഷേധം. പിന്നാലെ യുവാക്കള്‍ പ്രതിഷേധവുമായി മെേേട്രാ സ്‌റ്റേഷനിലെത്തി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു.

ഒക്ടോബര്‍ 18 ന് പ്രതിഷേധത്തിന്റെ മുഖം മാറി. സ്റ്റേഷനുകള്‍ക്ക് തീയിട്ടു, ട്രെയിനുകളും അഗ്നിയ്ക്ക് ഇരയായി. കടകളും ഫാര്‍മസികളും കത്തി. തെരുവില്‍ യുവാക്കളുടെ പ്രതിഷേധാഗ്നി ആളിക്കത്തി. എന്നാല്‍ ചിലിയന്‍ ജനത പ്രതിഷേധക്കാരെ തള്ളിപ്പറഞ്ഞില്ല, കാരണം ഈ പ്രതിഷേധം സബ്‌വേ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതിനെതിരെയുള്ളതായിരുന്നില്ല. വര്‍ഷങ്ങള്‍ നീണ്ട ദുര്‍ഭരണത്തിനെതിരെയായിരുന്നു.

പ്രതിഷേധം ഒരാഴ്ചയ്ക്കുള്ള ചിലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭമായി മാറി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ളവർ സാന്റിയാഗോയിലേക്ക് ഒഴുകിയെത്തി, പ്രതിഷേധത്തിന്റെ ഭാഗമായി മാറുകയായിരുന്നു. ഞായറാഴ്ച സാന്റിയാഗോയിലെ ഓഹിഗ്ഗിന്‍സ് പാര്‍ക്കിലെ പ്രതിഷേധ റാലിയില്‍ പങ്കെടുത്തത് പതിനായിരങ്ങളാണ്. സാന്റിയോഗോ തെരുവ് പ്രതിഷേധക്കാരുടേതായി മാറി. വര്‍ഷങ്ങളായി ചിലിയന്‍ ജനതയുടെ ഉള്ളില്‍ കനലായി കിടന്നിരുന്ന പ്രതിഷേധത്തെ ആളിക്കത്തിച്ച നീക്കമായിരുന്നു ടിക്കറ്റ് നിരക്കിലെ വര്‍ധനവ്.

Chile: Why are students protesting? എന്തിനാണ് പ്രതിഷേധം

മെട്രോ ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ ഏര്‍പ്പെടുത്തിയ വര്‍ധന മേഖയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. കൂടുതലും വിദ്യാര്‍ത്ഥികളാണ് മെട്രോ സംവിധാനത്തിന്റെ ഉപഭോക്താക്കള്‍. അതുകൊണ്ടുതന്നെയാണ് പ്രതിഷേധവുമായി അവര്‍ തന്നെ രംഗത്തിറങ്ങിയത്. ചിലി സ്വന്തമായി എണ്ണ ഉത്പാദിപ്പിക്കുന്നില്ല, എല്ലാം ഇറക്കുമതിയാണ്. ഇതിനാല്‍ എണ്ണയുടെയും വൈദ്യുതിയുടെയും വിലവര്‍ധിച്ചതോടെയാണ് പൊതുഗതാഗതത്തിന്റെ നിരക്കും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

ഇതിനുപിന്നാലെ പ്രസിഡന്റ് പിനേര തന്റെ കൊച്ചുമകന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തതോടെ വില വര്‍ധനവിനെതിരായ പ്രതിഷേധം രൂക്ഷമായി. ജനങ്ങളുടെ യഥാര്‍ത്ഥ ആശങ്കകളും രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള അന്തരത്തിന്റേയും ബന്ധമില്ലായ്മയുടേയും സ്വാഭാവികമായ അന്തരഫലമാണ് നിലവിലെ പ്രതിഷേധമെന്ന് ചിലിയന്‍ മാധ്യമങ്ങള്‍ പറയുന്നു.

ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും സ്ഥിരതയുള്ള രാജ്യങ്ങളിലൊന്നാണ് ചിലി. എന്നാല്‍ ആരോഗ്യം, വേതനം, വിദ്യാഭ്യാസത്തിന്റെ ചിലവും ഗുണമേന്മയും, ക്ഷേമം, ജീവിത ചിലവ്, തുടങ്ങി നിരവധി മേഖയില്‍ ചിലി ഇപ്പോഴും പ്രതിസന്ധി നേരിടുന്നുണ്ട്. സേവനങ്ങളിലും വേതനത്തിലും സാമൂഹ്യനീതിയിലും മൗലിക അവകാശങ്ങളിലും ഭരണകൂടത്തോടുള്ള അമര്‍ഷം അണപ്പൊട്ടാനുള്ള ട്രിഗറായിരുന്നു നിരക്ക് വര്‍ധനവെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

‘എല്ലാവരേയും തുല്യരായി കാണുക എന്നതാണ് ചിലിയന്‍ ജനതയുടെ ആവശ്യം. കേക്ക് തുല്യമായി തന്നെ വീതിക്കണം. പക്ഷെ, ഞങ്ങള്‍ക്ക് ഒന്നും സൗജന്യമായി വേണ്ട. മാന്യമായൊരു തുക ഈടാക്കിയാല്‍ മതി” മുപ്പത്തിനാലുകാരനായ മരിയോ ഗോണ്‍സാലെസ് പറയുന്നത്. വര്‍ഷങ്ങളായി ടി ഷര്‍ട്ട് പ്രിന്റിങ് മേഖലയില്‍ ജോലി ചെയ്യുന്നയാളാണ് മരിയോ.

വൈദ്യുതി, ഗ്യാസ് എന്നിവയുടെ ഉയര്‍ന്ന വില, പൊതുജനാരോഗ്യ സേവനങ്ങളുടെ കുറവ്,തുച്ഛമായ വേതന ശമ്പള നിരക്കുകള്‍ തുടങ്ങിയ ഒട്ടനവധി ജനവിരുദ്ധ നവ ഉദാരീകരണ നയങ്ങളില്‍ സഹികെട്ട് ജനങ്ങള്‍ തെരുവിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. ’30 പെസോ മെട്രോ നിരക്ക് കൂട്ടിയതുമാത്രമല്ല, 30 വര്‍ഷത്തെ നവഉദാരീകരണ സാമ്പത്തിക നയങ്ങള്‍ തന്നെയാണ് പിന്‍വലിക്കേണ്ടത് ‘എന്നാണ് തെരുവില്‍ ഇറങ്ങിയവരുടെ മുദ്രാവാക്യം. വിരോധാഭാസം എന്തെന്നാല്‍, കുറച്ചുനാള്‍ മുമ്പാണ് ചിലിയെ ശാന്തതയുടെയും സമാധാനത്തിന്റെയും മരുപ്പച്ചയായി പ്രസിഡന്റ് വിശേഷിപ്പിച്ചത്.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Explained why chile is in turmoil over metro fare hikes