ഹിമാചല്‍ പ്രദേശിലെ മണാലിയെ ജമ്മു കശ്മീരിലെ ലേ, ലഡാക്കുമായി ബന്ധിപ്പിക്കുന്ന റോത്തങ് തുരങ്കം ഇനി മുതല്‍ അടല്‍ തുരങ്കം എന്നറിയപ്പെടും. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയോടുള്ള ആദരസൂചകമായാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പേര് നല്‍കിയിരിക്കുന്നത്.

അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25 നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തന്ത്രപരമായ തുരങ്കം ഈ പ്രദേശത്തിന്റെ ശ്രേയസിനെ മാറ്റുമെന്നും അതോടൊപ്പം ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വാജ്‌പേയിയുടെ പേര് എന്തുകൊണ്ട്?

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയാണ് റോത്തങ് ചുരത്തിന് താഴെ തന്ത്രപ്രധാനമായ തുരങ്കം നിര്‍മിക്കാനുള്ള തീരുമാനമെടുത്തതെന്നു സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മണാലിയിലെ പതിവ് സന്ദര്‍ശകനായിരുന്നു വാജ്പേയി. തന്റെ ഭരണകാലത്ത് ഈ പദ്ധതിയില്‍ അതീവ താല്‍പ്പര്യം അദ്ദേഹം കാണിച്ചിരുന്നു.

അതിനാല്‍ തുരങ്കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അതീവ ശ്രദ്ധയോടെയാണ് നിരീക്ഷിച്ചു വരുന്നത്. 2020 സെപ്റ്റംബറോടെ തുരങ്കം ഔദ്യോഗിക ഉദ്ഘാടനത്തിന് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തുരങ്കത്തിന്റെ പ്രത്യേകത

സമുദ്രനിരപ്പില്‍നിന്ന് 10,000 അടി ഉയരത്തില്‍ നിര്‍മിക്കുന്ന തുരങ്കത്തിന്റെ നീളം 8.8 കിലോമീറ്ററാണ്. ലോകത്തില്‍ ഇത്രയും ഉയരത്തിലും നീളത്തിലുമുള്ള വേറൊരു ഹൈവേ തുരങ്കമില്ല.

കൂടാതെ 10.5 മീറ്റര്‍ വീതിയുള്ള സിംഗിള്‍ ട്യൂബാണ് ഈ തുരങ്കം. പാതയ
ുടെ ഇരുവശത്തും ഒരു മീറ്റര്‍ നടപ്പാതയുണ്ട്. അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാനുള്ള തീപിടിത്തം ബാധിക്കാത്ത മറ്റൊരു സമാന്തര പാതയും തുരങ്കത്തിന്റെ ഭാഗമാണ്.

തുരങ്കത്തിനുള്ളില്‍ വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ പരമാവധി 80 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാകും. പ്രതിദിനം 3,000 കാറുകളും 1,500 ട്രക്കുകളും തുരങ്കത്തിലൂടെ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തുരങ്കപ്പാത തുറക്കുന്നതോടെ മണാലിയില്‍നിന്നു ലേയിലേക്കുള്ള ദൂരത്തില്‍ 46 കിലോമീറ്റര്‍ കുറയും. യാത്രാസമയത്തില്‍ അഞ്ചുമണിക്കൂര്‍ ലാഭിക്കാം. അതിനാല്‍ ഗതാഗത ചെലവില്‍ കോടിക്കണക്കിന് രൂപ ലാഭിക്കാനാകുമെന്നാണ് അവകാശവാദം.

ഹിമാചല്‍ പ്രദേശിലെയും ലഡാക്കിലെയും വിദൂര അതിര്‍ത്തി പ്രദേശങ്ങളിലേക്ക് എല്ലാ കാലാവസ്ഥയിലും തുരങ്കത്തിലൂടെ യാത്ര ചെയ്യാനാകും. ഈ പദ്ധതിയില്‍ സൈന്യത്തിന് തന്ത്രപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താനാകും. തുരങ്കത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞാല്‍ ശൈത്യകാലത്ത് പോലും സേനയ്ക്ക് റോത്തങ് ചുരത്തിനപ്പുറത്തേക്ക് പ്രവേശിക്കാന്‍ സാധിക്കും.

പദ്ധതിയുടെ പുരോഗതി

2017 ഒക്ടോബര്‍ 15 നാണ് തുരങ്കത്തിന്റെ രണ്ട് അറ്റവും കൂട്ടിമുട്ടിയത്. ഇതിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ (ബിആര്‍ഒ) മൂവായിരത്തോളം കരാര്‍ തൊഴിലാളികളും 650 സാധാരണ ജോലിക്കാരും പദ്ധതിയില്‍ 24 മണിക്കൂര്‍ ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുന്നു.

ചുരുങ്ങിയത് നാലുവര്‍ഷം മുമ്പെങ്കിലും പദ്ധതി പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. എന്നാല്‍ തുരങ്കത്തിനുള്ളില്‍ ഒരു വലിയ ജലാശയമുണ്ടായതാണ് പദ്ധതി നീണ്ടുപോകാന്‍ കാരണമായത്.

