scorecardresearch
Latest News

എന്താണ് നോറോ വൈറസ്? ലക്ഷണങ്ങളും ചികിത്സയും അറിയാം

വൈറസിന് വ്യത്യസ്‌തമായ സ്‌ട്രെയിനുകൾ ഉള്ളതിനാൽ ഒരാൾക്ക് ഒന്നിലധികം തവണ രോഗം ബാധിച്ചേക്കാം

Norovirus Explained

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന വൈറസാണ് നോറോ വൈറസ്. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

നോറോ വൈറസ് ഒരു ജലജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗിയെ പരിചരിക്കുന്നതിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം.

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം നോറോവൈറസ് അണുബാധ കുടല്‍ വീക്കം, പോഷകാഹാരക്കുറവ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ദീർഘകാല രോഗാവസ്ഥയ്ക്ക് കാരണമായേക്കാം. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ 200 ദശലക്ഷം കേസുകൾ ഉൾപ്പെടെ പ്രതിവർഷം 685 ദശലക്ഷം നോറോവൈറസ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

രോഗലക്ഷണങ്ങള്‍

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം.

എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണം

വൈറസിന് വ്യത്യസ്‌തമായ സ്‌ട്രെയിനുകൾ ഉള്ളതിനാൽ ഒരാൾക്ക് ഒന്നിലധികം തവണ രോഗം ബാധിച്ചേക്കാം. 60 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ വരെ വൈറസ് നിലനില്‍ക്കും. അതിനാല്‍ ഭക്ഷണം ആവിയിൽ വേവിക്കുകയോ ക്ലോറിനേറ്റ് ചെയ്യുകയോ ചെയ്യുന്നത് വൈറസിനെ ഇല്ലാതാക്കില്ല. സാധാരണയായുള്ള ഹാൻഡ് സാനിറ്റൈസറുകള്‍ ഉപയോഗിച്ചതുകൊണ്ടും കാര്യമായ ഉപയോഗമില്ല.

അടിസ്ഥാനമായുള്ള മുൻകരുതലും പ്രധാനപ്പെട്ടതാണ്. കൈകള്‍ എപ്പോഴും ശുചിയായി സൂക്ഷിക്കുക. ഭക്ഷണം കഴിക്കുന്നതിനോ ഭക്ഷണം തയ്യാറാക്കുന്നതിനോ മുമ്പായി കൈകൾ നന്നായി കഴുകേണ്ടത് പ്രധാനമാണ്.

ചികിത്സ

രോഗ ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കണം.

വൈറസ് ബാധിച്ച് കഴിഞ്ഞാല്‍ ശരീരത്തിന് ക്ഷീണം അനുഭവപ്പെട്ടേക്കാം. എങ്കിലും രണ്ട്, മൂന്ന് ദിവസം മാത്രമായിരിക്കും വൈറസ് ശരീരത്തില്‍ തുടരുക. തീരെ ചെറുപ്പമോ പ്രായമായവരോ പോഷകാഹാരക്കുറവുള്ളവരോ അല്ലാത്ത മിക്കവര്‍ക്കും മതിയായ വിശ്രമത്തിലൂടെ വൈറസിനെ അതിജീവിക്കാന്‍ കഴിയും. വാക്സിനുകളൊന്നും ലഭ്യമല്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്.
  • ആഹാരത്തിനു മുമ്പും, ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
  • മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
  • കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.
  • ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.
  • തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
  • പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
  • കടല്‍ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെല്‍ഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക.
  • ഇവ കൈകാര്യം ചെയ്തതിന് ശേഷം സോപ്പുപയോഗിച്ച് കൈയ്യും പാത്രവും കഴുകുക.
  • പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
  • ഭക്ഷണ ശുചിത്വവും വ്യക്തിശുചിത്വവുമാണ് നോറോ വൈറസ് പ്രതിരോധത്തിന് ഏറ്റവും പ്രധാനം.

Also Read: സ്കൂള്‍ വിദ്യാര്‍ഥികളില്‍ നോറോ വൈറസ്: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Explained what is noro virus symptoms and treatment