തുരങ്കത്തിന് മുകളിലൂടെ ഒഴുകുന്ന സെരി എന്ന അരുവി പദ്ധതിയുടെ താളം തെറ്റിക്കുമെന്നു കരുതി. സെക്കന്‍ഡില്‍ 140 ലിറ്റര്‍ വരെ ഉയര്‍ന്ന ജലപ്രവാഹം പരിഹരിക്കാനുള്ള വഴികള്‍ ആവിഷ്‌കരിക്കാന്‍ വര്‍ഷങ്ങളെടുത്തത് തുരങ്കത്തിന്റെ നിര്‍മാണം വൈകിപ്പിച്ചു.

1990 മേയിലാണ് പദ്ധതിയുടെ സാധ്യതാ പഠനം നടത്തിയത്. 1994 ജൂണില്‍ ജിയോളജിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രൂപകല്‍പ്പനയും സവിശേഷതയുമടങ്ങിയ റിപ്പോര്‍ട്ട് 1996 ഡിസംബറില്‍ സമര്‍പ്പിക്കുകയും ചെയ്തു.

പദ്ധതിക്ക് 2003 ല്‍ അന്തിമ സാങ്കേതിക അംഗീകാരവും 2005 ല്‍ സിസിഎസിന്റെ അംഗീകാരവും ലഭിച്ചു. 2007 ല്‍ ടെന്‍ഡറുകള്‍ സ്വീരിച്ചു തുടങ്ങി. 2010 ജൂലൈ 28 ന് പദ്ധതിക്ക് തറക്കല്ലിട്ടു. 2015 ഫെബ്രുവരി ഒന്നിനാണ് പദ്ധതി പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചിരുന്നത്.

ശീതകാലത്ത് ലഡാക്കിലേക്കുള്ള ബന്ധം റോത്തങ് തുരങ്കത്തിലൂടെ

ശീതകാലത്ത് ലഡാക്കിലേക്കുള്ള ബന്ധം റോത്തങ് തുരങ്കത്തിലൂടെയെന്ന ആ ലക്ഷ്യം ഇനിയും കുറച്ച് വര്‍ഷങ്ങള്‍ അകലെയാണ്. റോത്തങ്ങിനപ്പുറമുള്ള ഉയര്‍ന്ന മലനിരകള്‍ മറികടക്കാന്‍ കൂടുതല്‍ തുരങ്കങ്ങള്‍ നിര്‍മിക്കേണ്ടതുണ്ട്.

റോത്തങ് ചുരം 13,050 അടി ഉയരത്തിലാണെങ്കില്‍, ലേയിലേക്കുള്ള റോഡില്‍ 16,040 അടി ഉയരത്തിലുള്ള ബരലാച ലയാണ് തടസം. ഇത് മറികടക്കാന്‍ 13.2 കിലോമീറ്റര്‍ നീളമുള്ള തുരങ്കം ആവശ്യമാണ്. അതിനായി 16,800 അടി ഉയരത്തില്‍ ലച്ചുങ് ലാ ചുരം പദ്ധതിയും വരുന്നുണ്ട്. ഇതിന് എല്ലാ കാലാവസ്ഥയിലുമുള്ള യാത്ര ഉറപ്പാക്കാന്‍ 14.78 കിലോമീറ്റര്‍ നീളമുള്ള തുരങ്കം ആവശ്യമാണ്. അതിനുശേഷം 17,480 അടി ഉയരത്തില്‍ ടാങ്‌ലാങ് ലാ ചുരമാണ്. ഇതിന് 7.32 കിലോമീറ്റര്‍ നീളമുള്ള തുരങ്കം ആവശ്യമാണ്.

ലഡാക്കിലേക്കു ഡാര്‍ച്ച-പദം-നിമു വഴി ബദല്‍ റോഡ് ബന്ധം ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഇതുവഴി എല്ലാ കാലാവസ്ഥയിലുമുള്ള പ്രവേശനത്തിനു സിങ്ക ലാ ചുരത്തില്‍ (16,703 അടി) 4.15 കിലോമീറ്റര്‍ നീളമുള്ള തുരങ്കം ആവശ്യമാണ്.

ടണലിലെ സേവനങ്ങള്‍

* ഓരോ 150 മീറ്ററിലും ടെലിഫോണ്‍

* ഓരോ 60 മീറ്ററിലും ഫയര്‍ ഹൈഡ്രന്റ്

* ഓരോ 500 മീറ്ററിലും അടിയന്തര എക്‌സിറ്റ്

* ഓരോ 2.2 കിലോ മീറ്ററിലും സെുരക്ഷാ സ്ഥലം

* ഓരോ കിലോമീറ്ററിലും വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കാന്‍ സംവിധാനം

* ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം

* ഓരോ 250 മീറ്ററിലും സിസിടിവി നിരീഷണ സംവിധാനം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook